ഇടിഞ്ഞാര്‍: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ത്രിദിന നാടകക്യാമ്പിന് പത്ത് നാടകങ്ങളുടെ അവതരണത്തോടെ തിരശ്ശീല വീണു. ഡിസംബര്‍ 28, 29, 30 തീയതികളില്‍ ഗവ:ട്രൈബല്‍ ഹൈസ്‌കൂള്‍, ഇടിഞ്ഞാറിലായിരുന്നു ക്യാമ്പ്.

അവധിക്കാല ക്യാമ്പുകള്‍ നഗരപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പുതുമയല്ല. കാടിറങ്ങി വന്ന് അറിവും അക്ഷരവും രുചിക്കുന്ന കുഞ്ഞു മക്കള്‍ക്ക് പക്ഷെ, അതൊരു ഉത്സവം തന്നെയായിരുന്നു. സാധാരണ നഗരങ്ങളില്‍ നടത്തുന്ന ക്യാമ്പുകളില്‍ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളുടെ സാന്നിധ്യം വളരെ കുറവായത് പരിഗണിച്ചാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് അവരുടെ നൈസര്‍ഗികവും പരിചിതവുമായ ചുറ്റുപാടിലേക്ക് നേരിട്ട് ചെന്ന് ക്യാമ്പ് സംഘടിപ്പിക്കുക എന്ന ആശയം നടപ്പിലാക്കിയത്.

idinjarകുട്ടികള്‍ മാത്രമല്ല അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും ക്യാമ്പിന്റെ നടത്തിപ്പിന് ആദ്യാവസാനം ഒപ്പം നിന്നു. പൊതുവേ അവസരങ്ങള്‍ കുറവായ തങ്ങളുടെ മക്കള്‍ക്ക് ഇതുപോലൊരു അനുഭവം ലഭ്യമായതിലുള്ള സന്തോഷം രക്ഷകര്‍ത്താക്കളും മറച്ചുവച്ചില്ല. പുറം ലോകത്തേക്ക് സങ്കോചമില്ലാതെ കടന്നു ചെല്ലാനുള്ള ആത്മവിശ്വാസം മക്കള്‍ക്ക് കിട്ടാന്‍ ഇത്തരം ക്യാമ്പുകള്‍ ഉപകരിക്കുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു.

ആദ്യ ദിവസം ശരീരവും മനസ്സും നാടകത്തിനായി പാകപ്പെടുത്താനുള്ള സെഷനുകള്‍  സതീശന്‍ കോട്ടയ്ക്കല്‍ നയിച്ചു. മുഖ്യാതിഥിയായി എത്തിയ ബാലതാരം മിനോണ്‍ ജോണ്‍ കുട്ടികളുമായി സംവദിച്ചു. രംഗ സജ്ജീകരണ സാമഗ്രികളുടെ നിര്‍മാണം പരിചയപ്പെടുത്തി ശ്രീ ഷൈന്‍ കുട്ടികളുടെ മനം കവര്‍ന്നു.

രണ്ടാം ദിവസം സതീശന്‍ കോട്ടയ്ക്കലും മഞ്ജു കോഴിക്കോടും അരങ്ങറിവ് പകര്‍ന്നു.യദു,മിലന്‍, ജിതിന്‍ എന്നിവര്‍ ക്യാമ്പിന് ഈണവും താളവും പകര്‍ന്നു കൊടുത്തു. സന്ധ്യയോടെ ജയചന്ദ്രന്‍ കടമ്പനാട് നാടന്‍പാട്ടുകളുമായി കുട്ടികളെ കാണാനെത്തി. ഒന്നൊഴിയാതെ അമ്പത്തൊന്ന് കുഞ്ഞു ശബ്ദങ്ങള്‍ നാടന്‍പാട്ടില്‍ ഒത്തുചേര്‍ന്നു. മലയോരത്തെ എല്ലു തുളയ്ക്കുന്ന തണുപ്പിനെ ക്യാമ്പ് ഫയറും നൃത്തവും കൊണ്ട് അവര്‍ തോല്‍പിച്ചെറിഞ്ഞു.

idnjiarഅവസാന ദിവസത്തെ തീവ്ര പരിശീലനം സമാപനത്തിന് അവതരിപ്പിക്കാനുള്ള നാടകങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ അവരൊരുക്കിയ പത്ത് നാടകങ്ങളും  അവതരിപ്പിച്ചു. ക്യാമ്പ് ഡയറക്ടര്‍ ഡോ: ബി. ബാലചന്ദ്രന്‍ ക്യാമ്പ് അവലോകനം നടത്തി.

ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ ഓര്‍മയ്ക്കായി കുട്ടികള്‍ ഒത്തുചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് മാങ്കോ സ്റ്റിന്‍ തൈ നട്ടു.

ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികള്‍ നാടകമെന്ന കലയേയും മാധ്യമത്തേയും തങ്ങളുടേതാക്കി തീര്‍ത്തു. മഞ്ഞും തണുപ്പും രാത്രിയും പകലും വകവയ്ക്കാതെ അവര്‍ സ്വന്തം നാടകങ്ങള്‍ മെനഞ്ഞെടുത്തു. ക്യാമ്പിനു ശേഷം, ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സോപാനം നാടകക്കളരി സന്ദര്‍ശിക്കാനുള്ള അവസരവും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്നുണ്ട്.