ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനം.'18-ാം പിറന്നാള്‍ രക്തം ദാനംചെയ്ത് ആഘോഷിക്കൂ'- ഈ വര്‍ഷത്തെ ദേശീയ രക്തദാനദിനത്തില്‍ ആരോഗ്യവകുപ്പിന്റെ ആഹ്വാനമാണിത്. 18 മുതല്‍ 30 വയസ്സുവരെയുള്ളവര്‍ രക്തംദാനം ചെയ്യാന്‍ കൂടുതലായി മുന്നോട്ടുവന്നാല്‍ കേരളത്തിലെ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം കിട്ടും എന്നതാണ് ഇതിലെ സന്ദേശം. 
 
നാലര ലക്ഷം യൂണിറ്റ് രക്തമാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്. സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്നതാകട്ടെ ആവശ്യമായതിന്റെ 35-40 ശതമാനവും. സംസ്ഥാനത്ത് ആകെ 167 രക്തബാങ്കുകളാണ് ഉളളത് (ഗവ. മേഖല- 36, സ്വകാര്യം, സഹകരണം- 131).
 
ഇതില്‍ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സംവിധാനമുള്ളത് - 74 രക്തബാങ്കുകളില്‍, ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ - 12 എണ്ണവുമാണ് ഉളളത്. കഴിഞ്ഞവര്‍ഷം രക്തബാങ്കുകള്‍ ശേഖരിച്ചത് - നാലര ലക്ഷം യൂണിറ്റ്. രോഗം കണ്ടെത്തിയാല്‍ രക്തം നശിപ്പിക്കാറുമുണ്ട്. ചില കണക്കുകള്‍:
 
ശ്രദ്ധിക്കണം, രോഗങ്ങളെ
 
 *കഴിഞ്ഞവര്‍ഷം ശേഖരിച്ച 250 യൂണിറ്റ് രക്തത്തില്‍ എച്ച്.ഐ.വി. അണുബാധ

* 1200 യൂണിറ്റില്‍ ഹെപ്പറ്റൈറ്റിസ് ബി

* 600 യൂണിറ്റില്‍ മലേറിയ, സിഫിലിസ് അണുബാധ

രക്തദാനം, നല്ല ആരോഗ്യത്തിന്

*രക്തദാനം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

* ശരീരത്തിലെ ഇരുമ്പിന്റെ അളവിനെ ക്രമീകരിക്കുന്നു

* രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കും. രക്തചംക്രമണ വ്യവസ്ഥ ശക്തിപ്പെടുത്തും

* പുതിയ രക്തകോശങ്ങള്‍ രൂപപ്പെടുന്നതിന് സഹായിക്കും