തൃശ്ശൂര്‍: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച വേള്‍ഡ് ഫൊട്ടൊഗ്രഫി മത്സരത്തില്‍ ചിയ്യാരം സ്വദേശി നീലിമ ആസാദിന് ഒന്നാം സ്ഥാനം. സാമൂഹിക പ്രവര്‍ത്തകയായ ഫൗസിയ ആസാദിന്റേയും അബ്ദുള്‍കലാം ആസാദിന്റേയും മകളാണ്.
വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുള്‍പ്പെടെ ഇരുപത് രാജ്യങ്ങളാണ് പങ്കെടുത്തത്. മത്സരത്തില്‍ നൂറ്റിയിരുപതിലേറെ ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഒരുക്കിയിരുന്നു.
ഒരു പരീക്ഷണമെന്നോണമാണ് വേള്‍ഡ് ആര്‍ട്ടില്‍ മത്സരിച്ചത്. ആ സമയത്താണ് സഹോദരി ഡോ.നൈല ദുബായില്‍ എത്തുന്നത്. അവരുമായി പുറത്തുപോയപ്പോഴാണ് ചിത്രമെടുത്തത്. ദുബായിയുടെ ഭംഗിയും സംസ്‌കാരവും കോര്‍ത്തിണക്കി ഡബിള്‍ എക്‌സ്‌പോഷര്‍ മോഡില്‍ ഒരു ചിത്രം. ചിത്രത്തിലുള്ള സ്ത്രീയുടെ മുഖം സഹോദരിയുടേതാണ്.
ക്യാമറയെ കുറിച്ച് പഠിച്ചിട്ടില്ല. ഭര്‍ത്താവ് മുനീഫ് പിറന്നാള്‍ സമ്മാനമായി നല്‍കിയ ക്യാമറയിലായിരുന്നു തുടക്കം. ക്യാമറ നീലിമയ്ക്ക് ചിത്രങ്ങളുടെ വലിയ ലോകം സമ്മാനിച്ചു.
നാച്വറല്‍ ജിയോഗ്രഫിക്കിന്റെ 'യുവര്‍ ഷോട്ട്' എന്ന വെബ്സൈറ്റില്‍ നീലിമയുടെ 22 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടും ലോക നോമഡ് ഫൊട്ടൊഗ്രഫി ഡോക്യുമെന്ററി സീരീസില്‍ ലോകത്തിലെ മൂവായിരത്തോളം ചിത്രങ്ങളില്‍നിന്ന് 12 എണ്ണം തിരഞ്ഞെടുത്തതില്‍ ഒന്ന് നീലിമയുടേതാണ്. ദുബായ് ബര്‍ഷയിലാണ് താമസം. മകള്‍: ഈവ