തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള യുവതലമുറയുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ്‌സ് ലീഡേഴ്സ് കോണ്‍ക്ലേവ് പരിപാടിയിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്. 

ഡിസംബര്‍ 10നു രാവിലെ 9.30-നു തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആദ്യഘട്ട യോഗവും ജനുവരി രണ്ടാം വാരം കോഴിക്കോട് ഫാറൂഖ് കോളേജില്‍ രണ്ടാം ഘട്ട യോഗവും നടക്കും.

ഡിസംബര്‍ പത്തിനു തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കേരള, മഹാത്മാഗാന്ധി, സാങ്കേതികം, ന്യൂവാന്‍സ്, ഫിഷറീസ്, കുസാറ്റ് എന്നീ സര്‍വ്വകലാശാലകളുടെ യൂണിയന്‍ ഭാരവാഹികളും സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കുക. 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യൂണിയന്‍ ഭാരവാഹികള്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ leadersconclavetvm@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്യണം. അപേക്ഷകള്‍ www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.അപേക്ഷ അയക്കേണ്ട അവസാനതീയ്യതി ഡിസംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണി.

content Highlights: chief minister's student conclave 2019