വ്യത്യസ്തമായ ഡൂഡിലുകളും കാര്‍ട്ടൂണുകളും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് കുറച്ച് യുവ കലാകാരന്മാരുടെ കൂട്ടായ്മയായ ഫഞ്ചര്‍ ഷോപ്പ്. പഴയ ഹിറ്റ് സിനിമാ ഡയലോഗുകളും ബോധവത്കരണങ്ങളുമൊക്കെയായി കലയിലൂടെ ആളുകളുടെ മനസിലെ പഞ്ചറൊട്ടിക്കുകയാണ് ഫഞ്ചര്‍ ഷോപ്പിന് പിന്നിലെ 'ഡൂഡില്‍ മുനിമാര്‍'. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, മുതലാളി ഒരു ചെറ്റയാണ്, അമ്പടി ജിന്‍ജിനാക്കടി, പവനായി ശവമായി തുടങ്ങിയ ഹിറ്റ് സിനിമാ സംഭാഷണ ശകലങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഇതെല്ലാം നമ്മുടെ ഓരോത്തരുടെയും നിത്യജീവിതത്തിന്റെയും സൗഹൃദങ്ങളുടെയുമൊക്കെ ഭാഗമാണ്. ഈ സ്‌നേഹമാണ് ഫഞ്ചറിനെയും പെട്ടെന്ന് ആളുകള്‍ക്കിടയില്‍ സ്റ്റാറാക്കിയതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. 

ഒരു ചേയ്ഞ്ച് വേണമെന്ന് നോക്കി ഇരിക്കുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ അരോഷ് തേവടത്തില്‍ എന്ന ഡൂഡില്‍ മുനിക്ക് മുമ്പില്‍ മഹര്‍ഷി പ്രത്യക്ഷപ്പെടുന്നത്. മഹര്‍ഷിയിലൂടെ ഡിസൈനറായ സുരേഷ് രാമകൃഷ്ണന്‍ എന്ന വരം ലഭിച്ചു. പിന്നെ സംഭവിച്ചതെല്ലാം ആര്‍ട്ടിന്റെ ക്രാഫ്റ്റാണ്. ഡീസൈനര്‍ ടീ-ഷര്‍ട്ടുകളും ടീ മഗ്ഗുകളും മുതല്‍ കഫെകളിലെ വാള്‍ ആര്‍ട്ടുകള്‍ വരെ ഇവരുടെ കയ്യില്‍ ഭദ്രമാണ്. ഫഞ്ചര്‍ ഷോപ്പിന്റെ പഞ്ചറല്ലാത്ത വിശേഷങ്ങള്‍ പങ്കുവെച്ച് സഹസ്ഥാപകനും ചീഫ് ഇല്ലസ്‌ട്രേറ്ററുമായ അരോഷ് തേവടത്തില്‍...

ഇതിന്റെയെല്ലാം തുടക്കം

2016-ല്‍ ബെഗളൂരുവിലെ ഓഗില്‍വി എന്ന പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന സമയത്താണ് മഹര്‍ഷി എന്ന പൊതുസുഹൃത്ത് വഴി സുരേഷ് രാമകൃഷ്ണനെ പരിചയപ്പെടുന്നത്. ബ്രാന്‍ഡിങ്, ഇന്റീരിയര്‍ തുടങ്ങിയവ ചെയ്യുന്ന ഒരു ഡിസൈന്‍ സ്റ്റൂഡിയോ നടത്തുകയാണ് അന്ന് അദ്ദേഹം. സമ്മാനം നല്‍കാനും മറ്റും സാധിക്കുന്ന ഡിസൈനര്‍ ടീ-ഷര്‍ട്ട്, പോസ്റ്ററുകള്‍, ടീ മഗ്ഗുകള്‍, നോട്ട്ബുക്ക്, ക്ലോക്ക്, ബാഡ്ജ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഒരു വ്യത്യസ്തമായ ബ്രാന്‍ഡ് തുടങ്ങാം എന്ന ആശയം അദ്ദേഹമാണ് ആദ്യമായി പറഞ്ഞത്. അതിന്റെ സാധ്യതയെന്ന് പറയുന്നത് വളരെ വിശാലമാണ്. രണ്ടാമത് ഒന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ അദ്ദേഹത്തിനൊപ്പം കൂടുകയായിരുന്നു. അങ്ങനെയാണ് ഫഞ്ചര്‍ ഷോപ്പുണ്ടായത്. അത് എനിക്ക് തുറന്നു തന്നത് നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാന്നുള്ള ഒരു അവസരമാണ്.

Funcher Shop

അധികം ആലോചിക്കാതെയാണ് എല്ലാം തുടങ്ങിയത്. കാരണം ഇത് വളരെ ആവേശവും ആശ്ചര്യങ്ങളും നിറഞ്ഞ യാത്രയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. 'നിങ്ങള്‍ ആത്മാര്‍ഥമായി എന്തെങ്കിലും ആഗ്രഹിച്ചാല്‍, ഈ പ്രപഞ്ചം മുഴുവന്‍ അതിനായി നിങ്ങള്‍ക്കൊപ്പം നില്‍ക്കും', എന്ന പൗലോ കൈലോയുടെ വാചകത്തിലാണ് ഞങ്ങള്‍ വിശ്വസിച്ചത്. ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതാണ് ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത്.

ഫഞ്ചര്‍ ഷോപ്പ് എന്ന പേരിന് പിന്നില്‍

കേട്ടാല്‍ തമാശപോലെ തോന്നിക്കുന്ന, എന്നാല്‍ കഴമ്പുള്ള പക്ഷേ അധികം ഗൗരവമല്ലാത്ത ഒരു പേരാണ് ഞങ്ങള്‍ ആലോചിച്ചത്. ഈ പഞ്ചര്‍ ഒട്ടിക്കുന്ന കടകളുടെ മുന്‍പില്‍ ഒരു ടയറിലോ ട്യൂബിലോ കടയുടെ പേര് എന്നെങ്കിലും കൃത്യമായി എഴുതി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരക്ഷരമെങ്കിലും അവര്‍ തെറ്റിച്ചായിരിക്കും അതിലെഴുതുക. അവരില്‍ നിന്നാണ് ഞങ്ങളുടെ ബ്രാന്‍ഡിന്റെ പേരിനുള്ള പ്രചോദനം കിട്ടിയത്.

തുടക്കത്തില്‍ ഞങ്ങള്‍ ഒരു ടയറില്‍ പേരും ബന്ധപ്പെടാനുള്ള നമ്പറും എഴുതിയാണ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അത് ശരിക്കും പഞ്ചറൊട്ടിക്കുന്ന കടയാണെന്ന് കരുതി വിളികള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് അതില്‍ നിന്നും നമ്പര്‍ മാറ്റി 'ഫില്ലിങ് ഹാപ്പിനെസ്' എന്നാക്കിയത്.

ഫഞ്ചര്‍ ഷോപ്പിന് പിന്നിലെ കൈകള്‍

ആറ് പേരടങ്ങുന്ന ഒരു കൊച്ചു സന്തുഷ്ട കുടുംബമാണ് ഞങ്ങളുടേത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഞങ്ങളുടെ സ്റ്റൂഡിയോ. സ്ഥാപകന്‍ സുരേഷ് രാമകൃഷ്ണയാണ് ഞങ്ങളുടെ കപ്പിത്താന്‍. ഒപ്പം ഇല്ലസ്‌ട്രേറ്റര്‍ സിനു രാജേന്ദ്രന്‍, കോപ്പി റൈറ്ററായി അര്‍ജുന്‍ കൊടോത്ത്, അക്കൗണ്ട്‌സും ഫിനാന്‍സും കൈകാര്യം ചെയ്ത് സൊണാലി സെന്‍ഗുപ്ത പിന്നെ ഞങ്ങള്‍ സ്‌നേഹത്തോടെ രമണന്‍ എന്ന് വിളിക്കുന്ന ഗ്രാഫിക് ഡിസൈനര്‍ അര്‍ജുനുമാണ് മറ്റു ടീമംഗങ്ങള്‍. 

Team Funcher Shop
അര്‍ജുന്‍, സൊണാലി, സുരേഷ്, അരോഷ്, സിനു എന്നിവര്‍

ചുറ്റുപാടില്‍ നിന്നെടുത്ത കഥാപാത്രങ്ങള്‍

എന്റെ ജീവിതവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍. കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സിനിമാ കഥാപാത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം കഥാപാത്രങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. 'ഡൂഡില്‍ മുനി' എന്ന എന്റെ ഇന്‍സ്റ്റ പ്രൊഫൈലിലൂടെ അത് പങ്കുവെയ്ക്കാറുമുണ്ട്.

സിനിമാഭ്രാന്തനും ആനയെവെല്ലുന്ന ഓര്‍മ്മശക്തിയുമുള്ള ഒരു സഹപ്രവര്‍ത്തകനുള്ളപ്പോള്‍ പിന്നെ വേറെയെന്തുവേണം. അര്‍ജുന്‍ കൊടോത്താണ് ആ മഹാന്‍, അദ്ദേഹവുമായി ഇരുന്നാണ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ പലപ്പോഴും തീരുമാനിക്കുന്നത്.

സിനിമയെകൂടാതെ പ്രളയം, നിപാ തുടങ്ങിയവയും വിഷയമാക്കി നിറയെ പോസ്റ്ററുകള്‍ ചെയ്തിട്ടുണ്ട്

Funcher Shop

സമൂഹ പ്രതിബദ്ധത, ബോധവത്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടു ചെയ്ത മിക്ക വര്‍ക്കുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2018-ല്‍ കേരളത്തില്‍ സര്‍വനാശം വിതച്ച പ്രളയത്തിനിടയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്ത ഒരു പോസ്റ്റര്‍ വലിയ ഹിറ്റായിരുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയെ ഹെലികോപ്റ്ററിലേക്ക് കയറ്റുന്നതായിരുന്നു അത്.

അതുപോലെ തന്നെ നിപാ വൈറസ്, വ്യാജ വാര്‍ത്തകളുടെ പ്രചാരണം, കല്ലട ട്രാവല്‍സ് വിഷയം, അഭിനന്ദന്‍ വര്‍ത്തമാന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചെയ്ത വര്‍ക്കുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. കാഴ്ചക്കാരില്‍ നിന്നുള്ള നല്ല പ്രതികരണങ്ങള്‍ തന്നെയാണ് വീണ്ടും ചെയ്യാനുള്ള ഊര്‍ജവും പ്രചോദനവും.

Funcher Shop

 

കോവിഡ്-19-മായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

ജോലിക്കിടയില്‍ വഴിയോരത്ത് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു പോലീസുദ്യോഗസ്ഥന്റെ ഫോട്ടോ കാണാനിടയായി. വളരെ ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ഇതിനെ അടിസ്ഥാനമാക്കിയാണ് 'ഓള്‍ ഫോര്‍ അസ്' എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഒരു ഇലസ്‌ട്രേഷന്‍ ചെയ്തത്. നിരവധി പേരാണ് അതിനോട് പ്രതികരിച്ചത്. അതില്‍ ഭൂരിഭാഗവും ഐ.പി.എസ്. ഉദ്യോഗസ്ഥരായിരുന്നു കാരണം അതിലെ സന്ദേശം അത്രയും ആഴമേറിയതായിരുന്നു. ഇതേ രീതിയില്‍ 'ദ് ലിവിങ് ഗോഡ്‌സ്', 'ഹെല്‍പ് ദ് നീഡി സൈലന്റ്‌ലി' എന്ന പേരില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയും പോസ്റ്ററുകള്‍ ചെയ്തു.

Funcher Shop

കോവിഡ്-19-ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തികളെയും വിഭാഗങ്ങളെയും അണിചേര്‍ത്ത് ഈയടുത്ത് ചെയ്ത കേരളത്തിന്റെ ഒരു ഭൂപടമാണ് ഞങ്ങളുടെ അവസാനമായി വൈറലായ പോസ്റ്റ്. വിഷുവിനോടനുബന്ധിച്ചാണ് ആ പോസ്റ്റര്‍ ചെയ്യുന്നത്. അതിന് കിട്ടിയ പ്രതികരണങ്ങള്‍ ഞങ്ങള്‍ വിചാരിച്ചതിലും വലുതായിരുന്നു. അത് ഇപ്പോഴും പലയിടത്തും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

Funcher Shop

ബാക്കി ചെയ്യുന്നതെല്ലാം നര്‍മ്മ നിറഞ്ഞ സാധനങ്ങളാണ്. കൂടുതലും കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത്. എന്റെ വ്യക്തിഗത പ്രൊഫൈലായ ഡൂഡില്‍ മുനിയിലാണ് കൂടുതലായി അത് പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോള്‍ ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് 'സൂപ്പര്‍ഹീറോ സീരിസ്' ആണ്. സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ഐയണ്‍ മാന്‍, കാപ്റ്റന്‍ അമേരിക്ക എന്നിവരാണ് ഇതില്‍പ്പെടുന്നത്. ഇവരുടെ ലോക്ക്ഡൗണ്‍ സ്ഥിതികളാണ് കാണിക്കാന്‍ ഉദ്ദേശിക്കുന്നത്. കാരണം നര്‍മ്മവും ചിരിയുമാണ് ഈ അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ആവശ്യം. അത് അവരെ മറ്റുചിന്തകളില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

Funcher Shop

ഈ ലോക്ക്ഡൗണ്‍ കാലം ഏതെങ്കിലും രീതിയില്‍ പേജിനെ ബാധിച്ചിട്ടുണ്ടോ

ഞങ്ങളുള്‍പ്പെടെ എല്ലാവരിലും ഈ സമയം ഭയവും അനിശ്ചിതത്വവും നിറച്ചിരിക്കുകയാണ്. അത് ഞങ്ങളുടെ ജോലിയെയും ബാധിച്ചിട്ടുണ്ട് കാരണം ഓണ്‍ലൈന്‍ വഴിയുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ബോധവത്കരണ പോസ്റ്റുകളിലൂടെ ആളുകളില്‍ എത്താന്‍ പറ്റുന്നുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്.

സാധനങ്ങള്‍ വില്‍ക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഈ ആര്‍ട്ട് വര്‍ക്കുകള്‍ എത്രത്തോളം സഹായിച്ചു?

എന്റെ കലയിലൂടെ സമൂഹത്തിന് നല്ല സന്ദേശം നല്‍കാന്‍ കഴിയുന്നുണ്ടെന്നത് വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അതിലൂടെ ഫഞ്ചര്‍ ഷോപ്പും ഡൂഡില്‍ മുനിയെയും ആളുകള്‍ അറിയാന്‍ തുടങ്ങി. എന്റെ മേലധികാരികളില്‍ നിന്നും മറ്റും എനിക്ക് നല്ല പ്രചോദനവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു അനുഭവമാണ്.

ശരിയാണ്, ഈ ഡിസൈനിങ്ങിലൂടെ വെബ്‌സൈറ്റിലെ ട്രാഫിക്കും അതുപോലെ വില്‍പനയും കൂട്ടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പക്ഷേ എന്തിരുന്നാലും അതിന്റെ സഹജമായ വളര്‍ച്ചയില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍, അതാണ് ശരി. ഞങ്ങളുടെ സാധനങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെട്ട് മേടിക്കുകയും വീണ്ടും അത് അന്വേഷിച്ചു വരികയും ചെയ്യുന്നതിലാണ് ഞങ്ങളുടെ സന്തോഷം.

ഈ മേഖലയില്‍ എത്രത്തോളം മത്സരമുണ്ട്

ആരോഗ്യപരമായ മത്സരങ്ങള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. കാരണം മത്സരമില്ലെങ്കില്‍ വളരാന്‍ സാധിക്കില്ല. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ഇപ്പോള്‍ നിലവിലുണ്ട്. അതില്‍ ചിലര്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുമാണ്. പക്ഷേ ഡിസൈനേഴ്‌സിനെ സംബദ്ധിച്ചിടത്തോളം പരസ്പരം മത്സരമല്ല പകരം പഠിക്കാനുള്ള മനോഭാവമാണ് പ്രധാനം. സ്വന്തം വര്‍ക്ക് പരമാവധി മികച്ചതാക്കുക, മറ്റുള്ളവരില്‍ നിന്നും പഠിക്കുക, യഥാര്‍ഥ്യത്തോടെ പ്രവര്‍ത്തിക്കുക. 

ഞങ്ങള്‍ സ്വയം വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ചെയ്യുന്ന ജോലിയില്‍ ആത്മവിശ്വാസമുണ്ട്, ഞങ്ങള്‍ പിന്തുടരുന്ന രീതിയും വ്യത്യസ്തമാണ്. ഞങ്ങളുടെ പക്കല്‍ വളരെ കഴിവുറ്റ ഒരു കൂട്ടമുണ്ട്. പിന്നെ ഇതുവരെ ഞങ്ങളെ വിശ്വസിച്ച് കൂടെനിന്ന എല്ലാവരോടും ഒത്തിരി നന്ദിയും സ്‌നേഹവും മാത്രമാണ്.

കേരളത്തിലെ മൂന്ന് ജില്ലകളുടെ ഡൂഡിലുകള്‍ ചെയ്തിട്ടുണ്ട്. ബാക്കി ഉടനെയുണ്ടോ

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയുടെ ഡൂഡിലുകളാണ് ഞങ്ങള്‍ ചെയ്തത്. തൃശ്ശൂരും കോട്ടയവും ചെയ്തുകൊണ്ടിരിക്കുന്നു. ഉടനെ ആളുകളില്‍ എത്തിക്കും.

Funcher Shop

ഇത് ശരിക്കും ആളുകള്‍ക്ക് ഒരു ഗൃഹാതുരത്വം നല്‍കും ജീവിതത്തില്‍ എന്തെങ്കിലും അര്‍ഥം കൊണ്ടുവരാന്‍ സഹായിക്കും. സമൂഹത്തിനോട് അടുപ്പിച്ച് നിര്‍ത്തുന്നതുവഴി സ്വയം മുന്നോട്ട് പോകാനുള്ള ആഗ്രഹവും വര്‍ധിക്കും.

സിനിമയിലേക്കുള്ള കടന്നുവരവ്... കുഞ്ഞെല്‍ദോയാണോ ആദ്യ സിനിമ

സിനിമാ പോസ്റ്ററുകള്‍ ചെയ്യുന്ന മേഖലയില്‍ ആദ്യത്തേതാണ് 'കുഞ്ഞെല്‍ദോ'. മാത്തുക്കുട്ടി ചേട്ടനും ഞാനും പരസ്പരം വലിയ ആരാധകരാണ്. കുറേ നാളുകളായിട്ടുള്ള പരിചയമാണ്. അദ്ദേഹം സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും അതിന്റെ പോസ്റ്റര്‍ ഡിസൈനിങ് ഞങ്ങള്‍ ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതില്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിപ്പിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന്റെ ജോലികള്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ളതില്‍ കുഞ്ഞെല്‍ദോ ടീം സന്തുഷ്ടരാണെന്നാണ് വിശ്വസിക്കുന്നത്.

Funcher Shop

അരങ്ങേറ്റ സംവിധായകനുമൊത്തുള്ള അനുഭവം

മാത്തുക്കുട്ടി ചേട്ടനുമൊത്തുള്ള അനുഭവം വളരെ രസകരവും അതുപോലെ ആശ്വാസകരവുമാണ്. അദ്ദേഹത്തിന് ഞങ്ങളിലുള്ള വിശ്വാസമാണ് ജോലി എളുപ്പമാക്കിയത്. ഇതൊരു കൊമേഴ്ഷ്യല്‍ പ്രോജക്ട് ആണെന്നോ അദ്ദേഹം ഞങ്ങളുടെ ക്ലൈന്റ് ആണെന്നോ ഇതുവരെ കരുതിയിട്ടില്ല. ഞങ്ങളും കുഞ്ഞെല്‍ദോ ടീമിന്റെ ഒരു ഭാഗമാണ്. ഈ സിനിമ വലിയ വിജയം നേടണമെന്ന് ഹൃദയംകൊണ്ട് ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്വന്തം മാത്തുക്കുട്ടി ചേട്ടനും മുഴുവന്‍ കുഞ്ഞെല്‍ദോ ടീമിനും ഞങ്ങളുടെ ആശംസകള്‍.

Content Highlights: Malayali startup Funcher Shop popular for creating art designs as campaign and awareness