'പത്തില്‍ തോറ്റു. പക്ഷേ അങ്ങനെ തോറ്റാല്‍ പറ്റില്ല. ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെങ്കില്‍ പത്ത് ജയിക്കണം. അങ്ങനെ തോറ്റ കണക്ക് വിഷയം വീണ്ടും സേ എഴുതി പാസ് ആയി. അപ്പോള്‍ പിന്നെ ഇനി പ്ലസ് വണ്‍ ന് പോകും എന്നായിരുന്നു എല്ലാവരും കരുതിയത്. ഇനി പഠിക്കുന്നില്ല. ജോലിക്ക് പോകണം. അമ്മയേയും മുത്തശിയേയും നോക്കണം'- മൂവാറ്റുപുഴ സ്വദേശിയായ അജിത്ത് പറയുന്നു.
പക്ഷേ അജിത്ത് പിന്നേയും പിന്നേയും പഠിക്കാന്‍ പോയി. അങ്ങനെ നിർത്തിയും പഠനം തുടർന്നും ഇപ്പോള്‍ മലയാള സര്‍വകലാശാലയില്‍നിന്നു ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് അജിത്ത്.
തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ജയിച്ചുമുന്നേറിയവൻ
മീന്‍വിറ്റും പാറമടയില്‍ പണിയെടുത്തും കപ്പലണ്ടി വിറ്റും ഓട്ടോറിക്ഷാ ഡ്രൈവറായും ഒടുവില്‍ ഡോക്ടറായും ജീവിതം കെട്ടിപ്പടുക്കുകയാണ് അജിത്ത്. തന്റെ കുഞ്ഞുനാളിലെ തന്നെ അച്ഛന് ഉപേക്ഷിച്ച് പോയതോടെ വി.പി.ശാന്ത എന്ന അജിത്തിന്റെ അമ്മയുടേയും അമ്മുമ്മയുടേയും തണലിലായിരുന്നു അജിത്ത് വളര്‍ന്നത്. കുട്ടിക്കാലത്ത് തന്നെ തനിക്കാകുന്ന വിധത്തിലുള്ള ജോലികളൊക്കെ അജിത്ത് ചെയ്തു.
മരം കയറാന്‍ ഇഷ്ടമായതുകൊണ്ട് എന്നെ എല്ലാവരും വിളിക്കുമായിരുന്നു. മരത്തില്‍ കയറാനല്ല, കൊമ്പിറക്കാന്‍.- അജിത്ത് പറയുന്നു.
പത്താംക്ലാസില്‍ കണക്കിന് തോറ്റ്, വീണ്ടും പരീക്ഷ എഴുതി പാസായി. പിന്നീട് അമ്മയേയും അമ്മൂമ്മയേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ജോലിക്ക് പോയി തുടങ്ങി. കരിങ്കല്ക്വാറിയിലേക്കായിരുന്നു ജോലിക്ക് പോയത്. പക്ഷേ മഴക്കാലമായാല്‍ പണികുറയും. അങ്ങനെ വീടിനടുത്ത് മീന്‍ വില്പന നടത്തുന്ന ഇക്കയോടൊപ്പം പോകുമായിരുന്നു. പൈങ്ങോട്ടൂര്‍ മാര്‍ക്കറ്റിലായിരുന്നു. അതിന് നേരെ എതിര്‍വശത്ത് ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ട്. ആ കുട്ടികളുടെ കളിയും ചിരിയുമൊക്കെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ വീണ്ടും പഴയതുപോലെ സൗഹൃദങ്ങളൊക്കെ പൊടി തട്ടിയെടുക്കണമെന്ന ചിന്തയോടെ പ്ലസ് ടു പൂര്‍ത്തിയാക്കി.- അപ്പോഴും പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. പഠനം മതിയാക്കി നേരെ പോയത് കരിങ്കല്‍ ക്വാറിയിലേക്കായിരുന്നു. അവിടെ ജോലി ചെയ്ത് ഒരു ബൈക്ക് വാങ്ങി. പക്ഷേ ബൈക്കില്‍ പോകാന്‍ എനിക്ക് മറ്റൊരിടം ഇല്ലായിരുന്നു. അങ്ങനെയാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്സിലേക്ക് പോകുന്നത്. കലാലയ രാഷ്ട്രീയത്തോടും സൗഹൃദത്തോടുമുണ്ടായിരുന്ന എന്റെ ആവേശമായിരുന്നു ആ ബൈക്കില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സിലേക്കുള്ള എന്റെ യാത്ര.
ഓട്ടോക്കാരന് അജിത്ത്
പഠനത്തിനും മറ്റ് ചെലവുകള്‍ക്കും പണം തികയാത്ത സാഹചര്യമുണ്ടായി. അങ്ങനെയാണ് വരുമാന മാര്‍ഗമായി ഓട്ടോയെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ ഡിഗ്രി അവസാന വര്‍ഷം ഫൈനാന്സിട്ട് ഒരു സെക്കന്‍ഹാന്‍ഡ് ഓട്ടോ വാങ്ങുകയായിരുന്നു.സഹപ്രവര്‍ത്തകരായ ഓട്ടോറിക്ഷാ തൊഴിലാളികളും സവാരിക്കാരും ഏറെ സഹായിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ വിളിച്ച് ബാക്കി പണം ബുക്ക് വാങ്ങാന്‍ തന്നും ദീര്‍ഘദൂര സവാരികള്‍ തന്ന് സഹപ്രവര്‍ത്തകരും ഒരുപാട് സഹായിച്ചിട്ടുണ്ട്.- അജിത്ത് പറയുന്നു.
സ്വന്തമായി പണിയെടുത്ത് സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി അഞ്ചല്‍പ്പെട്ടി കവലയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ എത്തിയ വ്യക്തിയാണ് അജിത്ത്. സാധാരണ ചെറുപ്പക്കാര്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ തളര്‍ന്നു പോകാറാണുള്ളത്. എന്നാല്‍ അജിത്ത് എല്ലാ പ്രതിസന്ധികളേയും തരണം ചെയ്താണ് ഇന്ന് ഒരു ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. അഞ്ചൽപ്പെട്ടി ഓട്ടോ സ്റ്റാൻഡിലെ അജിത്തിന്റെ സഹപ്രവർത്തകൻ എല്‍ദോസ് പറയുന്നത്.
അടുത്ത സുഹൃത്തായ രേഷ്മയുടെ നിര്‍ബന്ധ പ്രകാരമാണ് അജിത്ത് ബി.എഡ് കോഴ്സിന് ചേര്‍ന്നത്. അവിടെ വെച്ച് പ്രിയപ്പെട്ട ജോബി മാഷിന്റെ നിര്‍ബന്ധ പ്രകാരം പി.ജി.ക്കായി മലയാള സര്‍വകലാശാലയിലേക്കും പോകുകയായിരുന്നു.
ഉത്സവപ്പറമ്പില്‍ നിന്ന് നാടകഗാനങ്ങള്‍ കേട്ടു, ഒടുവില്‍ ആ നാടകഗാനങ്ങളില്‍ ഡോക്ടറേറ്റും
എന്നും പ്രിയപ്പെട്ടതായിരുന്നു നാടകഗാനങ്ങള്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കപ്പലണ്ടി വില്പ്പനക്കാരനായപ്പോഴാണ് അജിത്ത് ശരിക്കും ആ നാടകഗാനങ്ങളെ അടുത്തറിഞ്ഞത്. ഉത്സപ്പറമ്പില്‍ കപ്പലണ്ടി വില്‍പ്പനക്ക് ശേഷം നാടകം ആരംഭിക്കുമ്പോള്‍ ആ നാടകങ്ങള്‍ കാണുമായിരുന്നു. പക്ഷേ അന്ന് കണ്ടിരുന്ന നാടകങ്ങളിലെ ഗാനങ്ങളൊന്നും പിന്നീട് ഒരിടത്തും പാടി കേള്‍ക്കുകയോ ചര്‍ച്ചാ വിഷയമാകുകയോ ചെയ്തിരുന്നില്ല. എന്നാല്‍ പകരം 1950കളിലേയും 1960 കളിലേയും നാടകഗാനങ്ങളാണ് എന്നും ജനങ്ങള്‍ക്ക് പ്രിയമായിരുന്നത്. അങ്ങനെ എന്തായിരിക്കും അതിന്റെ കാരണമെന്ന അന്വേഷണത്തിനൊടുവിലാണ് ഗവേഷണ വിഷയമായ ജനപ്രിയ സംസ്കാരവും മലയാള നാടകഗാനങ്ങളും എന്ന വിഷയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ഇനി അസിസ്റ്റന്റ് പ്രൊഫസറാകണം
അസിസ്റ്റന്റ് പ്രൊഫസറാകണം എന്നാണ് അജിത്തിന്റെ ആഗ്രഹം. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നീക്കിവെക്കണമെന്നും അത് പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി നല്‍കണമെന്നുമാണ് അജിത്തിന്റെ ആഗ്രഹം.
Content Highlights: Inspiring story of ajith who struggle for live and study