തൃശ്ശൂര്‍: ക്യാമറയുടെ റോള്‍ മാത്രമേ കണ്ണിനുള്ളൂ. ഇച്ഛാശക്തിയുള്ളവനു മുമ്പില്‍ അടഞ്ഞ വഴികളില്ലെന്ന് പഠിപ്പിച്ചത് എന്റെ ജീവിതമാണ്'. ജന്മനാ കാഴ്ചശേഷിയില്ല ഇരുപത്തിയഞ്ചുകാരന്‍ ഇ.ആര്‍. അശ്വിന്. ബാങ്ക് ജോലിയെന്ന സ്വപ്നത്തിനും ഉപജീവനത്തിനുമായി മാസ്‌കുകള്‍ വില്‍ക്കാനിറങ്ങുകയാണ് ഈ യുവാവ്. ഭിന്നശേഷിയുള്ളവര്‍, വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്നവര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍മിക്കുന്ന മൂന്ന് പാളികളുള്ള മാസ്‌കുകള്‍ വാങ്ങി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയാണ് വില്‍പ്പന. പലപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് മാസ്‌കുകള്‍ ശേഖരിക്കുന്നത് അശ്വിന്‍ തനിച്ചാണ്.

ഒരു ദിവസം ഒരു പഞ്ചായത്തിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. അഞ്ച് മാസ്‌കുകളടങ്ങിയ ഒരു കെട്ടിന് 150 രൂപയാണ് വില. ദിവസം ഇരുനൂറിനും മുന്നൂറിനുമിടയ്ക്ക് മാസ്‌കുകള്‍ വില്‍ക്കും. നേരത്തെ പ്രകൃതിസൗഹൃദ വിത്തുപേനകള്‍ വിറ്റാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മെയ് 25 മുതലാണ് വിത്തുപേനയ്‌ക്കൊപ്പം മാസ്‌ക് വില്‍പ്പനയും തുടങ്ങിയത്. മാസ്‌കുകള്‍ പൊതിയാനുള്ള പത്രക്കടലാസ് കവറുകള്‍ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കവറൊന്നിന് ഇവര്‍ക്ക് അമ്പതുപൈസ കൊടുക്കും. മാസ്‌കുകള്‍ ശേഖരിച്ചുവന്നാല്‍ കുളിച്ച് കൈകള്‍ അണുമുക്തമാക്കിയതിനു ശേഷമാണ് കവറില്‍ പൊതിയുക.

കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്നതില്‍ പരിമിതകളേറെയാണെന്ന് അശ്വിന്‍. ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയാലുടന്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും. നിലവിലെ സ്ഥിതി അപകടകരമായതിനാല്‍ തപാല്‍വഴി സംസ്ഥാനമൊട്ടാകെ മാസ്‌കുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂടുതല്‍ മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും തയ്യാറാണ്.

ബിരുദപഠനത്തിനൊപ്പം മൊബൈല്‍ഫോണ്‍ കമ്പനികളില്‍ ടെലികോളിങ് ജോലി ചെയ്തിട്ടുണ്ട് അശ്വിന്‍. പഠനാവശ്യങ്ങള്‍ക്കുള്ള തുക ഈ പാര്‍ട്ട് ടൈം ജോലിയില്‍നിന്ന് കണ്ടെത്തി. 'ബാങ്ക് ടെസ്റ്റ് എഴുതി സര്‍വീസില്‍ കയറണം, അതാണെന്റെ ലക്ഷ്യം. അതിനായി ഈ വരുമാനം സ്വരുക്കൂട്ടിവെയ്ക്കുകയാണ്.', അശ്വിന്‍ പറയുന്നു. ഫോണിലെ ടോക്ക് ബാക്ക് സംവിധാനം വഴിയാണ് അശ്വിന് വരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകള്‍ ശബ്ദസന്ദേശങ്ങളാക്കി മാറ്റുന്ന സംവിധാനമാണിത്.

പാലക്കാട് കൊല്ലങ്കോട് പോത്തംപാടം സ്വദേശിയായ അശ്വിന്റെ ബിരുദപഠനം ശ്രീകേരളവര്‍മ കോളേജിലായിരുന്നു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളേജില്‍ എഴുതിയ എം.എ. പരീക്ഷാഫലം കാത്തിരിക്കുകയാണ്. പത്താം ക്ലാസില്‍ 82 ശതമാനവും പ്ലസ്ടുവിന് 75 ശതമാനവും ബിരുദത്തിന് 62 ശതമാനവും മാര്‍ക്കുണ്ട്. അച്ഛന്‍ രമേഷിന് കൃഷിയാണ്. അമ്മ ഷൈലജ വീട്ടമ്മയും. സഹോദരി അഖില ബി.ടെക് പൂര്‍ത്തിയാക്കി. എല്ലാ ശനിയാഴ്ചയും പാലക്കാട്ടെ വീട്ടിലേയ്ക്കുള്ള യാത്ര മുടക്കാറില്ല.