വിദ്യാഭ്യാസപരമായി ഏറെ മുന്നിട്ട് നില്‍ക്കുമ്പോഴും അര്‍ഹമായ തൊഴിലും അതിനുസരിച്ചുള്ള വരുമാനവും ലഭിക്കാത്തിലുള്ള നിരാശയിലും സങ്കടത്തിലുമാണ് ഇന്ന് രാജ്യത്തെ യുവജനങ്ങള്‍. പുതിയതിന് വേണ്ടി ശ്രമിക്കാതെ വിധിയെ പഴിച്ച് എല്ലാത്തില്‍ നിന്നും മാറി നില്‍ക്കും. ഇവിടെയാണ് റിതേഷ് അഗര്‍വാള്‍ എന്ന ഒറീസക്കാരനായ  24 കാരന്റെ ത്രസിപ്പിക്കുന്ന ജീവിത കഥയറിയേണ്ടത്.

സ്റ്റാര്‍ട്ട് അപ്പ് സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായി വേണ്ടി സിംകാര്‍ഡ് വരെ വിറ്റ് നടന്നിരുന്ന റിതേഷ് ഇന്ന് 2500 കോടി ആസ്ഥിയുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ്. പേര് ഓയോ റൂംസ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ആരും ഓയോ റൂംസിനെ മറക്കില്ലെങ്കിലും ഇതിന്  പിന്നില്‍ റിതേഷിന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥയുണ്ട് പറയാന്‍.

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ കോഡിങ്ങില്‍ വൈദഗ്ധ്യം നേടിയത് മുതല്‍ ആരംഭിച്ചതാണ് പുതിയത് തേടിയുള്ള റിതേഷ് അഗര്‍വാളിന്റെ യാത്ര. പന്ത്രണ്ടാം ക്ലാസിന് ശേഷം രാജസ്ഥാനിലെ കോട്ടയിലേക്ക് പുതിയ ഭാവി സ്വപ്നം കണ്ട് നാടുവിട്ടു. അവിടെ നിന്നും ഡല്‍ഹിയിലെത്തി യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്റെ ഇന്ത്യന്‍ ക്യാമ്പസില്‍ പ്രവേശനം നേടി. പക്ഷെ റിതേഷിന്റെ നെഞ്ചില്‍ അണയാതെ നിന്നിരുന്ന സംരഭകനെന്ന സ്വപ്നം മൂന്ന് ദിവസത്തെ ആയുസ്സ് മാത്രമേ ആ കോളേജ് പഠനത്തിന് നല്‍കിയുള്ളൂ.

സ്റ്റാര്‍ട്ട് അപ്പ് സ്വപ്നം

സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിനായി നാടും വീടും വിട്ട് രാജ്യത്തിലുടനീളം യാത്ര ചെയ്തു ഈ ചെറുപ്പക്കാരന്‍. ബൈക്കിലും കാറിലും ചെത്തി നടന്ന് യാത്ര നടത്താതെ കയ്യിലെ തുച്ഛ വരുമാനം കൊണ്ട് വില കുറഞ്ഞ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡ് ചെയ്യാത്ത ഹോട്ടലുകളുടെ ദയനീയാവസ്ഥ നേരിട്ട് മനസ്സിലാക്കി. മുഷിഞ്ഞ് ചുരുണ്ട ബെഡ്ഷീറ്റ്, വെള്ളം ലീക്ക് ചെയ്യുന്ന പൈപ്പുകള്‍, വൃത്തിഹീനമായ അകത്തളം, പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത റിസപ്ഷനിസ്റ്റുകള്‍. ഇത് വലിയൊരു പാഠം റിതേഷിനെ പഠിപ്പിച്ചു.

യാത്രകള്‍ ഇഷ്ടപ്പെടുന്ന മധ്യവര്‍ഗക്കാര്‍ക്ക് മിനിമം ബഡ്ജറ്റില്‍ ഹോട്ടലുകള്‍ കണ്ടെത്തുക പ്രയാസമാണെന്ന തിരിച്ചറിവും തന്റെ സംരഭക സ്വപ്നവും അങ്ങനെ ഓയോ റൂംസിന്റെ പിറവിയിലേക്കുള്ള ആദ്യ തറക്കല്ലായി മാറി. 

ഒറാവലില്‍ നിന്ന് ഓയോയിലേക്ക്

പതിനേഴാം വയസ്സിലാണ് ഒറാവല്‍ സ്റ്റേയ്‌സ് എന്ന പേരില്‍ റിതേഷ് തന്റെ റൂംഷെയറിങ് പോര്‍ട്ടലിന് തുടക്കമിടുന്നത്. അത് പിന്നീട് ഓയോ റൂംസ് എന്ന പേരിലേക്ക് മാറ്റി. ഹോട്ടല്‍ മുറികള്‍ വാടകയ്ക്ക് നല്‍കാനുള്ളവര്‍ക്ക് അത് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് ഓയോ അങ്ങനെ രൂപാന്തരം പ്രാപിച്ചു. മാത്രമല്ല  പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യുന്ന ഹോട്ടലുകളില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്ന സേവനങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും ഓയോയുടെ കടമയാണ്.
 
ഇന്ന് ഓയോവിലൂടെ, സ്വന്തമായൊരു വെബ്‌സൈറ്റോ സുസജ്ജമായ മാര്‍ക്കറ്റിംഗ് ടീമോ പോലുമില്ലാത്ത രാജ്യത്തിന്റെ ഏത് ദിക്കിലുമുള്ള ഒരു ഹോട്ടല്‍ ഉടമയ്ക്ക് ലോകമെങ്ങും തന്റെ റൂമുകള്‍ വില്‍ക്കാന്‍ സാധിക്കുന്നു. ഒരു രാത്രി വീടിന് പുറത്ത്, ചെലവു കുറഞ്ഞ ഹോട്ടല്‍ മുറിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഒരു യാത്രികന് അങ്ങേയറ്റം പ്രവചന സ്വഭാവമുള്ള സൗകര്യങ്ങള്‍ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കി ഓയോ ലഭ്യമാക്കുകയും ചെയ്യുന്നു. അവിടെയാണ് റിതേഷിന്റെ വിജയവും.

ഓയോ എന്ത് ചെയ്യുന്നു

ഒരു ഹോട്ടല്‍ മുറിയില്‍ എന്തെല്ലാം കാര്യങ്ങളില്‍ ഏകീകരണം കൊണ്ടുവരാന്‍ സാധിക്കുമോ അതെല്ലാമാണ് ഓയോ ചെയ്തത്. സൗജന്യ വൈ ഫൈ സേവനം, ഡിടിഎച്ച് കണക്ഷനുള്ള 32 ഇഞ്ച് എല്‍സിഡി ടെലിവിഷന്‍ തുടങ്ങി അലക്കി വൃത്തിയാക്കി ചുളുവുകളില്ലാതെ വിരിച്ച ബെഡ് ഷീറ്റ്, ടോയ്‌ലറ്ററീസ്, കുടിവെള്ള ട്രേ അങ്ങനെ 30ഓളം കാര്യങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ വെച്ച് ഓയോ ഉറപ്പാക്കുന്നു. ഇന്ത്യയിലെ ഏത് ഓയോ റൂമിലും ഒരേ അനുഭവം അതായിരുന്നു റിതേഷിന്റെ സ്വപ്നം. അക്കാര്യം ഉറപ്പാക്കിയതോടെ ഓയോ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങി.

ഇന്ത്യയിലെ നൂറിലേറെ നഗരങ്ങളിലായി 2000 ത്തിലേറെ ഹോട്ടലുകള്‍ ഓയോ ശൃംഖലയിലുണ്ട്. ഇതിലെല്ലാമായി 20,000ത്തിലേറെ മുറികളാണ് ഓയോ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോനഗരങ്ങളിലും ഋഷികേഷ്, മധുര, തിരുപ്പതി, ലഡാക് എന്നിവടങ്ങളിലേക്കെല്ലാം  ഓയോ എത്തിക്കഴിഞ്ഞു. കേരളത്തില്‍ കോവളം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ഗുരുവായൂര്‍, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെല്ലാം ഓയോ റൂംസുണ്ട്.