പൊഴുതന: വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാവുകയാണ് ഇരുപത്തിമൂന്നുകാരി അനസ് റോസ്‌ന സ്റ്റെഫി. സുഗന്ധഗിരി ഒമ്പതാം വാര്‍ഡില്‍ നിന്നാണ് എല്‍.ഡി.എഫ്. പാനലില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കന്നിയങ്കക്കാരിയുടെ കന്നിവോട്ടും ഇക്കുറിയായിരുന്നു. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ പി.ജി. വിദ്യാര്‍ഥിനിയാണ് അനസ് റോസ്‌ന സ്റ്റെഫി. ഇതിനിടയിലാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് ചുവടുവെച്ചത്.

കര്‍ഷകത്തൊഴിലാളിയായ ചടച്ചിക്കുഴിയില്‍ സുനിലിന്റെയും സുജയുടെയും മൂത്ത മകളാണ്. കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍നിന്ന് ബി.എസ്സി. സുവോളജി പൂര്‍ത്തിയാക്കി. സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷം പരിശീലനം നേടിയിട്ടുണ്ട്. ഐ.എ.എസ്. സ്വപ്നങ്ങള്‍ക്കിടയില്‍നിന്നാണ് ജനപ്രതിനിധിയാകാനുള്ള നിയോഗം അനസിനെ തേടിയെത്തുന്നത്. റോബിനാണ് സഹോദരന്‍.

പ്രളയം പൊഴുതനയെയും ആഴ്ത്തിക്കളഞ്ഞിരുന്നു. ഇതിന്റെ ആഘാതങ്ങളില്‍നിന്ന് കരകയറാനുള്ള അതിജീവനശ്രമങ്ങളാണ് മുന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്ത് നടത്തിയത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെയായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് അനസ് റോസ്‌ന സ്റ്റെഫി പറഞ്ഞു.

Content Highlights: Anas Rosna Stephy to be the President of Pozhuthana Panchayath