കാളികാവ്: അംഗപരിമിതി ഒരു പോരായ്മയല്ല തിരിച്ചറിവിനുള്ള ഒരു അടയാളം മാത്രമാണെന്ന് ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഹഫ്സ പറയുന്നു. കാഴ്ച ശക്തിയില്ലാത്ത ഹഫ്‌സ തെളിവായി ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതംതന്നെ.

കാളികാവ് പോലീസ്സ്റ്റേഷനില്‍ ഞായാറാഴ്ച നടത്തിയ മുതിര്‍ന്ന പൗരന്‍മാരുടെ സംഗമത്തിലെ മുഖ്യ അതിഥി ഹഫ്‌സയായിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവിത സായാഹ്നത്തോട് പൊരുതാന്‍ സ്വന്തംജീവിതം സാക്ഷിയാക്കി പ്രചോദനംനല്‍കി. ഇരുളടഞ്ഞ ലോകത്ത് ഒതുങ്ങിക്കഴിയാന്‍ തയ്യാറാകാതെയിരുന്നതിന്റെ ഫലം സദസ്സിനെ ബോധ്യപ്പെടുത്തി. കുറേനാളത്തെ ആഗ്രഹമാണ് പോലീസ്സ്റ്റേഷന്‍ കാണുകയെന്നുള്ളവാക്കുകള്‍ കേട്ട് പലരും ഞെട്ടി. കണ്ണ് കാണാന്‍ കഴിയുന്ന ആളാണോ എന്നുവരെ സംശയിച്ചു. ഉള്‍ക്കാഴ്ചയുടെ കരുത്തിലാണ് ഹഫ്‌സ എല്ലാം കാണുന്നതെന്ന് ബോധ്യമായതോടെ കരഘോഷങ്ങളോടെ സദസ്സ് വരവേറ്റു.

കോഴിക്കോട് അന്ധവിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിച്ച ഹഫ്‌സ തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദംനേടി. ബിരുദാനന്തര ബിരുദംനേടി അധ്യാപനജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. തുടര്‍ പഠനത്തിനുള്ള സഹായം പോലീസ് വാഗ്ദാനംചെയ്തു. കാളികാവ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി. ജ്യോതീന്ദ്രകുമാര്‍, എസ്.ഐ പി. അബ്ദുല്‍കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, ശ്രീവിദ്യ, ബാലഗോപാലന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജ, സ്വരാജ്, എന്നിവര്‍ ചേര്‍ന്ന് ഹഫ്‌സയെ സ്വീകരിച്ചു. യാത്രയും പോലീസ് വാഹനത്തില്‍ തന്നെയാണ് ഒരുക്കിയത്.

കരുവാരക്കുണ്ട് കേരള കേലംപറ്റയിലെ കളത്തില്‍ അബ്ദുല്‍ റഷീദ്-സുബൈദ ദമ്പതിമാരുടെ മകളാണ് ഹഫ്‌സ.

Content Highlights: Blind Girl Hafsa visits Kalikavu Police station