പന്തീരാങ്കാവ് (കോഴിക്കോട്): ഒളവണ്ണ ഗ്രാമപ്പഞ്ചായത്തില്‍ ഇരുപത്തിരണ്ടുകാരിയായ ഡി.വൈ.എഫ്.ഐ. നേതാവ് പി. ശാരുതി പ്രസിഡന്റാകും. ഡിസംബര്‍ 29-ന് തുടങ്ങുന്ന എല്‍എല്‍.ബി. അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിനിടയിലാണ് 30-ന് ഭരണസാരഥ്യവും ഏറ്റെടുക്കുന്നത്.

ഇടിമുഴിക്കല്‍ ഭവന്‍സിലെ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിയാണ് ശാരുതി. ഒന്നാംവാര്‍ഡായ ഇരിങ്ങല്ലൂരില്‍നിന്നാണ് ശാരുതി 574 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഇരിങ്ങല്ലൂരിലെ റേഷന്‍ കടയുടമയ്ക്ക് കോവിഡ് ബാധിച്ച സമയത്ത് കട നടത്താന്‍ മുന്നോട്ടുവന്നതോടെയാണ് ശാരുതി ഏറെ ശ്രദ്ധേയയായത്. ബുള്ളറ്റില്‍ കറങ്ങി വോട്ടുപിടിച്ച് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. വെള്ളപ്പൊക്കക്കെടുതിയിലും സന്നദ്ധപ്രവര്‍ത്തനവുമായി മുന്നിലുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.

സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.

പറശ്ശേരി മനോഹരന്റെയും പാര്‍ട്ടി അംഗമായ റജീനയുടെയും മകളാണ്. നാലാം വാര്‍ഡായ പാലാഴി ഈസ്റ്റില്‍നിന്ന് വിജയിച്ച എന്‍. ജയപ്രശാന്ത് വൈസ് പ്രസിഡന്റാകും.

Content Highlights: 22-yr-old Saruthi to be president of Olavanna panchayat in Kozhikode