ഒരു വര്‍ഷത്തിനിപ്പുറം നികിതഹരി എന്ന വടകരക്കാരി അല്ലെങ്കില്‍ ലോകത്തിന്റെ എന്‍ജിനിയര്‍ ഒരിക്കല്‍ കൂടി വാര്‍ത്തയില്‍ ഇടം നേടുകയാണ്. വടകരയില്‍ നിന്നും കേംബ്രിജിലെത്തിയ നികിതയ്ക്ക്‌  സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ്‌ എന്ന സ്ഥാനം ഇനി സ്വന്തം. ഇന്ത്യയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി കൂടിയായ നികിതയ്ക്ക് പ്രത്യേകിച്ച്‌ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഈ നേട്ടത്തിന് ഇരട്ടി മധുരമുണ്ട്. ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ച, ലോകത്തിന്റെ എന്‍ജിനിയര്‍മാരില്‍ ഒരാളായി മാറിയ പെണ്‍കുട്ടിയായിരുന്നു ഇതുവരെ നികിത. ഇതിനൊപ്പമാണ് നേട്ടത്തിന്റെ മറ്റൊരു പൊന്‍തൂവല്‍ കൂടി ഈ വടകരക്കാരി എഴുതിച്ചേര്‍ത്തിരിക്കുന്നത്.

സാങ്കേതികപരമായും ബുദ്ധിപരമായും എത്ര വികസിച്ചുവെന്ന് പറഞ്ഞിട്ടും ഉന്നത വിദ്യാഭ്യാസമെന്നത് കേരളമെന്നതിന് അപ്പുറത്തേക്ക് ഇന്നും ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത മലയാളിക്ക് നികിതയുടെ ഈ നേട്ടങ്ങള്‍ കണ്ണുതുറപ്പിക്കുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ വടകരയില്‍ നിന്നും കേംബ്രിജ് വരെയുള്ള നികിതയുടെ നേട്ടത്തിന്റെയും പരിശ്രമത്തിന്റെയും ത്രസിപ്പിക്കുന്ന അനുഭവങ്ങള്‍ ആരെയും ആവേശത്തിലാക്കും. എന്‍ജിനിയറിങ്ങും, മെഡിസിനും, മാനേജ്‌മെന്റുമല്ലാതെ അതിനപ്പുറവും പഠനവും അവസരങ്ങളുമുണ്ടെന്ന ബോധ്യമുണ്ടാവും. യൂണിവേഴ്‌സിറ്റി വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചും കേംബ്രിഡ്ജിലെ ജീവിതത്തെക്കുറിച്ചും നികിത ഒരിക്കല്‍ക്കൂടെ മനസ്സ് തുറക്കുന്നു.

കേംബ്രിഡ്ജിലെ ഗ്രാജ്വേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുകയാണ് എന്തു തോന്നുന്നു ?

വളരെ വളരെ അഭിമാനം സന്തോഷം. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്ന ഒരു പോസ്റ്റില്‍ ഇരിക്കുക എന്നത് സ്‌കൂള്‍ ലീഡറായും, മറ്റ് ലീഡര്‍ സ്ഥാനത്തും നിന്നിട്ടുള്ള വ്യക്തി എന്ന നിലയ്ക്ക് സ്വപ്‌ന തുല്യമായ നേട്ടമായിരുന്നു. ഇലക്ഷന് നില്‍ക്കണമെന്ന മൂന്‍കൂട്ടിയുള്ള തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഇലക്ഷന്‍ കോള്‍ വന്നപ്പോല്‍ നല്ല ഒരു അവസരമായി കരുതി നില്‍ക്കുകയായിരുന്നു. ഓണ്‍ലൈനായിട്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകളൊക്കെ. എതിര്‍ സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ലെങ്കിലും ഈ സ്ഥാനാര്‍ഥി ശരിയല്ലെന്നും വേണ്ടെന്നുമുള്ള അഭിപ്രായമൊക്കെ വന്നിരുന്നു. ജയിക്കാന്‍ 70 ശതമാനം വോട്ട് കിട്ടണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് നിയമാവലികളിലും ഒരു പാട് നിബന്ധനകളുണ്ട്. ഗ്രൂപ്പ് മെസേജ്,  എതിരാളികള്‍ക്കെതിരെ ആരോപണമുന്നയിക്കുക എന്നിവയൊന്നും പാടില്ല. ഇത് വളരെ വലിയ ഉത്തരവാദിത്വമുള്ള പണിയാണ്‌ എന്ന് കരുതി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എങ്കിലും ജയിക്കാനായതില്‍ സന്തോഷം. 

Nikitha

ഒരു കോളേജ് യൂണിയന്‍ വൈസ് പ്രസിഡന്റാവുക എന്നത് തന്നെ ഒരാളെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്‌ അങ്ങനെയിരിക്കെയാണ് ഒരു ലോകോത്തര സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റായി നികിത തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്തൊക്കെയാണ് ഉത്തരവാദിത്വങ്ങള്‍?

നവംബറിലാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  നടന്നത്. ഒരു സ്റ്റുഡന്റ് ഫെയിസിങ് ബോഡികൂടിയാണ് ഈ സ്ഥാനം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുക, അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗഹനമായി പഠിക്കുക, ന്യൂന പക്ഷങ്ങളുടെ പ്രത്യേകിച്ച് ബ്ലാക്ക് മൈനോറിറ്റികളുടെയും പെണ്‍കുട്ടികളുടെയും വിവിധ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക, അത് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെ അറിയിക്കുക, പ്രശ്‌ന പരിഹാരം നിര്‍ദേശിക്കുക എന്നതൊക്കെ എന്റെ ചുമതല തന്നെയാണ്. വിദ്യാര്‍ഥികളുടെ ശാക്തീകരണം തന്നെയാണ് പ്രധാനം. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യം മറ്റൊരു പ്രധാന വിഷയാണ്. അത്  ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് ഗ്രൂപ്പുണ്ടാക്കുക. വിവിധ ഇവന്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുക. ഗ്രാജേറ്റ് മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പേപ്പര്‍ പബ്ലിഷ് ചെയ്യുക. ഓട്ടിസ്റ്റിക്ക്  ഗ്രൂപ്പുകള്‍ ഉണ്ടാക്കുക. എന്നിവയെല്ലാമടങ്ങിയ വലിയൊരു ജോലിയാണിത്.

വടകരയില്‍ നിന്നും കേംബ്രിജ് വരെയുള്ള ഒരു യാത്ര എങ്ങനെയായിരുന്നു?

വടകരയില്‍ അഞ്ച് സ്‌കൂളിലായിട്ടാണ് പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആദ്യം കോണ്‍വെന്റില്‍ തുടങ്ങി, വിദ്യാപ്രകാശ്, ശ്രീനാരായണ, ഗോകുലം, എന്നിവിടങ്ങളിലും പ്ലസ്‌വണ്‍-പ്ലസ്ടു പൂര്‍ത്തിയാക്കിയത്  റാണിയിലുമാണ്. സി.ബി.എസ്.ഇ ജില്ലാ സെക്കന്‍ഡ് ടോപ്പറും, സോഷ്യല്‍ സയന്‍സില്‍ ഇന്ത്യയില്‍ വെച്ച് ഒന്നാമതുമായിരുന്നു. ചര്‍ച്ച, പ്രസംഗം, എഴുത്ത്, കഥപറച്ചില്‍, ക്വിസ് എന്നിവയിലെല്ലാം സജീവമായി പങ്കെടുത്തിരുന്ന ഒരാള്‍ കൂടിയായിരുന്നു ഞാന്‍.  ഐ.എസ്.ആര്‍.ഒയുടെ ഉപന്യാസ മത്സരത്തില്‍ സമ്മാനം വാങ്ങിയതാണ് ആ കാലത്തെ ഏറ്റവും വലിയ നേട്ടം. കുസാറ്റിന് കീഴിലെ സി.ഇ.വി എന്‍ജിനിയറിംഗ് കോളേജിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് എന്‍ജിനിയറിംഗ് പഠിച്ചത്. കുസാറ്റില്‍ രണ്ടാം റാങ്കും, കോളേജില്‍ വെച്ച് ഒന്നാം റാങ്കുമായിരുന്നു. ശേഷം ഗേറ്റ് എഴുതണോ, കാറ്റ് എഴുതണോ എന്ന സംശയത്തിലായിരുന്നു.

ഒരു യാഥാസ്ഥിക കുടംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെന്ന നിലയ്ക്ക് കാര്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ മറ്റോ ആരുമുണ്ടായിരുന്നില്ല. മാത്രമല്ല ഇന്റര്‍നെറ്റൊക്കെ സജീവമായി വന്നു കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതൊന്നും ഉപയോഗിക്കാന്‍ സമ്മതിക്കുന്ന ഒരു വീട്ടുകാരുമായിരുന്നില്ല എന്റേത്.  ഇതെല്ലാം കുട്ടികളെ മോശമാക്കുമെന്നുള്ള ഒരു കാഴ്ചപ്പാടിലായിരുന്നു കുടംബം. പലതിനെ പറ്റിയും അറിവില്ലായിരുന്നു. കാറ്റും, ഗേറ്റുമൊന്നും  എനിക്ക് പറ്റിയ പണിയെല്ലെന്ന ഒരു തോന്നലായിരുന്നു ആദ്യമേയുണ്ടായത്. മാത്രമല്ല അത് എഴുതിയെടുക്കലും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അങ്ങനെയാണ് എസ്.ആര്‍.എമ്മിന്റെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക അപേക്ഷിക്കുന്നത്. എന്‍ട്രന്‍സ് ഒന്നാം റാങ്കോടെ പാസ്സായി. എസ്.ആര്‍.എമ്മില്‍ നിന്ന് ഒന്നാം റാങ്കോടെയും, ഗോള്‍ഡ് മെഡലോടെയുമാണ് എം.ടെക്ക് പാസ്സായത്. 

എന്തെങ്കിലുമൊക്കെ ചെയ്യണമെന്നൊക്കെ തോന്നലുണ്ടായത് അവിടെ നിന്നാണ്.  ഐ.ഐ.ടി റിസേര്‍ച്ച് ചെയ്യണമെന്ന് തീരുമാനിച്ചതും അവിടെ നിന്നാണ്. അതിനിടെ എന്‍.ഐ.ടിയില്‍ ലക്ചര്‍ പോസ്റ്റിന് ഒഴിവ് വന്നു. അവിടെ ജോയിന്‍ ചെയ്തു. അതോടൊപ്പം ഐ.ഐ.ടി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. 

ഐ.ഐ.ടി കാലം എങ്ങനെയായിരുന്നു?

ഇലക്ട്രിക്കല്‍ പോലെയുള്ള വിഷയത്തില്‍ ഒന്നോ രണ്ടോ പേരെ മാത്രമാണ് ഐ.ഐ.ടിയില്‍ ഗവേഷണത്തിന് എടുക്കുന്നത്. ശക്തമായ മത്സരമായിരുന്നു നടന്നത്. നമ്മുടെ കഴിവുകള്‍ക്കൊന്നും ഒരു തരത്തിലുള്ള പ്രാധാന്യം നല്‍കാത്ത അന്തരീക്ഷവുമായിരുന്നു അവിടത്തേത്.  ഇന്റര്‍വ്യൂ ഒക്കെ നമ്മളെ തീരെ നിരാശപ്പെടുത്തുന്ന തരത്തിലായിരുന്നു. ഒടുവില്‍ പ്രവേശനം ലഭിച്ചെങ്കിലും മൂന്ന് മാസം മാത്രമേ അവിടെ ജോലി ചെയ്യാന്‍ പറ്റിയുള്ളു. പിന്നെ രാജിവെച്ച് പോരുകയായിരുന്നു. ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.  ഇത്രയും വലിയ സര്‍വകലായില്‍ ഇങ്ങനെയൊക്കെയാണോ നടക്കുന്നതെന്ന ചിന്തയായിരുന്നു അതിന് പ്രധാന കാരണം. അവിടെത്തന്നെയുള്ള  മറ്റൊരു ഗവേഷക ഗായത്രി ചേച്ചിയാണ് എന്നെ മോട്ടിവേറ്റ് ചെയ്ത് കൂടുതല്‍ മുന്നോട്ടുപോവാന്‍ പ്രേരിപ്പച്ചത്. നിന്റെ ലോകം ഇവിടെ മാത്രം ഒതുങ്ങിത്തീരേണ്ടതില്ല എന്ന ഉപദേശം എന്നെ വലിയ രീതിയിയില്‍ മാറ്റി.  

Nikitha

കുടുംബാംഗങ്ങളുടെ പിന്തുണയെങ്ങനെ?

കുടുംബക്കാരൊക്കെ എന്നെ നോക്കി കണ്ടിരുന്നത് ഓവര്‍ എഡ്യുക്കേറ്റഡ് ആയിട്ടായിരുന്നു. മിക്ക കുടുംബത്തിലെയും പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന അതേ പ്രശ്‌നം തന്നെ. പഠിച്ചിട്ട് എന്തിനാണെന്നും അടുക്കളയില്‍ കഴിയേണ്ടതല്ലെയെന്നുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരുപാട് കുടംബക്കാര്‍ക്കിടെയില്‍ നിന്നാണ് ഞാന്‍ മുന്നേറിയത്. പലര്‍ക്കും പുച്ഛമായിരുന്നു.  സംഘര്‍ഷഭരിതമായ കാലം. അതുകൊണ്ടു തന്നെ കുടുംബത്തില്‍ നടക്കാറള്ള  വിവാഹ ചടങ്ങുകളിലൊന്നും  പങ്കെടുക്കാറുണ്ടായിരുന്നില്ല.  ഇതൊന്നുമല്ല  തനിക്ക് സന്തോഷം തരുന്നതെന്ന ചിന്ത അന്നേയുണ്ടായിരുന്നു. വിവാഹം ചെയ്യാന്‍ വേണ്ടിയിട്ടോ, കുട്ടികളെ ഉണ്ടാക്കാന്‍ വേണ്ടിയിട്ടോയുള്ളതല്ല തന്റെ ജീവിതമെന്ന് എനിക്ക് അന്നേ തിരിച്ചറിവുണ്ടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. പുറത്തേക്ക് അപേക്ഷ അയക്കുമ്പോള്‍ പലരില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വന്നു. ഒരു കൊല്ലത്തെ നടപടി ക്രമങ്ങളാണ് കേംബ്രിഡ്ജിലേക്കുള്ള തിരഞ്ഞെടുപ്പിന്. ഒക്ടോബര്‍ നവംബറിലാണ് അപേക്ഷ അയക്കേണ്ടത്. മാഞ്ചസ്റ്ററിലും കിട്ടിയിരുന്നു. പക്ഷെ കേംബ്രിഡ്ജ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പ്രവേശനം ലഭിച്ചപ്പോള്‍ തനിക്കത് സ്വപ്‌നസാഫല്യം തന്നെയായിരുന്നു. ഗസ്റ്റ് അധ്യാപികയൊക്കെയായി കഴിഞ്ഞിരുന്ന സമയത്ത് അവിടെ നിന്ന് കുട്ടുകള്‍ ചോദിക്കുമായിരുന്നു. എന്താവാനാണ് ആഗ്രഹമെന്ന്. കേംബ്രിഡ്ജില്‍ ഒരു സന്ദര്‍ശകയെങ്കിലും ആവണമെന്നായിരുന്നു അന്ന് ഞാന്‍ മറുപടി നല്‍കിയത്. അവിടെ ഗവേഷകയായി പ്രവേശനം തന്നെ ലഭിച്ചതോടെ ആയിരം ജന്മത്തിലുള്ള സ്വപ്‌നമാണ് നടന്നത്.

നേട്ടങ്ങള്‍ക്ക് പിന്നില്‍ എന്താണ് രഹസ്യം?
 
കേംബ്രിജില്‍ എത്തിപ്പെട്ടത് കൊണ്ടുമാത്രമല്ല എനിക്ക് ഇതൊന്നും നേടാനായത്. നമ്പര്‍ വണ്‍ യൂണിവേഴ്‌സിറ്റിയില്‍ കിട്ടയാല്‍ എല്ലാമായി എന്ന ധാരണയാണ് പലര്‍ക്കും. നേട്ടങ്ങളെല്ലാം ഉണ്ടാവാന്‍ കാരണം കഠിനമായ അധ്വാനവും, അതിന് വേണ്ടിയുള്ള പരിശ്രമവും കൊണ്ടാണ്. ആദ്യം വേണ്ടത് പഠിക്കാനുള്ള താല്‍പര്യവും അതിന് വേണ്ടിയുള്ള സമര്‍പ്പണവുമാണ്. നമ്മള്‍ എന്താണെന്ന തിരിച്ചറിവുണ്ടാക്കുക. മെഡിസിന്‍, എന്‍ജിനിയറിംഗ്, മാനേജ്‌മെന്റ്, ഐ.എ.സ് ഇതിനപ്പുറത്തേക്കുള്ള ലോകത്തേക്ക് നോക്കൂ. ഏത് മേഖലയിലാണ് പഠിക്കാന്‍ കഴിയുക എന്ന് തിരിച്ചറിഞ്ഞ്  അതിനായി പ്രവര്‍ത്തികയാണ് ചെയ്യേണ്ടത്. കഷ്ടപ്പാടുകള്‍ ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നത് യാഥാര്‍ഥ്യമാണ്.  കേരളത്തിനപ്പുറം ലോകമില്ലെന്ന ചിന്താഗതിക്കരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അങ്ങനെയുള്ള നമ്മുടെ ചിന്താഗതി  മാറണം. ആദ്യം സ്വയം മാറിച്ചിന്തിക്കേണ്ടത് ഓരോ വിദ്യാര്‍ഥിയുമാണ്. അച്ഛനും, അമ്മയും സമ്മതിക്കില്ലെന്ന് പറഞ്ഞ് എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് ആദ്യം ഒഴിവാക്കണം. എന്റെ സ്വപ്‌നം എങ്ങനെ നേടിയെടുക്കാനാകുമെന്ന് ചിന്തിക്കുകയും അതിനായുള്ള വഴിവെട്ടുകയുമാണ് വേണ്ടത്. കേംബ്രിഡ്ജിലും മാഞ്ചസ്റ്ററിലുമെല്ലാം കേരളത്തില്‍ നിന്നും നമുക്ക് ഒരു പാട് വ്യക്തികള കാണാന്‍ കഴിയണം. ഒരു നികിത ഹരിക്ക് മാത്രം പറ്റിയ കാര്യമൊന്നുമല്ലിത്.  നമുക്ക് പാരിസ്ഥികമായോ, സാമൂഹികമായോ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു പ്രശ്‌നവുമില്ല. എന്നിട്ടും കേംബ്രിഡ്ജ് പോലുള്ളിയിടങ്ങളില്‍ എത്തിച്ചേരുന്നത് ഒന്നോ രണ്ടോ കുട്ടികളാണ്. 

മറക്കാനാവാത്ത അനുഭവങ്ങള്‍?
കേംബ്രിഡ്ജ് സ്വപ്‌നം മാത്രമായിരുന്ന എനിക്ക് അത് യാഥാര്‍ഥ്യമായ നിമിഷം തന്നെയാണ് ഏറ്റവും മറക്കാനാവാത്ത അനുഭവം. ലണ്ടനില്‍ വിമാനമിറങ്ങി അവിടെ നിന്നും ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഞാനെന്റെ വന്ന വഴിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ആ നിമിഷത്തെ എങ്ങനെ തരണം ചെയ്തുവെന്നത് എനിക്ക് ഇപ്പോഴും ഓര്‍മയില്ല.  

ലോകത്തെ മികച്ച അമ്പത് എന്‍ജിനിയറിംഗ് വനിതകളുടെ പട്ടികയില്‍ വന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടമായി തോന്നിയത്. ഇപ്പോള്‍ ഇതാ സ്വപ്‌നതുല്യമായ യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയിരിക്കുന്നു. അതും അത്ഭുതം തന്നെ. ബക്കിംഗ് ഹാം പലസില്‍ ലഭിച്ച പ്രത്യേക ക്ഷണം. മാധ്യമങ്ങളില്‍ മാത്രം കണ്ടിരുന്ന രാജകുമാരിയെയും രാജകുമാരനെയുമെല്ലാം കാണാന്‍ അവസരം ലഭിച്ചതും അവരോട് സംവദിക്കാന്‍ കഴിഞ്ഞതും. ഇതൊക്കെ തന്നെയാണ് ഏറ്റവും വലുത്. കഠിനമായ പരിശ്രമം തന്നെയാണ് വിജയത്തിന്റെ രഹസ്യം. ചുരുക്കി പറഞ്ഞാല്‍ വടകരയില്‍ നിന്നും കേംബ്രിഡ്ജ് വരെയുള്ള എന്റെ യാത്ര സങ്കടവും, ദുഖവും, നിരാശയും നിറഞ്ഞതായിരുന്നു. എങ്കിലും ഒരു കാര്യം നേടണമെന്ന് മനസ്സിലുറപ്പിച്ച് പോരാട്ടം തുടങ്ങിയാല്‍ ജീവിതം അത് നമുക്ക് സമ്മാനിക്കുമെന്ന് തന്നെയാണ് എന്റെ അനുഭവം.  

പഠനത്തിന് ലിംഗഭേദമുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

പഠനം ജോലി എന്നിവയ്‌ക്കൊന്നും ലിംഗ ഭേദം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. വിവാഹം, വിട്ടുജോലി എന്നിവ മാത്രമാണ് സ്ത്രീ എന്ന ചിന്തയുടെ കാലമൊക്കെ മാറണം. ഇത് കേരളത്തിന്റെ മാത്രമല്ല ആഗോളപരമായ പ്രശ്‌നമാണ്. ഇതില്‍ നിന്നൊക്കെ നമ്മള്‍ മാറേണ്ടതുണ്ട്. പെട്ടെന്ന് പുറത്ത് വരിക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും കേരളം പോലുള്ളയിടങ്ങില്‍ മാറ്റമുണ്ടാവാന്‍ ഏറെ സമയം പിടിക്കുമെന്നത് യാഥാര്‍ഥ്യമാണ്.

ഒരു ഗവേഷക വിദ്യാര്‍ഥി എന്നതിലപ്പുറം സാമൂഹിക പ്രസക്തിയുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ മുന്‍പന്തിയിലും നികിതയുണ്ട് അതെക്കുറിച്ച്?

സഹോദരന്‍ അര്‍ജുന്‍ ഹരിയുമായി ചേര്‍ന്നാണ് ഫെബാലി വൂഡി എന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോഴിക്കോട് തുടക്കമിട്ടത്. വിദ്യാര്‍ഥികളുടെ യഥാര്‍ഥ കഴിവ് എവിടെയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന എഡ്യൂവൂഡിയെന്ന സോഫ്റ്റ്‌വെയര്‍ സംരഭമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്‍ജിനിയറിംഗ്, മാനേജ്‌മെന്റ്, മെഡിസിന്‍ എന്നിവയ്ക്കപ്പുറമുള്ള ജോലിസാധ്യയെക്കുറിച്ച് എഡ്യൂവൂഡി വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും അറിവ് പകരുന്നു അവരെ ബോധവാന്‍മാരാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സു(നിര്‍മിത ബുദ്ധി)മായി ബന്ധിപ്പിച്ചാണ് ഇത് നടത്തപ്പെടുന്നത്.

ഡിജിറ്റല്‍ സാക്ഷരത എല്ലാവരിലും എത്തിക്കുക എന്നതാണ് ഫെബാലി കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വയനാട്ടില്‍ വെച്ച് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യ ഡിജിറ്റല്‍ യുഗത്തിലേക്ക് അതിവേഗം വളരുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പ്രധാനമായും വയനാട് പോലുള്ള സ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ അതൊന്നും പൂര്‍ണമായി എത്തിയിട്ടില്ല. അത്തരക്കാരില്‍ ഡിജിറ്റല്‍ സാക്ഷരതയുണ്ടാക്കുക എന്നതാണ് ഫെബാലിയുടെ പ്രധാന ലക്ഷ്യം.

പെണ്‍കുട്ടികളോട് എന്തെങ്കിലും പറയാനുണ്ടോ?
വിവാഹവും കുട്ടികളെയുണ്ടാക്കലും മാത്രമല്ല ഒരു പെണ്‍കുട്ടിയുടെ കടമയെന്നത് തന്നെയാണ് ആദ്യം പറയാനുള്ളത്‌. തന്റെ സ്വപ്‌നത്തെക്കുറിച്ചുള്ള ചിന്തയില്‍ ഉറച്ച് നില്‍ക്കുക,  തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഒന്നും തടസ്സമില്ലെന്ന വിശ്വാസമുണ്ടാക്കുക. എന്റെ വിധി എന്റെ തീരുമാനമാണെന്ന് ചിന്തിച്ച്  സ്വപ്‌നങ്ങള്‍ക്ക് ചിറക് വെച്ച് പറക്കാന്‍ തയ്യാറാവുക. ജീവിതം അത് വലിയ സമ്മാനമായി തിരിച്ച് നല്‍കുക തന്നെ ചെയ്യും.