രാഷ്ട്രീയപരമായി സ്വന്തം നിലപാട് വെട്ടിത്തുറന്ന് പറഞ്ഞ് കോമഡി ചെയ്യാന്‍ സക്കീര്‍ ഭായിക്ക് പറ്റുമോ? പറ്റില്ലായിരിക്കും. പക്ഷേ ആലപ്പുഴ സ്വദേശി ശ്രീകാന്തിന് പറ്റും. സ്ത്രീവിരുദ്ധത ഇല്ലാതെ ബോഡി ഷെയിമിങ്ങ് ഇല്ലാതെ ട്രാന്‍സ്‌ജെന്‍ഡേഴസിനെ കളിയാക്കാതെ രാഷ്ട്രീയം കോമഡിയിലൂടെ പറയുകയാണ് ഈ യുവാവ്.

ഇരുപത്തിയൊന്നാം വയസില്‍ കലാജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് പ്രവാസ ജീവീതം സ്വീകരിച്ചതാണ് ശ്രീകാന്ത് വെട്ടിയാര്‍. ബാധ്യതകള്‍ എല്ലാം തീര്‍ത്ത് തന്റെ പാഷന് പിറകേ പോവാന്‍ ഒരിക്കല്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതൊരു പാഴ് സ്വപ്‌നമാവും എന്ന സാഹചര്യത്തില്‍ രണ്ടും കല്‍പ്പിച്ച് ശ്രീകാന്ത് നാട്ടിലേക്ക് തിരിച്ചു. നിലയില്ലാത്ത കയത്തിലേക്ക് ഒരു ചാട്ടം എന്നാല്‍ ആ ചാട്ടം വെറുതെയായില്ല. തന്റെ സ്വപ്‌നത്തിലേക്ക് നിലപാടുകള്‍ കൈവിടാതെ ഓടിയടുക്കകയാണ് യൂട്യൂബര്‍ ശ്രീകാന്ത്.

ചെറുപ്പം മുതലുള്ള ഇഷ്ടം

ചെറുപ്പം മുതല്‍ തന്നെ കോമഡി ചെയ്യാനും കോമഡി പരിപാടികള്‍ ഒരുക്കാനും വലിയ താല്‍പര്യമുണ്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിന്‍ വളരെ സജീവമായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പത്താം ക്ലാസായതോടെ എല്ലാം നിര്‍ത്തി, പിന്നീട് 21-ാം വയസില്‍ പ്രവാസ ജീവിതം തിരഞ്ഞെടുത്തു. മനസ് നിറച്ച് ഈ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. സാമ്പത്തിക ഭദ്രത നേടി നാട്ടില്‍ വന്ന് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാവാം എന്നായിരുന്നു കരുതിയത്. എന്നാല്‍ അവിടെ പോയി പ്രവാസം തീരുന്ന മട്ടില്ല. സൗദിയിലും ദുബായിലും കുറച്ച് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച് ഈ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. 

ശരിക്കും ഒന്നും നോക്കാതെ പാഷന് പിറകേ പോയി എന്ന് വേണം പറയാന്‍. കാരണം എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയല്ലായിരുന്നു. ചാനല്‍ രംഗത്ത് സജീവപ്രവര്‍ത്തകനായിരുന്ന ഒരു ഫെയ്സ്ബുക്ക് സുഹൃത്ത് എനിക്ക് വഴികാട്ടിയായി ഉണ്ടായിരുന്നു. പിന്നീട് ചാനല്‍ കോമഡി പരിപാടികളില്‍ കണ്ടന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ലോക്ഡൗണ്‍ എല്ലാം വന്ന സമയത്തായിരുന്നു എന്റേതായൊരു സ്വതന്ത്രമായ ഇടം വേണമെന്ന് തോന്നല്‍ വന്നത്. ആദ്യം ഫെയ്സ്ബുക്കില്‍ ശ്രീകാന്ത് വെട്ടിയാര്‍ എന്നൊരു പേജ് തുടങ്ങി പിന്നീട് യൂട്യൂബില്‍ ചാനലും തുടങ്ങിയിരുന്നു. കെ.ജി.എഫ് സ്പൂഫായിരുന്നു ശ്രദ്ധ നേടിയ ആദ്യകാല വീഡിയോ. 

മിഥുന്‍ മാനുവല്‍ എന്ന പ്രചോദനം

മിഥുന്‍ മാനുവല്‍ പറഞ്ഞ വാക്കുകളാണ് എനിക്ക് പ്രചോദനം ഇത് അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല. സി.പി.സി എന്ന് സിനിമാ ഗ്രൂപ്പിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ അദ്ദേഹം എത്തിയിരുന്നു. ''നിങ്ങളില്‍ പലരും സിനിമമോഹം കൊണ്ടു നടക്കുന്നവരായിരിക്കും. സമയമില്ല, സാധനമില്ല എന്നൊന്നും പറയരുത്. നിങ്ങളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടല്ലോ'' എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തില്‍ അതെന്നെ വല്ലാതെ മോട്ടിവേറ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ മാത്രം വെച്ചായിരുന്നു ആദ്യകാലത്ത് വീഡിയോ ചെയ്തിരുന്നത്. സുഹൃത്തുക്കളുടെ സഹായത്താലാണ് പിന്നീട് മൈക്ക്, ക്യാമറ എന്നിവ ലഭിച്ചത്. സുഹൃത്തകളാണ് എഡിറ്റിങ്ങ് ചെയ്ത് തരുന്നത്. ഞാന്‍ തന്നെ ഫോണ്‍ ഓണാക്കി ഞാന്‍ തന്നെ മുന്നില്‍ നിന്ന് അഭിനയിക്കും ഇതാണ് തുടക്കം. വളരെ പതുക്കെയാണ് എന്റെ വീഡിയോകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്.

ഗള്‍ഫില്‍ നില്‍ക്കുമ്പോളാണ് വീട് പണി തുടങ്ങുന്നത്. മുഴുവനാക്കും മുന്‍പേ ഞാന്‍ ഇങ്ങോട്ട് വന്നു. അത് കൊണ്ട് തന്നെ വീട്ടില്‍ നിന്ന് വലിയ പിന്തുണ ഉണ്ടായിരുന്നില്ല. കാരണം അവര്‍ക്ക് എന്റെ ഐഡിയ വ്യക്തമായിരുന്നില്ല. ഇപ്പോഴാണ് അവര്‍ക്ക് കാര്യം മനസിലായത്. ഇപ്പോഴും എന്റെ വീട് പണി പൂര്‍ത്തിയായിട്ടില്ല. പക്ഷേ സന്തോഷം എന്നൊരു സംഭവം ഉണ്ടല്ലോ പൈസ എത്ര കിട്ടിയാലും സന്തോഷമില്ലെങ്കില്‍ പോയില്ലേ

വെല്ലുവിളികള്‍

എന്റെ നിലപാട് അറിയിക്കണം എന്ന് തോന്നുന്ന വിഷയങ്ങള്‍ വീഡിയോയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാറുണ്ട്. ഇതോടൊപ്പം സാധാരണ കോമഡി വീഡിയോകളും ഇടാറുണ്ട്. ആദ്യകാലത്ത് പൊളിറ്റിക്കലായുള്ള കോമഡി വീഡിയോകളാണ് കൂടുതലും ഇട്ടിരുന്നുത്. ആനുകാലിക സംഭവങ്ങള്‍ വിഷയമാക്കുമ്പോള്‍ സത്യസന്ധമായ സ്രോതസുകള്‍ വഴി വാര്‍ത്തകള്‍ വായിച്ച് മനസിലാക്കിയ ശേഷമേ ചെയ്യാറുള്ളു. പറഞ്ഞ് കേള്‍ക്കുന്നത് വെച്ച് വീഡിയോ ചെയ്യാറില്ല.

നമ്മുടെ ഒരു ജനാധിപത്യ രാജ്യമാണ്. എല്ലാവര്‍ക്കും രാഷ്ട്രീയം വേണം, രാഷ്ട്രീയമില്ലെന്ന് അഭിമാനത്തോടെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്റെ രാഷ്ട്രീയ വീഡിയോകള്‍ക്ക് താഴെ തെറി കമന്റുകള്‍ ഇടുമ്പോള്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ഹൈഡ് ചെയ്യാറുണ്ട്. പലതും ഞാന്‍ പ്രതികരിക്കാതെ വിടുകയാണ് ചെയ്യുക. നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ സ്വീകരിക്കാറുണ്ട്. എനിക്ക് എല്ലാം അറിയണം എന്നില്ലല്ലോ. നല്ലതിനെ സ്വീകരിക്കുക അല്ലാതെയുള്ളത് വിട്ടുകളയുക.

എന്റെ വീഡിയോകള്‍ എന്റെ നിലപാടുകളാണ്

പൊതുബോധത്തെ തൃപ്തിപ്പെടുത്തി കൊണ്ടുള്ള കോമഡിയാണ് ഇത്ര നാളും വന്നുകൊണ്ടിരുന്നത്. അതിനെ കോമഡിയെന്ന് പറയാന്‍ പറ്റുമോയെന്ന് എനിക്ക് അറിയില്ല. ഒരുതരത്തിലുള്ള അധിക്ഷേപമാണ് അതെല്ലാം. പലവിഭാഗത്തെയും അധിക്ഷേപിക്കുന്ന വീഡിയോ നമ്മള്‍ കാണാറില്ലേ. അതില്‍ നിന്നെല്ലാം മാറ്റം വേണമെന്ന് ഇത് തുടങ്ങുമ്പോള്‍ തന്നെ തീരുമാനം എടുത്തിരുന്നു. അതായിരുന്നു എന്റെ ലക്ഷ്യം. പൊളിക്കലി കറക്ടായ കോമഡി വീഡിയോ തയ്യാറാക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. ആദ്യമെല്ലാം ഇതെന്ത് കോമഡിയാണെന്ന് കമന്റുകള്‍ കാണാമായിരുന്നു. ഇതൊക്കെ കോമഡിയാണോ എടുത്ത് കൊണ്ട് പോ എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ ഇന്ന് എന്റെ ആശയം ഏറെ കുറെ വിജയമായെന്ന് വിശ്വസിക്കുന്നു

ഇഷ്ടപ്പെട്ട വീഡിയോ

ഞാന്‍ ചെയ്ത കെ.ജി.എഫാണ് ഇഷ്ടം എന്ന് എല്ലാവരും പറയും എന്നാല്‍ വീണ്ടും ചില രാഷ്ട്രീയ വിശേഷം എന്ന വീഡിയോയാണ് എനിക്ക് ഏറ്റവും ഇഷ്ടം. കെ.ജി.എഫാണ് ശ്രദ്ധ നേടി തന്നത്. അവസാനം ചെയ്ത നരന്‍ സ്പൂഫ് ഒരുപാട് ബുദ്ധിമുട്ടി എടുത്ത വീഡിയോയാണ്. ശരിക്കും ക്ഷിണിച്ചു പോയി. മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു.

ജനങ്ങള്‍ എന്റെ വീഡിയോസ് സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്.

എന്റെ പല വീഡിയോകള്‍ക്കും വ്യൂവ്സ്  കുറവാണ്. അങ്ങനെ കുറയുന്നത് ഞാന്‍ മൈന്‍ഡ് ആക്കാറില്ല. സത്യത്തില്‍ ഇതെന്റെ വിനയം കൊണ്ട് പറയുന്നതല്ല. പല കാര്യങ്ങള്‍ കൊണ്ടും രാഷ്ട്രീയ വീഡിയോകളോട് ആളുകള്‍ക്ക് ഒരു എതിര്‍പ്പുണ്ട്. രാഷ്ട്രീയം മോശമാണ് അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ മോശമാണെന്ന ചിന്ത പലര്‍ക്കമുണ്ട്. 

രാഷ്ട്രീയം പറയുന്നത് കൊണ്ടാണ് വീഡിയോകള്‍ക്ക് കാഴ്ച്ചകാരില്ലാത്തതെന്ന് പലരും പറയാറുണ്ട്. അതൊഴിവാക്കി സാധാരണ തമാശകള്‍ കൊണ്ടുവരാന്‍ പലരും നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ പോരല്ലോ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണ്. പതിയെ ജനങ്ങള്‍ എന്റെ വീഡിയോകള്‍ സ്വികരിക്കുമെന്നാണ് പ്രതീക്ഷ

പ്രതീക്ഷകള്‍

പൊളിറ്റിക്കൽ കറക്ട്നസോടെ വളരെ നല്ല വീഡിയോകള്‍ ചെയ്യണം. ടെക്നിക്കലി മെച്ചപ്പെടുത്തണം ഇതോടൊപ്പം ഇതിന്റെ ടെക്നിക്കല്‍ വശവും നന്നായി മനസിലാക്കണം. നല്ല സിനിമകളില്‍ അഭിനയിക്കണമെന്നാണ് മറ്റൊരു ആഗ്രഹം. ചില പ്രോജക്റ്റുകള്‍ വന്നതിന്റെ സന്തോഷവും ഇപ്പോഴുണ്ട്. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Content Highlights: Interview Youtuber Sreekanth vettiyar