Nipin Narayananനിപിന്‍ നാരായണനെന്ന പയ്യന്നൂരുകാരന്‍ മലയാളി കള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്ന ഡിസൈനറാണ് ഇന്ന്. ഫെയ്‌സ്ബുക്ക് നല്‍കിയ പ്ലാറ്റ്‌ഫോമില്‍ എഴുതിയും വരച്ചും തന്റെ നിലപാട് വ്യക്തമാക്കുന്ന നിപിന്റെ സൃഷ്ടികള്‍ക്ക് ആരാധകര്‍ ഏറെയാണ്. കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയ നിറഞ്ഞ ഓര്‍മ്മകള്‍ മുതല്‍ പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുള്ള സമൂഹത്തിന്റെ അവഗണനയ്ക്കെതിരായ പ്രതിഷേധം വരെയുണ്ട് നിപിന്റെ വരകളില്‍. എന്നും ലളിതമായ എഴുത്തുകളോടും വരകളോടും മാത്രമായിരുന്നു നിപിന് താത്പര്യം. ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ളതാകണം കലാസൃഷ്ടിയെന്ന വിശ്വസിക്കുന്ന നിപിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. 

വരച്ച് തുടങ്ങിയത്? 

ചെറുപ്പത്തില്‍, അതിലും ചെറുപ്പത്തില്‍. ചെറിയ ക്ലാസില്‍ പഠിക്കുമ്പോൾ കൂട്ടുകാരോട് മല്‍സരിച്ച് നുണ പറയുമായിരുന്നു. നുണ എന്ന ചിന്തയിലൊന്നുമല്ല. തോറ്റുകൊടുക്കാനുള്ള മടിയാണ്. ഇന്നലെ ടൗണില്‍ പോയപ്പോൾ ഇന്ന വണ്ടി കണ്ടു, കഴിഞ്ഞ ആഴ്ച വേറൊരെണ്ണം കണ്ടു. അങ്ങനെ അങ്ങനെ. ചുമ്മാ പറച്ചില്‍ മാത്രമല്ല. ലോകത്തെവിടെയും ഇല്ലാത്ത പോലെയുള്ള ഒരു വണ്ടിയുടെ ചിത്രവും വരയ്ക്കും. തേരട്ടയുടെ കാലുപോലെ എണ്ണിയാല്‍ തീരാത്തത്ര ചക്രങ്ങള്‍. കാറും ജീപ്പും ബസും കലര്‍ന്ന വിചിത്രജീവികളായിരിക്കും മിക്കപ്പോഴും. നുണയെന്നറിഞ്ഞുകൊണ്ട് തന്നെ കൂട്ടുകാരന്‍ അവന്‍ കണ്ടതെന്ന് അവകാശപ്പെട്ട് ഒരു മറുചിത്രം വരയ്ക്കും. എന്റേതിനെ തോല്‍പ്പിക്കാനെന്ന പോലെ. അതിനു ചക്രങ്ങളും കൂടുതലായിരിക്കും. അതായിരിക്കണം, മിക്കവാറും വരയുടെ കളരി. പിന്നെ , വീട്ടില്‍ വാങ്ങാത്ത പുസ്തകങ്ങളുണ്ടായിരുന്നില്ല. 

ബാലരമ, ബാലഭൂമി , ബാലമംഗളം, തത്തമ്മ എന്നുവേണ്ട സകലതും! അതിലെ ചിത്രങ്ങള്‍ പകര്‍ത്തുക എന്നത് ഒരു രസമായിരുന്നു. നോക്കിവരയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു വരയുണ്ടായിരുന്നില്ല.അങ്ങനെ നോക്കിവരയില്‍ നിന്ന് സീരിയസായ നോക്കിവരയിലേക്ക് മാറിയത് ഒരു ട്രെയിന്‍ യാത്രയില്‍ കണ്ട ഒരു പേരറിയാത്ത ചിത്രകാരന്‍ കാരണമാണ്. മുന്‍പിലിരിക്കുന്നവരെ നിഷ്പ്രയാസം വരയ്ക്കുന്നത് കണ്ട് അതിശയമായിപ്പോയി. കാര്‍ട്ടൂണുകളാണ് മുഴുവന്‍. അതു വല്ലാത്ത കൊതിയായി. അന്നു തന്നെ അച്ഛനെക്കൊണ്ട് ഒരു നോട്ട്ബുക്കും ജെല്‍ പേനയും വാങ്ങിച്ചു. കഥകളിലെ ചിത്രങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പകര്‍ത്താന്‍ തുടങ്ങി.

കഥാപുസ്തകങ്ങള്‍ക്ക് പുറത്തേക്ക് വരകള്‍ മാറ്റിവരയ്ക്കപ്പെട്ടത് എന്ന് മുതലാണ്? പയ്യന്നൂരിലെ കാഴ്ച്ചകള്‍ എന്തെങ്കിലും സ്വാധീനിച്ചിരുന്നോ?

കാര്‍ട്ടൂണിസ്റ്റാവുന്നത് അതിനും ശേഷമാണ്. നോക്കിവരയ്ക്കാന്‍ മാത്രമേ എന്നെക്കൊണ്ടാവൂ എന്നു കരുതിയിരുന്ന ആളായിരുന്നു ഞാന്‍. ഏട്ടന്റെ ക്ലാസില്‍ പഠിക്കുന്നൊരു കാര്‍ട്ടൂണിസ്റ്റുണ്ടായിരുന്നു നാട്ടില്‍. അനുരാജ്. മൂപ്പരുടെ പടം പത്രത്തില്‍ അച്ചടിച്ചു വന്നതു കണ്ടപ്പോള്‍ യു.പി സ്‌കൂളുകാരനായ എനിക്ക് വല്ലാത്ത ആഗ്രഹം തോന്നി. ഏട്ടന്‍ വേറെ സ്‌കൂളിലാണ്. ഏട്ടനെ വളരെ നിര്‍ബന്ധിച്ച് ആ കാര്‍ട്ടൂണിസ്റ്റിനെക്കൊണ്ട് അഞ്ചാറു ചിത്രങ്ങള്‍ ഒരു കഷ്ണം കടലാസില്‍ വരച്ചു വാങ്ങിപ്പിച്ചു. അച്യുതാനന്ദന്‍, കുഞ്ഞാലിക്കുട്ടി, കരുണാകരന്‍ അങ്ങനെ ചിലത്. സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അത് നോക്കി വരച്ച് നിര്‍വൃതികൊണ്ടു. 

Nipin Narayanan

പിന്നെ ഹൈസ്‌കൂളില്‍, പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തില്‍ കാര്‍ട്ടൂണിനു പങ്കെടുക്കാന്‍ അവസരം കിട്ടുന്നത്. മാതൃഭൂമിയായിരുന്നു പ്രധാന പാഠപുസ്തകം. ഗോപീകൃഷ്ണന്‍ തന്നെ മാനസഗുരു. സംസ്ഥാന തലത്തില്‍ പരിഭ്രമവും പരിചയക്കുറവും ചേര്‍ത്ത് വരച്ചതുകൊണ്ട് ആദ്യ സ്ഥാനങ്ങളിലെത്താന്‍ പറ്റിയില്ല. പിന്നീട് പ്ലസ് ടുവില്‍, പിന്നെയും സംസ്ഥാന കലോത്സവത്തിന്. ഫലം ആദ്യത്തെ പോലെ തന്നെ. മത്സസരങ്ങള്‍ക്കു വേണ്ടി മാത്രം വരക്കുന്ന , അതും കാര്‍ട്ടൂണിക് ചിത്രങ്ങള്‍ മാത്രം വരക്കുന്ന ഒരുത്തനെന്ന നിലയില്‍ ഞാന്‍ വരയെ അതീവഗൗരവത്തിലൊന്നും സമീപിച്ചിട്ടുണ്ടായിരുന്നില്ല. 

അനുരാജേട്ടന്‍ തന്ന മൂപ്പരുടെ സ്‌കെച്ച്ബുക്ക് ഇപ്പോഴും സൂക്ഷിക്കുന്നു. കാരിക്കേച്ചറിലേക്ക് നയിച്ച ദ്വിജിത്തേട്ടന്റെ ചില ചിത്രങ്ങളും. അതിനും ശേഷമാണ് കേരളോത്സവം വഴി കാര്‍ട്ടൂണിലേക്ക് അടുക്കുന്നത്. ഓരോ കൊല്ലവും നാല് തലങ്ങളെങ്കിലും കടന്നാണ് സംസ്ഥാന തലത്തിലെത്തുക. അത് വലിയ പാഠശാലയായി. വ്യത്യസ്തമായ വിഷയങ്ങള്‍. മത്സരാര്‍ഥികള്‍. കഴിഞ്ഞ നാലു കൊല്ലം സംസ്ഥാന തലത്തില്‍ ഒന്നാമനായി. പിന്നെ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്. അതും വരയെ മിനുക്കാന്‍ സഹായിച്ചു. ഗ്രാഫിക് ഡിസൈനിങ്ങിനുള്ള താല്പര്യം വരയുടെ മേഖല വികസിപ്പിച്ചു. രണ്ടുകൊല്ലം ചിത്രപ്രതിഭയായി.

Nipin Narayanan

ചെറുപ്പത്തില്‍ തന്നെ വരയോടൊപ്പം എഴുത്തും തുടങ്ങിയിരുന്നോ? 

എഴുത്ത് ഉണ്ടായിരുന്നു. സാധാരണ നമ്മളൊക്കെ  ചെറുപ്പത്തില്‍ എഴുതില്ലേ, മഴ, പുഴ, പൂമ്പാറ്റ, ഇതൊക്കെ. അത്രമാത്രം. പിന്നെ പ്രോത്സാഹനം കിട്ടിയപ്പോൾ മത്സരങ്ങളില്‍ എഴുതാന്‍ തുടങ്ങി. അന്നും ഇന്നും ചെറിയ എഴുത്തുകളോടാണ് താല്പര്യം. 'ഭാതം, ഭാതം പ്രഭാതം , നല്ലൊരു ഭാതം പ്രഭാതം' എന്ന് മൂന്നാം ക്ലാസിലെങ്ങാന്‍ പഠിക്കുമ്പോള്‍ എഴുതിയിരുന്നു. ഭാതം എന്നാല്‍ എന്താണ് അര്‍ഥമെന്ന് ടീച്ചര്‍. ചൊല്ലാന്‍ ഇമ്പത്തിനുവേണ്ടിയാണ് എഴുതിയത് എന്ന് ഞാന്‍. അവസാനം ടീച്ചർ നിഘണ്ടു കൊണ്ടുവന്നു നോക്കിയപ്പോൾ 'മഞ്ഞുള്ള പുലരി' എന്നോ മറ്റോ ആയിരുന്നു അര്‍ഥം. അതൊക്കെ ഓര്‍മയിലുണ്ട്. എഴുതുന്ന സന്ദര്‍ഭങ്ങള്‍ വര എന്ന പോലെ മത്സരങ്ങള്‍ മാത്രമായിരുന്നു. ഒരുപാട് എഴുതി ബുദ്ധുമുട്ടാറില്ല. ചെറിയ എഴുത്തുകള്‍. എനിക്കും ഇഷ്ടപ്പെടണം, വായിക്കുന്നവര്‍ക്കും. കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട് കളിക്കും. ആര്‍ക്കും മനസിലാവാത്ത ഉത്തരാധുനിക സാഹിത്യം എഴുതാറില്ല. അത് അറിയില്ല. സിമ്പിള്‍ എഴുത്ത്, സിമ്പിള്‍ വര. കവിതയാണെന്നൊക്കെ ചിലര്‍ പറയും, ഞാന്‍ എഴുത്തെന്നേ പറയാറുള്ളൂ.

ഡിസൈനര്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതും വരകള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും എന്ന് മുതലാണ്?

ഫെയ്‌സ്ബുക്കാണ് നമ്മുടെ ഒരേയൊരു ആര്‍ട്ട് ഗ്യാലറി. വരയ്ക്കുക, ഡിസൈന്‍ ചെയ്യുക, പോസ്റ്റുക. പരിണാമത്തിന്റെ തുടക്ക കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടില്ലെങ്കിലും ഓരോന്ന് പോസ്റ്റും. രണ്ടോ മൂന്നോ ലൈക്കൊക്കെ കിട്ടിയാല്‍ അത്യാഹ്ലാദമാണ്. അങ്ങനെ സുഹൃദ്വലയം വളരുംതോറും അറിയാതെ തന്നെ വര്‍ക്കുകളുടെ ക്വാളിറ്റി മാറിത്തുടങ്ങി എന്നു തോന്നുന്നു. അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങി, ഞാന്‍ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തു. വര്‍ക്കുകളൊക്കെ മെച്ചപ്പെട്ടു. ആളുകള്‍ ഒന്നുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങിയത് ടൈപ്പോഗ്രഫി തുടങ്ങിയപ്പോഴാണെന്നു തോന്നുന്നു. ആള്‍ക്കാരുടെ പേരു വെച്ച് മുഖം വരയ്ക്കുന്നൊരു ടെക്‌നിക് പരീക്ഷിച്ചു. അത് കേരളത്തിലാകെ ചെയ്യുന്നത് കണ്ടിട്ടുള്ളത് ശബരീഷ് രവിയാണ്. 

Nipin Narayanan

ശബരീഷേട്ടന്റെ വര്‍ക്കുകള്‍ കണ്ട് ലൈക്കി പോവും എന്നല്ലാതെ അത് പരീക്ഷിക്കാന്‍ മുതിര്‍ന്നിട്ടേയില്ല. അതിന്റെ സീക്രട്ട് ചോദിച്ചിട്ടുമില്ല. പിന്നെ എപ്പോഴോ ഒരു വെറുതേയിരിപ്പിന്റെ സമയത്ത്  ജോയ് മാത്യുവിന്റെ മുഖത്തു ഞാന്‍ കൈവെച്ചു. പരീക്ഷണം. അത് ഏകദേശം ഒത്തപോലെ തോന്നി. പോസ്റ്റി. നല്ല പ്രതികരണം. അയച്ചുകൊടുത്തു. അത് പേജില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. അപ്പോൾ ആവേശം കൂടി , പിന്നെ രഞ്ജിത് , ജയസൂര്യ, ഫഹദ്,  മോഹന്‍ലാല്‍, ഫെയ്‌സ്ബുക്കിലെ കുറച്ച് സുഹൃത്തുക്കള്‍, കോളേജിലെ അധ്യാപകര്‍ . ഒരുപാട് തലകള്‍ കയറിയിറങ്ങി. മികച്ച അഭിപ്രായമാണ് വന്നത്.  ആരൊക്കെയോ ഈ വിദ്യ പരീക്ഷിക്കാന്‍ തുടങ്ങി. 

അപ്പോള്‍ അടുത്ത പരീക്ഷണത്തിലേക്ക് കടന്നു. ഇംഗ്ലീഷ് പേരില്‍ ഒരു മലയാളം പേര് ഒളിപ്പിക്കല്‍. പിന്നെ മലയാളം വാക്കില്‍ ഇംഗ്ലീഷും. നിനാഗ്രഫി എന്നു പേരൊക്കെ കൊടുത്തു. പിന്നെ ആംബിഗ്രാമിലേക്ക് കടന്നു. തലതിരിച്ചും നേരെയും വായിക്കാന്‍ പറ്റുന്ന വാക്കുകള്‍. ജയസൂര്യയൊക്കെ പോസ്റ്റ് ചെയ്തതോടെ സുഹൃദ്‌വലയം കൂടി.

അപ്പോള്‍ നിപിന്‍ നാരായണനെന്ന ഡിസൈനര്‍ രൂപപ്പെട്ടതില്‍ പ്രധാന പങ്ക് ഫെയ്‌സ്ബുക്ക് തന്ന പ്ലാറ്റ്‌ഫോമിനല്ലേ?

തീര്‍ച്ചയായും. ഫെയ്‌സ്ബുക്ക് എനിക്ക് ചിത്രം വരയ്ക്കുന്ന ക്യാന്‍വാസ് പോലെ, അല്ലെങ്കില്‍ ചിത്രപ്രദര്‍ശനം നടത്തുന്ന ആര്‍ട്ട് ഗ്യാലറി ഒക്കെ പോലെ തോന്നുന്നു. അപ്പപ്പോള്‍ പ്രതികരണം, സ്‌നേഹം, തിരുത്തലുകള്‍, പങ്കുവെക്കലുകള്‍ ഒക്കെ അറിയാം. ഊര്‍ജം ചെറുതല്ല.

Nipin Narayanan

നിന ഡിസൈനേര്‍സിലേക്ക് എപ്പോഴാണ് എത്തുന്നത്? 

നിനാ ഡിസൈനേര്‍സ് എന്നൊരു സ്ഥാപനമൊന്നും ഇല്ല. ഒരു ഒറ്റയാള്‍ കമ്പനി ആണത്. നി'പിന്‍ നാ'രായണന്റെ ചുരുക്കരൂപം. അതൊരു രസത്തിനിട്ട പേരാണ്. കലാകാരന്മാര്‍ക്ക് ഒരു തൂലികാനാമം നല്ലതാണെന്ന ബുദ്ധിയില്‍. പറയാനും എളുപ്പമാണല്ലോ. ഒരു എടുപ്പും ഉണ്ട്. ഇതിനു പ്രചോദനമായതും ഒരു കാര്‍ട്ടൂണിസ്റ്റാണ്. ഹകു എന്നൊരു പേരില്‍ കാര്‍ട്ടൂണുകള്‍ കണ്ടു. പിന്നെയാണു മനസിലായത് രിക്കും പേര് ഹരികുമാര്‍ എന്നാണെന്ന്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കുഞ്ഞുപേരാണ് നല്ലതെന്ന് ഞാനും ഉറപ്പിച്ചു. പിന്നെ എപ്പഴോ നിനയിലെത്തി. ഡിസൈനുകളില്‍ നിന എന്ന സൈന്‍ വെയ്ക്കും. ചിത്രത്തിനു വശത്ത് നിപിന്‍ എന്നു തന്നെ എഴുതും.
ക്രിയേറ്റിവിറ്റിയോട് വല്ലാത്ത സ്‌നേഹമാണ്. പുതിയത് പരീക്ഷിക്കുന്നത് ഊര്‍ജമാണ്. ഫോട്ടോഷോപ്പോ വരയോ കൃത്യമായി ഏതെങ്കിലുമാൾക്ക് കീഴില്‍ പഠിച്ചിട്ടില്ല. പഠിച്ച വരയല്ല , ഉണ്ടായി വന്ന എന്റെ വരയാണെന്നു ചുരുക്കം. പക്ഷേ സ്വാധീനിച്ച വ്യക്തികളും വര്‍ക്കുകളും അനവധി നിരവധിയാണ്.

നൊസ്റ്റാള്‍ജിയ, രാഷ്ട്രീയം, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങി ഇപ്പോള്‍ പെരുമ്പാവൂരിലെ പ്രശ്‌നം വരെ എത്തി നില്‍ക്കുന്ന വര. ഇങ്ങനെ ഓരോ സമയത്തും ചര്‍ച്ചയാകുന്ന വിഷയങ്ങള്‍ വരയിലേക്ക് പകര്‍ത്തുന്നത് എങ്ങനെയാണ്? പെരുമ്പാവൂരിലെ പ്രശനവുമായി ബന്ധപ്പെട്ട വരകളുടെ പരമ്പര (series) ചെയ്തപ്പോള്‍ മനസ്സില്‍ സങ്കടം തോന്നിയോ? 

പ്രണയവും ഓര്‍മകളുമായിരുന്നു സംസാരിക്കാന്‍ ഇഷ്ടം. പക്ഷേ സംസാരിക്കേണ്ടുന്ന ചില വിഷയങ്ങള്‍ വരുമ്പോള്‍ സംസാരിച്ചില്ലെങ്കില്‍ വല്ലാത്ത വീര്‍പ്പുമുട്ടലാണ്. വരകള്‍ക്കൊ വരികള്‍ക്കോ മിക്കപ്പോഴും ആ വീര്‍പ്പുമുട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കാന്‍ കഴിയാറുണ്ട്. പയ്യന്നൂര്‍ കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠന കാലയളവിലാണ്, പ്രത്യേകിച്ചും മുരളിമാഷിനെയൊക്കെ പോലെയുള്ള അധ്യാപകര്‍ കാരണം, സ്ത്രീകള്‍ പുരുഷന്മാര്‍, അവര്‍ക്കിടയിലെ വ്യത്യാസം, വ്യത്യാസമില്ലായ്മ, വിവേചനം, ലിംഗനീതി, സമത്വം, ഫെമിനിസം, പ്രകൃതി, കവിതളുടെ രാഷ്ട്രീയം എന്നിവയിലേക്കൊക്കെ എത്തുന്നത്.

Nipin Narayanan

കാഴ്ചപ്പാട് രൂപപ്പെടുകയോ ശക്തിപ്പെടുകയോ ആയിരുന്നിരിക്കണം. അങ്ങനെയാണ് വരയിലേക്ക് ചിന്തകള്‍, കാഴ്ചപ്പാട്, ഐഡിയോളജി,  രാഷ്ട്രീയം ഒക്കെ കൂടുതല്‍ സജീവമാകുന്നത്. പറയാനുള്ളത് പറയാന്‍ കാര്‍ട്ടൂണിനേക്കാള്‍ നല്ലൊരു മാര്‍ഗമില്ല. ശക്തമായിരു ടൂളാണ് കാര്‍ട്ടൂണും ഡിസൈനിങ്ങും. വെറുതേ എഴുതുന്ന വരികള്‍ക്ക് ഒരു വര കൂട്ടിനുണ്ടെങ്കില്‍ വരുന്ന വ്യത്യാസവും ശ്രദ്ധയും ചില്ലറയല്ല. പെരുമ്പാവൂരിലെ വിഷയം അറിഞ്ഞപ്പോള്‍ അതിന്റെ ആഴം അറിഞ്ഞപ്പോള്‍ സംസാരിക്കാതിരിക്കാന്‍ ആവില്ലായിരുന്നു. അരമണിക്കൂറുകൊണ്ട് ആ വരികള്‍/വരകള്‍ സംഭവിച്ചു. മനസില്‍ സങ്കടവും ദേഷ്യവുമുണ്ടായിരുന്നു. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ആളാണ് ഞാന്‍. അതിനെ പകര്‍ത്താതെ രക്ഷയുണ്ടാവാറില്ല.

ആരെയും സുഖിപ്പിക്കാന്‍ വര്‍ക്കുകള്‍ ചെയ്യില്ല. പ്രണയവും നൊസ്റ്റാള്‍ജിയയും ഒക്കെ പങ്കുവെക്കുമ്പോള്‍ എന്റെ തോന്നലാണു പങ്കുവെക്കുക. മിക്കപ്പോഴും അത് ബാക്കിയുള്ളവരിലേക്കു കൂടി ലയിക്കും. അതാണ് സ്വീകാര്യതയ്ക്കു കാരണം. വരക്കുമ്പോഴോ എഴുതുമ്പോഴോ എനിക്കു കിട്ടുന്ന സന്തോഷം ബാക്കിയുള്ളവര്‍ക്ക് കൂടി കിട്ടണം എന്നാണ് ആഗ്രഹം. അത് എന്റെ പ്രതിഷേധമാണെങ്കില്‍ അതിലെ രോഷവും അതുപോലെ തന്നെ. മിക്കപ്പോഴും അത് സംഭവിക്കാറുണ്ട്.

ജീവിതത്തില്‍ മറക്കാനാകാത്ത അംഗീകാരം, സമ്മാനം? 

പലരുടെയും നല്ല വാക്കുകള്‍. ഫെയ്‌സ്ബുക്കിലെ മെസേജുകള്‍. പിന്നെ ഈ ലഭിക്കുന്ന സ്വീകാര്യതയും പങ്കുവെക്കലുകളും. പുച്ഛിച്ച് തള്ളുന്നവരുണ്ട്. ഒരു നല്ല വാക്കുപോലും പങ്കുവെക്കാത്ത ഉറ്റ സുഹൃത്തുക്കളുമുണ്ട്. അതിന്റെ എത്രയോ ഇരട്ടി ഊര്‍ജമാവുന്നവരും കൂടെ നില്‍ക്കുന്നവരും.

ഒരു വരകൊണ്ടാണ് ജയേട്ടനുമായി (ജയസൂര്യ) പരിചയത്തിലാവുന്നത് . മറക്കാനാകില്ല അന്നു സന്തോഷത്തോടെ കൈ തന്നത്. 
ഈ വര്‍ഷം കേരള കാര്‍ട്ടൂണ്‍ അക്കാദമി കേരളത്തിലെ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള എ.പി.ജെ അബ്ദുള്‍കലാം സ്റ്റാര്‍ കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ് ലഭിച്ചു. നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്ന ആരാധിക്കുന്ന ആള്‍ക്കാരുടെ താവളമാണത്. അതില്‍പ്പരം സന്തോഷം വേറെ ഇല്ല.

പയ്യന്നൂര്‍ കോളെജ് മാഗസിന്‍ എഡിറ്ററായിരുന്നു. 'കത്രിക ചുണ്ടു ചേര്‍ത്തുമ്മ വെച്ചപ്പോള്‍ മുറിഞ്ഞുപോയ ഫ്രെയിം' അംഗീകരിക്കപ്പെടുകയും ആശംസിക്കപ്പെടുകയും ചെയ്തു. മറക്കാനാവാത്ത ദിവസങ്ങള്‍ക്കും അധ്വാനത്തിനും സ്വപ്നങ്ങള്‍ക്കും കിട്ടിയ സ്‌നേഹം. വളരെ പ്രിയപ്പെട്ടത്.

ഇനിയുള്ള ആഗ്രഹങ്ങള്‍?

സിനിമയാണ് സ്വപ്നം. അവിടെയെത്തണം. എഴുതണം. സംവിധാനം ചെയ്യണം. പിന്നെ സംസാരിക്കാത്ത ഒരു നൂറു കാര്യങ്ങള്‍ , സംസാരിക്കേണ്ടുന്നവ, എഴുതണം, വരയ്ക്കണം. എല്ലാവര്‍ക്കും സന്തോഷം തോന്നണം, സ്‌നേഹം തോന്നണം. പുസ്തകം ഇറക്കണം. എഴുത്തും വരകളും ചേര്‍ത്ത്. ലോകം മുഴുവന്‍ യാത്ര പോവണം. ആവുന്നതു പോലെയൊക്കെ കല കൊണ്ട് പോരാടണം , സംവദിക്കണം. എന്നെയിവിടെ അടയാളപ്പെടുത്താതെ എനിക്ക് പോകാനാവില്ല.