പുറത്ത് അതിശൈത്യമായിരുന്നു. തണുത്ത കാറ്റിൽ മരങ്ങളും കെട്ടിടങ്ങളും വിറങ്ങലിച്ചുനിന്നു. വിവിധ രാജ്യങ്ങളിലെ പതാകകൾ തണുപ്പിനെ അതിജീവിക്കാനെന്ന വണ്ണം കൊടിമരത്തിൽ പാറിപ്പറന്നു. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കൂറ്റൻ ഓഡിറ്റോറിയത്തിനകത്ത് ശൈത്യക്കാറ്റിനെയും ചൂടുപിടിപ്പിക്കാൻപോന്ന ചിത്രങ്ങൾ സ്ക്രീനിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. 

2013 ഡിസംബർ 9. ഭൂമധ്യരേഖ കടന്നുപോകുന്ന ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന്റെ തലസ്ഥാന നഗരിയായ ക്വിറ്റോയിൽ ലോകയുവജനസമ്മേളനം നടക്കുന്നു. ഓൾഡ് എയർപോർട്ട് ഓഡിറ്റോറിയത്തിലെ ഡോക്യുമെന്ററികളുടെ പ്രദർശനവേദിയിൽ നെൽസൺ മണ്ടേലയെന്ന വിശ്വപുരുഷൻ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നു. രണ്ടുദിവസംമുമ്പാണ് ആ മഹാത്മാവ് ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം എഴുന്നേറ്റുനിന്ന് കാണികൾ വരവേൽക്കുകയാണ്.

കൈയടികൾക്കൊടുവിൽ നീണ്ട നിശ്ശബ്ദത. അടുത്തതായി സ്‌ക്രീനിൽ മലയാളത്തിൽ അക്ഷരങ്ങൾ തെളിഞ്ഞു. സബ്‌ടൈറ്റിലുകളിൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. പതുക്കെ അതിൽ ശ്രീനാരായണഗുരുവിന്റെ മുഖം തെളിഞ്ഞു. ആ മഹൽജീവിതത്തിന്റെ  ചരിത്രം ഒരു ചലനചിത്രമായി നൂറിൽപ്പരം രാജ്യങ്ങളിൽനിന്നെത്തിയ യുവാക്കളുടെ മനസ്സിലേക്ക് സഞ്ചരിച്ചു. അവർക്ക് നടുവിൽ ഒരു മലയാളിയുവാവ്, അതിന്റെ സംവിധായകൻ കൊടുങ്ങല്ലൂർ പാടാകുളം കാര്യേഴത്ത്‌ വീട്ടിൽ  ഗിരീഷ്  ഉണ്ണികൃഷ്ണൻ അഭിമാനത്തോടെ നിന്നു.

അഭിനന്ദനങ്ങൾക്കിടയിൽ സിറിയയിൽ നിന്നെത്തിയ യുവതി ഗിരീഷിന് അടുത്തെത്തി പതിയെ പറഞ്ഞു:  ‘‘അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തൊട്ടു. ഒരു നല്ല ലോകത്തിനായി സന്ദേശങ്ങൾ നൽകാൻ കഴിയുന്ന ഇത്തരം സന്ന്യാസിവര്യൻമാരെയാണ് നമുക്ക് ആവശ്യം.’’ 

മതത്തിന്റെ പേരിൽ ആഭ്യന്തര കലാപങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്ന ദമാസ്കസ് നഗരത്തിൽ നിന്നുവന്ന ആ യുവതി മറ്റാരെക്കാളും നന്നായി ഗുരുദേവ ദർശനങ്ങൾ മനസ്സിലാക്കിയിരുന്നു. ‘ഒരു ജാതി, ഒരുമതം, ഒരു ദൈവം’ എന്ന ദർശനം സൃഷ്ടിക്കുന്ന മാറ്റം എത്രമാത്രം വിപ്ലവകരമായിരിക്കുമെന്ന് അവർ ഒരുവേള ഓർത്തിരിക്കാം. ജന്മനാട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുഖം അവരിലൂടെ ഒരുനിമിഷം കടന്നുപോയിരിക്കാം.

 ആഗോളതലത്തിൽ ഗുരുവചനങ്ങളുടെ പ്രസക്തി ഗൗരവമായി ഗിരീഷിന്റെ ചിന്തകളിൽ നിറയുന്നത് അപ്പോഴാണ്. ഒരു ദശകത്തിനിപ്പുറം ഒരു ഗുരുദേവ കൃതി നൂറ്്‌ ഭാഷകളിലേക്ക് തർജമ ചെയ്യുക എന്ന സമാനതകളില്ലാത്ത ലക്ഷ്യം ഗിരീഷ് കൈവരിക്കുന്നതിനുപിന്നിൽ ആ സിറിയൻ യുവതിയുടെ വാക്കുകളായിരുന്നു പ്രചോദനം. 

ദൈവദശകത്തിലേക്ക്

ഒരുവർഷം കഴിഞ്ഞ് മറ്റൊരു വൈകുന്നേരം. 2014 ഡിസംബർ 31. ശിവഗിരി തീർഥാടനത്തിന്റെ പൊതുവേദിയിൽ, ദൈവദശകത്തിന്റെ നൂറാംവാർഷികാഘോഷ വേളയിൽ ആയിരക്കണക്കിനുവരുന്ന വൻജനാവലി ദൈവദശകം ഒന്നിച്ചുചൊല്ലുന്നതിന് ഗിരീഷും സാക്ഷിയായി. ദൈവദശകം എഴുതിയതിന്റെ ഒരു നൂറ്റാണ്ടിനിപ്പുറവും ആ വരികളുടെ ശക്തിയും വ്യാപ്തിയും എത്രമാത്രമെന്ന് ഗിരീഷ് അന്നവിടെ തിരിച്ചറിഞ്ഞു. ഗുരു കേരളത്തിലെ ഒരു വിഭാഗത്തിന്റേതല്ല, ലോകത്തിന്റെതന്നെ ഗുരുവാണെന്ന്‌ തിരിച്ചറിയുന്ന നിമിഷത്തിൽ ഗിരീഷ് അവിടെവെച്ച് തീരുമാനമെടുത്തു.

ഗുരുദർശനങ്ങൾ ലോകജനതയിലേക്കെത്തിക്കണം. അതിന് തന്നാൽ കഴിയുന്നത് ചെയ്യണം.
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആവുന്നതിനും മുമ്പേ ദൈവദശകമെന്ന കാവ്യം അച്ഛൻ തന്നെ മനപ്പാഠം പഠിപ്പിച്ചിരുന്നത് ഗിരീഷ് ഓർക്കുന്നു. ഗുരുദേവന്റെ ആശയപ്രചാരകനായ അച്ഛൻ കെ.എൻ. ഉണ്ണികൃഷ്ണൻ ആ പ്രാർഥനാഗീതം എന്നും ചൊല്ലുമായിരുന്നു. ഗുരുവിന്റെ ആശയങ്ങൾ പുറംലോകത്തെത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ ദൈവദശകം എന്ന കൃതി ആദ്യം മനസ്സിൽ തെളിഞ്ഞതും ആ കുട്ടിക്കാലസ്മരണയിൽനിന്നാണ്.  

മൊഴിമാറ്റത്തിന്റെ വഴികൾ

‘‘പ്രാർഥന എന്ന നിലയിലും കവിത എന്ന നിലയിലും സമാനതകളില്ലാത്ത പദവിയിലാണ് ദൈവദശകം നിൽക്കുന്നത്. ദേശത്തിനും കാലത്തിനും അതീതമായ വിശ്വമാനവികദർശനം നല്കുന്ന ദൈവദശകം ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടണം. നൂറു ഭാഷകളിലേക്ക് ദൈവദശകം പരിഭാഷപ്പെടുത്തുന്നത് ആയിരങ്ങളുടെ സഹായത്താലാണ്. ഭാഷാവിദഗ്‌ധരെ കണ്ടെത്തുന്നതിന്‌ ഏറെ പ്രയത്നിക്കേണ്ടി വന്നു’’ -മൊഴിമാറ്റദൗത്യത്തിന്റെ പ്രേരണകൾ ഗീരീഷ് നിരീക്ഷിക്കുന്നു. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലേക്കുള്ള മൊഴിമാറ്റമായിരുന്നു ആദ്യലക്ഷ്യം. ഭരണഘടന അംഗീകരിച്ച 22 ഭാഷകൾക്കുപുറമേ ഔദ്യോഗികമല്ലാത്ത വേറേയും ഒട്ടേറെ ഭാഷകളുള്ള ഒരു മഹാരാജ്യം. ആ ഭാഷകളിലേക്കൊക്കെ കടന്നുചെല്ലാനുള്ള വഴികൾ തേടിയുള്ള യാത്രയായിരുന്നു പിന്നെ.

 ദൈവദശകത്തിന് ഗുരു നിത്യചൈതന്യയതി നിർവഹിച്ച ഇംഗ്ളീഷ്‌മൊഴിമാറ്റം ആധാരമാക്കി തമിഴ്, തെലുങ്ക്, കന്നട, തുളു, കുടകുഭാഷകളിലേക്കായിരുന്നു ആദ്യമൊഴിമാറ്റം. പിന്നീട് ഉത്തരേന്ത്യൻ ഭാഷകളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭാഷകളിലേക്കും മൊഴിമാറ്റാനുള്ള ശ്രമം തുടങ്ങി. യാത്രകളുടെ കാലമായിരുന്നു അത്. മുൻ മേഘാലയ ചീഫ് സെക്രട്ടറി എച്ച്.ഡബ്ല്യു. ടി. സിയം, ഡോ. ലോറിൻഡ ഡിമരാക്, ഡോ. പുലോർ ഡബ്ല്യു. കോഞ്ചി എന്നിവരാണ് മേഘാലയയിൽ പ്രചാരത്തിലുള്ള ഖാസി, ഖാരോ, ജയന്തിയ ഭാഷകളിലെ തർജമകൾ ചെയ്തത്. അസമീസ് ഭാഷയിലേക്ക് ബിബിക നന്ദു ചൗധരിയും ബോഡോ ഭാഷയിലേക്ക് ബിശ്വേശ്വർ ബസുമരിയും പഞ്ചാബിയിലേക്ക് ഡോ. കുൽജിത്ത് സിംഹ് ബാട്ടിയയും മൊഴിമാറ്റം നടത്തി.

സിന്ധി, കച്ച്, ബുംധേലി, ദോഗ്രി, ഇന്ത്യയിലെ പ്രാചീന ഭാഷകളായ സംസ്കൃതം, ആവധി, ബ്രജ്, അപഭ്രംശ്‌, ബുദ്ധഭഗവാൻ സംസാരിച്ചിരുന്ന പാലി, മൈഥിലി തുടങ്ങി കേട്ടതും കേൾക്കാത്തതുമായ 40 ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റത്തിന് ആളുകളെ ഗിരീഷ് തിരഞ്ഞ് കണ്ടെത്തി. കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള ഇടങ്ങളിലെ വിവിധങ്ങളായ ഭാഷകളിൽ വിദഗ്ധരെ കണ്ടെത്തുകയും മൊഴിമാറ്റം സാധിച്ചെടുക്കുകയും ചെയ്തു ഈ യുവാവ്. ഗുരുവിന്റെ സന്ദേശം പോലെ ജാതിക്കും മതത്തിനും ദേശത്തിനും അതീതമായ ഒരു കൂട്ടായ്മയും സ്നേഹവും സാഹോദര്യവും ഇവിടെ ഗിരീഷിന് കൂട്ടിനെത്തി.

 യേശുദേവൻ സംവദിച്ച ‘അരമായ’ ഭാഷയിലേക്ക് ഗുരുകാവ്യം മൊഴിമാറ്റിയത് ആർച്ച് ബിഷപ്പ്‌ മാർ അപ്രേം ആണ്. ഒരു കൃതി എന്ന നിലയിൽ അതിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് അദ്ദേഹം ഓരോഘട്ടത്തിലും ഗിരീഷിന് പിന്തുണ നൽകി. ഒഡിയ ഭാഷയിലേക്കുള്ള മൊഴിമാറ്റശ്രമങ്ങളെ ഗിരീഷ് പ്രത്യേകം ഓർക്കുന്നു. ഒഡിഷയിൽ പലയിടത്തും തിരഞ്ഞെങ്കിലും പറ്റിയ ഒരാളെ ഗിരീഷിന് കണ്ടെത്താനായില്ല. ഒടുവിൽ കേരളത്തിൽനിന്നുതന്നെ ഒരാളെ കിട്ടി! കാക്കിക്കുപ്പായത്തിൽ സാഹിത്യമൊളിപ്പിച്ച ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ!  അദ്ദേഹം അത് ഭംഗിയായി ഒഡിയയിലേക്ക് മൊഴിമാറ്റം നടത്തി എല്ലാവരെയും അമ്പരപ്പിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനയിലെ മാൻഡാരിൻ ഭാഷയിലേക്കുള്ള വിവർത്തനത്തിലേക്ക് എത്തിയത് ഗിരീഷിന്റെ നാട്ടുകാരൻ തന്നെയായ ഒരു എം.ബി.ബി.എസ്. വിദ്യാർഥിയിലൂടെയാണ്. ചൈനയിൽ പഠിച്ചെത്തിയ ആ വിദ്യാർഥി ചൈനീസ് ഭാഷയിൽ അവിടെ ഒന്നാംസ്ഥാനത്ത് എത്തിയതറിഞ്ഞ് ഗിരീഷ് സഹായം തേടുകയായിരുന്നു. അതുവഴി ചൈനയിലെ പ്രശസ്തമായ സർവകലാശാലയിലെ മേധാവിയെത്തന്നെ ഗിരീഷിന് സഹായത്തിനുലഭിച്ചു.  ഭൂട്ടാൻ, തായ്‌ലൻഡ്, നേപ്പാൾ, ലാവോസ്, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലെ ഭാഷകൾ, ആഫ്രിക്കൻ രാജ്യങ്ങളിലെ തുംബുക്ക, ചിചേവ, കിമേരു, കികുയു എന്നീ ഭാഷകൾ, ജാപ്പനീസ്, സ്പാനിഷ്, കൊറിയൻ, ഡച്ച്, സൊമാലി, എസ്തോണിയ, ഹങ്കേറിയൻ, നോർവീജിയൻ, ബൾഗേറിയൻ തുടങ്ങി മറ്റ് 60 വിദേശഭാഷകൾ... ഗുരുദർശനം മൊഴിമാറ്റത്തിലൂടെ അവിടെയെല്ലാം നിറഞ്ഞുവിളങ്ങി. 

വെല്ലുവിളികളും സൗഹൃദങ്ങളും

മലയാളമാണ് മൊഴിമാറ്റാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ എന്ന തിരിച്ചറിവിന്റെ നാളുകളായിരുന്നു അത്. ഗുരുവിന്റെ വാക്കുകൾക്ക് അനുയോജ്യമായ വിദേശ ഭാഷാപദങ്ങൾക്കായി ഓരോ വിവർത്തകനും പാടുപെട്ടു. ഹീബ്രു ഭാഷയിലേക്ക് മൊഴിമാറ്റുമ്പോൾ പെൻസിൽവാനിയ സർവകലാശാലയിലെ പ്രൊഫ. ഡെൻ ബെൻ അമോസിനെ വട്ടം തിരിച്ചത് മായ എന്ന വാക്കായിരുന്നു. അതിന്റെ പരിഭാഷ തേടി അദ്ദേഹം ഒരുപാട് അലഞ്ഞു. ഒടുവിൽ കവി സച്ചിദാനന്ദൻ നിർദേശിച്ചതുപോലെ മായ എന്നു തന്നെ ഉപയോഗിക്കുകയായിരുന്നു. നക്ഷത്ര ചിഹ്നമിട്ട് ടിപ്പണിയായി വിവരണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്.

 കോംഗോ സ്ഥാനപതി അശോക് വാര്യർ, ശശി തരൂർ, ശ്രീനാരായണ പ്രസ്ഥാനക്കാർ, ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദ, സാന്ദ്രാനന്ദ, സ്വരൂപാനന്ദ, സച്ചിദാനന്ദ, മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എ. ടി.എൻ. പ്രതാപൻ, വി.ആർ. സുനിൽകുമാർ എം.എൽ.എ., വിവിധയിടങ്ങളിലെ യോഗം പ്രവർത്തകർ തുടങ്ങി വഴിയിൽ പലരും ഗിരീഷിന് കൈത്താങ്ങായി. ഗിരീഷിന്റെ ചിന്തകൾക്ക്‌ അമ്മ തങ്കവും ഭാര്യ സിന്ധുവും മകൻ ദേവദർശും എന്നും തുണയുണ്ട്‌.

ആശയങ്ങളിലെ ഭിന്നത പലരെയും ആദ്യം ഏറ്റെടുത്ത ദൗത്യത്തിൽനിന്ന് പിൻതിരിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങളും ഗിരീഷിന് വെല്ലുവിളിയായി. ബലൂചിസ്ഥാനിലെ ബലൂചി ഭാഷയിലുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.  ഇന്ത്യയിലെ ഒരു സന്ന്യാസിവര്യന്റെ കൃതി മൊഴിമാറ്റുമ്പോൾ വിവർത്തകനെ ഇന്ത്യയുടെ ഒരു ചാരനായി ബലൂചിസ്ഥാൻ കണ്ടേക്കാമെന്നൊരു തോന്നൽ കാരണം വിവർത്തകൻ കൂറുമാറി. മാലി ദ്വീപിലെ ഭാഷയ്ക്കും ഇതേ വെല്ലുവിളി നേരിട്ടു. ഇന്ത്യൻ സേനയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ വഴിയായിരുന്നു മാലിയിൽ സഹായം തേടിയത്. ഇത് ഒരു ചാരപ്രവർത്തനമായി അവിടത്തെ സർക്കാർ കണ്ടു. വിവേഹി ഭാഷയിൽ വിവർത്തനം ചെയ്തുകിട്ടിയെങ്കിലും അത് ഉപയോഗിക്കാനായില്ല. പിന്നീട് ലക്ഷദ്വീപിലുള്ള വിവേഹി ഭാഷ അറിയുന്ന ഒരാളാണ് മൊഴിമാറ്റാൻ സഹായിച്ചത്.

ഗിന്നസ് റെക്കോഡിലേക്ക്

നൂറുഭാഷകൾ ഒരു പുസ്തകത്തിൽ എന്ന അപൂർവതയുമായി ഗിന്നസ് ബുക്കിലേക്കുള്ള പാതയിലാണ് ഈ വിവർത്തനം. 1848-ൽ കാറൽ മാർക്സും ഫ്രഡറിക് ഏംഗൽസും ജർമൻ ഭാഷയിലെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഫ്രഞ്ച്, ഇംഗ്ലീഷ് പരിഭാഷകൾ 1850- ലാണ് പുറത്തുവന്നത്. 1867- ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച മാർക്സിന്റെ ദാസ് ക്യാപിറ്റൽ ഒന്നാം ഭാഗത്തിന്റെ ഫ്രഞ്ച് വിവർത്തനം 1875- ലും ഇംഗ്ലീഷ് പതിപ്പ് 1887-ലും പുറത്തിറങ്ങി. ഈ വിവർത്തനങ്ങളാണ് കമ്യൂണിസ്റ്റ് ആശയത്തിനു ലോകത്ത് പ്രചാരം നേടിക്കൊടുത്തത്.

അതിനുശേഷം ഇത്ര ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റൊരു മതേതര കൃതിയും  ഉണ്ടായിട്ടില്ല. ദൈവദശകം പദ്ധതിക്ക്‌ 15 ലക്ഷം അനുവദിക്കുന്ന കാര്യം പരിഗണനയില​ുണ്ടെന്ന്‌ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ്‌ ശർമ്മയുടെ അറിയിപ്പ്‌ ലഭിച്ചു എന്നത്‌ ഇതിന്റെ സാംസ്കാരിക പ്രാധാന്യത്തിന്‌ തെളിവായി. ജാതിസ്പർധയും മതദ്വേഷവും നിറഞ്ഞ് മനുഷ്യമനസ്സുകൾ കലുഷമാകുന്ന ഇക്കാലത്ത് ലോകമാനവനെ സ്വപ്നംകണ്ട ഗുരുദേവ വചനങ്ങളുടെ പ്രസക്തി ഉയർത്തിപ്പിടിക്കുക തന്നെയാണ് ഗിരീഷിന്റെ ലക്ഷ്യം. നൂറു ഭാഷകളിലൂടെ അത് നിർവഹിച്ച ഈ ചെറുപ്പക്കാരന് നൂറിൽ നൂറുമാർക്കും നൽകണം.