tarതൃശ്ശൂർ എന്നാലെന്താണ്‌ എന്ന്‌ ചോദിച്ചാൽ ഇല്യാസ്‌ ഉബൈദുള്ള എന്ന ലക്ഷദ്വീപുകാരന്‌ ഒറ്റ ഉത്തരമേയുള്ളൂ. തൃശ്ശൂർ സ്നേഹമാണ്‌. നിറയെ സ്നേഹമുള്ളവരുടെ നാട്‌. തൃശ്ശൂർക്കാരെ ചേർത്തുപിടിച്ചാണ്‌ ഞാനിന്ന്‌  ഒരു ഡിഗ്രിക്കാരനായതെന്നു പറയുമ്പോൾ ഇല്യാസിന്റെ കണ്ണുകളിൽ അഭിമാനത്തിളക്കം. ഒപ്പം തൃശ്ശൂരിനോടും അവിടത്തെ കൂട്ടുകാരോടുമുള്ള നിറയെ സ്നേഹവും.

 തൃശ്ശൂർ കേരളവർമ്മയിൽനിന്ന്‌ മലയാളത്തിൽ ബിരുദം നേടിയശേഷം തൃശ്ശൂർ ഐ.എ.എസ്‌.ഇ.യിൽ ബി.എഡിനു പഠിക്കുന്ന ഇല്യാസ്‌ ഉബൈദുള്ള എന്ന ഇരുപത്തിമൂന്നുകാരൻ തന്റെ ജീവിത അദ്‌ഭുതങ്ങളുടെ കഥക്കെട്ടഴിച്ചു.

 ലക്ഷദ്വീപിലെ കൽപ്പേനിയിലാണ്‌ ഇല്യാസിന്റെ വീട്‌. നാലുകിലോമീറ്ററോളം നീളവും ഒന്നരക്കിലോമീറ്റർ മാത്രം വീതിയുമുള്ള കൊച്ചുദ്വീപാണ്‌ കൽപ്പേനി. ഇല്യാസിന്റെ പിതാവ്‌ ലക്ഷദ്വീപിൽ സർക്കാർ സർവീസിൽ കാർപ്പെന്ററാണ്‌. നാലുമക്കളിൽ മൂത്ത രണ്ടു മക്കളെയും മതപഠനത്തിനായി മലപ്പുറത്തെ ചെമ്മാടുള്ള മതപഠനകേന്ദ്രത്തിലാക്കി. മൂന്നാമനായ ഇല്യാസിനെ സർക്കാർ ജോലിക്കാരനാക്കുക എന്നതായിരുന്നു പിതാവിന്റെ സ്വപ്നം. അതിന്‌ വേണ്ടുന്ന വിദ്യാഭ്യാസം നൽകാനായി തിരഞ്ഞെടുത്തത്‌ തൃശ്ശൂർ കേരളവർമ കോളേജിനെ. കേരളവർമ കോളേജിൽ പഠിച്ചിട്ടുള്ള ലക്ഷദ്വീപിലെ മുഴുവൻ ആൾക്കും സർക്കാർ ജോലി കിട്ടിയിട്ടുണ്ടെന്നുള്ള വിശ്വാസവും ഇതിന്‌ തുണയായി.

 2012-ലാണ്‌ ഇല്യാസ്‌ കേരളവർമയിലേക്ക്‌  എത്തുന്നത്‌. അതിനുമുമ്പ്‌ കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും പഠിക്കാനെത്തിയപ്പോൾ അദ്‌ഭുതലോകത്തെത്തിയ പ്രതീതി. ഉപ്പയും ഉമ്മയും പിരിഞ്ഞുപോകുന്നതുവരെ പ്രശ്നമൊന്നും തോന്നിയിരുന്നില്ലെന്ന്‌ ഇല്യാസ്‌. അവർ പോയിക്കഴിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥ. മറ്റുള്ളവരോട്‌ സംശയം ചോദിച്ചാൽ അബദ്ധമാകുമോ എന്നുള്ള പേടി. നാലുപുറവും കടൽമാത്രമുള്ള ഇടത്തുനിന്ന്‌ മറ്റൊരു ലോകത്തെത്തിയതിന്റെ വിസ്‌മയം. കൽപ്പേനിയിലെ പ്രധാന വാഹനം സൈക്കിളാണ്‌. ആകെ നാലോ അഞ്ചോ കാറുകളും ഒരു മിനിബസ്സും മാത്രം. തൃശ്ശൂരിലാവട്ടെ സൈക്കിളുകൾ കാണാനേ ഇല്ല. കാറും ബസും മാത്രം. ഒറ്റയ്ക്ക്‌  അതിൽ കയറാനും സഞ്ചരിക്കാനുമുള്ള പരിചയക്കുറവ്‌ മൂലം ശ്വാസം മുട്ടിക്കുന്ന അവസ്ഥ.

ക്ളാസിലെത്തിയാൽ എല്ലാം ശരിയാകുമെന്നു വിശ്വസിച്ചിരുന്ന ഇല്യാസിന്‌ ആദ്യക്ളാസനുഭവം സമ്മാനിച്ചത്‌ അതിലേറെ ദുഃഖം. ബി.എ. മലയാളം ക്ളാസിലെത്തിയ ഇല്യാസിനെ പെൺകുട്ടികൾ വന്നു സ്വീകരിച്ചത്‌ ഹസ്തദാനം ചെയ്ത്‌.  ഇല്യാസിന്‌ അത്‌ ഉൾക്കൊള്ളാനാവുമായിരുന്നില്ല.

 അവർക്കുനേരെ തിരിച്ചുകൈനീട്ടാനുള്ള  സങ്കോചവും പേടിയും ഇല്യാസിന്റെ ഉള്ളിൽ കടുത്തസങ്കടമുണ്ടാക്കി. ഇല്യാസിന്റെ ഭയവും മുഖത്തെ സങ്കോചവും മറ്റ്‌ കുട്ടികൾക്ക്‌ ചിരിക്കാൻ വക നൽകിയത്‌ അതിലേറെ വിഷമത്തിലാക്കി. ഫലമോ ആദ്യമണിക്കൂർ ക്ളാസ്‌ കഴിഞ്ഞതും ഇല്യാസ്‌ ആരോടും പറയാതെ ഹോസ്റ്റലിലേക്ക്‌ വിട്ടു. ഒറ്റയ്ക്കിരുന്ന്‌ വിഷമിച്ചു. വീട്ടിലേക്കും തിരികെപ്പോവാനാവാത്ത അവസ്ഥ. പിന്നെയുള്ള രണ്ടുദിവസം കോളേജിലേക്ക്‌ പോയതേയില്ല.

 കൽപ്പേനിയിലെ പ്ളസ്‌ ടു ക്ളാസിൽ മുപ്പതിലേറെ പെൺകുട്ടികൾ ഉണ്ടായിരുന്നിട്ടും ആരോടും അടുത്തിടപഴകിയിട്ടില്ല. അവിടെ ആർക്കും അങ്ങനെ ശീലമില്ല. അതാണ്‌ കാരണമെന്ന്‌ ഇല്യാസ്‌ പറയുന്നു.

എന്തായാലും ലക്ഷദ്വീപിൽ നിന്നുള്ള കുട്ടിയെ അന്വേഷിച്ച്‌ മിഥുൻ എന്ന അധ്യാപകൻ എത്തുന്നതാണ്‌ ഇല്യാസിന്റെ ജീവിതത്തിന്‌ വഴിത്തിരിവാകുന്നത്‌. കാര്യങ്ങൾ ചോദിച്ചറിഞ്ഞ മിഥുൻ ഇല്യാസിനെ ആശ്വസിപ്പിച്ച്‌ ഒപ്പം കൂട്ടി. അതൊക്കെപ്പതിവാണെന്നും സാരമില്ലെന്നും പറഞ്ഞ്‌  പിറ്റേന്നു മുതൽ ഹോസ്റ്റലിൽനിന്ന്‌ ഒരുമിച്ച്‌ കോളേജിലേക്ക്‌ പോയി. മറ്റുള്ള അധ്യാപകർക്കും എല്ലാവർക്കും പരിചയപ്പെടുത്തി. ബിജു, സുമേഷ്‌ എന്നീ അധ്യാപകരെക്കൂടി ചേർത്ത്‌ ഒരു ഗ്യാങ്ങാക്കിത്തന്നെ ഒപ്പം കൊണ്ടുനടന്നു.

 ലക്ഷദ്വീപിൽനിന്ന്‌ എന്നു പറയുമ്പോൾതന്നെ മറ്റുള്ളവർ സ്നേഹവും പരിഗണനയും പഠിപ്പിച്ചു. തൃശ്ശൂരിന്റെ ചേർത്തുപിടിക്കലായിരുന്നു അതെന്ന്‌  ഇല്യാസ്‌ പറയുന്നു. അവരെന്നെ അന്നങ്ങനെ കൊണ്ടുനടന്നതുകൊണ്ട്‌ കൂടിയാണ്‌ ഇന്നുകാണുന്ന ഞാൻ ഉണ്ടായതെന്നു പറയുമ്പോൾ ഇല്യാസിന്റെ കണ്ണുകളിൽ സ്നേഹം നിറയുന്നു.

 കഥ തീരുന്നില്ല, ഓണാവധിക്ക്‌ കൽപ്പേനിയിലേക്ക്‌ കപ്പല്‌കയറിയ ഇല്യാസ്‌ മടങ്ങിവന്നില്ല. ഷേക്ക്‌ ഹാൻഡ്‌ ആയിരുന്നില്ല ഇക്കുറി വില്ലനായത് സംസ്‌കൃതം. തൃശ്ശൂരിൽ കോളേജിൽ ചേരുന്നതു വരെ സംസ്‌കൃതത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. രാമനും സീതയും കൃഷ്ണനും രാധയും എന്നൊക്കെ ചിത്രകഥകളിലെ കഥാപാത്രങ്ങളായിട്ടേ അറിവുണ്ടായിരുന്നുള്ളൂ.

അതൊക്കെ മൂലമാണ്‌ ഇല്യാസ്‌ കൽപ്പേനിയിൽ തുടരാൻ തീരുമാനിച്ചത്‌. പക്ഷേ, തൃശ്ശൂരിനെ ഇല്യാസ്‌ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴും ഇല്യാസിനെ തൃശ്ശൂർക്കാർ ഉപേക്ഷിക്കാൻ ഒരുക്കമല്ലായിരുന്നു. ക്ളാസിലെ കുട്ടികളും അധ്യാപകരും നിരന്തരം ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. കൃഷ്ണകുമാരിടീച്ചറും പ്രസന്നൻമാഷുമെല്ലാം ഇല്യാസിന്റെ ഉപ്പായെ വിളിച്ച്‌  ഇല്യാസിനെ തിരിച്ചയയ്ക്കാൻ നിർബന്ധിച്ചതോടെ വീട്ടുകാര്‌ ഇല്യാസ്‌ പഠിക്കാൻ പോയേ മതിയാവൂ എന്ന തീരുമാനമെടുത്തു.
 

ഇല്യാസിന്‌ വീട്ടിൽ നിൽക്കാനായില്ല. തിരിച്ചുവന്ന ഇല്യാസിനെ കേരളവർമയും തൃശ്ശൂരും ചേർത്തുപിടിച്ചത്‌ അതിേലറെ മുറുക്കെ. ഇനി ഒരിക്കലും തൃശ്ശൂര്‌ വിട്ടുപോകാത്തവിധം. ക്ളാസിലെ കുട്ടികളും അധ്യാപകരും ഒരുമിച്ച്‌ സംസ്‌കൃതം അക്ഷരം മുതൽ പഠിപ്പിച്ചു. മതത്തെക്കുറിച്ച്‌ പറഞ്ഞുകൊടുത്ത ക്ളാസിലെ കൂട്ടുകാരികളായ ഗായത്രി, ആദിമ, ഋഥിജ, ആതിര എന്നിവരും കുടുംബാംഗങ്ങളും ഇല്യാസിനൊപ്പം നിന്നു. എല്ലാവരുടെയും കുടുംബങ്ങൾ തമ്മിലും ആഴത്തിലുള്ള ബന്ധമായി. അതിനു ഫലവും കിട്ടി. അക്കൊല്ലം ബി.എ. മലയാളം കേരളവർമയിൽ പാസായ ഏക ആൺകുട്ടി ഇല്യാസ്‌ മാത്രമായിരുന്നു. എനിക്കിന്നൊരു ഡിഗ്രി ഉണ്ടാവാൻ കാരണം ഈ തൃശ്ശൂർക്കാരാണെന്നത്‌ ഇല്യാസ്‌ പറയും. അവരെന്നെ കൊണ്ടുനടക്കുകയായിരുന്നു. എല്ലാം പറഞ്ഞുതന്നു.

 പൂരങ്ങളും പെരുന്നാളുകളും കഴിഞ്ഞാൽ ഇവിടത്തെ കല്യാണവീടുകളാണ്‌ ഇല്യാസിന്‌ അദ്‌ഭുതം. ലക്ഷദ്വീപിൽ പെൺകുട്ടികൾ കല്യാണം കഴിഞ്ഞ്‌ വീടുവിട്ടുപോവുകയല്ല. കെട്ടുന്ന ചെറുക്കൻ അത്രയും കാലം പെണ്ണിനെ പോറ്റിവളർത്തിയ പ്രതിഫലമായി അങ്ങോട്ടു മെഹർ (സ്ത്രീധനം) കൊടുക്കണം. അതിനുശേഷം പെണ്ണിന്റെ വീട്ടിൽ താമസിച്ച്‌  അവിടത്തെ അംഗങ്ങളുടെ മുഴുവൻ കാര്യവും നോക്കേണ്ടുന്ന ഉത്തരവാദിത്വവും ചെറുക്കനാണ്‌.

 ഡിഗ്രികഴിഞ്ഞ്‌ പോയ ഇല്യാസിനെ വീണ്ടും തിരികെ വിളിച്ചത്‌ (ഐ.എ.എസ്‌.ഇ.) ബി.എഡ്‌. സെന്ററാണ്‌. അഡ്‌മിനിസ്‌ട്രേറ്റർ പോലും നിഷേധിച്ച  ബി.എഡ്‌. സീറ്റ്‌ ഐ.എ.എസ്‌. ഇ.യിലെ മലയാളം അധ്യാപിക ഷിനോജോസിന്റെ നിരന്തര ഇടപെടലിനെത്തുടർന്നാണ്‌ കിട്ടിയത്‌. മറ്റൊരു തൃശ്ശൂർക്കാരിയുടെ സ്നേഹമായി അതിനെ ഇല്യാസ്‌ അടയാളപ്പെടുത്തുന്നു. കുറെയേറേ പുതിയ കൂട്ടുകാരെയും ചേർത്ത്‌  ജീവിതത്തിലെ പുതിയ അറിവുകളും വെളിച്ചങ്ങളും തേടുവാനുള്ള പാതയിലാണ്‌ ഇല്യാസ്‌.
 

ഇനി തൃശ്ശൂർ വിട്ടുപോകുവാനുദ്ദേശ്യമുണ്ടോ എന്ന ചോദ്യത്തിന്‌ ഇല്യാസ്‌ പറയുന്നതിങ്ങനെ. ‘പോകാതിരിക്കണമെന്നാണ്‌ എന്റെ ആഗ്രഹം. പോകേണ്ടിവന്നാൽ പോകാതിരിക്കാനാവില്ലല്ലോ.’ പറ്റിയാൽ കേരളവർമയിൽതന്നെ എം.എ.യും ചെയ്യണം.

സംസാരത്തിനുശേഷം ഇല്യാസ്‌ എന്നെയും കൂട്ടി നടന്നു. ഐ.എ.എസ്‌. ഇ.യുടെ ഹോസ്റ്റൽ മുറ്റത്തേക്ക്‌. കാടുപിടിച്ചുകിടന്നിരുന്ന മെൻസ്‌ ഹോസ്റ്റൽ പരിസരം വെട്ടിത്തെളിച്ച്‌ ഒരു പൂന്തോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണീ ചെറുപ്പക്കാരൻ. ഞാൻ പോവേണ്ടിവന്നാലും എന്റെ ഓർമയ്ക്ക്‌ ഇവിടെ കുറെ ചെടികൾ വളരട്ടെ. എന്നെ  ഇത്രയേറേ സ്നേഹിച്ച തൃശ്ശൂരിന്‌ ഞാനെന്തെങ്കിലും തിരിച്ചു നൽകണ്ടെ. കൊല്ലങ്കോട്‌ രാജവംശത്തിന്റെ ഓർമകളുറങ്ങുന്ന ഹോസ്റ്റൽ മുറ്റത്ത്‌ ഇല്യാസിന്റെ സ്നേഹപ്പൂക്കൾ വളർന്നുവരുന്നുണ്ട്‌.

കൽപ്പേനി ഇതാണ്‌
4500പേർ മാത്രം താമസിക്കുന്ന ദ്വീപ്‌. മത്സ്യബന്ധനവും സർക്കാർജോലിയും ബിസിനസുമൊക്കെയാണ്‌ ആളുകളുടെ ജീവിതോപാധി. കേരളത്തിന്‌ ഏറ്റവും അടുത്ത ദ്വീപാണ്‌ കൽപ്പേനി. ബേപ്പൂരിൽനിന്നും കൊച്ചിയിൽ നിന്നും കപ്പലുകൾ ഉണ്ട്‌. രാത്രി പുറപ്പെട്ടാൽ പുലർച്ചെ അവിടെ എത്തും. ജെസരിയാണ്‌ സംസാരഭാഷ. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ കവരത്തിക്ക്‌ വരേണ്ടിവരും.

കൽപ്പേനിയിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ 20 മിനിറ്റ്‌ വേണം കവരത്തിക്ക്‌. കപ്പലാണ്‌ പ്രധാന യാത്രാമാർഗം. നാലുമണിക്കൂർ യാത്രയാണ്‌ കപ്പലിൽ കവരത്തിക്ക്‌. അതിരാവിലെ കപ്പലുപോലെ സ്പീഡ്‌ വെസൽ എന്ന ഒരു യാത്രാക്കപ്പൽ പുറപ്പെടും. ഇത്‌ രണ്ടരമണിക്കൂർകൊണ്ടെത്തും. ദ്വീപിൽ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പേന എല്ലാം അടക്കം സൗജന്യമാണ്‌. അതിനാൽ എല്ലാവരും വിദ്യാഭ്യാസം ചെയ്യുന്നു. രാഷ്ട്രീയ സംഘർഷങ്ങളോ സമരങ്ങളോ ഉണ്ടാവാറില്ല. സഹകരണ മനോഭാവമുള്ള ആളുകൾ.