ലോകമാകെ മാറി കേട്ടോ, നിങ്ങളൊക്കെ മാറ് കേട്ടോ, മുടിയിലല്ല മനസ്സിലാണ്, കാര്യമെന്ന് ഓര്‍ക്ക് കേട്ടോ.. കോട്ടയംകാരി ശില്‍പ സൂസന്‍ തയ്യാറാക്കി മുടിറാപ്പിലെ വരികള്‍ സോഷ്യല്‍ മീഡിയയില്‍ മുടി പോലെ പടരുകയാണ്. നീളമുള്ള മുടി വെട്ടിയൊതുക്കി നടന്നപ്പോള്‍ കേട്ട പഴികളെ കൂട്ടിച്ചേര്‍ത്ത് അതിനുള്ള മറുപടിയായാണ് ശില്‍പ റാപ്പ് തയ്യാറാക്കിയിരിക്കുന്നത്. നേരംപോക്കിനെന്നോണം 30 മിനുട്ട് കൊണ്ട് തട്ടിക്കൂട്ടിയ റാപ്പ് സോങ് ഹിറ്റായിപ്പോയ അമ്പരപ്പിലാണ് ശില്‍പ. മുടിറാപ്പ് വന്ന വഴികളെ കുറിച്ച് ശില്‍പ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പെണ്‍ റാപ്പില്‍ നിന്നും പ്രചോദനം കൊണ്ട മുടിറാപ്പ്
ഇന്ദുലേഖ വാര്യരുടെ പെണ്‍റാപ്പിന് ലഭിച്ച സപ്പോര്‍ട്ട് കണ്ടിട്ടാണ് റാപ്പ് സോങുകളും മലയാളികള്‍ക്ക് ഇഷ്ടമാണെന്ന് മനസ്സിലാവുന്നത്. എന്നാല്‍പ്പിന്നെ അത് മുടിയെക്കുറിച്ച് തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ 30 മിനുട്ട് കൊണ്ട് എഴുതിത്തീര്‍ത്ത വരികളാണ് മുടിറാപ്പിലുള്ളത്. കൂട്ടുകാരെ കേള്‍പ്പിച്ചപ്പോള്‍ ഫുള്‍ സപ്പോര്‍ട്ട്. പിന്നെ ഫ്രീ ബാക്ക് ഗ്രൗണ്ട് ബീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തു, അനിയത്തിയെക്കൊണ്ട് മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്തു, മൊബൈലില്‍ എഡിറ്റ് ചെയ്തു, പോസ്റ്റ് ചെയ്തു. പിന്നെ എല്ലാം കയ്യില്‍ നിന്നും പോയ പോലെ ആയിരുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആരൊക്കയോ ഷെയര്‍ ചെയ്യുന്നു, ഒരുപാട് പേര് നല്ലത് പറയുന്നു, അഭിനന്ദിക്കുന്നു, ഇത് സ്വന്തം കഥയാണെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ മെസേജ് ചെയ്യുന്നു.. വീഡിയോ ഹിറ്റായി എന്നറിഞ്ഞതില്‍ സന്തോഷം.
പ്രതിഷേധത്തില്‍ മുടിമുറിച്ചതല്ല, മുടികൊഴിച്ചലാണ് പ്രശ്‌നം
നാല് വര്‍ഷം മുന്‍പാണ് ഞാന്‍ മുടിമുറിച്ചത്. മുടികൊഴിച്ചലും പ്രശ്‌നങ്ങളും വന്നപ്പോള്‍ പോയി മുടിമുറിച്ചു എന്നതാണ് യഥാര്‍ഥ കാരണം. വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഇല്ല, എന്നാല്‍ ആളുകള്‍ ഇതിനോട് പലരീതിയിലാണ് പ്രതികരിക്കുന്നത്, കാന്‍സര്‍ ആയതുകൊണ്ടാണോ മുടിമുറിച്ചത് ലെസ്ബിയനാണോ ഡ്രഗ്‌സ് ഉപയോഗിക്കുന്നുണ്ടോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ഞാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിങ് ആണ് പഠിക്കുന്നത്. അതിന്റെ ഇന്റേണ്‍ഷിപ്പിനായി ബെംഗളൂരുവിലേക്ക് പോയിരുന്നു. പിന്നെ ആള്‍ക്കാര്‍ക്ക് പറയാന്‍ കാരണങ്ങളുടെ എണ്ണം കൂടി. അതിനിടെയാണ് ഇന്ദുലേഖയുടെ പെണ്‍റാപ്പ് കാണുന്നതും അതില്‍ നിന്നും പ്രചോദനം കൊണ്ട് മുടിറാപ്പ് എഴുതിയതും.
വീഡിയോ ഒരുപാട് ഷെയര്‍ ചെയ്ത് പോയപ്പോള്‍ പലരും പലരീതിയില്‍ അതിനെ വ്യാഖ്യാനിച്ചുകണ്ടു. ഞാന്‍ ആരോടുമുള്ള പ്രതിഷേധം കൊണ്ടോ ആക്ടിവിസം കൊണ്ടോ ഒന്നും മുടിമുറിച്ചതല്ല. മുടിക്ക് പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എന്റെ സൗകര്യത്തിന് വേണ്ടി മുറിച്ചു. അത്രയേ ഉള്ളൂ. പിന്നെ ഞാന്‍ മുടിമുറിച്ചപ്പോള്‍ എനിക്ക് കിട്ടിയ പലതരം കമന്റ്‌സ് കൂട്ടിച്ചേര്‍ത്താണ് റാപ്പ് ഉണ്ടാക്കിയത്. മുടിമുറിക്കുന്നവര്‍ പോക്ക് കേസാണെന്ന് പോലും പലരും പറയാറുണ്ട്. എന്നാല്‍ അത് അങ്ങനെയൊന്നും അല്ലെന്ന് ആള്‍ക്കാര്‍ക്ക് പറഞ്ഞുകൊടുക്കണം, അതാണ് ഉദ്ദേശം.
റാപ്പ് ഉറപ്പിച്ചു, തുടരും
റാപ്പിനോട് എപ്പോഴും താല്‍പര്യമുണ്ട്. അത്തരം വീഡിയോകളും പാട്ടുകളുമാണ് എപ്പോഴും കേള്‍ക്കുന്നതും കാണുന്നതും പാടിനടക്കുന്നതും. ഇനിയും ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുമ്പോള്‍ റാപ്പ് വീഡിയോ ചെയ്യും. പക്ഷെ പാളിപ്പോയാല്‍ ഇപ്പോള്‍ മുടിറാപ്പ് പൊക്കിനടക്കുന്നവര്‍ തന്നെ വിമര്‍ശിക്കുമെന്നും ഉറപ്പാണ്. അതുകൊണ്ട് നല്ലത് തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.
Content Highlights: Mudirap Viral Video Shilpa Susan Jacob