മലപ്പുറം: നഴ്സെന്ന ജോലിയില്‍ പൂര്‍ണ തൃപ്തനായിരുന്നെങ്കിലും ഒരു ഡോക്ടറാവുകയെന്നത് ഈ യുവാവിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സായിരുന്ന അഹമ്മദ് കബീര്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇപ്പോള്‍ കാസര്‍കോട് കുമ്പള സി.എച്ച്.സിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമിതനായിരിക്കുകയാണ് മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി ഡോ. അഹമ്മദ് കബീര്‍.

പ്ലസ്ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ല. നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ് 2010-ലാണ് അഹമ്മദ് കബീറിന് ആരോഗ്യവകുപ്പില്‍ ജോലിലഭിച്ചത്. 2013-ലെ നീറ്റ് പരീക്ഷയെഴുതി നഴ്സസ് ക്വാട്ടയില്‍ 50 ശതമാനത്തിലേറെ മാര്‍ക്ക് നേടി കോഴിക്കോട് മെഡിക്കല്‍കോളേജില്‍ മെഡിക്കല്‍ സീറ്റ് നേടുകയായിരുന്നു.

'യാത്ര എളുപ്പമായിരുന്നില്ല'

എന്നാല്‍ ആ യാത്ര എളുപ്പമായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. 30-ാം വയസ്സിലാണ് ജോലിയില്‍നിന്ന് ലീവെടുത്ത് പഠിക്കാന്‍ തീരുമാനിച്ചത്. ഇതോടെ വരുമാനം കുറഞ്ഞു. ഇപ്പോള്‍ കൊണ്ടോട്ടി സി.എച്ച്.സിയില്‍ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന ഭാര്യ കെ. ഷബീബയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയത്. മന്‍ഹ, ഹന്‍ഫ, ദാവൂദ് മഹ്ദി എന്നീ മൂന്നുകുട്ടികള്‍ അടങ്ങുന്നതാണ് കുടുംബം.

പഠനം കഴിഞ്ഞപ്പോള്‍ ലീവ് അവസാനിപ്പിച്ച് വീണ്ടും സര്‍വീസില്‍ കയറി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരിക്കെയാണ് അസിസ്റ്റന്റ് സര്‍ജനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവുവന്നത്. ഡിസംബര്‍ ഒന്നിന് ജോലിക്കുചേര്‍ന്നു. മനസ്സുനിറഞ്ഞുതന്നെ ചെയ്തിരുന്ന കാര്യം കൂടുതല്‍ ആഗ്രഹിച്ച സ്ഥാനത്തിരുന്നു ചെയ്യാന്‍കഴിയുന്നതിന്റെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൂക്കിപ്പറമ്പ് തയ്യില്‍വീട്ടില്‍ അബു ഹാജി, ആയിഷ ദമ്പതിമാരുടെ മകനാണ് ഇദ്ദേഹം. പിതാവ് ഇരുപതുവര്‍ഷം മുന്‍പ് മരിച്ചു.