തന്മാത്രാവാഹനത്തിന്റെ  (മോളിക്യുലാർ വെഹിക്കിൾ) വരവുൾപ്പെടെ ശാസ്ത്രലോകം മനുഷ്യരാശിയിലുണ്ടാക്കുന്ന നേട്ടത്തെക്കുറിച്ച് വാചാലനായി മന്ത്രി സി. രവീന്ദ്രനാഥ്. ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരത്തെ സ്വപ്‌നം കണ്ട് വി.എസ്.എസ്.സി. ഡയറക്ടർ എസ്. സോമനാഥ്.
മാതൃഭൂമി-എസ്.ആർ.എം.  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായി സംഘടിപ്പിച്ച 'ഐ ആം കലാം' സീസൺ- രണ്ട് ഗ്രാൻഡ് ഫിനാലെയുടെ വേദിയിലാണ് ശാസ്ത്രത്തിന്റെ ഗതിവേഗത്തെക്കുറിച്ച് ഇരുവരും വാചാലരായത്. ശാസ്ത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്ന കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയായതോടെ അർത്ഥപൂർണമായ ശാസ്ത്രസംവാദത്തിനാണ് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്റർ വേദിയായത്. അറിവിന്റെ ലോകത്തേയ്ക്കുള്ള പടവുകളായി ഇത്.

തന്മാത്രാവാഹനത്തിന്റെ വരവോടെ മനുഷ്യരാശിയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. തലനാരിഴയുടെ നാലിലൊന്ന് കനം മാത്രമുള്ള തന്മാത്രാവാഹനം ഒരു മനുഷ്യശരീരത്തിൽ ഘടിപ്പിക്കുന്നതോടെ ലോകത്തെവിടെ നിന്നും ഒരു ഡോക്ടർക്ക് ശസ്ത്രക്രിയ നടത്താൻ കഴിയും. കാൻസറുൾപ്പെടെയുള്ള രോഗങ്ങളെ വേരോടെ പിഴുതെറിയാൻ ഈ വാഹനത്തിലൂടെ കഴിയും. ശരീരത്തിനുള്ളിൽ ഒരു ജെ.സി.ബി.യെപ്പോലെ പ്രവർത്തിപ്പിക്കാനും കാൻസർകോശങ്ങളെ പിഴുതെറിയാനും ഇത്തരം വാഹനങ്ങളിലൂടെ കഴിയും. മോട്ടോർവാഹനങ്ങളുടെ കണ്ടുപിടിത്തമാണ് വർഷങ്ങൾക്കിപ്പുറം ഇത്തരമൊരു വാഹനത്തെക്കുറിച്ച് ചിന്തിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
വിശാലമായ ലോകത്ത് മനസ്സിനെ തുറന്നിടുകയാണ് ശാസ്ത്രജ്ഞരാകാൻ കൊതിക്കുന്ന വിദ്യാർത്ഥികൾ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. കേവലമായ വിഷയപഠനങ്ങളിലൂടെ ഇത് പറ്റില്ല. ശാസ്ത്രലോകത്ത് പെട്ടെന്ന് മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തിലൂടെയാണ് ശാസ്ത്രത്തോടാഭിമുഖ്യമുള്ള മനസ്സ് ഉണ്ടാക്കിയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വി.എസ്.എസ്‌.സി. ഡയറക്ടർ എസ്. സോമനാഥ് ശാസ്ത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. നക്ഷത്രസമൂഹങ്ങളാൽ നിബിഢമാണ് പ്രപഞ്ചം. ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്ര അധികം താമസിയാതെയുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ ബഹിരാകാശത്തിന്റെ ഒഴിഞ്ഞ കോണിലേക്ക്‌ ടെലിസ്‌ക്കോപ്പ് തിരിച്ച് ശാസ്ത്രലോകം കാത്തിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ചിത്രം പരിശോധിച്ചത്. അനേകം നക്ഷത്രസമൂഹങ്ങളാണ് ചിത്രത്തിൽ തെളിഞ്ഞത്.

തമോഗർത്തത്തിന്റെ ചിത്രം നാസയുടേതെന്ന പേരിൽ സാമ്യൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. തമോഗർത്തങ്ങളിലേക്ക് ഫോട്ടോഗ്രാഫിക് വികിരണങ്ങൾ കടന്നുചെല്ലാതെ അങ്ങനെയൊരു ചിത്രം കിട്ടില്ല. ഇതുവരെ അങ്ങനെയൊരു ശ്രമമുണ്ടായിട്ടില്ല. തമോഗർത്തങ്ങളിൽ നിന്ന് പുറപ്പെടുന്ന വികിരണങ്ങളാകട്ടെ എക്സ്‌റെ ഉൾപ്പെടെയുള്ളവയാണ്. ഇവയിൽനിന്നു ചിത്രങ്ങൾ ലഭിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർത്ഥമല്ല.

മംഗൾയാൻ ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ആറുമാസത്തെ കാലപരിധി നിശ്ചയിച്ചിരുന്ന ഇത് രണ്ടരവർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് ഇന്ത്യൻ ശാസ്ത്രലോകത്തിന്റെ നേട്ടമാണ്. ശാസ്ത്രം അനുദിനം  അറിവുകളെ പുതുക്കിപ്പണിയുകയാണ്. നേരത്തേ നമ്മൾ ശരിയെന്ന്‌ കരുതിയവ ഇന്ന് തെറ്റുകളാകാം. വിശ്വാസങ്ങൾ അന്ധമാകുന്നത് ശാസ്ത്രത്തിന് പറ്റില്ല- വേദിക് സയൻസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.