ടിക്ക് ടോക്കിലെ മിടിക്കുന്ന ഹൃദയങ്ങള്‍ക്കൊരു രാജകുമാരനുണ്ട്. തന്റേതായ ശൈലികൊണ്ട് ടിക്ക് ടോക്ക് ഹൃദയങ്ങളുടെ രാജകുമാരനായ ഫുക്രു. ഇരുപതു ലക്ഷം ഹൃദയങ്ങളാണ് ഇപ്പോള്‍ ടിക്ക് ടോക്കില്‍ ഫുക്രുവിനായി തുടിച്ചുകൊണ്ടിരിക്കുന്നത്.
ക്രൂ..ക്രൂ...ഫുക്രു....
കൃഷ്ണജീവിന് ഫുക്രുവെന്ന വിളിപ്പേര് ലഭിച്ചത് ബൈക്ക് സ്റ്റണ്ടിങിലൂടെയാണ്. ബെക്കിന്റെ നമ്പര്‍ പ്ലേറ്റിലെ കെ.ആര്‍.യു. പിന്നീട് ക്രുവും ശേഷം ഫുക്രുവുമായി.
ടിക് ടോക്കില്‍ വീഡിയോ ചെയ്യുമ്പോള്‍ ഗ്ലാമറൊന്നും നോക്കാന്‍ പാടില്ല
ഒരു പാട്ടിനൊപ്പം തോൾ ചലപ്പിച്ചുള്ള വീഡിയോയിരുന്നു ടിക് ടോക്കിൽ ഫുക്രുവിനെ പ്രശസ്തനാക്കിയത്. സാധാരണ ടിക് ടോക്ക് വീഡിയോകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഫുക്രുവിന്റെ ഓരോ വീഡിയോയും. വാതോരാതെ സംസാരിക്കുന്ന രീതിയാണ് ഫുക്രുവിന്. അതിന്റെ അവസാനം ഒരു നല്ല ചിരിയുമങ്ങ് പാസാക്കും. നിഷ്‌കളങ്കമായ സംസാരം തന്നെയാണ് ഫുക്രുവിന് ഇത്രയും ആരാധകരെ സമ്മാനിച്ചതും. ടിക് ടോക്കില്‍ വീഡിയോ ചെയ്യുമ്പോള്‍ ഗ്ലാമറൊന്നും നോക്കാന്‍ പാടില്ല. അങ്ങനെ നോക്കിയാല്‍ വീഡിയോ നന്നാകില്ല. വീഡിയോ കാണുന്നവര്‍ ചിരിച്ചോട്ടെ. അതല്ലേ എല്ലാര്‍ക്കും സന്തോഷം
ട്രോളന്മാരോട് മിണ്ടൂല....
ട്രോളുകള്‍ നല്ലത് തന്നെ, പക്ഷേ ഒരാളെ നെഗറ്റീവായി കമന്റ് ചെയ്ത് മാനസികമായി തളര്‍ത്തരുതെന്നാണ് ഫുക്രുവിന് പറയാനുള്ളത്. അതോടൊപ്പം ഇതേ കാര്യം തന്നെയാണ് ട്രോളന്മാരോടും പറയാനുള്ളത്. പോസിറ്റീവായി ട്രോള്‍ ചെയ്യ്താല്‍ എല്ലാരും ഹാപ്പിയാകും. പിന്നെ എന്തിനാണ് നെഗറ്റീവായി ഒരാളെ വേദനിപ്പിക്കുന്ന തരത്തില്‍ ട്രോള്‍ ചെയ്ത് വിഷമിപ്പിക്കുന്നത്.- ഫുക്രു പറയുന്നു.
ഇനി സിനിമയിലേക്ക്
ടിക്ക് ടോക്കില്‍ തന്റേതായ ശൈലികൊണ്ട് വ്യത്യസ്തനാണ് ഫുക്രു. അതുകൊണ്ട് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ വളരെവലിയൊരു ഫാന്‍സും ഫുക്രുവിനുള്ളത്. ഇപ്പോള്‍ ടിക്ക് ടോക്കില്‍ നിന്നും സിനിമയിലേക്ക് ചുവടുമാറ്റം നടത്തുകയാണ്. ഒമര്‍ലുലുവിന്റെ പുതിയ ചിത്രത്തില്‍ ഫുക്രു എന്ന പേരില്‍ തന്നെ ഒരു വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഫുക്രു. കൂടാതെ വേറെയും അവസരങ്ങള്‍ ഫുക്രുവിന് ലഭിച്ചിട്ടുണ്ട്. എല്ലാ വീഡിയോകളിലും കട്ടസപ്പോര്‍ട്ടുമായുള്ള ചങ്ക് കൂട്ടുകാരും ചില സിനിമകളില്‍ മുഖം കാണിക്കാന്‍ തയാറാവുകയാണ്.
കട്ട സപ്പോര്‍ട്ടും സ്‌നേഹവും മാത്രം മതി
ഡി ജെ ആകണമെന്നാണ് ഫുക്രുവിന്റെ ആഗ്രഹം. സിനിമാഷൂട്ട് കഴിഞ്ഞെത്തിയാല്‍ പ്രാക്ടീസിന് പോകണമെന്നാണ് ഫുക്രുവിന്റെ പ്ലാന്‍. തേനുണ്ട എന്ന വെബ്‌സീരിസ് വളരെ ആക്ടീവായി പോകുന്നുണ്ട്. ഇപ്പോള്‍ സംവിധാനത്തിലും അല്പം കമ്പം വന്നിട്ടുണ്ട്. ഇനി സംവിധാനംകൂടി പഠിക്കണമെന്നാണ് ഫുക്രുവിന്റെ ആഗ്രഹം.
Content Highlights: TikTok star Fukru, Fukru Motopsycho