പുതുമകളാർന്ന വിവാഹക്ഷണക്കത്തുകൾ തയ്യാറാക്കുന്നതിൽ മലയാളികളുടെ വിരുത് പുറം നാടുകളിൽ പോലും കേൾവികേട്ടതാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ മുങ്ങിയിട്ടും രംഗം വിടാതെ ഇപ്പോഴും പിടിച്ചുനിൽക്കുകയാണ് വിവാഹ ക്ഷണക്കത്തുകൾ. അറിയിപ്പുകൾ പലതും സമൂഹമാധ്യമങ്ങൾക്ക് വഴിമാറിക്കൊടുത്തപ്പോഴും, കല്യാണക്കത്ത് പക്ഷേ മലയാളികളുമായുള്ള ബന്ധമൊഴിയാൻ തയ്യാറായിട്ടില്ല. ഏറെ പണം ചെലവഴിച്ചും, അല്ലാതെയുമൊക്കയുള്ള ക്ഷണക്കത്തുകൾ തയ്യാറാക്കുന്ന നമ്മുടെ നാട് ഇപ്പോൾ ഈ മേഖലയിൽ നവീനാശയങ്ങൾ കൊണ്ടുവരുന്നതിനുള്ള തീവ്രശ്രമത്തിലാണ്.

പേനയിലൊതുക്കിയ കല്യാണംവിളിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ലേറ്റസ്റ്റ്. കൂനമ്മാവ് മേനാച്ചേരി വീട്ടിൽ ലീന ജോസഫിന്റെയും, തമ്പി മേനാച്ചേരിയുടെയും മകൾ മേഘയുടെ വിവാഹ ക്ഷണക്കത്ത് പേനയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ബട്ടണിൽ വിരൽ അമർത്തുമ്പോൾ വിവരങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിൽ പേന ക്രമീകരിച്ചിരിക്കുന്നു. പേനയുടെ ഒരു വശത്ത് തുറന്നിരിക്കുന്നയിടത്ത് തീയതിയും, സ്ഥലവും, സമയവുമൊക്കെ മാറിമാറി വരും. കല്യാണപ്പെണ്ണിന്റെയും ചെക്കന്റെയും കളർ ചിത്രവും പേനയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിൽ ജീവനക്കാരിയായ മേഘയുടെ സ്വന്തം ആശയമാണിത്. പഴയകാലത്തെ  രാജ വിളംബരത്തിന്റെ മാതൃകയിൽ തയ്യാറാക്കിയിട്ടുള്ള കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുള്ള കോട്ടണും ലിനനും കലർന്ന  പ്രത്യേകയിനം തുണിയിൽ പേന പൊതിഞ്ഞ് ഗിഫ്റ്റ് ബോക്സിലാക്കിയാണ് ക്ഷണക്കത്ത് ഒരുക്കിയിട്ടുള്ളത്.

രണ്ടായിരത്തോളം പേർക്ക് വിവാഹ ക്ഷണക്കത്ത് നൽകുന്നു. ദൈവങ്ങളുടെയും, വിശുദ്ധരുടെയുമൊക്കെ ചിത്രങ്ങൾ പേനയിൽ ആലേഖനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാണ് സ്വന്തം വിവാഹ ക്ഷണക്കത്ത് ഇങ്ങനെയാക്കാൻ മേഘ തീരുമാനിച്ചത്. ആദ്യമായിട്ടാണ് പേന വിവാഹ ക്ഷണക്കത്തിന്റെ രൂപത്തിലെത്തുന്നതെന്നും മേഘ പറയുന്നു.  ഓൺലൈൻ വഴിയാണ്  ഇഷ്ടപേനയ്ക്കായുള്ള തിരച്ചിൽ നടത്തിയത്. തുടർന്ന് മുംബൈയിൽ നിന്നും ചെലവ് കുറഞ്ഞ രീതിയിൽ പേന വരുത്തിക്കുകയാണുണ്ടായത്. പേനയിൽ ഒരുക്കിയ ക്ഷണക്കത്ത് കണ്ട പ്രതിശ്രുത വരൻ റിയോൺ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് വ്യത്യസ്തതയാർന്ന ആശയത്തെ അഭിനന്ദിച്ചു. കല്യാണപ്പേനകൊണ്ട് ആദ്യ ക്ഷണം എഴുതി നൽകിയത് ഭർത്താവിന്റെ അമ്മയ്ക്കാണെന്നും മേഘ പറഞ്ഞു. ഐ.ടി. എൻജിനീയറായ മേഘ ഇപ്പോൾ ഈവന്റ് മാനേജ്‌മെന്റ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കൂടുതൽ നവീനാശയങ്ങൾ ഈ രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിലാണ് മേഘ. ചെലവ് കുറഞ്ഞ രീതിയിൽ ആഘോഷവേളകൾക്ക് ഏറെ പകിട്ടേകാനാകണമെന്നാണ് മേഘയുടെ അഭിപ്രായം.   

 വൻതോതിലുള്ള ചെലവൊന്നും ക്ഷണക്കത്തിന് ആയിട്ടില്ലെന്ന് മേഘയുടെ പിതാവ് തമ്പി ജോസഫ് പറയുന്നു. ക്ഷണക്കത്ത് ഒന്നിന് 25 രൂപയാണ് ചെലവ് വന്നിട്ടുള്ളത്. വിവാഹ ക്ഷണക്കത്തായി ഇത് ആരും പ്രതിക്ഷിച്ചിരുന്നില്ലെന്നും തമ്പി ജോസഫ് പറഞ്ഞു. പലരും അത്ഭുതത്തോടെയാണ് ക്ഷണക്കത്ത് നോക്കിയത്. പലയിടത്തും ചെന്നപ്പോൾ ഒന്നിൽ കൂടുതൽ നൽകേണ്ടി വന്നതായും തമ്പി ജോസഫ് പറയുന്നു. നവംബർ 26ന് ആണ് മേഘയുടെയും ആലുവ സ്വദേശിയായ റിയോണിന്റെയും വിവാഹം.