ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും, ചിന്തിപ്പിച്ചതുമായ വാര്‍ത്തകളില്‍ ഒന്നായിരുന്നു കൊല്ലം ട്രിനിറ്റിലൈസിയം സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഗൗരി നേഘയെ കുറിച്ചുള്ള വാര്‍ത്ത.

സഹോദരിയെ ക്ലാസ് മുറിയില്‍ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തി ശിക്ഷിച്ചതിനെ ചോദ്യം ചെയ്യാന്‍ പോയ ഗൗരി നേഘ എങ്ങനേയാണ് ആത്മഹത്യ ചെയ്യാന്‍ തക്ക വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചത്. പ്രേരണ കുറ്റം അവിടേയുള്ള ചില അധ്യാപകരിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും അത്തരം ഒരു തീരുമാനത്തിലെത്തണമെങ്കില്‍ ആ കൊച്ചു മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാകണം.

മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ മാലൂരില്‍ പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്ക് വാങ്ങി അഭിമാനതാരമായ നഫ്‌സീന എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് തന്റെ ദരിദ്രമായ ജീവിത ചുറ്റുപാടുകളെ മാധ്യമങ്ങള്‍ പുറം ലോകത്തെ അറിയിച്ചതിലുള്ള മനോവിഷമത്തില്‍ തന്നേയായിരുന്നു.

പഠിക്കുവാന്‍ ഇത്രയും മിടുക്കിയായ ഒരു വിദ്യാര്‍ഥിനിക്ക് തന്റെ ജീവിത ചുറ്റുപാടുകള്‍ മറ്റുള്ളവര്‍ അറിഞ്ഞപ്പോള്‍ തനിക്കു മുന്നില്‍ ലോകം അവസാനിച്ചു എന്ന് തോന്നിയത് എന്ത് കൊണ്ടാണ്..?

സത്യത്തില്‍ എന്താണിവിടെ സംഭവിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സ് എന്ത് കൊണ്ടാണിങ്ങനെ നിമിഷ നേരം കൊണ്ട് തകര്‍ന്നു പോകുന്നത്. ചിരിച്ചും, കളിച്ചും, പഠിച്ചും, കുറുമ്പ് കാട്ടിയും നടക്കേണ്ട പ്രായത്തില്‍ അവര്‍ക്കെങ്ങനേയാണ് ജീവിതം മടുത്തു പോകുന്നത്. എന്ത് കൊണ്ടാണ് അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്.

ഏതൊരാളും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് തനിക്കു മുന്നില്‍ ലോകം അവസാനിച്ചു എന്ന് തോന്നുമ്പോഴും, തന്റെ പ്രശ്‌നങ്ങളേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്നും, അതിനു പരിഹാരം കാണാന്‍ തനിക്ക് കഴിയില്ല, അല്ലെങ്കില്‍ പരിഹരിച്ചു തരാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന് തോന്നുമ്പോള്‍ തന്നേയല്ലേ.

മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നു കൊണ്ടല്ല ഞാനിത് പറയുന്നത് പതിനേഴാം വയസ്സില്‍ ലോകത്ത് ഒറ്റപ്പെട്ടു എന്ന് തോന്നിയപ്പോള്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുകയും ആ നേരത്ത് അപരിചിതയായിരുന്നിട്ടു കൂടി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ഒരാളുണ്ടായപ്പോള്‍ ലോകത്തിന് നിറമുണ്ടെന്ന് തോന്നുകയും ഇനിയൊരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കില്ല എന്ന് ശപഥം ചെയ്ത ഒരാളായിട്ടു തന്നേയാണ്.

കുട്ടികളുടെ മനസ്സ് നോവാന്‍ വളരെ ചെറിയ കാരണങ്ങള്‍ മാത്രം മതിയെന്ന് ചിന്തിക്കാന്‍ നമുക്ക് കഴിയുകയും, മക്കളെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുകയും ചെയ്താല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ആത്മാഭിമാനത്തിന് വ്രണപ്പെട്ടു പോകുമ്പോഴാണ് ഒട്ടു മിക്ക കുട്ടികളും ആത്മഹത്യയില്‍ അഭയം നേടുന്നതായി കണ്ടിട്ടുള്ളത്. ഗൗരിയും, നഫ്‌സീനയും അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ തന്നേയാണ്. ചെറുപ്പത്തില്‍ ഈ രണ്ട് പേരുടേയും മാനസികാവസ്ഥയില്‍ കൂടി കടന്ന് പോയിട്ടുള്ളത് കൊണ്ട് പറയട്ടെ, കുഞ്ഞു മനസ്സുകള്‍ക്ക് താങ്ങാനാവുന്ന മുറിവുകള്‍ക്കൊക്കെ ഒരു പരിധി തന്നേയുണ്ട്. അതിനപ്പുറത്തേക്ക് അവരെ വലിച്ചു കൊണ്ടു പോയിക്കഴിഞ്ഞാല്‍ പിന്നെ ആ മനസ്സുകളുടെ തെറ്റുക തന്നെ ചെയ്യും.

ഗൗരിയും, നഫ്‌സീനയും, മിഷേലും മാത്രമല്ല സഹപാഠികളുടെ ലൈംഗികാതിക്രമത്തിന് ഇരയായി മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യപ്പെട്ടപ്പോള്‍ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത അമ്പലപ്പുഴയിലെ മൂന്ന് പെണ്‍കുട്ടികളെ ആരും മറന്നിട്ടൊന്നുമുണ്ടാകില്ല. 
കലാലയങ്ങളിലെ ഇടനാഴികളില്‍ വെച്ച് നമുക്ക് നഷ്ട്ടപ്പെട്ടു പോയ രോഹിത് വെമുലയും, ജിഷ്ണു പ്രണോയിയും, പിന്നെ നീതി കാക്കുന്നവരുടെ ഇടയില്‍ അപമാനിക്കപ്പെട്ട് ജീവിതം ഇട്ടെറിഞ്ഞ് പോയ വിനായകനും ഉദാഹരണങ്ങള്‍ തന്നേയാണ്.

എണ്ണമെടുക്കാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരുന്നതല്ല ആത്മഹത്യ വാര്‍ത്തകള്‍ അല്ലെങ്കില്‍ യാഥാര്‍ഥ്യങ്ങള്‍. 
എന്ത് കൊണ്ട് ഇവരൊക്കെ ആത്മഹത്യ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ അവര്‍ക്ക് കലഹിക്കാന്‍ വയ്യായിരുന്നു. അല്ലെങ്കില്‍ കലഹിച്ചു മടുത്തിരുന്നു എന്ന് തന്നെ പറയാം. ജാതിയും, മതവും, നിറവും, മാനവും, ആത്മാഭിമാനവുമൊക്കെ ചോദ്യ ചിഹ്നങ്ങളായി മുന്നില്‍ വന്നപ്പോള്‍ ഇവയാലൊക്കെ ആക്ഷേപിക്കപ്പെട്ടു പോയപ്പോള്‍ മനം മടുത്ത് പോയവര്‍ തന്നേയാണ് മിക്കവരും.

ഓരോ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി തന്നേയായിരിക്കും അവര്‍ ആത്മഹത്യയെ തിരഞ്ഞെടുത്തിട്ടുണ്ടാവുക എന്നത് സത്യം തന്നേയാണ്. അടുത്ത ചോദ്യം വരുന്നത് എന്ത് കൊണ്ട് അവര്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ്. കാരണക്കാര്‍ സ്വന്തം മാതാപിതാക്കളില്‍ തുടങ്ങി, അധ്യാപകരിലേക്കും, സഹപാഠികളിലേക്കും, കുടുംബാംഗങ്ങളിലേക്കും, സമൂഹത്തിന്റെ അല്ലെങ്കില്‍ സവര്‍ണ്ണ മേധാവിത്വങ്ങളുടെ അഴുകിയ ജാതി, മത,വര്‍ണ്ണ വെറിയില്‍ എത്തി നില്‍ക്കുമ്പോഴും നമ്മുടെ സമൂഹത്തിന് നഷ്ട്ടമാകുന്നത് നാളെയുടെ പ്രതീക്ഷകളുടെ തിരിവെട്ടം തന്നേയല്ലേ.

ഇതില്‍ ഏറ്റവും കൂടുതല്‍ മക്കളെ ശ്രദ്ധിക്കുകയും, സ്‌നേഹിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കള്‍ തന്നെ ആയത് കൊണ്ട് പറയട്ടെ പഠനഭാരം തലയിലേറ്റി, സമ്മര്‍ദ്ദം നല്‍കി നമ്മുടെ മക്കട്ടെ പുസ്തകപ്പുഴുക്കള്‍ മാത്രമാക്കി മാറ്റുന്നതിനിടയില്‍ സ്‌നേഹത്തെ കുറിച്ചും, മാനുഷികതയെ കുറിച്ചും, ഈ ലോകത്തെ കുറിച്ചും ഏറ്റവും വില പിടിച്ച നമ്മുടെ ജീവനെ കുറിച്ചും എന്ത് കൊണ്ട് പലരും മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നില്ല.

 മാതാപിതാക്കളാണ് മക്കളുടെ ആദ്യത്തെ അധ്യാപകര്‍. തനിക്കൊരു സങ്കടം വന്നാല്‍, സന്തോഷം വന്നാല്‍ അവരോട് പങ്കിടാമെന്നും, തന്റെ പ്രശ്‌നങ്ങള്‍ക്ക് അവര്‍ പരിഹാരം കണ്ടെത്തുമെന്നുള്ള ചിന്ത മക്കളുടെ മനസ്സില്‍ വരണമെങ്കില്‍ പഠനത്തേക്കാള്‍ വലുതായിട്ടുള്ള പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാനും, കാണിച്ചു കൊടുക്കാനും നമുക്ക് കഴിയണം. 

ചിലര്‍ക്ക് ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ അതിന് കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ നമ്മള്‍ അതിന് സമയം കണ്ടെത്തുക തന്നെ വേണം. മക്കള്‍ക്കു വേണ്ടി പരക്കം പായുമ്പോള്‍ മക്കളുടെ പ്രശ്‌നങ്ങളും, സങ്കടങ്ങളും, കേട്ടിരിക്കാന്‍ ഇത്തിരി നേരം കണ്ടെത്തണം. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മനക്കരുത്ത് നല്‍കണം. ആര് കൂടേയില്ലെങ്കിലും ഞങ്ങള്‍ കുടേയുണ്ടെന്ന് ചേര്‍ത്ത് നിര്‍ത്തി പറയാന്‍ കഴിയണം.

മക്കള്‍ക്ക് ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കണം, സ്വന്തം ശരീരത്തെ ഭയപ്പെടാതെ അക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ആണ്‍/പെണ്‍ ഭേദമന്യേ മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം.അത് പോലെ മാര്‍ക്കുക്കളുടെ നിലവാരമനസരിച്ച് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കുന്ന, ജാതിയുടെ, മതത്തിന്റെ ,നിറത്തിന്റെ പേരില്‍ മക്കളെ അവഹേളിക്കുന്ന അധ്യാപകരെ തിരിച്ചറിയാനും, എതിര്‍ക്കാനുമുള്ള വിവേക ബുദ്ധി മക്കള്‍ക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തണം, ഇല്ലെങ്കില്‍ അതിനുള്ള കരുത്ത് നല്‍കണം.

ഗൗരിക്കോ നഫ്‌സീനക്കോ, മിഷേലിനോ അല്ലെങ്കില്‍ ചിറകുകള്‍ കൊഴിഞ്ഞ് പോയ മറ്റ് മക്കള്‍ക്കോ സംഭവിച്ചതിനൊക്കെ മാതാപിതാക്കള്‍ അല്ലെങ്കില്‍ അധ്യാപകര്‍ മാത്രമാണ് കാരണക്കാര്‍ എന്നല്ല പറഞ്ഞ് വരുന്നത്. ഒന്നു കൂടെ ചേര്‍ത്ത് പിടിച്ചിരുത്തിയിരുന്നെങ്കില്‍ അവര്‍ നമ്മുടെ കൂടേയുണ്ടാകുമായിരുന്നു എന്നാണ് പറഞ്ഞു വരുന്നത്. 

തനിക്കൊരു മകനുണ്ടായാല്‍, അല്ലെങ്കില്‍ മകളുണ്ടായാല്‍ ഓരോ മാതാപിതാക്കളും ആദ്യം അവരെ പഠിപ്പിച്ചു കൊടുക്കേണ്ടത് നമ്മുടെ ജീവന്റെ ,ജീവിതത്തിന്റെ വില തന്നേയായിരിക്കണം. ആത്മാഭിമാനവും, അന്തസ്സുമൊക്കെ അവനവന്റെ മനസ്സുകള്‍ക്കുള്ളില്‍ തന്നേയാണെന്ന് ഓര്‍മിപ്പിച്ചു കൊടുക്കണം.

തന്റെ മക്കളെ ആരെങ്കിലും ശാരീരികമായി ഉപദ്രവിച്ചാല്‍ അവര്‍ക്ക് നഷ്ട്ടപ്പെട്ടത് കുറച്ച് സമയങ്ങള്‍ മാത്രമാണെന്നും, ശരീരരത്തിന് പറ്റിയ മുറിവ് മരുന്നുകള്‍ കൊണ്ട് മാറ്റാമെന്നും, മനസ്സിന് പറ്റിയ മുറിവ് ഇച്ഛാശക്തി കൊണ്ട് മാറ്റാമെന്നും പഠിപ്പിച്ചു കൊടുക്കണം. 

മതത്തേക്കാള്‍, ജാതിയേക്കാള്‍, നിറത്തേക്കാള്‍, സൗന്ദര്യത്തേക്കാള്‍ വലുതായിട്ടുള്ളതാണ് മനുഷ്യത്തമെന്ന് പറഞ്ഞ് കൊടുക്കണം. തന്റെ നിറത്തെ, ജാതിയെ, സൗന്ദര്യത്തെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യത്തെ ആരെങ്കിലും അധിക്ഷേപിക്കുമ്പോള്‍ ഇവയൊക്കെ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു നിങ്ങള്‍ക്ക് ഛേദമുണ്ടോ എന്ന് നിവര്‍ന്ന് നിന്ന് ചങ്കൂറ്റത്തോടെ പറയാന്‍ പഠിപ്പിക്കണം.

നീതി നിഷേധിക്കുന്നിടത്ത് ചോദ്യങ്ങളാവാന്‍ പഠിപ്പിച്ചു കൊടുക്കണം, ആകെ മൊത്തം ഒരു മനുഷ്യനാവാന്‍ പഠിപ്പിച്ചു കൊടുക്കണം. എങ്കില്‍ നിശ്ചയം ഞാന്‍ പറയട്ടെ, നമ്മുടെ മക്കള്‍ മരണം വരെ നമ്മുടെ കൂടെ തന്നെയുണ്ടാകും.

ഒരിക്കലും ആത്മഹത്യയില്‍ അവര്‍ അഭയം പ്രാപിക്കില്ല. ഒരു നാള്‍ നമ്മള്‍ ഈ ലോകത്തോട് വിട പറഞ്ഞു പോകുമ്പോഴും നമ്മള്‍ പകര്‍ന്നു നല്‍കിയ ഈ കരുത്ത് അവരെ ഇവിടെ നില നിര്‍ത്തുക തന്നെ ചെയ്യും.

ഇത്രയും പറഞ്ഞിട്ടും ആശങ്കകള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ ഒന്ന് കൂടെ പറയട്ടെ,മക്കളുടെ നല്ലതിന് വേണ്ടിയാണ് ഞങ്ങള്‍ അവരെ ശകാരിക്കുന്നത് എന്ന് നിങ്ങള്‍ മാതാപിതക്കളും, അധ്യാപകരും ഒരുമിച്ച് പറയുമ്പോഴും ഒന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളൂ..

നിങ്ങള്‍ അവരോട് സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിച്ചു നോക്കൂ അവര്‍ അത് അനുസരിക്കുക തന്നെ ചെയ്യും. ആത്മഹത്യയില്‍ അഭയം തേടുന്ന തലമുറയെ സൃഷ്ട്ടിച്ചെടുക്കുന്നതില്‍ ദയവായി നിങ്ങളെങ്കിലും പങ്കാളിയാവാതിരിക്കൂ.