rOBINSONലോകത്തിലെ മികച്ച ഡിസ്ക് ജോക്കികളിലൊരാളായ, ലണ്ടൻ ഫാഷൻ വീക്കിൽ ആദ്യമായി ഡി.ജെ. നൈറ്റ് നടത്തി പ്രശസ്തിനേടിയ മാർക്ക് റോബിൻസൺ ആദ്യമായി കേരളത്തിലെത്തിയതിന്റെ ആവേശത്തിലായിരുന്നു. 
മിക്ക രാജ്യങ്ങളിലുമുള്ള ജനങ്ങളെ സംഗീതംകൊണ്ട് ചുവടുകൾവെപ്പിച്ച റോബിൻസൺ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായാണ് കോഴിക്കോട്ടെത്തിയത്. 

മുൻപ് പലതവണ ഇന്ത്യയിൽ ഡി.ജെ. നൈറ്റുകൾ നടത്തിയിട്ടുണ്ടല്ലോ. ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാമോ?

ഇന്ത്യ എന്റെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. ഇന്ത്യയിലെ ഓരോയിടങ്ങളിലും സന്ദർശിക്കുമ്പോൾ വ്യത്യസ്തമായ സംസ്കാരങ്ങളും രീതികളുമാണ് കാണാൻസാധിക്കുന്നത്. അത് എപ്പോഴും എന്നെ അദ്ഭുതപ്പെടുത്തുന്നു. നല്ല കാലാവസ്ഥയാണിവിടെ. ഇവിടത്തെ ഭക്ഷണവും എനിക്ക് പ്രിയപ്പെട്ടതാണ്. ബെംഗളൂരുവിലാണ് ഞാൻ ഏറ്റവുമധികം ഡി.ജെ. നൈറ്റുകൾ നടത്തിയിട്ടുള്ളത്. ഹൈദരാബാദ്, മുംബൈ, പുണെ തുടങ്ങിയ സ്ഥങ്ങളിലെല്ലാം ഞാൻ പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്. ഇവിടുള്ളവരുടെ പാശ്ചാത്യ സംഗീതത്തോടുള്ള സ്നേഹം വലിയ കൗതുകമുണർത്തുന്നു. 

ആദ്യമായി കേരളത്തിലെത്തിയപ്പോൾ മനസ്സിനെ കീഴടക്കിയ കാര്യങ്ങളെന്തെല്ലാം?

കേരളത്തിൽ എത്തിയതിന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കേരളം എന്നെ ശരിക്കും വിസ്മയിപ്പിച്ചു. വരുന്ന വഴിക്ക് പച്ചപ്പും കടലോരവുമെല്ലാം ശ്രദ്ധയിൽപ്പെട്ടു. മനസ്സിനെ ആകർഷിക്കുന്ന ഭൂപ്രദേശമാണിവിടെ. ഇന്ത്യയിൽ പലയിടങ്ങളിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ സ്ഥലം മറ്റെവിടെയും കാണാൻ സാധിച്ചിട്ടില്ല. കേരളം എനിക്ക് പുതിയ അനുഭവമാണ് നൽകിയത്. ഇനിയുമിവിടെ സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു.

കോഴിക്കോടിന്റെ ഭക്ഷണത്തെക്കുറിച്ച് ?

കേരളത്തിന്റെ ഭൂപ്രകൃതി പോലെയാണ് ഇവിടുത്തെ ഭക്ഷണവും. വല്ലാതെ കൊതിപ്പിക്കുന്നു. ആദ്യമായാണ് കേരള സ്റ്റൈൽ ഭക്ഷണംകഴിച്ചത്. ഞാനിപ്പോൾ ഇവിടത്തെ ഭക്ഷണത്തിന്റെ ആരാധകനാണ്. എന്തൊരു രുചിയാണ് ഭക്ഷണത്തിന്? കോഴിക്കോടൻ ചിക്കൻ ബിരിയാണിയാണ് എന്റെ ഫേവറിറ്റ്. ബിരിയാണിയോടൊപ്പം ലേഡി ഫിഷ് ഫ്രൈയും എന്നെ ആകർഷിച്ചു. ഞങ്ങളുടെ നാട്ടിനെക്കാൾ എരിവും പുളിയുമെല്ലാം കൂടുതലാണിവിടെ. രുചിയുടെ കാര്യത്തിൽ കേരളത്തിനെക്കാളും മികച്ച സ്ഥലം ഇന്ത്യയിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും എനിക്കേറെയിഷ്ടമാണ്.

ആദ്യമായി കേരളത്തിൽ ഡി.ജെ. നൈറ്റ് നടത്തുമ്പോൾ ഞങ്ങൾക്കായി ഏതൊക്കെത്തരം സംഗീതങ്ങളാണ് ഒരുക്കുന്നത്?

ജീവിതത്തിലെ വിഷമങ്ങളും ടെൻഷനുകളുമെല്ലാം മറന്ന് ആസ്വദിക്കാനാണ് ഏവരും ഡി.ജെ. നൈറ്റിൽ എത്തുന്നത്. അവരുടെ ആവേശമാണ് എന്റെ ശക്തി. ഓരോ ഗ്രൂപ്പിനുമനുസരിച്ചാണ് ഞാൻ ഡിജെയിങ് നടത്തുന്നത്. ടെക്കാവോസും ക്ലാസിക്കുമാണ് കോഴിക്കോട്ടുള്ളവർക്കായി ഒരുക്കുന്നത്. അവരുടെ എനർജിക്കനുസരിച്ച് മിക്സിങ്ങിൽ ഏറ്റക്കുറച്ചിലുകൾ വരുത്തും. എല്ലാവർക്കും സംഗീതമാസ്വദിച്ച് ചുവടുകൾവയ്ക്കാനുള്ള മികച്ച ഗാനങ്ങൾ ഡി.ജെ. നൈറ്റിലുണ്ടാകും.

പലതരത്തിലുള്ള പാട്ടുകൾ കേൾക്കുകയും മിക്സ് ചെയ്യുകയുമൊക്കെ ചെയ്യുന്ന താങ്കൾക്ക് ഏതുതരത്തിലുള്ള പാട്ടുകളോടാണ് താത്പര്യം?
ഒരു ഡി.ജെ. എന്ന നിലയ്ക്ക് എല്ലാത്തരം പാട്ടുകളും കേൾക്കാൻ എനിക്കിഷ്ടമാണ്. എന്നാൽ മാത്രമേ പുതിയ ആശയങ്ങൾ ഉടലെടുക്കൂ. എന്നാലും ക്ലാസിക്കുകൾ കേൾക്കാനാണ് എനിക്കിഷ്ടം
 

താങ്കൾ കൊണ്ടുവന്ന ആശയമായ ഡാൻസ് റേഡിയോ സ്റ്റേഷന്റെ വിശേഷങ്ങളെന്തെല്ലാം?
വർഷങ്ങൾക്കുമുൻപ് ഞാനും സുഹൃത്ത് ഗിഫി ഫീൽഡ്‌സും ചേർന്ന് തുടങ്ങിയ ഒരാശയമാണ് ഡാൻസ് റേഡിയോ സ്റ്റേഷൻ. അതൊരു കേബിൾ റേഡിയോ സ്റ്റേഷൻ ആയിരുന്നു. 
ഡി.ജെയും സംഗീതവും മാത്രമായിരുന്നു റേഡിയോ ചാനലിൽ. ഇന്റർനെറ്റിലൂടെയും റേഡിയോ ശ്രോതാക്കൾക്ക് ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യയിലും ഇന്ന് അത്തരത്തിലുള്ള ഇന്റർനെറ്റ് റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
 

ഡി.ജെ. രംഗത്തേക്ക് നിരവധി പുതുമുഖങ്ങൾ കേരളത്തിൽനിന്ന്‌ കടന്നുവരുന്നുണ്ട്. അവർക്ക് എന്തുപദേശമാണ് നൽകാനുള്ളത്?
ഡി.ജെ. രംഗത്തേക്ക് പുതിയ കുട്ടികൾ കടന്നുവരുന്നത് സന്തോഷമുളവാക്കുന്ന കാര്യമാണ്. ഏതുജോലിയിലും ശ്രദ്ധയും ആത്മാർഥതയുമാണ് പ്രധാനം. 
ഈ രംഗത്തും അത് അത്യാവശ്യമാണ്. സംഗീതത്തോട് പാഷനില്ലാത്തവർക്ക്, സംഗീതം ഇഷ്ടപ്പെടാത്തവർക്ക് ഒരിക്കലും മികച്ച ഡി.ജെ. ആകാൻ സാധിക്കില്ല. ഇന്ന് സമൂഹമാധ്യമങ്ങളുടെ ശക്തി കൂടിവരികയാണ്. ഡി.ജെ. രംഗത്തേക്ക് വരുന്നവർ സമൂഹമാധ്യമങ്ങളെ നന്നായി ഉപയോഗിച്ച് അതിലൂടെ സംഗീതം മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കണം. കഠിനമായ പരിശ്രമവും ദിവസേനയുള്ള പ്രാക്ടീസും പുതിയ മിക്സിനായുള്ള ചിന്തകളുമാണ് ഒരു നല്ല ഡിസ്ക് ജോക്കിയെ വളർത്തിയെടുക്കുന്നത്.