തേഞ്ഞിപ്പലം: ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷഫീഖ് ഒറ്റക്കാലില്‍ വയനാട് ചുരം കയറി. ഭിന്നശേഷിക്കാരനും ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗിന്റെ (ഡി.എ.പി.എല്‍.) ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ചേളാരി പടിക്കല്‍ സ്വദേശി ഷഫീക്ക് പാണക്കാടാണ് സമരത്തിന് ഊര്‍ജമേകാന്‍ വേറിട്ട വഴി തിരഞ്ഞെടുത്തത്.

ഞായറാഴ്ച രാവിലെ എട്ടിന് അടിവാരത്തുനിന്ന് ഊന്നുവടിയുടെ സഹായത്തോടെ ചുരം നടന്നുകയറുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ലക്കടിയിലെത്തി.

ഡി.എ.പി.എല്‍. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, ജില്ലാ പ്രസിഡന്റ് മനാഫ് ചേളാരി, സുബൈര്‍ ചേലേമ്പ്ര, റഷീദ് കൊടക്കാട്, സലീം യൂനുസ് പടിക്കല്‍ എന്നിവരും പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മഞ്ചേരി ആശുപത്രിയിലെ ഡോക്ടറും ഷഫീഖിനെ അനുഗമിച്ചു.

യാത്രയ്ക്കിടെ ഷഫീഖിനും കൂട്ടുകാര്‍ക്കും വിവിധ സംഘടനകളും നാട്ടുകാരും സ്വീകരണം നല്‍കി.

ന്യായമായ ആവശ്യങ്ങള്‍ക്ക് സമരംചെയ്യുന്ന കര്‍ഷകര്‍ക്ക് തന്നാലാവുന്ന നിലയില്‍ പിന്തുണ കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒറ്റക്കാലില്‍ ചുരം കയറിയതെന്ന് ഷഫീഖ് പറഞ്ഞു.