നല്ല ഭക്ഷണത്തിനായുള്ള പോരാട്ടത്തിലായിരുന്നു കാര്യവട്ടം  സര്‍വകലാശാലാ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍. ഇവിടെ നല്‍കുന്ന ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടതടക്കമുള്ള നിരവധി പരാതികള്‍ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഒരിക്കല്‍ വനിതാ ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണം പഴകി ദുര്‍ഗന്ധമുണ്ടാക്കുന്നതായിരുന്നതായി വിദ്യാര്‍ഥിനികള്‍ കണ്ടെത്തി. നടപടികളെടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറായില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധസമരം വരെ നടത്തി. പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ കാമ്പസിലെ പ്രധാന ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോസ്റ്റലില്‍ പരിശോധനയും നടത്തി.

മൂന്ന് വിമെന്‍സ് ഹോസ്റ്റലിലും രണ്ട് മെന്‍സ് ഹോസ്റ്റലിലുമായി അറുന്നൂറിലധികം വിദ്യാര്‍ഥികള്‍ താമസിക്കുന്നുണ്ട്. പലതവണ മെസ് കമ്മിറ്റിയില്‍ പരാതിയുന്നയിക്കുകയും  ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിട്ട്  പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധിക്കാനെത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നേരത്തെ വിദ്യാര്‍ഥികളുടെ കമ്മിറ്റിയാണ് മെസ് നടത്തിയിരുന്നത്. ആറുമാസം മുമ്പാണ് കരാറുകാരെ ഏല്‍പ്പിച്ചത്. പരാതി പറഞ്ഞാല്‍ മെസ് കരാറുകാര്‍ മോശമായാണ് പെരുമാറുന്നതെന്നും  ആരോപണമുണ്ട്.

കൃത്യമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിരുന്നില്ലെന്ന് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പറയുന്നു. ഉറപ്പുള്ള വാതിലുകളോ ജനലുകളോ മെസ്സില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പൂച്ചയടക്കമുള്ള ജീവികള്‍ ഇവിടത്തെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്കുശേഷം സ്ഥിതിയില്‍ അല്പം മാറ്റം ഉണ്ടായിട്ടുള്ളതായും വിദ്യാര്‍ഥികള്‍ പറയുന്നു
ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല.

മെസ് കഴിഞ്ഞാല്‍ ഇവിടത്തെ കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കക്കൂസും കുളിമുറിയുമാണ്. മുകളിലത്തെ കുളിമുറിയില്‍ നിന്ന് കുളിച്ചാല്‍ ആ വെള്ളം താഴത്തെ കുളിമുറിയില്‍ നിന്ന് കുളിക്കുന്ന വിദ്യാര്‍ഥിയുടെ ദേഹത്തുവീഴുന്ന സാങ്കേതികവിദ്യ ഒരുപക്ഷേ ഇവിടെ മാത്രമെ കാണുകയുള്ളു. രാത്രിയായാല്‍ കൊതുകുകടി കാരണം കിടക്കാന്‍ പറ്റില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കൊതുകുവല ആവശ്യപ്പെട്ടുവരെ നിരവധിതവണ പരാതി പറഞ്ഞെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. കോഴ്‌സ് കഴിഞ്ഞിട്ടും ചില വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ പുതിയ കുട്ടികള്‍ക്ക് ഇതുവരെ ഇവിടെ മുറി കിട്ടിയിട്ടില്ല.

രാവിലെ വെള്ളം കിട്ടാനുള്ള ഓട്ടം...

'അടി കപ്യാരെ കൂട്ടമണി' എന്ന സിനിമയിലൂടെ എല്ലാവര്‍ക്കും സുപരിചിതമാണ് യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍. പറയത്തക്ക കുഴപ്പമൊന്നും ഇവിടത്തെ കുട്ടികള്‍ക്ക് ഹോസ്റ്റലിനെപ്പറ്റി പറയാനില്ല. രാവിലത്തെ വെള്ളത്തിന്റെ  കാര്യമാണ് ബുദ്ധിമുട്ട്. രാവിലെ ഒരു സമയം കഴിഞ്ഞാല്‍ വെള്ളം കിട്ടാക്കനിയാകും. അതിനാല്‍ രാവിലെ  തന്നെ എല്ലാവരും വെള്ളത്തിനായി നെട്ടോട്ടമാണ്. 

യൂണിവേഴ്‌സിറ്റി വിമെന്‍സ് ഹോസ്റ്റലിലും സ്ഥിതി ഒട്ടും ഭിന്നമല്ല. അടുത്തിടെയായി വെള്ളത്തിന്റെ ലഭ്യതയില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന്  വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുന്നു. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കൃത്യമായ അളവിലും ഗുണമേന്മയുള്ളതുമായ ഭക്ഷണം കിട്ടാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്.