ഫ് ളാറ്റുകളില്‍ സിനിമ പിറക്കുന്ന ന്യൂജനറേഷന്‍ കാലത്ത് ആയിരം രൂപയ്ക്ക് വാടകയ്‌ക്കെടുത്ത വീട്ടില്‍ പിറന്ന സിനിമയുടെ കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്. കൊച്ചിയുടെ മടിത്തട്ടില്‍ കളിച്ചുവളര്‍ന്നവര്‍. ഫോര്‍ട്ടുകൊച്ചി ബീച്ചും ഗോശ്രീ പാലവും ജൂതത്തെരുവും മറൈന്‍ ഡ്രൈവുമൊക്കെ കളിമുറ്റമാക്കിയവര്‍. തങ്ങളുടെ ചുറ്റുമുള്ള നാടും നാട്ടുകാരും അവരുടെ കഥയും പറയുമ്പോള്‍ അവരോടൊപ്പമിരുന്നെഴുതണമെന്നതായിരുന്നു കൊച്ചുവീട്ടിലിരുന്നെഴുതാനുള്ള പ്രചോദനമെന്ന് പറയുകയാണ് എറണാകുളം നീറിക്കോട് സ്വദേശി ബിബിന്‍ ജോര്‍ജ്ജും കലൂര്‍ സ്വദേശി വിഷ്ണു ഉണ്ണികൃഷ്ണനും. വന്‍വിജയത്തിന്റെ അമ്പതുദിനങ്ങള്‍ പിന്നിടുന്ന 'അമര്‍ അക്ബര്‍ അന്തോണി'യുടെ തിരക്കഥാകൃത്തുക്കളാണിവര്‍. തങ്ങളുടെ ജീവിതം പറഞ്ഞ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന ഇവരുടെ ആദ്യസിനിമയുടെ വിശേഷങ്ങളിലൂടെ....

lampവിളക്കിന്റെ വെട്ടത്തില്‍ ആദ്യസിനിമ....

എറണാകുളത്ത് പനങ്ങാട് ഭാഗത്ത് വൈദ്യുതിപോലുമില്ലാത്ത ഒരു കുഞ്ഞുവീട്. സേതുവെന്ന സുഹൃത്തിന്റൈ ആ വീട് ആയിരം രൂപയ്ക്ക് വാടകയ്‌ക്കെടുത്താണ് വിളക്കിന്റെ വെട്ടത്തില്‍ ഇവര്‍ ആദ്യ സിനിമയുടെ കഥയെഴുതിയത്. 2011ലാണ് ഒരു സിനിമയ്ക്കായി കഥയെഴുതാനുള്ള ഇവരുടെ സ്വപ്‌നം ഉദിച്ചത്. തങ്ങളെഴുതി തങ്ങള്‍ തന്നെ അഭിനയിക്കുന്നൊരു ചിത്രം അതായിരുന്നു അഭിലാഷം. വിഷ്ണുവും ബിബിനും പിന്നെ അവരുടെ കൂട്ടുകാരന്‍ റിഥിനുമായിരുന്നു സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായിരുന്നത്. പക്ഷേ നാലുവര്‍ഷത്തിനുശേഷം 2015ല്‍  നാദിര്‍ഷയെ കണ്ടതോടെ കാര്യങ്ങളുടെ ഗതി മാറി. അതിനു നിമിത്തമായത് കലാഭവന്‍ ഷാജോണും. ജനപ്രിയതാരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സിനിമ പിറക്കുന്നതങ്ങനെയാണ്. മുമ്പെഴുതിയ കഥയുടെ തിരക്കഥ രണ്ടുമാസം കൊണ്ടു പൂര്‍ത്തിയാക്കി നല്‍കി. 

film reelസിനിമയുടെ ഐശ്വര്യങ്ങള്‍....

നാദിര്‍ഷയാണ് ഈ സിനിമയുടെ ഐശ്വര്യമെന്ന് ഇവര്‍ പറയും. ആദ്യമായി സിനിമയ്ക്കായി തിരക്കഥയെഴുതിയതിനാല്‍ ബിബിന്‍ പള്ളീലച്ചനെകൊണ്ട് വെഞ്ചിരിപ്പിച്ചു. വിഷ്ണു മുകാംബിക ക്ഷേത്രത്തിലും പൂജിച്ചു. ജൂണിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. എണ്‍പതോളം പേരുണ്ടായിരുന്ന ഷൂട്ടിങ്ങ് ക്രൂവിന് പക്ഷേ മഴ ഒരു പ്രശ്‌നമേ ആയില്ല. ഷൂട്ടിങ്ങിന് ആവശ്യമുള്ളപ്പോള്‍ മഴ. അല്ലാത്തപ്പോള്‍ മഴയില്ലാത്ത അവസ്ഥപോലായിരുന്നു. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബര്‍ 16നായിരുന്നു ചിത്രത്തിന്റെ റിലീസിങ്ങും.

amar akbar anthony


 
mikeവഴിനടത്തിയ 'ഹോളിവുഡ്',.,,,,

അറാം ക്ലാസിലാണ് ബിബിന്റേയും വിഷ്ണുവിന്റേയും സൗഹൃദത്തിന്റെ തുടക്കം. കലോത്സവവേദികളിലും മറ്റുമായിരുന്നു കണ്ടുമുട്ടല്‍. പിന്നീടത് മിമിക്രിയിലൂടെ മുന്നേറി. മഹാരാജാസിലെ കോളേജ് പഠനകാലവും മറക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു. പോളിയോ ബാധിച്ച് തളര്‍ന്നു പോയ തന്റെ ഒരു കാലിനെ മറക്കാന്‍ ബിബിന് ഇടയാക്കിയത് സുഹൃത്തുക്കളായിരുന്നു. കാക്കനാട് നിലംപതിഞ്ഞമുകളിലെ യുവതാരക്ലബ്ബിന്റെ കീഴില്‍ മിമിക്രി പ്രോഗ്രാമുകളുമിവര്‍ ഒരുമിച്ച് ചെയ്തുതുടങ്ങി. മറ്റ് സുഹൃത്തുക്കളായ ശ്രീനാഥും  റിഥിനുമൊക്കെ കൂടെയുണ്ടായിരുന്നു. വിഷ്ണു ഈ സമയം സിനിമയില്‍ മുഖം കാണിച്ചു തുടങ്ങി. 'എന്റെ വീട് അപ്പൂന്റേം എന്ന സിനിമയായിരുന്നു ആദ്യം. തുടര്‍ന്ന് 'അമൃതം', 'ഇയ്യോബിന്റെ പുസ്തകം', 'ബാച്ച്‌ലര്‍ പാര്‍ട്ടി' തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍. ബിബിന്‍ ടി.വി ചാനലുകളിലെ മിമിക്രികള്‍ക്കായി സ്‌ക്രിപ്റ്റ് എഴുതി തുടങ്ങി. ഇതിനിടയില്‍ ഇവര്‍ 'ഹോളിവുഡ്' എന്ന പേരില്‍ ട്രൂപ്പ് തുടങ്ങി. നിരവധി സ്‌റ്റേജ് ഷോകള്‍ ഇവര്‍ ഒരുമിച്ച് ചെയ്തു. വെള്ളിയാഴ്ച പടങ്ങളായിരുന്നു ഇവരുടെ സിനിമാപ്രേമത്തിന്റെ മൂലധനം. അവസാനം തങ്ങളുടെ തന്നെ ആത്മാംശമുള്ള ഒരു സിനിമ തന്നെ അവര്‍ കെട്ടിപടുക്കുകയായിരുന്നു.

nadirshaനാദിര്‍ഷയെന്ന ഗോഡ് ഫാദര്‍....

ഒരു പക്ഷേ നാദിര്‍ഷയുടെ മുന്നിലെത്തിയില്ലെങ്കില്‍ ഈ ചിത്രമുണ്ടാകില്ലെന്ന് ഇവര്‍ പറയും. സെറ്റില്‍ ലൈറ്റ് ബോയിക്ക് വരെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തരുന്നയാളാണദ്ദേഹം. ആദ്യമായി സിനിമാലോകത്തേക്കെത്തിയ ഞങ്ങളെ വിശ്വസിച്ചതും ഞങ്ങളെ അതിശയിപ്പിച്ചു. ഒരു പടമെങ്കിലും വിജയിച്ചാലെ സാധാരണ കഥയെഴുതുന്നവരെ സംവിധായകന് വിശ്വാസമാകൂ. പക്ഷേ നാദിര്‍ഷ ഞങ്ങള്‍ക്ക് സ്വാതന്ത്യം തന്നു. കൂടാതെ നിര്‍മ്മാതാക്കളായ ആല്‍വിന്‍ ആന്റണിയും ഡോ.സക്കറിയാ തോമസും നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമൊക്കെ ഏറെ പിന്തുണതന്നു. ഞങ്ങള്‍ മാത്രമായിരുന്നു പുതുമുഖം. ബാക്കി എല്ലാവരും സിനിമാലോകത്ത് കഴിവുതെളിയിച്ചവര്‍. പക്ഷേ ഞങ്ങള്‍ക്കവര്‍ ഒരു സ്‌പേസ് തന്നു. 2011മുതലുള്ള ഞങ്ങളുടെ കാത്തിരിപ്പ് സഫലമായതങ്ങനെയാണ്.  

sidhiqu lalന്യൂജന്‍ സിദ്ധിഖ്‌ലാല്‍ 

അങ്ങനെയൊന്നും പറയരുത്. അവരൊക്കെ ചെയ്ത സിനിമകള്‍ ഏറെ വലുതാണ്. കാലത്തെ അതിജീവിച്ച് അതിപ്പോഴും നമ്മളില്‍ ചിരിപടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളൊരുമിച്ച് ചെയ്യുമ്പോള്‍ ഒരു ബലമുണ്ട്. രണ്ടുപേരുടെ അഭിപ്രായങ്ങളും ത്രാസില്‍ തൂക്കി എഴുതാനാകും. മൂന്ന് സൂപ്പര്‍ നടന്മാര്‍ അഭിനയിക്കുമ്പോള്‍ സിനിമ നീണ്ടുപോകുമെന്നായിരുന്നു ഞങ്ങളുടെ വിചാരം. പക്ഷേ എല്ലാം പെട്ടെന്നായിരുന്നു. നടന്മാരോട് കഥപറയാന്‍ ഞങ്ങളെത്തിയതിപ്പോഴും ഓര്‍മ്മയിലുണ്ട്. കഥ പറയാന്‍ അറിയാത്തതുകൊണ്ട് സ്‌ക്രിപ്റ്റ് അങ്ങനെതന്നെ അവരുടെ ശബ്ദം അനുകരിച്ചാണ് ഞങ്ങള്‍ പറഞ്ഞത്. 2011ല്‍ എഴുതിയ കഥയായതിനാല്‍ നര്‍മ്മമൊക്കെ ഔട്ട് ഓഫ് ഡേറ്റാകുമോയെന്ന പേടിയുണ്ടായിരുന്നു. പക്ഷേ ക്ലാസ്, മാസ് പടങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ കുഞ്ഞിപ്പടവും അമ്പതുതികഞ്ഞിരിക്കുന്നു. 

bibin and vishnu

facebook likeഅമ്മമാരുടെ ലൈക്ക്.......

ഓരോ സ്ഥലത്തെത്തുമ്പോള്‍ പെണ്‍മക്കളുള്ള അമ്മമാര്‍ തരുന്ന കമന്റുകളാണ് ഞങ്ങളുടെ കണ്ണുനിറക്കുന്നത്. ഇനി ഞങ്ങളുടെ ഒരു നോട്ടം എപ്പോഴും ഞങ്ങളുടെ പെണ്‍മക്കളിലുണ്ടാകുമെന്ന് അവര്‍ പറയുമ്പോള്‍ അത് ഞങ്ങളുടെ സിനിമയുടെ വിജയം തന്നെയാണ്. ഈ അനുഗ്രഹത്തിന്റെ പച്ചപ്പ് വരും സിനിമകള്‍ക്കുള്ള മൂലധനമാണ്. പണ്ട് തൊഴിലില്ലായ്മ ആയിരുന്നു സിനിമകളുടെ വിഷയമെങ്കില്‍ ഇപ്പോള്‍ തൊഴിലില്‍ തൃപ്തരല്ലാത്ത തലമുറയാണ്. അതിനാല്‍ തന്നെ ഇരട്ടജോലി ഞങ്ങളുടെ സിനിമയില്‍ വിഷയമായി. കൂടാതെ ഇപ്പോഴത്തെ ബൈക്ക് സ്റ്റണ്ടിങ്ങും എടിഎമ്മിനു മുന്നിലെ ജീവിതങ്ങളും കാറ്ററിങ്ങ് ബോയ്‌സും ഫേസ്ബുക്ക് ചീറ്റിങ്ങും ബംഗാളിഭായിമാരുമൊക്കെ ചേര്‍ന്ന് ഇന്നിന്റെ സിനിമയായി മാറിയെന്ന് ഇവരുടെ വാക്കുകള്‍.