പെന്‍സില്‍ മുനകളിലൂടെ ഫര്‍ഹാന്‍ തീര്‍ക്കുന്നത് സാമൂഹിക പ്രശ്‌നങ്ങളുടെ നേര്‍രൂപമാണ്. കല എന്നത് നിലപാടുകള്‍ വ്യക്തമാക്കാനുള്ള ശക്തമായ ഒരിടമാണെന്ന് വ്യക്തമാക്കുകയാണ് ഫര്‍ഹാന്‍ ഹമീദ്. ഖത്തറില്‍ മോഷന്‍ ഗ്രാഫിക്ക് ഡിസൈനറായ ഫര്‍ഹാന്‍ പെന്‍സില്‍ മുനയില്‍ തീര്‍ത്ത സേവ് ലക്ഷദ്വീപ് എന്ന രൂപം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. കര്‍ഷക സമരം, കോവിഡ്, പലസ്ഥീന്‍ പ്രശ്‌നം തുടങ്ങി നിരവധി വിഷയങ്ങള്‍ ഈ യുവാവിന്റെ പെന്‍സില്‍ മുനയില്‍ വിരിഞ്ഞിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങി പെന്‍സില്‍ പ്രേമം

ഖത്തറില്‍ ഒരു സ്വകാര്യ പരസ്യ ഏജന്‍സിയില്‍ മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനറാണ്. കോഴിക്കോട് ദേവര്‍കോവിലാണ് സ്വദേശം. 2017 - 2018 കാലയളവിലാണ് പെന്‍സില്‍ കാര്‍വിങ്ങ് ഗൗരവമായി ചെയ്ത് തുടങ്ങുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഒരു പെന്‍സില്‍ കാര്‍വിങ്ങ് കാണാന്‍ ഇടയായി. അങ്ങനെയാണ് ഈ സംഭവത്തെ കുറിച്ച് ശ്രദ്ധിച്ച് വരുന്നത്. പുതിയ കലാരൂപങ്ങള്‍ എല്ലാം മനസിലാക്കാന്‍ ശ്രമിക്കുന്നൊരു വ്യക്തിയാണ്. ഇതിന് മുന്‍പ് കാലിഗ്രാഫി, സക്രിബിളിംങ്ങ് എല്ലാം പഠിച്ചെടുത്തിരുന്നു. പെന്‍സില്‍ കാര്‍വിങ്ങ് കണ്ടപ്പോ ചെയ്യാന്‍ ആഗ്രഹം തോന്നി. പിന്നെ ഇതെങ്ങനെയാണ് ചെയ്യുകയെന്ന് മനസിലാക്കി. ഇതിന്റെ സാധനങ്ങള്‍ കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ പോയി സര്‍ജിക്കല്‍ ബ്ലേഡ്, സാധാരണ സൂചി, പെന്‍സിലുകള്‍ എന്നിവയാണ് ആദ്യം വാങ്ങിയതാണ്. ഏതാണ്ട് ഒരു പെട്ടി പെന്‍സില്‍ വെറുതെ പൊട്ടി തീര്‍ന്നു. 

ആദ്യ ശ്രമം വന്‍ പരാജയം

ആദ്യ ശ്രമം വന്‍ പരാജയമായിരുന്നു. പിന്നീട് രണ്ടാമത്തെ ആര്‍ട്ടാണ് ശരിക്കും ചെയ്യാനായി സാധിച്ചത്. ഐ ലൗ മൈ ഇന്ത്യ എന്നായിരുന്നു കൊത്തിയെടുത്തത്. മൂന്ന് ദിവസമെടുത്താണ് അത് തീര്‍ത്തത്. പിന്നെ ഒരു ഹാര്‍ട്ട് ഷെയ്പ്പിലുള്ളത് ചെയ്തു. പിന്നീട് പല തിരക്കുകള്‍ കൊണ്ടും പെന്‍സില്‍ കാര്‍വിങ്ങിനെ അവിടെ ഉപേക്ഷിച്ചു. ഏകദേശം മൂന്നാല് മാസത്തോളം യാതൊന്നും ചെയ്തില്ല. ഖത്തറില്‍ വന്നതിന് ശേഷമാണ് ഈ ആര്‍ട്ടില്‍ ശ്രദ്ധ ചെലുത്തുന്നത്.

Pencil

കലയിലൂടെ നിലപാട് വ്യക്തമാക്കണം

എല്ലാത്തരം ആര്‍ട്ടും ഇഷ്ടമാണ് അതാണ് ഇത്തരം ഒരു ആര്‍ട്ടിലേക്ക് വരാന്‍ കാണം. ആളുകള്‍ എന്റെ ആര്‍ട്ടുകള്‍ ശ്രദ്ധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഈ കല ചെയ്യുമ്പോള്‍ എനിക്ക് ലഭിക്കുന്ന സംതൃപ്തി അതാണ് പ്രധാനം. ഇപ്പോഴും ഞാന്‍ ഈ കല പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിലപാടുകള്‍ ഇതിലുടെ വ്യക്തമാക്കണം, എന്റെ ആര്‍ട്ടിലൂടെ സമൂഹത്തില്‍ ചിലര്‍ക്കങ്കിലും ചിന്തിക്കാന്‍ പറ്റണം, സാമൂഹിക പ്രശ്‌നങ്ങളില്‍ ഐകൃദാര്‍ഢ്യം അറിയിക്കാന്‍ എന്റെ കല ഉപയോഗപ്പെടുത്തണം ഇവയെല്ലാമാണ് എന്റെ ആഗ്രഹങ്ങള്‍. ഇനിയും എനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന ബോധമുണ്ട്.

Save lakshadweep

തമാശ ചിത്രത്തിന്റെ ടൈറ്റില്‍

സെലാവത്ത് ഫിദായി എന്നൊരു റഷ്യന്‍ ആര്‍ട്ടിസ്റ്റുണ്ട് അദ്ദേഹം പെന്‍സില്‍ കാര്‍വിങ്ങില്‍ അതിവിദഗ്ദനാണ്. ഐസ്‌ക്രിമിന്റെ ഒരു ആര്‍ട്ട് ചെയ്തിരുന്നു അത് അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്തു കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം നന്നായിരിക്കുന്നുവെന്ന് കമന്റ് ചെയ്തു. അദ്ദേഹത്തെ പോലൊരു വ്യക്തി എന്റെ വര്‍ക്കിനെ നല്ലതെന്ന് പറയുന്നത് വലിയ കാര്യമാണ്. വളരെയധികം സന്തോഷം തോന്നിയ നിമിഷമാണത്.

തമാശ എന്ന മലയാള ചിത്രത്തിന്റെ ടൈറ്റില്‍ പെന്‍സിലില്‍ ചെയ്തിരുന്നു. അത് വിനയ് ഫോര്‍ട്ട് അടക്കമുള്ള അണിയപ്രവര്‍ത്തകര്‍ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചിരുന്നു. അതൊക്കെ വളരെയധികം സന്തോഷം നല്‍കുന്നവയാണ്. 

സാമൂഹിക പ്രശ്‌നങ്ങളില്‍ നിലപാട് അറിയച്ചു കൊണ്ട് ചെയ്യുന്ന വര്‍ക്കുകളും നിരവധി പേര്‍ പങ്കുവെയ്ക്കാറുണ്ട്. സത്യത്തില്‍ നമ്മുടെ വര്‍ക്ക് അവര്‍ ഇഷ്ടപ്പെടുമ്പോഴാണല്ലോ  അവര്‍ പങ്കുെവയ്ക്കുന്നത് അത് തന്നെ വലിയ കാര്യമാണ്. പാലസതീന്‍ വിഷയം, ലക്ഷദ്വീപ് വിഷയം ഇവയെ ആസ്പദമാക്കി ചെയ്ത വര്‍ക്കുകള്‍ ശ്രദ്ധ ലഭിച്ചിരുന്നു

palesteene issue

ആശയമാണ് പ്രധാനം

കോണ്‍സപ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നത് തന്നെ വലിയൊരു പ്രവര്‍ത്തി തന്നെയാണ് അതിനെ ശേഷം അത് പെന്‍സിലിലേക്ക് പകര്‍ത്തുന്നു. വര്‍ക്കിനനുസരിച്ച് ചെയ്യാനെടുക്കുന്ന സമയവും മാറി വരും. ലക്ഷദ്വീപ് പ്രശ്‌നം വന്നപ്പോള്‍ തന്നെ ഇത്തരം ഒരു ആശയം ചിന്തിച്ചിരുന്നു. വളരെ മിനിമലായി എത്രത്തോളം മനോഹരമായി ചെയ്യാന്‍ പറ്റുമെന്നതിലാണ് ശ്രദ്ധിക്കുന്നത്. ആ പെന്‍സില്‍ മുനയില്‍ ചെയ്യുകയും വേണം ആളുകള്‍ക്ക് മനസിലാവുകയും വേണം. 

Farmers protest

ചില സമയത്ത് ആ ചിന്ത മനസിലിട്ട് കൊണ്ട് നടക്കുമ്പോള്‍ ഐഡിയകള്‍ ഇങ്ങനെ വരും. ഒരു മണിക്കൂറെടുത്താണ് സേവ് ലക്ഷദ്വീപ് ചെയ്തത്. ഡിജിറ്റല്‍ കളറിങ്ങാണ് ഉപയോഗിക്കുന്നത്. അതിന് ഏകദേശം ഒരുമണിക്കൂര്‍ എടുത്തു.

എക്‌സിബിഷന്‍ എന്ന സ്വപ്നം

നാട്ടിലും ഖത്തറിലും പെന്‍സില്‍ കാര്‍വിങ്ങിന്റെ  ഒരു എക്‌സിബിഷന്‍ നടത്തണമെന്നുണ്ട്. നമ്മുടെ പൈത്യകത്തില്‍ ഊന്നിയുള്ള കണ്‍സെപ്റ്റാണ് മനസ്സില്‍. പെന്‍സില്‍ കാര്‍വിങ്ങില്‍ എന്തെങ്കിലും റെക്കോഡ് ഉണ്ടാക്കണമെന്നുണ്ട്. നടക്കുമോ എന്നറിയില്ലോ. ആഗ്രഹിക്കുന്നതിനും അതിന് വേണ്ടി പരിശ്രമിക്കാനും നമുക്ക് സാധിക്കുമല്ലോ. കുന്നോളം ആഗ്രഹിച്ചാലെ കുന്നികുരുവോളം ലഭിക്കുകയുള്ളു.

പൊളിറ്റിക്കലി എന്റെ ആര്‍ട്ടിനെ ഉപയോഗിച്ചത് കൊണ്ടാണ് ആളുകള്‍ ശ്രദ്ധിച്ചതെന്ന് തോന്നുന്നു. സാമൂഹിക വിഷയത്തില്‍ ഊന്നി കൊണ്ട് തന്നെ മുന്നോട്ട് പോവാനാണ് ആഗ്രഹം.

Content Highlights: Farhan Hameed Pencil carving Artist