കൊച്ചി: ഉറക്കച്ചടവിന്റെ മയക്കത്തില്‍ കുതിര്‍ന്നൊരു മാലാഖച്ചിരി. സ്വപ്നങ്ങള്‍ കണ്ടുള്ള ഉണ്ണിയുറക്കം... ഇങ്ങനെ പോകും അഞ്ജന അന്ന ജോസിന്റെ ക്യാമറക്കണ്ണിലെ കാഴ്ചകളുടെ ലോകം. ന്യൂബോണ്‍ ഫോട്ടോഗ്രഫിയിലും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് അഞ്ജന അന്ന ജോസ്.

കോവിഡ് പ്രതിസന്ധിയുടെ കറുത്തകാലമാണ് പലര്‍ക്കുമിത്. എന്നാല്‍, അഞ്ജനയ്ക്കിത് ഒരുപിടി സന്തോഷങ്ങളുടെ നല്ല കാലമാണ്. ഈ കാലത്തെ പോസിറ്റീവായി അതിജീവിക്കുന്നവരിലാണ് താനുള്‍പ്പെടുകയെന്ന് അഞ്ജന ചിരിയോടെ പറയുന്നു. ഇടപ്പള്ളി അസറ്റ് ഹോം നോര്‍ത്ത് സ്റ്റാറില്‍ താമസക്കാരിയായ അഞ്ജനയുടെ ഹോം സ്റ്റുഡിയോയും ഫ്‌ളാറ്റില്‍ തന്നെയാണ്.

ഫോട്ടോയെടുപ്പിന്റെ വഴി

അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് കോളേജിലെ പഠനകാലത്താണ് ഇന്റേണ്‍ഷിപ്പിനായി വെഡ്ഡിങ് ഫോട്ടോഗ്രഫി കമ്പനിയില്‍ ചേര്‍ന്നത്. അമൃതയുടെ ക്യാമറ ക്ലിക്കുകളില്‍ ആകൃഷ്ടരായ അവര്‍ അവിടെ ജോലിയും നല്‍കി.

ആദ്യമൊക്കെ വെഡ്ഡിങ് ഫോട്ടോഗ്രഫിയിലാണ് ജോലി ചെയ്തത്. അതിലൊരു സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഞ്ജന പറയുന്നു. തുടര്‍ന്ന് ജോലി രാജിവെച്ച് രണ്ടു വര്‍ഷം വെറുതേയിരുന്നു.

ഇതിനിടെ ഇന്‍സ്റ്റഗ്രാം പേജില്‍ സുഹൃത്തുക്കളുടെ ഫാഷന്‍ പോര്‍ട്ട്ഫോളിയോകള്‍ ചെയ്തുതുടങ്ങി. പേജിന് അത്ര വലിയ പ്രതികരണമൊന്നും ലഭിച്ചില്ല. മോഡലായ രേഷ്മ സെബാസ്റ്റ്യന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചെയ്തതോടെയാണു കാലം മാറിയത്.

കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലേക്കു പറിച്ചുനട്ട ജനങ്ങള്‍ അഞ്ജനയുടെ പടങ്ങളും ശ്രദ്ധിച്ചു തുടങ്ങി. ലൈക്കുകളും കമന്റുകളും കൂടി. രേഷ്മ സെബാസ്റ്റ്യന്റെ ഫോട്ടോയ്ക്ക് നടിയും മോഡലുമായ ലിസ ഹെയ്ഡന്‍ ലൈക്കു ചെയ്തതു വലിയ അംഗീകാരമായി തോന്നിയെന്നും അഞ്ജന പറയുന്നു.

ന്യൂ ബോണ്‍ ഷൂട്ട് മറ്റു ഷൂട്ടുകളെ അപേക്ഷിച്ച് സമാധാനം തരുന്ന ജോലിയാണ്. പക്ഷേ സമയമെടുത്തു മാത്രമേ അതു ചെയ്തുതീര്‍ക്കാനാവൂ. കുട്ടികളുടെ ഉറക്കം, ഭക്ഷണം നല്‍കലൊക്കെ കഴിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

പിറന്ന് 24 ദിവസം വരെയൊക്കെ പ്രായമുള്ള കുഞ്ഞുങ്ങളും ഏഴു മാസമായ ഗര്‍ഭിണികളുമാണ് അഞ്ജനയുടെ മോഡലുകള്‍. ഒട്ടേറെപ്പേര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അഞ്ജനയുടെ ഫോട്ടോ ഷൂട്ട് തേടിവരുന്നുണ്ട്. അഞ്ജന ഇതിനകം സെലിബ്രിറ്റി ഫോട്ടോ ഷൂട്ടുകളും നടത്തിയിട്ടുണ്ട്.

എയര്‍ഫോഴ്സിലായിരുന്നു അച്ഛന്‍ ജോസ് സ്‌കറിയാസ്. അമ്മ നിമ്മിയും സഹോദരി സഞ്ജനയും അടങ്ങുന്നതാണ് കുടുംബം.

''കലയുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യണമെന്നാണ് ആഗ്രഹിച്ചത്. ക്യാമറ ക്ലിക്കുചെയ്യാന്‍ പോലും കൃത്യമായി അറിയാതെയാണ് ഇന്റേണ്‍ഷിപ്പിന് പോയത്. ഇന്നെനിക്കു ക്യാമറയാണ് ജീവിതം''.