എടപ്പാള്‍: വധുവിന് താലിചാര്‍ത്തിയശേഷം നവവരന്‍ നേരേ പോയത് ജീവരക്ഷയേകാനായി രക്തം ദാനംചെയ്യാന്‍. കക്കിടിപ്പുറത്തെ രാമചന്ദ്രന്‍-വത്സല ദമ്പതിമാരുടെ മകനായ അഭിലാഷാണ് വിവാഹസുദിനത്തില്‍ 27-ാമത് രക്തദാനം നിര്‍വഹിച്ച് സഹജീവിസ്‌നേഹത്തിന്റെ സന്ദേശം അര്‍ത്ഥവത്താക്കിയത്.
ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ കമ്മിറ്റി അംഗം, ട്രോമാ കെയര്‍ വൊളന്റിയര്‍ തുടങ്ങി സന്നദ്ധസേവനരംഗത്ത് നിറസാന്നിധ്യമാണ് അഭിലാഷ് കക്കിടിപ്പുറം.
ശനിയാഴ്ചയാണ് തൃശ്ശൂര്‍ പ്ലാവിന്‍കൂട്ടത്തില്‍ കുട്ടന്റേയും ലക്ഷ്മിക്കുട്ടിയുടേയും മകള്‍ മേഘയെ അഭിലാഷ് താലിചാര്‍ത്തിയത്.
ചടങ്ങിനുശേഷം രക്തദാനത്തിനായി നേരേ പോയത് എടപ്പാള്‍ ഹോസ്പിറ്റല്‍സ് രക്തബാങ്കിലേക്കാണ്.
കക്കിടിപ്പുറം കെ.വി.യു.പി. സ്‌കൂള്‍ ഓഫീസ് അറ്റന്‍ഡറാണ് ഇദ്ദേഹം. ഏറെ വലിയ സൗഹൃദവലയമുണ്ടായിട്ടും കോവിഡ്- 19 ന്റെ പാശ്ചാത്തലത്തില്‍ വളരെ ചുരുക്കം ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് അഭിലാഷ് വിവാഹിതനായത്.