സുല്‍ത്താന്‍ബത്തേരി : ബത്തേരിക്കാരനായ എസ്. ധനുഷും സുഹൃത്ത് മാനസ് മുരളീധരനും പാറക്കൂട്ടങ്ങളും കുഴികളും കയറ്റിറക്കങ്ങളും കടന്ന് ജീപ്പോടിച്ച് പോയത് ഹംപിയില്‍ വിജയക്കൊടി പാറിക്കാനാണ്. വിജയനഗരസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന ഹംപിയില്‍ നടന്ന ദേശീയ തലത്തിലുള്ള ഓഫ് റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിലാണ് ധനുഷും മാനസും ചാമ്പ്യന്മാരായത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
കര്‍ണാടക സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടിയായ 'ഉത്സവ് ദി ഹംപി'യുടെ ഭാഗമായി കഴിഞ്ഞമാസം 29 മുതല്‍ 31 വരെയാണ് എക്‌സ്ട്രീം ഓഫ് റോഡ് റേസിങ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്ത ക്ലബ്ബുകളുമായി മാറ്റുരച്ചാണ് ബത്തേരി വെര്‍ജ് റേസിങ് ക്ലബ്ബ് അംഗമായ ധനുഷും മാനസും വിജയിച്ചത്. ആകെ എട്ടു ഘട്ടങ്ങളുള്ള മത്സരം നടന്നത് ഹംപി മോട്ടോര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്.
ധനുഷ് ഡ്രൈവറും മാനസ് സഹ ഡ്രൈവറുമായ ടീമിന് എണ്ണൂറില്‍ 682 പോയിന്റ് നേടാന്‍ സാധിച്ചു. എട്ടുഘട്ടങ്ങളില്‍ ആറിലും മികച്ച സമയം കണ്ടെത്താനും ടീമിന് കഴിഞ്ഞു. ബത്തേരി വെര്‍ജ് റേസിങ് ഓഫ് റോഡ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബംഗമായ ധനുഷ് ബെംഗളൂരുവില്‍ ബിസിനസ് നടത്തുകയാണ്.