കൊച്ചി: ഏതൊരു ദിവസത്തെയും പോലെ ആഘോഷ ദിവസങ്ങളിലും വഴിയോരത്തും തെരുവിലും അന്തിയുറങ്ങി തീര്‍ക്കുന്നവര്‍ക്ക് സ്‌നേഹത്തിന്റെ പൊതികളുമായി എത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. മധുരം നിറച്ച് സമ്മാനപ്പൊതികള്‍ തെരുവിനെ വീടാക്കി മാറ്റിയവര്‍ക്ക് കൈമാറി, നന്ദിയും സ്‌നേഹവും നിറഞ്ഞ പുഞ്ചിരി ഏറ്റുവാങ്ങി മനസ്സ് നിറച്ച് മടങ്ങി.
സന്നദ്ധസേനയായ കൂട്ടാണ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനമായി ബോക്‌സ് ഓഫ് ലവ് എന്നപേരില്‍ മധുരം കൈമാറിയത്. ഒറ്റയ്ക്കായിപ്പോകുന്നവരെ ഒപ്പം ചേര്‍ക്കുന്ന ഒരു കൂട്ടം; ഒറ്റവാക്കില്‍ ഇതാണ് 'കൂട്ട്'. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ഒരുപറ്റം വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്.
സമൂഹത്തില്‍, വിവിധ കാരണങ്ങള്‍ കൊണ്ട് തനിച്ചായിപ്പോകുന്നവരെ ഒപ്പം ചേര്‍ക്കുക എന്നതാണ് കൂട്ടിന്റെ പരമമായ ലക്ഷ്യം. ഡിസംബര്‍ 20, 21 തിയ്യതികളിലായി നൂറോളം സ്‌നേഹ പൊതികളാണ് ഇവര്‍ നല്‍കിയത്.
ഏറെ നാളത്തെ ആഗ്രഹമാണ് ബോക്‌സ് ഓഫ് ലവ് കൈമാറിയതോടെ പൂര്‍ത്തിയായതെന്ന് 'ബോക്‌സ് ഓഫ് ലൈവ്' എന്ന ആശയത്തിന് പിന്നിലുളള അസ്‌ന പറയുന്നു. എറണാകുളം വഴി യാത്ര ചെയ്യുമ്പോള്‍ പലതവണ വഴിയരികില്‍ കുട്ടികളടക്കമുള്ള ഇത്തരം ആളുകളെ കണ്ടിട്ടുണ്ട്. പെരുന്നാള്‍ ആയാലും ഓണമായാലും ക്രിസ്മസ് ആയാലും അവര്‍ക്ക് എല്ലാ ദിവസവും ഒരു പോലെ തന്നെയാണ്. നമ്മള്‍ സന്തോഷിക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഒരു പങ്ക് മറ്റുള്ളവര്‍ക്കും നല്‍കുക എന്ന ചിന്തയില്‍നിന്നാണ് ബോക്‌സ് ഓഫ് ലവ് ഉണ്ടായതെന്നും അതില്‍ നിന്ന് ലഭിക്കുന്നത് വിലമതിക്കാനാവാത്ത സന്തോഷം ആണെന്നും അസ്‌ന പറഞ്ഞു.
ക്രിസ്മസിനോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ മാത്രമാണ് സ്‌നേഹ പൊതികള്‍ കൈമാറിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ വളണ്ടിയമാരിലൂടെ മറ്റു ജില്ലകളിലേക്കും ബോക്‌സ് ഓഫ് വ്യാപിപ്പിക്കാനാണ് കൂട്ടിന്റെ തീരുമാനം.
Content Highlight: Box of love for people who stayed in the street