ല്ലാവരുമറിയണം, ശ്യാംകുമാര്‍ എന്ന സന്നദ്ധപ്രവര്‍ത്തകനെ. ഏതു പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്യാംകുമാറിനെപ്പോലുള്ളവര്‍ മതിയെന്നും നമുക്ക് അതോടെ മനസ്സിലാകും. തിരുവനന്തപുരം എം.ജി.കോളേജിലെ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ഥിയാണ് ശ്യാംകുമാര്‍. മുറിച്ചുകളഞ്ഞ വലതുകാലിനുപകരം കൃത്രിമക്കാലുപയോഗിച്ചാണ് നടത്തം.

ശരീരത്തില്‍ ഡയാലിസിസിനാവശ്യമായ അഡാപ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ നിന്നും ശ്യാംകുമാറിനെ വിലക്കുന്നില്ല. പതിന്നാലു ശസ്ത്രക്രിയകള്‍ കഴിഞ്ഞ ഈ വിദ്യാര്‍ഥി തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ സെന്ററിലും വിമെന്‍സ് കോളേജിലെ സെന്ററിലും തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയായിരുന്നു, കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍.

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പേയാട് മൂങ്ങോട് സന്ധ്യാഭവനില്‍ കെ.ശ്രീകുമാറിന്റെയും സരളകുമാരിയുടേയും മകനായ ശ്യാംകുമാറിന്റെ സന്നദ്ധപ്രവര്‍ത്തനം നാടറിഞ്ഞത്. എന്നാല്‍ സഹായം നല്‍കേണ്ടിടത്തെല്ലാം താന്‍ ഉണ്ടാകുമെന്നാണ് ശ്യാംകുമാറിന്റെ പക്ഷം.

ശസ്ത്രക്രിയാ ബുദ്ധിമുട്ടുകള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താന്‍ കാരണമാകുന്നില്ലെന്നും ശ്യാംകുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കഴിഞ്ഞവര്‍ഷവും പ്രളയസമയത്ത് തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ സജീവമായിരുന്നു. ഇക്കുറിയും അതുപോലെ കഴിയുംവിധം എല്ലാവരെയും സഹായിക്കണം. അത്രയുമേ ആഗ്രഹിച്ചുള്ളൂവെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലെ സന്നദ്ധപ്രവര്‍ത്തകരുടെ സംഘടനയായ ഗ്രീന്‍ ആര്‍മിയിലെ സജീവ പ്രവര്‍ത്തകനായ ശ്യാംകുമാര്‍ പറഞ്ഞു.

ശ്യാമിന്റെ വലതുകാല്‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവര്‍ത്താനാകാതെ വന്നപ്പോള്‍ പത്താമത്തെ വയസ്സില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കി. ശ്യാമിന് മൂന്നു വൃക്കകളുണ്ട്. വലതുവശത്ത് രണ്ടുവൃക്കകള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയ്ക്കല്ല. മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരന്റെ മൂത്രസഞ്ചിയുടെ വലിപ്പമേയുള്ളു. അതിനാല്‍ വൃക്കകളില്‍നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോള്‍ മൂത്രം പുറത്തേക്കെടുക്കുന്നത്. ഇതിനോടകം പതിന്നാല് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിന്നാലും ശസ്ത്രക്രിയകള്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടിവന്നു. അച്ഛന്‍ ശ്രീകുമാര്‍ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളേജില്‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും-മന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.

ഇപ്പോള്‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാന്‍ ശ്യാമിനാകില്ല. കളക്ഷന്‍ സെന്ററില്‍ പായ്ക്കിങ്ങും കോ-ഓര്‍ഡിനേഷനുമായാണ് ശ്യാം ഓടിനടന്നത്. വെളുപ്പിന് രണ്ട് മണിക്കോ, മൂന്ന് മണിക്കോ ആയിരുന്നു വീട്ടിലേക്ക് പോയിരുന്നത്; ബ്ലാഡറിലെ മൂത്രം മാറ്റുന്നതിനായി. രാവിലെ പത്തുമണിയോടെ വീണ്ടും ക്യാമ്പിലെത്തിയിരുന്നുവെന്നും ശ്യാംകുമാര്‍ പറയുന്നു. നേരത്തെ സൈക്ലിങ്ങും ഫുട്ബോളും ചെയ്യുമായിരുന്നു ഈ വിദ്യാര്‍ഥി. എന്നാല്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ കാരണം ഇപ്പോള്‍ അതൊന്നും ചെയ്യാനാകുന്നില്ല. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാല്‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങള്‍ക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാമ്പില്‍ ഓടിനടന്നത്.

Content Highlights: Inspring young boy shyamkumar