'ഞാനെന്ന ഭ്രൂണം ജനിക്കും മുന്‍പേ, ജീവന്റെ തുടിപ്പ് കേള്‍ക്കും മുന്‍പേ എനിക്കായി കരുതി വച്ച സ്നേഹത്തിന്, കരുതലിന്, വാത്സല്യത്തിന് നന്ദി...' ഫോട്ടോഗ്രാഫര്‍ ശ്യാം സത്യന്റെ 'അച്ഛന്‍' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോസ്റ്റോറി തുടങ്ങുന്നത് ഇങ്ങനെയാണ്. അമ്മയെ ആണ് പലപ്പോഴും നമ്മള്‍ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപമായി കാണുന്നത്. എന്നാല്‍ അമ്മയെ പോലെ തന്നെ കരുതലും സ്നേഹവും ചിലപ്പോള്‍ അമ്മയേക്കാള്‍ കൂടുതല്‍ ഉള്ളവരായിരിക്കും അച്ഛന്മാര്‍. ശ്യാമിന്റെ ഫോട്ടോസ്റ്റോറി അതിന് ഒരു ഉദാഹരണമാണ്. ഇവിടെ അമ്മയില്ലാത്ത ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തുന്ന അച്ഛനാണ് കഥ നയിക്കുന്നത്. സ്വന്തമായി കരുത്താര്‍ജിക്കാന്‍ ഒരച്ഛന്‍ മകളെ പ്രാപ്തയാക്കുന്നതാണ് ആശയം. ഇത് അവസാനിക്കുന്നത്, 'ഇനിയൊരുത്തനും നിന്നെ കാമവെറിയോടെ സ്പര്‍ശിക്കില്ല. എന്റെ മകള്‍ക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു' എന്ന് പറഞ്ഞുകൊണ്ടാണ്. ഇത് ഏതൊരച്ഛനും മകളോട് പറയാന്‍ ആഗ്രഹിക്കുന്നതും പറയേണ്ടതുമാണെന്ന് ശ്യാം പറയുന്നു. 'അച്ഛന്‍' എന്ന ഫോട്ടോസ്റ്റോറിയെ കുറിച്ചും അതിന്റെ പിന്നണി പ്രവര്‍ത്തനത്താക്കുറിച്ചും ശ്യാം സത്യന്റെ വാക്കുകളിലൂടെ...

അച്ഛന്‍ എന്ന ആശയം

ഇത് പെട്ടെന്നുണ്ടായ ഒരു ആശയം അല്ല. കുഞ്ഞുങ്ങളോട് ചെയ്യുന്ന അക്രമങ്ങള്‍, കുറെ കാലങ്ങളായി നടക്കുന്ന ആനുകാലിക സംഭവങ്ങളെ ഒക്കെ വെച്ച് പ്ലാന്‍ ചെയ്താണ് ഇങ്ങനെ ഒരു ഫോട്ടോ സ്റ്റോറി ചെയ്യുന്നതിലേക്ക് എത്തിയത്. എന്നാല്‍ ശരിക്കുള്ള ആശയം ഇതല്ല, ആളുകളിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച കാര്യം വേറെന്നാണ്. ഒരു പെണ്‍കുഞ്ഞിനെ അച്ഛന്‍ വളര്‍ത്തുമ്പോള്‍, അവളില്‍ ഉണ്ടാക്കിയെടുക്കേണ്ട ചില കാര്യങ്ങളുണ്ട്, ഈ സമൂഹത്തിനെ പ്രതിരോധിക്കാനും ആവശ്യമെങ്കില്‍ പ്രതികരിക്കാനുമുള്ള ശേഷി വളര്‍ത്തിയെടുക്കുക.

Achan

അങ്ങനെ അമ്മയില്ലാത്ത കുട്ടിക്ക് മാത്രമല്ല, ഏതൊരു പെണ്‍കുട്ടിയും അറിഞ്ഞിരിക്കേണ്ടതാണ് ഇതൊക്കെ. അവളെ സംരക്ഷിക്കാനും കൂടെ നില്‍ക്കാനും എല്ലാ കാലവും അച്ഛന്‍ ഉണ്ടാവണമെന്നില്ല. ഒരു പരിധി കഴിഞ്ഞാല്‍ കിളികളെ പറത്തി വിടണം എന്ന് പറയുന്ന പോലെ അവളെ സ്വയം പര്യാപ്തയാക്കുകയാണ് ഉദ്ദേശം. ഫോട്ടോസ്റ്റോറിയില്‍ കാണിക്കുന്നതുപോലെ അങ്ങനൊരു സംഭവമുണ്ടായപ്പോള്‍ അച്ഛന്‍ അവളെ സഹായിച്ചു, എന്നാല്‍ പിന്നീട് അവളെ അച്ഛന്‍ പഠിപ്പിക്കുകയാണ്. ഇനി അങ്ങനൊന്ന് ഉണ്ടാകുമ്പോള്‍ അതിനെ റെസിസ്റ്റ് ചെയ്യാന്‍ അവളെ പ്രാപ്തയാക്കുകയാണ്. 'അച്ഛന്‍' എന്ന ആശയം പറയുമ്പോള്‍ ഭദ്രയുടെ അച്ഛന്‍ മാത്രമല്ല, എല്ലാ പെണ്‍കുട്ടികളുടെയും അച്ഛനെയാണ് അതില്‍ കാണുന്നത്. 

അച്ഛന് കൊടുത്തിരിക്കുന്ന മാസ്‌ക്

അച്ഛന് മാസ്‌ക് കൊടുത്തിരിക്കുന്നത് ഒന്ന് കഥകളിയുടേതാണ്. രണ്ടാമത്തേത് തെയ്യത്തിന്റേത്. അത് രണ്ടും രണ്ട് ഭാവങ്ങളെയാണ് കാണിക്കുന്നത്. അച്ഛന്‍ എന്ന് പറയുന്ന കഥാപാത്രം എതെങ്കിലുമൊരു വ്യക്തിയല്ല, ഒരു സമൂഹത്തിനെയാണ് ആ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത്. അതില്‍ ആദ്യം കാണിക്കുന്നത് അച്ഛന്റെ താത്വികമായൊരു ഭാവമാണ്, ഒരു പച്ചവേഷം. മകളെ ഒരുപാട് കെയര്‍ ചെയ്യുന്ന, സംരക്ഷിക്കുന്ന ഒരു പച്ചയായ അച്ഛന്‍ കഥാപാത്രം. അത് കഥകളിയുമായിട്ട് ചെറുതായിട്ട് ഉപമിച്ചുവെന്നെയുള്ളൂ. ആ താത്വിക ഭാവം കാണിക്കണമെന്ന ഉദ്ദേശമേ അതിനുള്ളൂ. മറ്റൊന്നും വിചാരിട്ടില്ല. ഞാന്‍ മൂന്ന് നാല് വര്‍ഷം മുന്‍പ് എടുത്ത ഒരു ചിത്രമുണ്ട്. ഇരിങ്ങാലക്കുടയിലുള്ള ഉണ്ണായി വാര്യര്‍ കലാനിലയത്തിലെ ഗോപിയാശാന്‍ ഒരു കുട്ടിയെയും കൊണ്ടിരിക്കുന്നത്. അദ്ദേഹം മുഖത്ത് കഥകളി ചായം തേച്ചാണ് ഇരിക്കുന്നത്. ഈ ഫോട്ടോയില്‍ നിന്നാണ് 'അച്ഛന്' കൊടുക്കാന്‍ മുഖം കിട്ടിയത്.

Achan 2
കലാനിലയം ഗോപിയാശാന്‍

പിന്നീട് വരുന്നത് ചുവപ്പുവേഷമാണ്. അത് കാണിക്കുന്നത് രൗദ്രഭാവമാണ്. ഒരു മനുഷ്യന് രണ്ട് മുഖങ്ങളുണ്ടായിരിക്കും, തന്റെ മകളെ ഒരാള്‍ വേറെ രീതിയില്‍ സ്പര്‍ശിച്ചാല്‍ ഒരു അച്ഛനുണ്ടാക്കുന്ന മനോവികാരം എന്താണോ അതാണ് ഇതില്‍ കൊണ്ടുവന്നിരിക്കുന്നത്. അപ്പോള്‍ ആ രൗദ്രഭാവത്തെ പ്രതീകാത്മകമായി കാണിക്കാന്‍ തെയ്യം ഉപയോഗിച്ചതാണ്. രൗദ്രം കാണിക്കാന്‍ ചുവപ്പിലും അനുയോജ്യമായ മറ്റൊന്നില്ല. അതില്‍ ഒരു രാഷ്ട്രീയവുമില്ല. കഥകളിയും തെയ്യവും അറിയാവുന്നര്‍ക്ക് മനസിലാക്കും പച്ചയും ചുവപ്പും തമ്മില്ലുള്ള വ്യത്യാസം. അല്ലാതെ അതിന് വേറെ അര്‍ഥതലങ്ങളൊന്നുമില്ല.

ടീം, ചെലവ്, സ്‌ക്രിപ്റ്റ്

എനിക്ക് അങ്ങനെ ടീം ഒന്നുമില്ല. കുറച്ച് സുഹൃത്തുകളുണ്ട് നാട്ടില്‍ അവരാണ് എല്ലാത്തിനും കൂടെ. പിന്നെ അനിയന്‍ സനില്‍ സത്യനും ഭാര്യ ഗ്രീഷ്മ ബാലനുമാണ് എന്റെ സപ്പോര്‍ട്ട് സിസ്റ്റം. ഈ ഫോട്ടോ സ്റ്റോറി ചെയ്യാന്‍ ആകെ ചെലവായത് 1500 രൂപയാണ്. ചെറിയ ചെലവില്‍ നല്ലൊരു ആശയം ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. എന്നാലും പലയിടത്തുനിന്നും പല രീതിയിലുള്ള വിമര്‍ശനങ്ങളും കേള്‍ക്കുന്നുണ്ട്. നൂറുപേരു കാണുമ്പോള്‍ നൂറു കാഴ്ചപ്പാടുകളാണല്ലോ ഉണ്ടാക്കുന്നത്.

Achan 3

പക്ഷേ എനിക്ക് പറയാനുള്ളത് ഇതില്‍ രാഷ്ട്രീയം കാണരുത് എന്നാണ്, കാരണം ഇതില്‍ ഒരു പ്രത്യേക രാഷ്ട്രീയതാത്പര്യങ്ങളൊന്നുമില്ല, ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവിയുമല്ല. എന്നെ അറിയാവുന്ന എന്റെ സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും ഇത് വ്യക്തമായറിയാം. നല്ലൊരു ആശയമാണ് ചിത്രങ്ങളിലൂടെ കാണിക്കാന്‍ ഞാന്‍ ശ്രമിച്ചത്, ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തെ  മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. അതിനെ ആ രീതിയില്‍ മാത്രം കാണണമെന്നാണ് എനിക്ക് പറയാനുള്ളത്. 

Achan 4


ഇതില്‍ മോഡലുകളായവരൊക്കെ എന്റെ സുഹൃത്തുകളും നാട്ടുകാരുമൊക്കെയാണ്. പുറത്ത് നിന്ന് ആരേയും വിളിക്കേണ്ടി വന്നിട്ടില്ല. പിന്നെ സ്‌ക്രിപ്റ്റിന് കഥ എഴുതുന്നത് ഞാന്‍ തന്നെയാണ്. എനിക്ക് മനസില്‍ ഒരു കഥ തോന്നുന്നത് എഴുതും. അത് ഒരു സ്‌ക്രിപ്റ്റ് പോലെ ആകുന്നത് അനിയന്‍ സനില്‍ സത്യനാണ്. അതുപോലെ സുഹൃത്തുകളായ ദീപു ജയറാം, ദീപു ബാലകൃഷ്ണന്‍ എന്നിവരും വര്‍ക്കിന്റെ ഒരോ സമയത്തും കൂടെ നിന്നവരാണ്. രണ്ടു മാസം എടുത്താണ് 'അച്ഛന്റെ' വര്‍ക്ക് പൂര്‍ത്തിയാക്കിയത്. അത് വേറൊന്നും കൊണ്ടല്ല. എന്റെ ജോലിത്തിരക്കാണ് കാരണം, അതിനിടയില്‍ കിട്ടുന്ന സമയമാണ് ഇതിനു വേണ്ടി ചെലവഴിക്കുന്നത്. 

ഫോട്ടോഗ്രഫിയെന്ന പാഷന്‍, ജോലി

എന്റെ ഒരു ഫ്രണ്ടിന്റെ ക്യാമറയുണ്ടായിരുന്നു. അവന്‍ ഗള്‍ഫില്‍ പോകുമ്പോള്‍ എന്നെ ഏല്‍പിച്ചിട്ട് പോയതാ. ഒരു അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അത് നിക്കോണ്‍ന്റെ ഡി3200 എന്ന ബേസ് മോഡല്‍ ഒരു ക്യാമറയാണ്. അതിലാണ് ഞാന്‍ ഫോട്ടോ എടുത്തുതുടങ്ങിയത്. ഫോട്ടോഗ്രഫി രസകരമായിട്ടൊക്കെ ചെയ്യാന്‍ പറ്റുന്നൊരു സംഭവമാണ് അങ്ങനെയാണ് ഒരോന്ന് ചെയ്തുനോക്കുന്നത്. ഫോട്ടോ സ്റ്റോറികള്‍ അങ്ങനെ ചെയ്തിട്ടില്ല, ഇത് ആദ്യത്തേതാണ്. അതല്ലാതെ ഫോട്ടോസ് എടുക്കാറുണ്ട്. പിന്നെ ഫോട്ടോഗ്രഫിയെ ഞാന്‍ പ്രൊഫഷനായിട്ട് എടുത്തിട്ടില്ല. അതൊരു പാഷനാണ്, ഒരു ആഗ്രഹം. കാരണം ഇപ്പോള്‍ ചെയ്യുന്ന വര്‍ക്കില്‍ ഒരു സ്വാതന്ത്ര്യമുണ്ട്. അത് ചിലപ്പോള്‍ പ്രൊഫഷനായാല്‍ കിട്ടില്ല. ഞാന്‍ ഒരു ടെക്നീഷ്യനാണ് പ്രൊഫഷനലി. അങ്കമാലിയില്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി. ഫോട്ടോഗ്രഫിയെ ഒരു ഹോബി മാത്രമായി കാണാനാണ് എനിക്കിഷ്ടം. ജോലിയുടെ ഇടവേളകളില്‍ ചെയ്യാന്‍ കഴിയുന്ന ഒന്ന്.

കുടുംബം

തൃശൂരിലെ ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം. അച്ഛന്‍ സത്യന്‍, അമ്മ ശ്യാമള, അനിയന്‍ സനില്‍ സത്യന്‍, ഭാര്യ ഗ്രീഷ്മ ബാലന്‍. നാല് മാസമേ ആയിട്ടുള്ളൂ കല്യാണം കഴിഞ്ഞിട്ട്. ഇപ്പോള്‍ അവളും കൂടെയുണ്ട് ഫോട്ടോ എടുക്കാനും മോഡലാവാനുമൊക്കെ. 

Content Highlights: Syam Sathyan, Photo Story Achan, creative photography, social media viral, social issue