യുദ്ധക്കെടുതികൾക്ക് സാധാരണ മനുഷ്യർ ഇരയാവുന്നതിന്റെ എക്കാലത്തെയും പ്രതീകമാണ് 1972-ലെ വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയുടെ നാപ്പാം ബോംബുവർഷത്തിൽ ശരീരമാകെ പൊള്ളലേറ്റ് ഭയന്ന് നിലവിളിച്ച് നഗ്നയായി ഓടുന്ന ഒൻപതുവയസ്സുള്ള കിം ഫുക്ക് എന്ന പെൺകുട്ടിയുടെ ചിത്രം. യുദ്ധത്തിന്റെ എല്ലാ ക്രൂരതകളും ആവാഹിച്ചെടുത്ത ഈ ദൃശ്യം പകർത്തിയ അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് അടുത്തിടെ കേരളത്തിൽ വന്നപ്പോൾ വിശ്വപ്രസിദ്ധമായ ആ ചിത്രം ഒരിക്കൽക്കൂടി മലയാളികളുടെ ഓർമയിലെത്തി. 


കണ്ണൂർജില്ലയിലെ ചില ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയക്കലിയുടെയും കണ്ണില്ലാത്ത ക്രൗര്യത്തിെന്റയും പ്രതീകമായിരുന്നു അഷ്‌ന എന്ന പെൺകുട്ടി. നിരവധിപേർ കൊല്ലപ്പെടുകയും അതിലിരട്ടിപ്പേർ വികലാംഗരാവുകയും ജീവിക്കുന്ന രക്തസാക്ഷികളാവുകയുംചെയ്ത അക്രമപരമ്പരകളിൽ ഒരു കൊച്ചുപെൺകുട്ടി ഇരയാവുന്നത് ആദ്യമായിരുന്നു. 18 വർഷം മുമ്പ്, 2000 സെപ്റ്റംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുദിവസം പാട്യം പഞ്ചായത്ത് ചെറുവാഞ്ചേരിയിലെ പൂവത്തൂർ എൽ.പി. സ്കൂളിനുസമീപത്തെ വീടിനുനേരെ നടന്ന ബോംബേറിൽ വലതുകാൽ അറ്റുപോയ പെൺകുട്ടി. മനസ്സാക്ഷിയുള്ളവരുടെ മുഴുവൻ നൊമ്പരമായിരുന്ന അന്നത്തെ അഞ്ചുവയസ്സുകാരി ഇപ്പോൾ ദൈന്യതയുടെ പ്രതീകമല്ല.

കരുത്തിന്റെയും നിശ്ചയദാർഢ്യത്തിെന്റയും പ്രതീകമായ യുവ ഡോക്ടറാണ്. മാർച്ച് 24-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പാസായി. ഒരു വർഷത്തെ ഹൗസ് സർജൻസി കഴിഞ്ഞാൽ ആതുരസേവനത്തിനിറങ്ങും. കോൺഗ്രസ് കുടുംബത്തിലെ അംഗമാണ് അഷ്‌ന. തിരഞ്ഞെടുപ്പുദിവസം വീടിനുനേരെ ഒരുപറ്റം രാഷ്ട്രീയക്രിമിനലുകൾ നടത്തിയ ബോംബേറിൽ മുറ്റത്ത്‌ കളിക്കുകയായിരുന്ന അഷ്‌നയുടെ വലതുകാൽമുട്ടിന്‌ താഴെയുള്ള ഭാഗം അറ്റ് തെറിച്ചുപോയി. ആ ആക്രമണത്തിൽ  അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനും പരിക്കേറ്റു.

ഈ കേസിൽ ജില്ലാകോടതി ശിക്ഷിച്ചവരിൽ ഒരാൾ കൂടുതൽ സുരക്ഷിതമായ ലാവണംതേടി പാർട്ടിക്കളം മാറ്റിച്ചവിട്ടി. ഒരു കൊലക്കേസ് പ്രതികൂടിയായിരുന്ന ഇദ്ദേഹമിപ്പോൾ ബ്ലോക്ക് പഞ്ചായത്ത് സാരഥിയാണ്. ഇദ്ദേഹത്തിന്റെ  ഭാര്യയായിരുന്നു അന്നുനടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥി. കൊലപാതകരാഷ്ട്രീയത്തിന്റെ നിരർഥകത ബോധ്യപ്പെടാൻ ഇക്കാര്യം മതി.

അസ്പത്രിയിൽ വേദനകൊണ്ട് അഷ്‌ന  നിലവിളിക്കുന്ന ശബ്ദത്തോടൊപ്പമായിരുന്നു ആ  വാർത്തകൾ അന്ന് സംപ്രഷണംചെയ്തിരുന്നത്. ആ വാർത്ത തുടങ്ങുമ്പോൾമാത്രം കറന്റുപോകുന്ന പ്രതിഭാസം കുറേനാൾ ഉണ്ടായിരുന്നു. അഷ്‌നയുടെ വേദനകൾ പങ്കിടാൻ എത്രയോ മനുഷ്യസ്നേഹികൾ മുന്നോട്ടുവന്നു. അവർ നൽകിയ സഹായങ്ങൾ ചേർത്തുവെച്ച് പാവപ്പെട്ട ആ കുടുംബം അഷ്‌നയുടെ പഠനത്തിനുള്ള മാർഗമൊരുക്കി.
നീണ്ട ആസ്പത്രിവാസത്തിനിടയിലാണ് അഷ്‌നയ്ക്ക് ഡോക്ടറാവാനുള്ള മോഹമുണ്ടാവുന്നത്. തന്റെ കൊടുംവേദനകളെ ശമിപ്പിക്കുന്ന മരുന്നുകൾ അവൾക്ക് ഇഷ്ടമായിരുന്നു; അതിന്റെ മണവും. എം.ബി.ബി.എസ്. ഫലം വന്നദിവസം അഷ്‌ന വീട്ടിലായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ഈ വിജയം ഗ്രാമോത്സവമായി ആഘോഷിച്ചു. അഷ്‌ന അന്വേഷണങ്ങളോട് ഇങ്ങനെ പ്രതികരിച്ചു...
 

ഡോക്ടറാവാനായിരുന്നോ ചെറുപ്പം മുതലേയുള്ള ആഗ്രഹം
 നീണ്ട ആസ്പത്രിവാസമാണ്  ഡോക്ടറാവണമെന്ന ആഗ്രഹം ഉടലെടുക്കാൻ കാരണം. ഞാൻ ഒന്നാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. രണ്ടരമാസത്തോളം എറണാകുളം സ്പെഷ്യാലിറ്റി ആസ്പത്രിയിലായിരുന്നു. അവിടത്തെ ഡോക്ടർമാരായ രാജപ്പൻ, ചെറിയാൻ, പി.ആർ.ഒ. രാജൻ എന്നിവരുടെയും സിസ്റ്റർമാരുടെയും സേവനം മറക്കാൻ കഴിയില്ല. അവരുമായി ഇപ്പോഴും ബന്ധമുണ്ട്. എന്റെ ജീവൻ രക്ഷിച്ചത് ഡോക്ടർമാരാണല്ലോ. ഡോക്ടറായാൽ എനിക്കും കുറേ ജീവൻ രക്ഷിക്കാൻ കഴിയുമല്ലോ എന്ന തോന്നൽ അപ്പോഴേ ഉണ്ടായി. അനുജൻ ആനന്ദും ഈ രംഗത്തുതന്നെയാണ്. ബി.എസ്‌സി. നഴ്‌സിങ്ങിന് പഠിക്കുന്നു.
 

 പിന്നീടുള്ള പഠനം എങ്ങനെയായിരുന്നു
 മൊകേരി രാജീവ്ഗാന്ധിസ്മാരക ഹൈസ്കൂളിലാണ് എസ്.എസ്.എൽ.സി. പഠിച്ചത്. മുഴുവൻ വിഷയങ്ങളിലും എപ്ലസ് ഉണ്ടായിരുന്നു. പ്ലസ്ടുവിന് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. 89 ശതമാനം മാർക്ക് കിട്ടി. പഠനത്തിൽ അധ്യാപകരുടെയെല്ലാം പ്രോത്സാഹനമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ ഫോറൻസിക്ക് മെഡിസിനിലെ ഡോ. സുജിത്തിന്റെ പിന്തുണയും പ്രോത്സാഹനവും മറക്കാൻ കഴിയില്ല.
 അന്നത്തെ സംഭവത്തെ എങ്ങനെയാണ് ഇപ്പോൾ ഓർക്കുന്നത്

 ആ കാര്യങ്ങൾ ഓർക്കാതിരിക്കാനാണ് ഇഷ്ടം. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുള്ള സമയത്ത് അപകടത്തിലും മറ്റും പരിക്കേറ്റ് വരുന്ന കുട്ടികളെ കാണുമ്പോൾ എനിക്ക് പഴയ കാര്യങ്ങൾ ഓർമവരും. എനിക്ക് കാര്യങ്ങളൊന്നും അന്ന് മനസ്സിലായിരുന്നില്ല. ഒരുപാടുപേർ സഹായത്തിനെത്തിയത് ഓർമയുണ്ട്. നാട്ടുകാരും പാർട്ടിക്കാരും സാമൂഹികപ്രവർത്തകരും അക്കൂട്ടത്തിലുണ്ട്. എല്ലാവരുടെയും സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. എന്നെ ഇന്നത്തെനിലയിൽ എത്തിച്ചതിൽ അവരോടെല്ലാം കടപ്പാടുണ്ട്. ആക്രമണങ്ങളെയൊന്നും രാഷ്ട്രീയമായി കാണുന്നില്ല. എല്ലാ ആക്രമണങ്ങളും മനുഷ്യത്വത്തിനെതിരായ ക്രൂരതകളാണ്. രാഷ്ട്രീയം നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കല്ലേ. എനിക്ക് ഒരു രാഷ്ട്രീയത്തിലും താത്‌പര്യമില്ല. രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമത്തിന് ഇപ്പോഴും കുറവൊന്നുമില്ലല്ലോ.