കാക്കൂര്‍(കോഴിക്കോട്): ജീവിത ദുരിതത്തിന്റെ കൈപ്പുനീരിനിടയില്‍ ബിന്‍സി നേടിയ എം.ബി.ബി.എസ്. പ്രവേശം ഒരു കുടുംബത്തിനാകെ മധുരമാവുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളുടെ രോഗങ്ങളും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലാണ് കാക്കൂര്‍ തീര്‍ഥങ്കര മീത്തല്‍ ബേബി-സുലോചന ദമ്പതിമാരുടെ മകള്‍ ബിന്‍സി നീറ്റ് പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 89-ാം റാങ്ക് നേടി എം.ബി.ബി.എസ്. പ്രവേശനം കരസ്ഥമാക്കിയത്.

കാക്കൂര്‍ പതിനൊന്നേ നാലിലെ മേപ്പാടിചാലില്‍ കോളനിയിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് ബിന്‍സിയും അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്.

ബിന്‍സിയുടെ അച്ഛന്‍ ബേബി 13 വര്‍ഷമായി വിഷാദരോഗത്തിന് ചികിത്സയിലാണ്. വല്ലപ്പോഴും മാത്രമേ കൂലിപ്പണിക്കുപോലും പോവാന്‍ കഴിയാറുള്ളൂ. മൂത്ത സഹോദരന്‍ നബിന്‍ ഭിന്നശേഷിക്കാരനാണ്. ജനിച്ചതുമുതല്‍ ഇന്‍സുലിന്‍ കുത്തിവെക്കുകയും ചെയ്യുന്നുണ്ട്. ഇതുകാരണം അമ്മ സുലോചനയ്ക്ക് സ്ഥിരമായി ജോലിക്ക് പോവാന്‍ കഴിയാറില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോള്‍ ലഭിക്കുന്ന വരുമാനവും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായങ്ങളും കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.

നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 2017-ല്‍ മികച്ച മാര്‍ക്ക് നേടിയാണ് ബിന്‍സി പ്ലസ്ടു പാസായത്. അസുഖംമൂലം സര്‍ജറിയും മറ്റും നടത്തിയതിനാല്‍ ആ വര്‍ഷം തുടര്‍പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 2019-ല്‍ ബാലുശ്ശേരിയിലെ കാറ്റലിസ്റ്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ജീവിതസാഹചര്യം മനസ്സിലാക്കിയതിനാല്‍ കോഴ്‌സ് ഫീ വാങ്ങാതെയാണ് ബിന്‍സിയെ ഇവിടെ പഠിപ്പിച്ചിരുന്നത്.

ഡോക്ടര്‍ ആവുകയെന്നത് ചെറുപ്പം മുതല്‍ക്കേ ബിന്‍സിയുടെ ആഗ്രഹമായിരുന്നുവെന്ന് അമ്മ സുലോചന പറയുന്നു. ഇതിനായി കഠിനമായി പരിശ്രമിച്ചിരുന്നു. കുട്ടികളുടെ പഠനത്തിനും മകന്റെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കുമെല്ലാം എല്ലാവരുടെയും സഹായം ഉണ്ടായിട്ടുണ്ട്. ബിന്‍സിക്കും നിലവില്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ. ഹിന്ദി വിദ്യാര്‍ഥിയായ ഇളയമകള്‍ ബിന്നയ്ക്കും ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ പലപ്പോഴും സഹായകമായിട്ടുണ്ട്.

15 വര്‍ഷം മുമ്പ് ഭവന നിര്‍മാണ പദ്ധതിയില്‍ ഉണ്ടാക്കിയ വീട് ഇപ്പോഴും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വീട് പണിക്കായി ആകെയുള്ള 10 സെന്റ് സ്ഥലവും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ പണയപ്പെടുത്തിയിരിക്കുകയാണ്. വീടിന്റെ പണി പൂര്‍ത്തിയാക്കാനോ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കാനോ ഇപ്പോഴും കഴിഞ്ഞിട്ടില്ല- സുലോചനയുടെ തൊണ്ടയിടറി.

'പ്രതിസന്ധികളെ തരണംചെയ്തുകൊണ്ടാണ് ഇത്രയും നാള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്നിരുന്നാലും ഒരിക്കലും മനസ്സുപതറിയിട്ടില്ല', ബിന്‍സിയില്‍ ആത്മവിശ്വാസം തുളുമ്പി. കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ തന്നെപ്പോലെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ നല്ലൊരു ഡോക്ടറായി മാറണമെന്നതാണ് തന്റെ ഏറ്റവുംവലിയ ആഗ്രഹമെന്ന് ബിന്‍സി പറഞ്ഞു.