ഫോട്ടോഗ്രാഫറുടെ ആത്മാര്‍ഥത കണ്ടാല്‍ പകച്ചുപോകും നിങ്ങളുടെ ബാല്യം..! വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ പകര്‍ത്തുന്ന ഫോട്ടോഗ്രാഫറുടെ വീഡിയോയ്‌ക്കൊപ്പം വന്ന ഒരു ക്യാപ്ഷനാണിത്. പെര്‍ഫെക്ട് ക്ലിക്കിനു വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഫോട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിച്ചു. പിന്നെ ട്രോളുകളായി, വവ്വാല്‍ ക്ലിക്കും അതെടുത്ത ഫോട്ടോഗ്രാഫറും അങ്ങ് വൈറലായി, പ്രതീക്ഷിക്കാതെ സോഷ്യല്‍ മീഡിയയില്‍ 'ക്ലിക്കായി'പ്പോയ ആ വവ്വാല്‍ ക്ലിക്കിനെ കുറിച്ച് ഫോട്ടോഗ്രാഫറായ തൃശൂർക്കാരൻ വിഷ്ണുവിന് ചിലത് പറയാനുണ്ട്..

മരത്തിനു മുകളില്‍ നിന്നൊരു വവ്വാല്‍ ക്ലിക്ക്

പെരുങ്ങോട്ടുകരയിലെ ഷെയ്‌സിന്റേയും നവ്യയുടേയും കല്യാണ ഫോട്ടോഗ്രഫിക്കിടെയാണ് ഈ ക്ലിക്ക് ഉണ്ടായത്. നല്ലൊരു ഫോട്ടോ എങ്ങനെയെടുക്കുമെന്ന് വിചാരിച്ചപ്പോഴാണ് ഈ ഐഡിയ വന്നത്. അങ്ങനെ കല്ല്യാണച്ചെക്കന്റെ വീടിനു മുന്നില്‍ ഒരു മരം കണ്ടപ്പോള്‍ ഒരു ക്ലിക്ക് അങ്ങനെ ട്രൈ ചെയ്താലോ എന്നു തോന്നി. ചെറിയ അക്കേഷ്യ മരമാണ്, കയറാനും ബുദ്ധിമുട്ട് തോന്നിയില്ല. പിന്നെ മരത്തില്‍ കയറി തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്തു. ഇതിനു മുന്‍പും മരത്തില്‍ കയറി പല ക്ലിക്കുകള്‍ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് ഈ 'വവ്വാല്‍' പരീക്ഷണം നടത്തിയത്.

കിട്ടിയത് ഇതാണെങ്കിലും ഉദ്ദേശിച്ചത് വേറെയാണ്

തൂങ്ങിക്കിടന്ന് എടുത്താല്‍ എങ്ങനെ ഉണ്ടാവുമെന്ന് അറിയാനുള്ള ഒരു കൗതുകത്തിന് പുറത്താണ് അങ്ങനെ ചെയ്തത്. ഒരു ശ്രമം മാത്രം. ഫോട്ടോ എടുക്കാനുള്ള കംഫര്‍ട്ട് നോക്കി ചെയ്ത ഒരു ക്ലിക്കായിരുന്ന അത്. എന്നാല്‍ മനസ്സില്‍ വിചാരിച്ച സാധനം എനിക്ക് കിട്ടിയില്ല. ഇത്ര കഷ്ടപ്പെട്ടിട്ടും ഇതാണോ കിട്ടിയതെന്ന് പലരും ചോദിക്കുമ്പോള്‍ ആ നിരാശ ബാക്കിയാണ്. പക്ഷെ നെക്സ്റ്റ് ടൈം ഞാന്‍ കലക്കും..

vishnu

പണി തരാന്‍ പകര്‍ത്തിയ വീഡിയോ വൈറലായപ്പോള്‍

എന്റെ പടംപിടിത്തം കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന വീഡിയോഗ്രാഫര്‍മാരായ ക്ലിസണ്‍ ചേട്ടനും റിജോയ് ചേട്ടനും എനിക്കിട്ടൊരു പണി തരാനാണ് ഫോട്ടോയും വീഡിയോയും എടുത്തത്. അത് എന്നെ ടാഗ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതോടെ ആ ക്ലിക്കങ്ങ് 'ക്ലിക്കായി'പ്പോയി. ഈ വീഡിയോ ഇങ്ങനെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമെന്നോ വൈറലായിപ്പോവുമെന്നോ ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല. വവ്വാല്‍ ഫോട്ടോഗ്രാഫറെന്നു പറഞ്ഞാണ് എന്നെ ഇപ്പോള്‍ കൂടെയുള്ളവര്‍ കളിയാക്കുന്നത്.

ഫോട്ടോ കണ്ട് ചീത്ത പറഞ്ഞ് വീട്ടുകാര്‍

ഫോട്ടോയും ക്ലിക്കും കണ്ട് എല്ലാരും അഭിനന്ദിച്ചപ്പോള്‍ ചീത്ത പറഞ്ഞ കുറച്ചുപേരുമുണ്ട്. എന്റെ വീട്ടുകാർ. ഇത്ര സാഹസികമായി ഫോട്ടോ എടുക്കണോ എന്നായിരുന്നു ചോദ്യം. സൂക്ഷിച്ചും കണ്ടും പണിയെടുത്താല്‍ എനിക്ക് കൊള്ളാം എന്നാണ് ഇപ്പോള്‍ അവരുടെ ലൈന്‍.

ഇനിയുമുണ്ടെന്റെ ഫോട്ടാന്വേഷണ പരീക്ഷണങ്ങള്‍

ആ ഫോട്ടോയ്ക്ക് വവ്വാല്‍ ക്ലിക്ക് എന്ന് ഞാനല്ല പേരിട്ടത്. വീഡിയോയും ഫോട്ടോയും കണ്ടപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു തുടങ്ങിയതാണ്. ഇപ്പോള്‍ ഒരു ടെക്‌നിക്കല്‍ ടേം പോലെയായിട്ടുണ്ട് അത്. വവ്വാല്‍ ക്ലിക്ക് മാത്രാണോ ഞാന്‍ പരീക്ഷിച്ചത് എന്ന് ചോദിച്ചാല്‍ അല്ല. ഫോണ്‍ മുകളിലേക്ക് എറിഞ്ഞും വെള്ളത്തിലിട്ടും കുറേ ക്ലിക്കുകള്‍ ട്രൈ ചെയ്തിട്ടുണ്ട്. ഓരോന്നു കാണുമ്പോള്‍ കൂടെയുള്ളവര്‍ പറയും നിനക്ക് പ്രാന്താണെന്ന്, നിങ്ങള്‍ക്ക് വേണേല്‍ നിങ്ങളും എടുത്തോ എന്ന് പറഞ്ഞ് പ്രാന്തന്‍ വിളികളെ മൈന്‍ഡ് ആക്കാറില്ല ഞാന്‍. എല്ലാം ഒരു രസം..

vishnu clicks

വിഷ്ണു അല്ല വിഷ്ണു വൈറ്റ്‌റാമ്പ്

തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് ഞാന്‍. ഫ്രീലാന്‍സ് ആയാണ് ഫോട്ടോഗ്രാഫര്‍ പണിക്കിറങ്ങിയതെങ്കിലും ഇപ്പോള്‍ വൈറ്റ്റാമ്പ് സ്റ്റുഡിയോയ്ക്ക് വേണ്ടിയാണ് ഇത്തരം 'വെറൈറ്റി' ക്ലിക്കുകള്‍ തേടിയിറങ്ങുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫിയും വെഡ്ഡിങ് ഫോട്ടോഗ്രഫിയുമാണ് ഏറെ 'പരീക്ഷണങ്ങള്‍' നടത്തിയ മേഖല. വിഷ്ണൂന്നല്ല വിഷ്ണു വൈറ്റ്‌റാമ്പ് എന്നാണ് സോഷ്യല്‍ നെയിം. ആ പേരില്‍ തന്നെ അറിയാനാണ് ഇഷ്ടം. ഞാന്‍ ഈ ഫീല്‍ഡില്‍ എത്തീട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. വെറ്റ്‌റാമ്പ് സ്റ്റുഡിയോയുടെ ബിജു വൈറ്റ്‌റാമ്പ് ആണ് ഈ ഫീല്‍ഡില്‍ എന്റെ ഗുരു.

ട്രോളൊക്കെ കാണാറുണ്ട്.. ഇതൊക്കെയല്ലേ എന്റേയും പ്രോത്സാഹനം

ഫോട്ടോ വൈറലായതോടെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കിട്ടുന്നത്. സപ്പോര്‍ട്ട് ചെയ്തും അഭിനന്ദിച്ചും കുറേപേര്‍. വിമര്‍ശിച്ചും കളിയാക്കിയും വേറെ ചിലർ.. പ്രാന്താണെന്ന് മറ്റു ചിലര്‍. അങ്ങനെ എടുക്കാന്‍ പറ്റാത്തവരാണ് വിമര്‍ശിക്കുന്നത് എന്നായിരുന്നു കൂടെ നില്‍ക്കുന്നവര്‍ പറഞ്ഞത്. എന്തായാലും എല്ലാ അഭിപ്രായങ്ങളോടും ഇഷ്ടംമാത്രം.

Content Highlights: Vaval Click Viral Video Batman photographer