കോഴിക്കോട്: ആംബുലന്‍സിന് വഴികാണിക്കാനായി രണ്ട് കിലോമീറ്ററോളം വാഹനത്തിന് മുന്നില്‍ ഓടി യുവാവ്. ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സുകള്‍ക്ക് വഴി നല്‍കണേ എന്ന അഭ്യര്‍ഥനയുമായി കോഴിക്കോട് വെങ്ങളം മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് യുവാവ് ഓടി വഴിയൊരുക്കിയത്. 

ആംബുലന്‍സുകള്‍ക്ക് മുന്നിലോടുന്ന ചെറുപ്പക്കാരന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്വന്തം സുരക്ഷ പോലും നോക്കാതെ ഇത്രയും ദൂരം ഓടിയ ആ ചെറുപ്പക്കാരന്‍ ആരാണ് എന്നാണ് ദൃശ്യങ്ങള്‍ കണ്ടവരെല്ലാം ചോദിച്ചത്. ഡിവൈഎഫ്‌ഐ തൂണേരി മേഖല വൈസ് പ്രസിഡന്റ് വൈശാഖ് ആണ് അതെന്ന് പരിചയപ്പെടുത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് എ റഹീം. 

ജനുവരി 25ന് തൂണേരിയില്‍ നിന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധക്കടല്‍ പരിപാടിക്കായാണ് വൈശാഖും കൂട്ടുകാരും കോഴിക്കോടെത്തിയത്. പരിപാടിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെയാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ മൂന്ന് ആംബുലന്‍സുകള്‍ കണ്ടത്. മുന്നില്‍ നിരയായി കിടക്കുന്ന വാഹനങ്ങളും. പിന്നെ ഒന്നും ആലോചിക്കാതെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് നടുറോഡിലേക്ക് ഇറങ്ങി. ഓരോ വാഹനങ്ങളുടേയും അരികില്‍ തട്ടി പിന്നില്‍ ആംബുലന്‍സ് വരുന്ന കാര്യം അറിയിച്ചു. വാഹനങ്ങള്‍ മാറി വഴി തെളിഞ്ഞതോടെ ആംബുലന്‍സുകള്‍ സുഗമമായി മുന്നോട്ടുകുതിച്ചു. 

ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിലെ സഹ ഡ്രൈവറാണ് വൈശാഖിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഡ്രൈവറായ ദീപ ജോസഫ് ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വൈശാഖിന്റെ മിടുക്ക് ലോകമറിഞ്ഞത്. 

എസ്എഫ്‌ഐയുടെ പരിപാടിക്ക് വന്ന് തിരിച്ചുപോവുമ്പോഴാണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഒരു ജീവന്റെ കാര്യമല്ലേ,പിന്നെ ഒന്നും ചിന്തിച്ചില്ല.  ഗതാഗതക്കുരുക്ക് ഒഴിയുന്നതുവരെ മുന്നോട്ട് ഓടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ഓടി എന്നേ അറിയുള്ളൂ, ഈ നാട്ടുകാരന്‍ അല്ലാത്തതിനാല്‍ കൃത്യം സ്ഥലമേതാണെന്ന് അറിയില്ല. ബൈപാസ് ആണെന്ന് മാത്രം അറിയാം. വാര്‍ത്തകളും വീഡിയോകളുമൊക്കെ വന്നെന്ന് അറിയുന്നു, ഒന്നും കണ്ടിട്ടില്ല ഇതുവരെ. - വൈശാഖ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

തൂണേരി കണ്ണങ്കൈ സ്വദേശിയാണ് വൈശാഖ്. വടകര ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി.