പഠനത്തോടൊപ്പം ജോലിചെയ്താണ് തിരുവനന്തപുരത്തുകാരി ഗീതു ശിവകുമാർ വളർന്നത്. ജോലി പഠനത്തെ ബാധിക്കരുതെന്നു മാത്രമാണ് അച്ഛൻ ശിവകുമാറും അമ്മ സുജകുമാരിയും മകളോട് പറഞ്ഞത്. ഒറ്റക്കുട്ടിയായതിന്റെ ആവലാതിയായിരുന്നു ഇവർക്ക്. എന്നാൽ പഠനത്തിൽ വലിയ വിജയം നേടിയ ഗീതു, സാങ്കേതിക വിദ്യയിലുള്ള താത്‌പര്യവും ഉള്ളിൽ സൂക്ഷിച്ചു. ഈ പെൺകുട്ടിയെ എത്തിച്ചത് ‘പെയ്‌സ് ഹൈടെക്’ എന്ന ഐ.ടി. കമ്പനിയുടെ സി.ഇ.ഒ. പദവിയിലാണ്.

സ്വന്തം സംരംഭം സ്വപ്നം കണ്ടപ്പോൾ
സ്വന്തം സംരംഭം... പണ്ടുമുതലേ അതായിരുന്നു ഗീതുവിന്റെ സ്വപ്നം. കോളേജിൽ എല്ലാത്തിലും മിടുക്കിയായി മുന്നേറുമ്പോഴും ആ സ്വപ്നം കൂടെത്തന്നെ കൊണ്ടുപോയി. പന്ത്രണ്ടാമത്തെ വയസ്സുമുതൽ ഗീതു സാങ്കേതിക കാര്യങ്ങളിൽ തത്‌പരയായിരുന്നു. കവടിയാർ നിർമല ഭവൻ സ്കൂളിൽ പഠിക്കവേ, രാജീവ് ഗാന്ധി സെന്റർ  ബയോ ടെക്നോളോജിയിൽ ഒരു വർഷത്തെ ഫെലോഷിപ്പ് ചെയ്യാൻ അവസരം കിട്ടി.

സർക്കാരും ടെക്‌നോപാർക്കും ഐ.ടി. മിഷനും ചേർന്ന് നടത്തിയ ‘സംസ്ഥാന ഐ.ടി. ഫെസ്റ്റി’ലെ കേരളത്തിലെ ഏറ്റവും മികച്ച വെബ് ഡെവലപ്പർ ആയി വിജയിച്ചു. കൂടാതെ, കേന്ദ്രസർക്കാർ പരിപാടിയിലൂടെ ജപ്പാൻ സന്ദർശനം നടത്താൻ 2012-ൽ അവസരം ലഭിച്ചു. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ഇലക്‌ട്രോണിക്സ്  ബിരുദത്തിന് പഠിക്കുമ്പോളാണ് സ്വന്തമായി സംരംഭം തുടങ്ങാൻ ഗീതു മുന്നോട്ടിറങ്ങിയത്. അങ്ങനെ ‘ലോട്ടസ് ബട്ടൺ’ ആരംഭിച്ചു. കൂട്ടുകാരുടെയും കോളേജ് അധികൃതരുടെയും പിന്തുണയോടെ കോളേജിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററിൽ ആദ്യമായി രജിസ്റ്റർ ചെയ്ത  പെൺകുട്ടിയും ഗീതു ആയിരുന്നു. നിലവാരവും സമയനുസൃതമായ ഇടപെടലും കൂടുതൽ േപ്രാജക്ടുകൾ ഗീതുവിലേക്ക്‌ എത്തിച്ചു. രാജ്യത്തെ ആദ്യത്തെ ‘കാമ്പസ് ന്യൂസ് ആപ്ലിക്കേഷൻ’ തന്റെ കോളേജിന് വേണ്ടി  ഡെവലപ്പ് ചെയ്തതും ഗീതുവാണ്.

പുതിയനേട്ടങ്ങൾ
ഫൈനൽ വർഷം തന്റെ പ്രോജക്ട്‌  പേറ്റന്റ് ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് കേരള സ്റ്റേറ്റ് ശാസ്ത്ര ഭവന്റെ ‘ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്’ പ്രോഗ്രാമിൽ ഗീതു പങ്കെടുത്തത്. അവിടെ അന്ന് മുഖ്യാതിഥിയായി വന്നത് രാജ്യത്തെ മുൻനിര ബിസിനസ് ഗ്രൂപ്പ് ആയ ‘ബീറ്റാ ഗ്രൂപ്പ്’ ചെയർമാൻ ഡോ. ജെ. രാജ്‌മോഹൻ പിള്ളയായിരുന്നു. ആ കൂടിക്കാഴ്ചയിലൂടെ ബീറ്റ ഗ്രൂപ്പിന്റെ ‘ബീറ്റ ഇന്റലിജൻസ്’ എന്ന കമ്പനിയുടെ കൂടെ പ്രവർത്തിക്കാൻ ഗീതുവിന് അവസരം ലഭിച്ചു. സ്വന്തം സ്വപ്നങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കിട്ടിയ ജോലികളും അവസരങ്ങളും സമൂഹത്തിന്റെ ചോദ്യങ്ങളും വേണ്ടന്നു വെച്ച് പ്രവർത്തിക്കുകയായിരുന്നു ഗീതു എന്നും. ചുരുങ്ങിയ കാലത്തിനുള്ളിൽ ബീറ്റ ഗ്രൂപ്പിന്റെ ഐ.ടി. മേഖലയിൽ ഗീതു ഏറെ മാറ്റം കൊണ്ടുവന്നു. വ്യക്തമായ ലക്ഷ്യബോധവും വളർച്ചയും കാരണം ഗീതുവിന്റെ സ്റ്റാർട്ടപ്പിനെ ബീറ്റ ഗ്രൂപ്പ് ഏറ്റെടുക്കുകയും വലിയ നിക്ഷേപത്തോടെ അത്  ‘പെയ്‌സ് ഹൈടെക്’ എന്ന പേരിൽ വളരുകയുമായിരുന്നു.

നിരവധി വലിയ േപ്രാജക്ടുകൾ ചെയ്യാനും കൂടുതൽ സ്ഥലങ്ങളിലേക്ക് വികസിക്കാനും പെയ്‌സിനു സാധിച്ചു. ബീറ്റ ഗ്രൂപ്പിന്റെ സഹായത്തോടെ സിംഗപ്പൂർ, ശ്രീലങ്ക, മിഡിൽ ഈസ്റ്റ് എന്നീ സ്ഥലങ്ങളിലേക്ക് ഗീതു തന്റെ ബിസിനസ് വളർത്തുകയാണ്. ഇന്ത്യ ആസ്ഥാനമാക്കി ടെക്നോളജി ബ്രാൻഡ് ഉണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം. തന്റെ ജീവിതത്തിൽ എന്നും സ്വപ്നങ്ങൾ ഏറ്റവും പ്രധാനമായിരുന്നുവെന്നും മറ്റുള്ളവരുടെ സ്വപ്നങ്ങൾ ടെക്നോളജി ഉപയോഗിച്ച് സത്യമാക്കുക എന്നതിന് വേണ്ടിയാണു പെയ്‌സ് പ്രവർത്തിക്കുന്നതെന്നും ഗീതു പറഞ്ഞു.

20 പേരാണ് നിലവിൽ ഗീതുവിനു കീഴിലുള്ളത്. പഠനം മാത്രമല്ല, എഴുത്തിലും വയലിൻ വായനയിലും കഴിവും തെളിയിച്ചിട്ടുണ്ട് ഗീതു.