യു.എന്‍ സഭയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ച വ്യക്തിയാര്, യു.എന്‍ സഭയില്‍ നിര്‍ത്താതെ മണിക്കൂറുകളോളം പ്രസംഗിച്ച മലയാളിയാര്? പല മത്സര പരീക്ഷകളിലും ആവര്‍ത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളില്‍ ചിലത് മാത്രമാണിത്. യു.എന്‍ സഭാ വേദിയില്‍ മുണ്ടുടുത്ത് അവാര്‍ഡ് വാങ്ങാനെത്തിയ ചെറുപ്പക്കാരന്‍ ആരെന്ന് ചോദിച്ചാല്‍  ഇനി ശങ്കിക്കാതെ ഉത്തരം പറയാം അത് ആദര്‍ശ് പ്രതാപ് എന്ന നെടുമങ്ങാടുകാരനാണ് എന്ന്.

കഴിഞ്ഞയാഴ്ചയായിരുന്നു കണ്ടല്‍ക്കാടിന്റെ കഥ പറഞ്ഞുകൊണ്ടുള്ള 'ലെറ്റ് മാന്‍ഗ്രൂവ്‌സ് റിക്കവര്‍' എന്ന ഒരു ഡോക്യുമെന്ററിയുമായി ആദര്‍ശ് ഐക്യരാഷ്ട്ര സഭാ വേദിയിലെത്തിയത്. ഐക്യരാഷ്ട്ര സഭ നടത്തിയ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിന്റെ മികച്ച ഷോര്‍ട് ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് വാങ്ങിക്കാനായിരുന്നു ആദര്‍ശ് വേദിയിലെത്തിയത്.

UN
ആദര്‍ശ് അച്ഛനും,സഹോദരനും,അമ്മയ്ക്കുമൊപ്പം

ഇന്ത്യയില്‍ നിന്ന് ഇങ്ങനെയൊരു അവാര്‍ഡ് ലഭിക്കുന്ന ഏക വ്യക്തികൂടിയാണ് വെള്ളായണി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അവസാന വര്‍ഷ ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാര്‍ഥി കൂടിയായ ആദര്‍ശ്. അവാര്‍ഡ് നേടിയ ശേഷം മാതൃഭൂമി ഡോട്‌ കോമുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

  • അവാര്‍ഡിനെ കുറിച്ച്

കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സിന്റെ ഭാഗമായി എല്ലാവര്‍ഷവും യു.എന്‍ ഇങ്ങനെയൊരു അവാര്‍ഡിന് അപേക്ഷ ക്ഷണിക്കാറുണ്ട്. അത് കണ്ടാണ് അവാര്‍ഡിന് അയച്ചത്. ഒടുവില്‍ ഞാന്‍ ചെയ്ത ലെറ്റ് മാന്‍ഗ്രൂവ്‌സ് റീക്കവര്‍ എന്ന ഷോര്‍ട് ഡോക്യുമെന്ററിക്ക് അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

96 രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 200-ന് മുകളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തില്‍ നിന്നാണ് ലെറ്റ് മാന്‍ഗ്രൂവ്‌സ് റിക്കവര്‍ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് ഈയൊരു വിഭാഗത്തില്‍ ആദ്യമായി അവാര്‍ഡ് ലഭിക്കുന്ന വ്യക്തി താന്‍ ആണ് എന്നത് ഏറെ സന്തോഷകരമാണെന്ന് ആദര്‍ശ് പറയുന്നു. തന്റെ ഡോക്യുമെന്ററിയേക്കാള്‍ മുണ്ടുടുത്ത് വേദിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതാണ് സമൂഹമാധ്യങ്ങളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ആ ഡോക്യുമെന്ററി ഒരുപാട് കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

Let

 

 എന്താണ്‌ ലെറ്റ് മാന്‍ഗ്രൂവ്‌സ്  റിക്കവര്‍

കണ്ടല്‍ കാടുകള്‍ നമ്മുടെ പരിസ്ഥിതിക്ക് എത്രത്തോളം സുരക്ഷിതത്വം നല്‍കുന്നുവെന്നതിന്റെ യഥാര്‍ഥ തെളിവാണ് ഡോക്യുമെന്ററി. പരിസ്ഥിതി പലപ്പോഴും വലിയ തിരിച്ചടി നല്‍കുന്ന ഒരു സംസ്ഥാനമായി നമ്മുടെ കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ കണ്ടല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകഥയെ ഓര്‍മിപ്പിക്കുകയാണ് ഡോക്യുമെന്ററി. അത്  തമിഴ്‌നാട്ടിലെ പിച്ചാവരം എന്ന സ്ഥലത്തെ ഒരു മത്സ്യത്തൊഴിലാളിയുടെ അനുഭവത്തിലൂടെയാണ് പറയാന്‍ ശ്രമിച്ചത്. സംഭവം നല്ല രീതിയില്‍ പ്രേക്ഷകരിലെത്തിക്കാനും കഴിഞ്ഞു. അതിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ അവാര്‍ഡ്.

 രാജ്യത്ത് സുനാമിയുണ്ടായപ്പോള്‍ തമിഴ്‌നാടിന്റെ മിക്ക ഭാഗങ്ങളിലും വലിയ ദുരന്തമാണ് വരുത്തി വെച്ചത്. അവസാനമായി ഓഖി ചുഴലിക്കാറ്റിലും. പക്ഷെ അന്ന് സുനാമിയുണ്ടായപ്പോള്‍ പിച്ചാവരത്ത് മാത്രം കാര്യമായി ഒന്നും സംഭവിച്ചില്ല. അതിന്റെ പ്രധാന കാരണം കണ്ടല്‍ കാടുകള്‍ തന്നെയായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ടല്‍ക്കാടുകള്‍ പല തരത്തില്‍ നശിപ്പിക്കപ്പെടുകയും അതിന്റെ പ്രാധാന്യത്തെ അറിയാതെ പോവുകയും ചെയ്യുന്നു. ദുരന്തങ്ങള്‍ക്കെതിരെ വിവിധ നടപടികളുമായി സര്‍ക്കാരും അധികൃതരും മുന്നോട്ട് പോവുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം കണ്ടല്‍ക്കാടുകളെ കൂടുതല്‍ സമ്പുഷ്ടമായി പരിപാലിക്കുകയാണ് വേണ്ടതെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നുണ്ട്.

UN

 

  • മുണ്ടുടുത്തുള്ള അവാര്‍ഡ് വാങ്ങലിനെ കുറിച്ച്‌

ഐക്യരാഷ്ട്ര സഭയുടെ വേദിയിലേക്ക് മുണ്ടുടുത്ത് കയറുന്ന വിജയുടെ ഒരു സീന്‍ മെര്‍സല്‍ സിനിമയിലുണ്ട്. അത് കോപ്പിയടിച്ചാണോ അങ്ങനെയൊരു ഉദ്യമത്തിന് താല്‍പര്യം മുതിര്‍ന്നതെന്നായിരുന്നു പലരും  കുറിച്ച് എന്നോട് ചോദിച്ചത്. എന്നാല്‍ ഒരു മലയാളി എന്ന നിലയില്‍ ലോകത്തിന്റെ നെറുകയിലും അത് പ്രകടിപ്പിക്കുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യം.

മാത്രമല്ല ഏതൊരു നല്ല കാര്യത്തിനും ഒരു മലയാളി ആദ്യം തെരഞ്ഞെടുക്കുക മുണ്ടിനെ തന്നെയായിരുന്നു. അത് ഞാനും ആവര്‍ത്തിച്ചുവെന്ന് മാത്രം. പക്ഷെ അന്ന് വേദിയില്‍ എല്ലാവര്‍ക്കും അതൊരു അത്ഭുതമായി മാറി. മുണ്ടുടുത്ത് അവാര്‍ഡ് വാങ്ങിയപ്പോള്‍ വലിയ കൈയടിയായിരുന്നു വേദിയില്‍. മാത്രമല്ല അവര്‍ക്ക് മുണ്ടിനെ പരിചയപ്പെടുത്താനും തനിക്ക് കഴിഞ്ഞു.

  • യാത്രയുടെ പരിണിത ഫലം

എല്ലാവരെയും പോലെ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് തമിഴ്‌നാട്ടിലെ പിച്ചാവരത്തെ പരിചയപ്പെട്ടത്. പല യാത്രകളും തനിച്ചാണ് നടത്താറ്. പിച്ചാവരത്തേക്കും അങ്ങനെ തന്നെയായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഏറെയുണ്ടായിട്ടും തഴച്ച് വളരുന്ന കണ്ടല്‍കാടുകളെ കണ്ടപ്പോഴാണ് ഏന്ത് കൊണ്ട് ഇതൊരു ഡോക്യുമെന്ററി ആയിക്കൂട എന്ന് തോന്നിയത്. അങ്ങനെ ചെയ്തതാണ്. കഴിഞ്ഞ വര്‍ഷം ലോക തണ്ണീര്‍ തട ദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് താന്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ്. ബ്രസീലില്‍ വെച്ചായിരുന്നു അവാര്‍ഡ് സ്വീകരണം.  

UN
ആദര്‍ശിന്റെ അവാര്‍ഡിനര്‍ഹമായ ചിത്രം

 

  • കുടുംബം

തിരുവനന്തപുരം നെടുമങ്ങാട് പാലോടാണ് സ്വദേശം. അധ്യാപകനായ അച്ഛന്‍  ഡോ.എസ് പ്രതാപനും, അമ്മ ലാലിയും, സഹോദരന്‍ അഭിജിത്ത് പ്രതാപും ആദര്‍ശിന്റെ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി ഉണ്ട്. ഏവിടെയെത്തിയാലും ഏത് നിലയിലെത്തിയാലും മലയാളിക്ക് മലയാളിയുടേതായ സ്വത്തമുണ്ടെന്നും അതില്‍ ഏറെ അഭിമാനിക്കുന്നവനാണ് താനെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടുന്നു.