ബുള്ളറ്റിലും കാറിലും ബൈക്കിലും സൈക്കിളിലുമൊക്കെ ലോകം ചുറ്റി സഞ്ചരിക്കുന്നവര്‍ ഇന്ന് പുതുമയേറിയ കാഴ്ചയൊന്നുമല്ല. പക്ഷേ അപ്പൂപ്പന്റെ പഴയ ഹെര്‍ക്കുലിസ് സൈക്കിളിൽ അങ്ങ് ഹിമാലയം വരെ പോയാലോ...അത് കലക്കും. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ പാതയായ കര്‍ദുങ്ല പാസിലേക്ക് സൈക്കിള്‍ ചവിട്ടി കയറിയിരിക്കുകയാണ് അങ്കമാലിക്കാരനായ എവിന്‍ രാജു. യാത്രയിലെ ചെലവുകൾക്കായി ചെറിയ ജോലികൾ ചെയ്തും കാഴ്ചകൾ കണ്ടുമായിരുന്നു എട്ടുമാസം നീണ്ട എവിന്റെ യാത്ര. 

"എന്റെ വീട്ടിലുള്ള ഏക വാഹനം മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്തിരുന്ന അപ്പച്ചന്റെ ഹെര്‍ക്കുലിസ് സൈക്കിളാണ്. ടൗണിലേക്ക് പോകുന്നതും സിനിമക്ക് പോകുന്നതുമൊക്കെ അപ്പച്ചന്റെ ഈ സൈക്കിളിൽ തന്നെ. അപ്പോള്‍ എന്തുകൊണ്ട് സൈക്കിളില്‍ തന്നെ എന്റെ സ്വപ്ന യാത്രയും നടത്തിക്കൂട എന്ന് ചിന്തിക്കുകയായിരുന്നു. അപ്പച്ചനോട് ഹിമാലയൻ യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ 'പോടാ ചെക്കാ' എന്നായിരുന്നു കിട്ടിയ മറുപടി. എന്നാൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് അപ്പച്ചൻ വിശ്വസിച്ചത്."- എവിൻ പറയുന്നു. 

അങ്കമാലി ടു കര്‍ദുങ്ല പാസ്

ജനുവരി 27ന് പുലര്‍ച്ചയൊണ് എവിന്‍ തന്റെ അപ്പച്ചന്റെ ഹെര്‍ക്കുലിസ് സൈക്കിളില്‍ ഹിമാലയത്തിലേക്ക് യാത്ര തിരിക്കുന്നത്. പക്ഷേ യാത്രയുടെ ചെലവിന് വേണ്ടുന്ന പണം കൈയിലുണ്ടായിരുന്നില്ല. നാട്ടിലെ ഒരു സുഹൃത്തിന്റെ കൂടെ കാറ്ററിംങ് പോലെയുള്ള ചെറിയ ജോലികള്‍ക്ക് പോയി കിട്ടിയ പണം കൊണ്ടാണ് യാത്രക്കായൊരുങ്ങിത്. അങ്ങനെ ഏതാനും ജോഡി വസ്ത്രങ്ങളും സൈക്കിള്‍ പമ്പും മാത്രം കൈയില്‍ കരുതി എവിന്‍ യാത്ര തിരിച്ചു. 

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഢ്, ഒടുവില്‍ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ എത്തി. വെറുതേ പോവുകയല്ല കടന്നുപോയ ഈ സംസ്ഥാനങ്ങളിലെ പ്രധാനസ്ഥലങ്ങളായ വശിഷ്ഠ്, സൂററ്റ്, പോര്‍ബന്തര്‍, റാണ്‍ ഒഫ് കച്ച്, ജയ്പുര്‍, ഉദയ്പുര്‍, ജോധ്പുര്‍,പുഷ്‌കര്‍,ആഗ്ര, താജ്മഹല്‍, ഡൽഹിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ കണ്ടാണ് മണാലിയിലെത്തിയത്. സൈക്കിളിൽ യാത്ര ചെയ്യുക എന്നതായിരുന്നില്ല എവിന്റെ ആഗ്രഹം. പകരം ഈ സ്ഥലങ്ങളെല്ലാം കണ്ട് ആസ്വദിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ സൈക്കിൾ കൊണ്ട്പോകാൻ ബുദ്ധിമുട്ടുണ്ടായ സ്ഥലങ്ങളിലെല്ലാം സൈക്കിള്‍ ഒതുക്കി വെച്ച് പൊതുഗതാഗതം ഉപയോഗിച്ചു.

ചെറിയ തുക മാത്രമായിരുന്നു കൈയില്‍ കരുതിയിരുന്നത്. പക്ഷേ പിന്നീട് യാത്രക്കായി കരുതിയ പണം തീര്‍ന്നു. എന്നാൽ യാത്ര അവസാനിപ്പിക്കാൻ എവിന് കഴിയുമായിരുന്നില്ല. യാത്രയെകുറിച്ച് ഓരോ ഘട്ടങ്ങളെകുറിച്ചും പ്ലാൻ ചെയ്തിരുന്നതോടെ മുന്‍പേ പ്ലാന്‍ ചെയ്തതുപോലെ എന്തെങ്കിലും ചെറിയ ജോലി ചെയ്ത് പോകുകയായിരുന്നു. മണാലിയില്‍ കല്പണിക്കും വൈകുന്നേരങ്ങളില്‍ അവിടുത്തെ ധാബയില്‍ ജോലിക്കും പോയി. 

കൈയില്‍ കരുതിയിരുന്ന സ്ലീപ്പര്‍ ബാഗിലും ടെന്റിലുമായിരുന്നു യാത്രയിലുടനീളം എവിന്റെ താമസം. ഇടക്ക് ചില സുഹൃത്തുക്കളോടൊപ്പവും കൂടി.

എട്ടുമാസം നീണ്ട യാത്രക്കൊടുവിൽ സെപ്തംബർ 19 ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനസഞ്ചാരയോഗ്യമായ ഹിമാലയത്തിലെ കര്‍ദുങ്ലപാസിലെത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് 17,582 അടി ഉയരം. ഗിയറുകളുള്ള സ്പോര്‍ട്സ് സൈക്കിളുകളില്‍ മാത്രമേ ഇവിടെ മുന്‍പ് യാത്രികര്‍ എത്തിയിട്ടുള്ളു.

ആദ്യമായി സൈക്കിളില്‍ പോയത് ഊട്ടിയിലേക്കായിരുന്നു. സൈക്കിളിലെ യാത്രയെക്കുറിച്ച് നന്നായി പഠിക്കാനായിരുന്നു. ചെറിയ പ്രായം തൊട്ട് തന്നെ വിവിധ യാത്രകൾ നടത്തിയിട്ടുണ്ട്. പത്തോളം വരുന്ന സുഹൃത്തുക്കളും വീട്ടുകാർക്കും മാത്രേ എവിന്റെ യാത്രയെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ.  

സ്വപ്നയാത്ര, ലോകം കീഴടക്കിയ സന്തോഷം 

യാത്രയിലുടനീളം പലതരത്തിലുള്ള സാഹചര്യങ്ങൾ നേരിട്ടു. പക്ഷേ സൗത്ത്പുള്ളിലേക്കും അവിടെ നിന്ന് കര്‍ദുങ്ല പാസിലേക്കുമുള്ളതായിരുന്നു ഏറ്റവും ദുര്‍ഘടമായ യാത്ര. സൗത്ത് പുള്ളിലേക്ക് മൂന്ന് ദിവസം കൊണ്ട് എത്തണമെന്നതായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടെ മഞ്ഞ് വീഴ്ചയുണ്ടായി. "എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് മഞ്ഞ് വീഴ്ച കാണുന്നത്. പിന്നീട് അവിടെയുണ്ടായിരുന്ന പാറയിടുക്കില്‍ ടെന്റ് കെട്ടി താമസിച്ചു. സൗത്ത്പുള്‍ കഴിഞ്ഞുള്ള യാത്രയില്‍ ശ്വാസതടസം നേരിട്ടു. പിന്നീട് അതൊക്കെ ശരിയായി. പിന്നീട് മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കര്‍ദുങ്ല പാസിന് മുകളില്‍ പണിയുന്ന പാലത്തിന്റെ അടിയിലായി ടെന്റ് കെട്ടി താമസിച്ചു. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്തതാണ് അവിടെ കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും", എവിന്‍ പറയുന്നു.

നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ടാണ് എവിന്‍ യാത്ര തുടങ്ങിയത്. ഛണ്ഡീഗഡില്‍വെച്ച് കൈയില്‍ കരുതിയിരുന്ന പണവും ഭക്ഷണവും തീര്‍ന്ന സാഹചര്യമുണ്ടായി. പിന്നീടുണ്ടായ ഓരോ സാഹചര്യത്തിലും നിരവധിപേരാണ് സഹായിച്ചത്. "യാത്രക്കിടെ കൈയിൽ കാശില്ലാതെ വിശന്ന് വലഞ്ഞിരുന്ന എനിക്ക് ഛണ്ഡീഗഡിലെ ടോള്‍പ്ലാസയില്‍ വെച്ച് ഭക്ഷണം നല്‍കിയ സണ്‍ഫില്‍റ്റര്‍ വില്‍ക്കുന്നവർ, അജ്മീരില്‍ വെച്ച് വയറ് നിറയെ ഭക്ഷണം വാങ്ങി നല്‍കിയ മുറുക്കാന്‍ കടയിലെ ചേട്ടൻ, മണാലിയില്‍ സഹായം ചെയ്തു തന്ന സുഹൃത്ത് ഗവന്‍, കര്‍ദുംഗ്ളയിലെ മലയാളി പട്ടാളക്കാർ, ഇവരെയൊന്നും മറക്കാന്‍ കഴിയില്ല. ഡൽഹിയിൽവെച്ച് രണ്ട് തവണ ഫോൺ മോഷണം പോയി. അങ്ങനെയുള്ള സംഭവങ്ങളൊഴിച്ചാൽ ജീവിതത്തിലെ മനോഹരമായ സമയമായിരുന്നു."- എവിൻ പറയുന്നു. 

അങ്കമാലിക്കാരനും സൗദിയിൽ ജോലി ചെയ്യുന്ന പി.ഒ രാജുവിന്റെയും വീട്ടമ്മയായ മിനിയുടേയും മൂത്ത മകനാണ് എവിൻ. 

Content Highlights: angamaly to khardung la pass solo journey of Avin Raju