സംഗീതപ്രണയികൾക്ക് കൂട്ടുകൂടാൻ മലയാളത്തിൽ പുതിയൊരു മ്യൂസിക് ബാൻഡ്... കേൾക്കുമ്പോൾ തന്നെ അപൂർവത തോന്നുന്ന ‘ഏക’ എന്ന പേരിലുള്ള ഈ മ്യൂസിക് ബാൻഡിന് പിന്നിൽ പ്രിയഗായിക രഞ്ജിനി ജോസ് ആണ്.

 ‘‘പാടാൻ തുടങ്ങിയ കാലം മുതൽ മനസ്സിലുള്ള വലിയൊരു മോഹമായിരുന്നു സ്വന്തമായൊരു മ്യൂസിക് ബാൻഡ്. എന്റെ സുഹൃത്തായ റാൽഫിൻ സ്റ്റീഫനുമായി ചേർന്ന സൗഹൃദ സദസ്സുകളിലാണ് മ്യൂസിക് ബാൻഡിന്റെ ആശയങ്ങൾ പൊട്ടിമുളയ്ക്കാൻ തുടങ്ങിയത്. എന്നാൽ, സിനിമയും സംഗീതവുമായി തിരക്കായതോടെ മ്യൂസിക് ബാൻഡ് എന്ന സ്വപ്നം മനസ്സിൽ തന്നെ അവശേഷിച്ചു. ഒടുവിൽ റാൽഫിനും ഞാനും ചേർന്ന് ആ സ്വപ്നത്തിലേക്ക് കൂടുതൽ കൂട്ടുകാരെ ചേർത്തു കൊണ്ടുവരികയായിരുന്നു.

കീബോർഡും പിയാനോയും റാൽഫിൻ വായിക്കുമ്പോൾ ലീഡ് ഗിറ്റാറുമായി അശ്വിൻ ആര്യനും ബേസ് ഗിറ്റാറുമായി സാമുവൽ ജേക്കബുമാണ് വരുന്നത്. ഡ്രമ്മറായി അഖിൽ ബാബുവും പെരുക്കുന്നതോടെ ഞങ്ങളുടെ മ്യൂസിക് ബാൻഡിന് ശ്രുതി മീട്ടിത്തുടങ്ങുകയായി. റാൽഫിനാണ് എനിക്ക് അഖിലിനെ പരിചയപ്പെടുന്നത്. അഖിലിലൂടെ സാമുവൽ ജേക്കബിനെ പരിചയപ്പെട്ടു. അമ്പതുകാരനായ സാമുവലങ്കിളാണ് ഞങ്ങളുടെ സംഘത്തിലെ സീനിയർ. പക്ഷേ, സംഗീതത്തോടുള്ള പ്രണയത്തിൽ ഞങ്ങളെല്ലാം മധുരപ്പതിനേഴുകാരാണ് കേട്ടോ...’’ -രഞ്ജിനി പറയുന്നു

ആവേ മരിയയും ഗണേശസ്തുതിയും

സംഗീതത്തിന്റെ പുതിയ സങ്കീർത്തനങ്ങൾ പോലൊരു ബാൻഡ്. ‘ഏക’ യുടെ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ രഞ്ജിനിക്ക് പറയാൻ പിന്നെയും കുറേ വിശേഷങ്ങളുണ്ട്: ‘‘ബൈബിൾ എന്നും എപ്പോഴും എനിക്ക് ആശ്വാസത്തിന്റെ തണലാണ്. ജീവിതത്തിൽ ഒരു വിഷമം വന്നാൽ അപ്പോൾ ഞാൻ ബൈബിൾ തുറക്കും. ‘സങ്കീർത്തന’ത്തിലെ ആ വാക്യം ഞാൻ വീണ്ടും വീണ്ടും വായിക്കും... ‘നീ നടക്കുന്ന പാതയിൽ കല്ലും മുള്ളും ഉണ്ടെങ്കിലും നിന്റെ കാലിൽ തട്ടില്ല. ഞാൻ നിന്നെ സംരക്ഷിക്കും...’ ആ വാക്യം വായിക്കുമ്പോഴേക്കും ഞാൻ ദൈവത്തിന്റെ തണലിലേക്ക് ചേർന്നുനിൽക്കുന്നതുപോലെ തോന്നും.

സംഗീതത്തിലേക്ക് ചേർന്നു നിൽക്കുന്നതിന്റെ ആശ്വാസമാണ് ‘ഏക’ എന്ന ബാൻഡ്. ലാറ്റിൻ പ്രാർത്ഥനയായ ‘ആവേ മരിയ’ മുതൽ, ഹൈന്ദവ ദൈവസംഗീതമായ ‘ഗണേശസ്തുതി’ വരെയായി എത്രയോ ഈണങ്ങൾ ഞങ്ങൾ ‘ഏക’യിലൂടെ മീട്ടുന്നുണ്ട്’’.

 ‘‘മലയാളത്തിൽ ബാബുരാജും ഔസേപ്പച്ചനും ശ്യാമും ജോൺസണും ജെറി അമൽദേവുമൊക്കെ തീർത്ത സംഗീതത്തിലെ ചില തുള്ളികൾ ‘ഏക’യിലൂടെ ഇറ്റിക്കാൻ ഞങ്ങളാഗ്രഹിക്കുന്നുണ്ട്. തമിഴിൽ നിന്ന് ഇളയരാജയും എ.ആർ. റഹ്‌മാനുമെത്തുമ്പോൾ ഹിന്ദിയിൽ നിന്ന് നുസ്രത്ത് ഫത്തേഹ് അലിഖാന്റെ സംഗീതമഴയിലേക്കും ഞങ്ങൾ നനഞ്ഞെത്തുന്നുണ്ട്’’.

 ‘‘വരുന്ന ശനിയാഴ്ചയാണ് ‘ഏക’ മലയാളത്തിൽ പുതിയൊരു താളമായി പെയ്തുതുടങ്ങുന്നത്. ഒരു കാര്യം ഞാൻ പറയാം. ആരോടും മത്സരിക്കാനുള്ള ബാൻഡല്ല ഞങ്ങളുടേത്. നോ ഈഗോ, പ്യുവർ മ്യൂസിക് എന്നാണ് ഞങ്ങളുടെ തിയറി.

ഈഗോ വന്നിരുന്നെങ്കിൽ ഇപ്പോൾ ഞങ്ങൾ അഞ്ചുപേരും അഞ്ചു വഴിക്കായേനേ. പുഴയൊഴുകുന്നപോലെ ഒരു വഴിയിൽ എന്നും എപ്പോഴും സൗഹൃദത്തോടെ സഞ്ചരിക്കാനാണ് ഞാനും കൂട്ടുകാരും ‘ഏക’യിലേക്കിറങ്ങുന്നത്...’’

ഡാഡി, മമ്മി വീട്ടിലുണ്ട്

സംഗീതത്തിന്റെ പൂഞ്ചിറകിലേറി എന്നും എപ്പോഴും സഞ്ചരിക്കുന്ന പെൺകുട്ടി... രഞ്ജിനിയെ ഈ മേൽവിലാസത്തിലേക്ക് കൈപിടിച്ചുയർത്തിയവർക്ക് ‘ഏക’യുടെ തിരക്കഥയിലും ഒരു മാറ്റവുമില്ല. ‘‘സംഗീതത്തിലേക്ക് എന്നെ കൈപിടിച്ചുനടത്തിയത് ഡാഡിയും മമ്മിയുമാണ്. ചെന്നൈയിലായിരുന്നു എന്റെ കുട്ടിക്കാലം. ജയലളിത പഠിച്ച ചർച്ച്പാക്ക് സ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. ഡാഡി സിനിമാലോകത്ത് പ്രവർത്തിച്ചിരുന്ന ആളായതിനാൽ സംഗീതം എന്നും എന്റെ കാതിലുണ്ടായിരുന്നു. ജനിച്ച നാൾ മുതൽ ഈ കുട്ടി പാടുമെന്ന് ഉറച്ചുവിശ്വസിച്ചവരായിരുന്നു എന്റെ ഡാഡിയും മമ്മിയും. അവർ രണ്ടു മതവിശ്വാസികളായിരുന്നെങ്കിലും ഈ വീട്ടിൽ ഒരിക്കലും മതത്തെക്കുറിച്ച് സംസാരമുണ്ടായിട്ടില്ല.
വിഷുവും ക്രിസ്മസും ഒരുപോലെ ആഘോഷത്തിലും ആവേശത്തിലും കൊണ്ടാടുന്നവരാണ് ഞങ്ങൾ.

സംഗീതമാണ് ഞങ്ങൾ ഒരുപോലെ നെഞ്ചോടു ചേർക്കുന്ന വിശ്വാസം. അതിന്റെ ഏറ്റവുമൊടുവിലെ സാക്ഷ്യപത്രമാണ് ഏക... ഡാഡിയും മമ്മിയും വീട്ടിലുള്ളപ്പോൾ സംഗീതത്തിന്റെ താളമാണ് ഞങ്ങളുടെ കുടുംബത്തിന്...’’ -ഏകയുടെ പിറവിക്കും രഞ്ജിനി നന്ദി പറയുന്നത് ഡാഡിയോടും മമ്മിയോടുമാണ്.

സൗഹൃദത്തിന്റെ സംഗീതം

അടുത്തറിയുന്ന കൂട്ടുകാരുടെ ഒത്തുചേരൽ... അങ്ങനെയാണ് രഞ്ജിനി ‘ഏക’ എന്ന മ്യൂസിക് ബാൻഡിനെ വരച്ചിടുന്നത്. ‘‘റാൽഫിനെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചതാണ് മ്യൂസിക് ബാൻഡ് എന്ന സ്വപ്‌നത്തിന് നിറങ്ങൾ നൽകിയത്.

ഗാനമേളകളിൽ പാടിപ്പാടി മതിയായപ്പോഴാണ് നമുക്ക് പുതിയ കളറിൽ ഒരു ബാൻഡ് തുടങ്ങിയാലോയെന്ന് റാൽഫിനോട് ചോദിച്ചത്. സ്വപ്നം മനസ്സിൽ കൂടുകൂട്ടിയെങ്കിലും മൂന്നു മാസം മുമ്പാണ് യാഥാർഥ്യത്തിന്റെ രൂപത്തിലേക്ക് അതെത്തിയത്. എന്റെ വീട്ടിൽ ഒത്തുകൂടിയാണ് ഞങ്ങൾ ബാൻഡിന്റെ രൂപം തയ്യാറാക്കിയതും പാട്ടുകൾ തിരഞ്ഞെടുത്തതുമെല്ലാം. വീട്ടിലിരുന്ന് ഫിൽട്ടർ കോഫിയും കഴിച്ച് കമ്പോസ് ചെയ്ത സംഗീതം... അതാണ് ഏക. ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ച് മോക്ഷം പ്രാപിച്ചതെന്ന് വിശ്വസിക്കുന്ന ‘മഹാവതാർ ബാബാജി’യെ എനിക്ക് ഇഷ്ടമാണ്. ‘ഏകം ഏവം അദ്വൈതം’ എന്ന വിശ്വാസമന്ത്രത്തിലൂടെ ബാബാജി പറഞ്ഞ കാര്യങ്ങൾ എത്രയോ നിർമലമാണ്. ബാബാജിയിൽ നിന്നാണ് ‘ഏക’ എന്ന വാക്ക് മനസ്സിൽ കൂടുകൂട്ടിയത്.

‘സ്നേഹം ഒന്നാണ്... മാനവികത ഒന്നാണ്... സംഗീതവും ഒന്നാണ്...’ മനസ്സിൽ ഈ മന്ത്രം അച്ചുകുത്തിയതുപോലെ ഉറപ്പിച്ചവളാണ് ഞാൻ. ദാ നോക്കൂ, എന്റെ കൈകളിൽ പച്ചകുത്തിയ ‘ഏക’ എന്ന വാക്കും സംഗീതത്തിന്റെ പ്രണയമാണ് പ്രഖ്യാപിക്കുന്നത്...’’