സ്വന്തമായി ഒരു ഐ.ടി. സ്ഥാപനം തുടങ്ങണമെന്ന മോഹവുമായി ജിജോ സണ്ണിയെന്ന ഇരുപതുകാരന്‍ കിന്‍ഫ്രയെ സമീപിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഒരു സ്ഥാപനംതുടങ്ങാന്‍ ഒരു ചെറിയ സൗകര്യം അതായിരുന്നു, ജിജോ തേടിയത്. പക്ഷേ, ഐ.ടി. സ്ഥാപനമൊന്നും നടത്തിപരിചയമില്ലാത്ത മീശപോലും കുരുക്കാത്ത പയ്യന്‍ ഐ.ടി. കമ്പനിതുടങ്ങുകയോ എന്ന നെറ്റിചുളിക്കല്‍കണ്ട് നിരാശനായി ഇറങ്ങിപ്പോന്ന യുവാവ് ബുള്ളറ്റ് നിര്‍ത്തിവരുന്ന വഴിക്ക് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ വെറുതെ ഒന്ന് കയറിനോക്കി. തന്റെ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരണം. കോഴിക്കോട്ടെ മറ്റ് ഐ.ടി. സംരംകരുടെ കൂടെ പിന്തുണയും കിട്ടിയതോടെ അവിടെ ഏതാനും ജീവനക്കാരുമായി മിനി മലിസ്റ്റര്‍ എന്ന സ്വപ്നത്തിന് തുടക്കമിട്ടു. അത് ബിസിനസ് പാര്‍ക്കില്‍നിന്ന് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലേക്കും അവിടെനിന്ന് വളര്‍ന്ന്   യു.കെ.യിലേക്കും എത്തിയിരിക്കുകയാണ്. 

പഠനമുപേക്ഷിച്ച് കമ്പനി ഉടമയിലേക്ക്
രണ്ടാംവര്‍ഷ ബി.എസ്സി. സൈക്കോളജി പഠിക്കുന്നതിനിടെയാണ് ഐ.ടി.കമ്പനിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ രണ്ടാംവര്‍ഷം പഠനം ഉപേക്ഷിച്ച് ഇറങ്ങിയത്. വളരെ ചെറുപ്പംമുതലേ ബ്ലോഗറാണ് ജിജോ. ഇതിനൊപ്പം ഓണ്‍ലൈന്‍വഴി പല ചെറിയ ബിസിനസുകളും നടത്തി അതില്‍നിന്ന് കിട്ടിയ തുകവെച്ചാണ് സ്ഥാപനം തുടങ്ങിയത്. കോഴ്സ് പൂര്‍ത്തിയാക്കാതെ കോളേജില്‍ നിന്നിറങ്ങുന്നത് വലിയ റിസ്‌ക് ആയിരിക്കാം. പക്ഷേ, സ്ഥാപനം തുടങ്ങി വിജയിക്കുമെന്ന ഉറച്ചവിശ്വാസമുണ്ടായിരുന്നുവെന്ന് ജിജോ പറയുന്നു.  

കമ്പനിതുടങ്ങാനുള്ള പണമായപ്പോള്‍ തന്നെ ഇനിയും പഠിക്കാനായി ഒരുവര്‍ഷം ചെലവഴിക്കുന്നത്  അബദ്ധമായിരിക്കുമെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെയാണ് കോഴ്സ് പൂര്‍ത്തിയാക്കാതെ ധൈര്യത്തോടെ  ഇറങ്ങിപ്പോന്നത്. പലരും ചോദിച്ചിരുന്നു ഒരു വര്‍ഷംകൂടെയല്ലേ ഉള്ളൂ തുടര്‍ന്നുകൂടെ എന്ന്. പക്ഷേ, അതായിരുന്നു കറക്ട് സമയമെന്ന് തോന്നി. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. അമ്മ മേരി നന്നായി സപ്പോര്‍ട്ട് ചെയ്തു. അന്നെടുത്ത തീരുമാനം തെറ്റായില്ലെന്ന് കാലം തെളിയെച്ചെന്ന് ജിജോ സാക്ഷ്യപ്പെടുത്തി. ഐ.ടി. കമ്പനി തുടങ്ങാന്‍ ബി.ടെക്. പഠിച്ച് കംപ്യൂട്ടര്‍ എന്‍ജിനീയറാവണമെന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് ജിജോ പറയുന്നു.

ബി.ടെക്. ഉണ്ടെങ്കില്‍ കമ്പനി തുടങ്ങാന്‍ പറ്റില്ലെന്നാണ് എനിക്കു പറയുനുള്ളത്. കാരണം കംപ്യൂട്ടര്‍ ഭാഷ എത്രയോ മാറി. പക്ഷേ, പത്തുവര്‍ഷം മുന്‍പുള്ള കംപ്യൂട്ടര്‍ ഭാഷയാണ് ഇപ്പോഴും ബി.ടെക്കിനു പഠിപ്പിക്കുന്നത്. ഐ.ടി.രംഗം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതാണ്. അതിനൊപ്പം മാറാന്‍ കഴിയണം. ഞാന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഒന്നും പഠിച്ചിട്ടില്ല. എല്ലാം ഓണ്‍ലൈനായി സ്വയം പഠിച്ചെടുത്തതാണ്. വളരെ നേരത്തേ തന്നെ ഐ.ടിയില്‍ താത്പര്യമുണ്ടായിരുന്നു. 13-ാമത്തെ വയസ്സില്‍ ലോകത്തെ മികച്ച മൂന്നാമത്തെ യങ്ങര്‍ ബ്ലോഗര്‍ക്കുള്ള അവാര്‍ഡ്  ലഭിച്ചിട്ടുണ്ട്.  16-ാം വയസ്സില്‍ തന്നെ ഒരു കമ്പനിക്ക് തുടക്കമിട്ടിരുന്നു. അന്ന് എനിക്ക് പ്രായപൂര്‍ത്തി ആവാത്തതിനാല്‍ സഹോദരന്‍ സിംജോയുടെ പേരിലാണ് കമ്പനി തുടങ്ങിയത്. ബ്ലോഗുകളും യു-ടൂബ് ചാനലും വഴി ടെക്നോളജി കണ്ടന്റുകള്‍ നല്‍കുകയായിരുന്നു ചെയ്തിരുന്നത്. 


 2015 ഒക്ടോബറിലാണ് ഹൈലൈറ്റ് മാളിലെ ബിസിനസ് പാര്‍ക്കില്‍ മിനി മലിസ്റ്റര്‍ എന്ന സ്വപ്നത്തിന് തുടക്കമിട്ടു. ആദ്യം കുറച്ചുപേരുമായാണ് തുടക്കമെങ്കിലും ആറുമാസംകൊണ്ടുതന്നെ 20 ഐ.ടി. പ്രൊഫഷണലുകളുള്ള കമ്പനിയായി വളരുകയായിരുന്നു. ഇതിനിടെത്തന്നെ ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോേളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ഇളയ സഹോദരന്‍ ജോസഫ് സണ്ണിയും ഒപ്പംചേര്‍ന്നു. കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലേക്ക് മാറിയത്. 2016-ലാണ് ലണ്ടനില്‍ സ്ഥാപനം തുടങ്ങുന്നത്. അവിടെ അഞ്ചുപേര്‍ സ്ഥിരമായി  ജോലിചെയ്യുന്നുണ്ട്. അല്ലാതെ പാര്‍ട്ട് ടൈമായും ആളുകള്‍ ലണ്ടനില്‍ മിനി മലിസ്റ്ററിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ വലിയ മുന്‍പരിചയമൊന്നുമുണ്ടായിരുന്നില്ല. കേംബ്രിജിലെ വിദ്യാര്‍ഥിയും ഒരു കമ്പനിയുടെ സി.ഇ.ഒ.യുമായിരുന്ന മാധവന്‍ രാമകൃഷ്ണന്‍ എന്ന മലയാളിയുടെ സഹായത്തോടെയാണ് അവിടെ തുടക്കം കുറിച്ചത്. ഇതിനിടെ ഇംഗ്ലണ്ടില്‍ ഒരുവര്‍ഷം ബിസിനസ് സ്റ്റഡീസ് പഠിച്ചു. ഇതാണ് രാജ്യത്തിനു പുറത്തുള്ള ഏക ഉന്നത വിദ്യാഭ്യാസം.

തരംഗമായ ബൈ മി എ കോഫി
മിനി മലിസ്റ്ററിന്റെ ബൈ മി എ കോഫി എന്ന ഇന്റര്‍നെറ്റ് സര്‍വീസ് ഇപ്പോര്‍ വിദേശരാജ്യങ്ങളില്‍ തരംഗമായിരിക്കുകയാണ്. ആര്‍ട്ടിസ്റ്റുകള്‍, ബ്ലോഗര്‍മാര്‍, എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക്  ഓണ്‍ലൈന്‍ വഴി ഡൊണേഷന്‍ സ്വീകരിക്കാന്‍ ഉപയോഗ പ്രദമാണ് ബൈ മി എ കോഫി. ഇതില്‍ ഡൊണേഷന്‍ സ്വീകരിക്കുകയും തിരികെ ഗിഫ്റ്റുകള്‍ നല്‍കുകയും ചെയ്യാം. പതിനായിരത്തോളം പേര്‍ ഇതില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. 95 ശതമാനവും വിദേശികളാണ്. അതില്‍ കൂടുതലും അമേരിക്കയിലുള്ളവരാണ് ഇതുപയോഗിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ആക്ടിവിസ്റ്റായ വില്യം ലെഗേറ്റ് അമേരിക്കയില്‍ വ്യാപകമായി തോക്ക് ഉപയോഗിക്കുന്നതിനെതിരായ സമരത്തിന് ബൈ മി എ കോഫി വഴിയാണ് ഡൊണേഷന്‍ സ്വീകരിച്ചത്. ഒരുമണിക്കൂര്‍കൊണ്ട് 2500 ഡോളറാണ് ലെഗേറ്റ് ഇതുവഴി ശേഖരിച്ചത്. ഇതിന്  പ്രോഡക്ട് ഹണ്‍ട് പ്രോഡക്ട് ഓഫ് മന്‍ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ വെബ് ഡിസൈനേഴ്സിനുള്ള (വാട്ട് റണ്‍സസ്) what runs സോഫ്റ്റ്വേറും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വെബ്സൈറ്റ് ഉണ്ടാക്കിയത് എങ്ങനെയാണ്, ഏത് സോഫ്റ്റ്വേറിനെ അടിസ്ഥാനമാക്കിയാണ് വെബ്സൈറ്റ് നിര്‍മിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് വാട്ട് റണ്‍സ് ഉപയോഗിക്കുന്നത്. ഒരുലക്ഷം പേര്‍ ഇതുപയോഗിക്കുന്നുണ്ടെന്ന് ജിജോ സണ്ണി പറഞ്ഞു. കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ സണ്ണി ജോണിന്റെയും മേരിയുടെയും മകനാണ് ജിജോ.