തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടുന്ന യാത്രകളുടെ സമയമാണിത്. പക്ഷേ, ഈ യാത്രയ്ക്ക് പേരില്ല. പിന്നാലെ ലക്ഷം ലക്ഷം അണികളില്ല. ലക്ഷ്യമുണ്ട് താനും. ആറാഴ്ച കൊണ്ട് അഞ്ഞൂറു കിലോമീറ്ററിലേറെ നടന്നാണ് കാര്‍ത്തികേയ ലാധ എന്ന ഇരുപത്തഞ്ചുകാരന്‍ ബുധനാഴ്ച കോഴിക്കോട്ടെത്തിയത്.

പേരില്ലാത്ത യാത്ര എന്നാണ് തന്റെ യാത്രയ്ക്ക് ലാധ പേരിട്ടിട്ടുള്ളത്. മൂന്നു ലക്ഷ്യങ്ങളാണ് യാത്രയ്ക്ക് - പാഠപുസ്തകങ്ങളിലോ സര്‍വകലാശാലകളിലോ നിന്നു കിട്ടാത്ത അറിവുകള്‍ നേടുക. കന്യാകുമാരി മുതല്‍ ഗോവ വരെയുള്ള യാത്രയെക്കുറിച്ച് ഒരു പുസ്തകമെഴുതുക. ജീവിതയാത്രയില്‍ ലക്ഷ്യം കാണാതെയും അപ്രതീക്ഷിത അനുഭവങ്ങളില്‍ ആകെത്തളര്‍ന്നും നീങ്ങുന്ന യുവജനങ്ങള്‍ക്ക് തന്റേതായ രീതിയില്‍ പ്രചോദനം നല്‍കുക. പ്രതിദിനം 35-50 പേര്‍ക്ക് നേരിട്ടും അതിന്റെ പത്തിരട്ടിയോളം പേര്‍ക്ക് നവമാധ്യമങ്ങളിലൂടെയും പോസിറ്റീവ് ഊര്‍ജം പകര്‍ന്നാണ് കാല്‍നടയാത്ര.

പൊള്ളുന്ന ചൂടില്‍ ഓരോ ചുവടും പിന്നിടുമ്പോള്‍ ലാധ തളരുന്നില്ല. ചൊവ്വാഴ്ച പരപ്പനങ്ങാടിയില്‍ നിന്ന് ബേപ്പൂരിലേക്കുള്ള പകല്‍ നടത്തത്തില്‍ താന്‍ ചുട്ടുപൊള്ളുന്ന വെയിലേറ്റ് തളര്‍ന്ന് വീണേക്കാം എന്ന് ആശങ്കപ്പെട്ടു. എന്നിട്ടും യാത്ര മുടക്കിയില്ല. തന്റെ ഈ യാത്ര വഴിയറിയാത്ത ഒരുപാടുപേര്‍ക്ക് വഴികാട്ടുമെന്ന മനസ്സോടെ മുന്നോട്ടുനടന്നു.

യാത്രയെക്കുറിച്ച് ചിന്തിച്ചതെങ്ങനെ

എന്റെ ആദ്യ പുസ്തകം 'ഡ്രീം ബിയോണ്ട് ഷാഡോസ്' ടിബറ്റന്‍ ബുദ്ധിസ്റ്റ് സന്ന്യാസികളോടൊപ്പമുള്ള അന്ധകാരത്തിലും ഏകാന്തതയിലുമുള്ള ധ്യാനത്തിന്റെ അനുഭവങ്ങളില്‍നിന്നാണ് ഊര്‍ജമുള്‍ക്കൊണ്ട് എഴുതിയത്. അത് നന്നായി സ്വീകരിക്കപ്പെട്ടു-പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍. വ്യത്യസ്ത അനുഭവങ്ങളുണ്ടെങ്കിലേ തുടര്‍ന്നെഴുതാനാവൂ എന്ന സ്ഥിതിവന്നു. അങ്ങനെയാണ് ഈ യാത്രയെക്കുറിച്ച് ചിന്തിച്ചത്. യുവാക്കള്‍ക്ക് വളരെ പ്രാപ്തിയും മികവുമുണ്ട്. അത് വേണ്ടത്ര ഉപയോഗിക്കുന്നവര്‍ കുറവ്.

അപ്രതീക്ഷിത അനുഭവങ്ങളിലും സംഭവങ്ങളിലും പെടുന്നവര്‍ എങ്ങനെ അതിനെ തരണം ചെയ്യണം?

ചോദ്യം ലളിതമാണ്. ഉത്തരം നല്‍കുക പ്രയാസം. തന്റെ പ്രശ്‌നമോ, താന്‍ ഉള്‍പ്പെട്ട അനുഭവമോ തിരിച്ചറിയുകയാണ് ഒന്നാമത്തെ കാര്യം. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുക. അതിനൊത്ത് നീങ്ങുക. ഒപ്പം നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന എന്തെങ്കിലുമൊന്ന് കണ്ടെത്തുക. അത് പ്രാര്‍ഥനയോ ധ്യാനമോ കലയോ സ്‌പോര്‍ട്സോ ആവാം. ചിലര്‍ ഉപാസനയും വ്രതവുമൊക്കെ സ്വീകരിക്കുന്നു. അതോടൊപ്പം കര്‍മധൈര്യം കൈവിടാതെ മുന്നോട്ടുപോകുക. പോസിറ്റീവ് ഊര്‍ജം നിങ്ങളില്‍ നിറയുന്നതു കാണാം. ഓരോരുത്തരിലും കായികവും വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ വ്യത്യസ്തമായതിനാല്‍ എല്ലാവര്‍ക്കും പറ്റിയ ഒരു പൊതു ഉത്തരമില്ല. സാഹസികപാതയിലും വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് നിര്‍ഭയം മുന്നേറുക.

യുവജനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം?

അടുത്ത 10 വര്‍ഷത്തിനകം രാജ്യം യുവജനങ്ങളുടേതാകും. നിര്‍ണായക സ്ഥാനങ്ങളിലെല്ലാം 25-നും 40-നും മധ്യേ പ്രായമുള്ളവരായിരിക്കും. ഈ യുവശക്തിയെ ആര്‍ക്കും അവഗണിക്കാനാവില്ല. അവര്‍ ഈ രാജ്യത്ത് വലിയ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇപ്പോള്‍ത്തന്നെ ഡിജിറ്റല്‍ ലോകത്ത്് എന്തെന്തു മാറ്റങ്ങളാണ് യുവാക്കള്‍ കൊണ്ടുവരുന്നത് ?

പുതിയ പുസ്തകം എന്ന് പുറത്തു വരും?

(ധൈര്യവാനായ യുവാവിന് പ്രതീകാത്മകമായി ആമസോണിലെ ഗോത്രവാസി സമ്മാനിച്ച പുലിനഖമാലയിലും ടിബറ്റന്‍ ആശ്രമത്തില്‍ നിന്നു കിട്ടിയ ലോഹ ലോക്കറ്റിലും മുറുകെപ്പിടിച്ചു കൊണ്ട്) മൂന്നു നാലു മാസത്തിനകം. കാല്‍ മുട്ടും പാദവും പൊള്ളുന്ന പോലെ വേദനിക്കുകയാണ്. എന്നാലും ഞാനെന്റെ ആത്മവിശ്വാസം കൈവിടില്ല.

യാത്രയിലെ അനുഭവങ്ങള്‍ ?

സ്വാഭാവികമായും നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ട്. നല്ല അനുഭവങ്ങള്‍ക്കാണ് മുന്‍തൂക്കം. വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ചെറു യോഗങ്ങളില്‍ സംസാരിച്ചാണ് യാത്ര. എന്ത് അനുഭവത്തെയും നാം എങ്ങനെ സ്വീകരിക്കുന്നുവെന്നതാണ് പ്രധാനം. ഞാന്‍ ലഹോറില്‍ ഭിക്ഷയെടുത്ത് ജീവിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പലയിടത്തും ആശ്രമങ്ങളില്‍ ശൗചാലയം വൃത്തിയാക്കുന്ന സന്നദ്ധസേവകനായിരുന്നിട്ടുണ്ട്. അതിനാല്‍ ഈ യാത്രയിലെ അനുഭവങ്ങള്‍ എന്നെ രസിപ്പിക്കുന്നു. കേരളീയരുടെ ആതിഥ്യമര്യാദ ആസ്വദിക്കുന്നു. ചിലര്‍ എനിക്ക് ഭക്ഷണം നല്‍കി, വെള്ളം നല്‍കി. അജ്ഞാതന് പണം നല്‍കി സഹായിച്ചവരുമുണ്ട്.

ജീവിതാനുഭവങ്ങള്‍ ?

(ടാറ്റൂ കുത്തിയ ഇരു കൈകളും ചേര്‍ത്തുപിടിച്ച് , ചിരിച്ചു കൊണ്ട്. ) ഗ്വാളിയോറില്‍ ജനിച്ചു. നോയിഡയിലെ പബ്ലിക് സ്‌കൂളില്‍ പഠിച്ചു. പിന്നെ ന്യൂയോര്‍ക്കിലേക്ക്. അവിടെ നിന്ന് ബി.ബി.എ.യും എം.ബി.എ.യും കഴിഞ്ഞു; ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന്. ജീവിതത്തില്‍ പക്ഷേ, അന്നു പഠിച്ച ബിസിനസ് മാനേജ്മെന്റും പേഴ്സണല്‍ മാനേജ്മെന്റുമൊന്നും പ്രയോജനപ്പെട്ടില്ല.

2016 വരെ ന്യൂയോര്‍ക്കിലെ സോളാര്‍ എനര്‍ജി കമ്പനിയില്‍ ജോലി ചെയ്തു. പിന്നെ ജീവിതം ഇത്തരം അവിചാരിത മാര്‍ഗങ്ങളിലേക്ക്. തന്നെപ്പോലെ ചിന്തിക്കുന്ന അനേകം യുവാക്കളുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഈ വഴിയിലെത്തിയത്. പ്രവചിക്കാനാവാത്ത പ്രയാസങ്ങളില്‍പ്പെട്ട് വിഷമിക്കുന്നവര്‍ക്കുവേണ്ടി ഇനി ഈ ജീവിതം.

ജീവിതത്തോടുള്ള പൊതു സമീപനം?

ജനനം, ജീവിതം, പ്രത്യുത്പാദനം, മരണം എന്നിവ സാധാരണക്കാര്‍ക്ക്. അവര്‍ക്ക് കാര്‍, വീട്, ഭാര്യ, കുട്ടികള്‍ എന്നിവ മാത്രമാണ് ലോകം. എന്നാല്‍, അതിനപ്പുറം സൗന്ദര്യാത്മകത, ധൈര്യം, ശക്തി എന്നിവ നിറഞ്ഞ ഒരു ജീവിതമുണ്ട്. മുഖ്യധാരാ ജീവിതം നയിക്കുന്നവര്‍ക്കും വ്യത്യസ്തഅളവില്‍ ഇത് സ്വീകരിക്കാം. ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ആഫ്രിക്കന്‍ സംസ്‌കാരങ്ങള്‍ ഇതിനുള്ള അനേകം കര്‍മ മാര്‍ഗങ്ങള്‍ കാണിച്ചു തരുന്നുണ്ട്. ഇത് പ്രകൃതിയെ സംരക്ഷിച്ചും ഭൗതിക താത്പര്യങ്ങള്‍ കുറച്ചും നല്ലതിനെക്കാള്‍ കുറേക്കൂടി നല്ലത് സ്വപ്നം കണ്ടുമായിരിക്കണം.

കുടുംബം?

അച്ഛന്‍ അതുല്‍ ബിസിനസുകാരനാണ്. അമ്മ സുനിത ഡിസൈനര്‍. ഏകസഹോദരി ശിവാംഗി ആര്‍ട്ടിസ്റ്റാണ്. 

Content Highlights: The Man Who Walking From Kanyakumari To Goa