picഒക്ടോബർ 28-ന് ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു ആ ചടങ്ങ്. മൈലിപ്പാടത്തെ ചേതന മ്യൂസിക് കോളേജിൽ അന്ന് ടി.എ. കിരൺ എന്ന ഇരുപത്തിനാലുകാരൻ അരങ്ങേറി. മ്യൂസിക് കോളേജിലെതന്നെ സംഗീതവിദ്യാർഥിയായ കിരണിന്റെ അരങ്ങേറ്റം സ്ഥാപനമാകെ ആഘോഷമാക്കി. 

പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സമ്മാനമായി പുതുവസ്ത്രങ്ങളെടുത്തു. എന്നാൽ സമ്മാനം നൽകിയ ഒരാൾമാത്രം പുതിയതെടുത്തില്ല. കിരണിന്റെ അമ്മ സജിത. സെറിബ്രൽ പാൾസിയുടെ പിടിയിൽനിന്ന് സംഗീതത്തിലൂടെ മകനെ തിരികെയെടുത്ത ഈ അമ്മയ്ക്കു വേണ്ടത് ഒന്നുമാത്രം- ‘എനിക്കവൻ പാടുന്നത് കണ്ടാൽമതി’.

ചൂരക്കാട്ടുകര തുളുവൻപറമ്പിൽ അജിത്ത്കുമാറിന്റെയും സജിതയുടെയും മകനാണ് കിരൺ. ഏഴാംമാസത്തിലായിരുന്നു ജനനം. പിറന്ന് നാലുമാസം പ്രായമുള്ളപ്പോൾ കുഞ്ഞിനൊരു പനിവന്നു. പനി അവസാനിച്ചത് സെറിബ്രൽ പാൾസിയിലും. 

പാട്ടു കേട്ട ബാല്യം
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിവരമറിഞ്ഞ അമ്മ പതറിയില്ല. സ്കൂൾ, കോളേജ് കാലഘട്ടത്തിലെ കായികതാരമായിരുന്ന സജിത അതും ഒരു ‘സ്പോർട്‌സ്‌മാൻ സ്പിരിറ്റി’ലെടുത്തു. വിഷമിച്ചിരിക്കുകയല്ല, പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് മനസ്സിൽ കുറിച്ചു. 

ചൂരക്കാട്ടുകരയിലെ ഭർതൃവീട് കൂട്ടുകുടുംബമായിരുന്നു. കിരണിനെ കേന്ദ്രീകരിച്ച് വീട്ടുജോലികളും മറ്റു ചര്യകളും ക്രമീകരിച്ചു. ഭർത്താവ് വിവിധ ജോലികളുമായി പലയിടത്താകും. ഒരു കുഞ്ഞിന്റെ സ്വാഭാവിക വളർച്ചയുടെ ഘട്ടങ്ങളിലൂടെയൊന്നും കിരൺ കടന്നുപോയില്ല. നാലുവയസ്സുവരെ ഒരേ കിടപ്പുതന്നെ. കണ്ണിനും കാഴ്ചയില്ല. ഉറക്കം പോലുമില്ലാതെ രാവും പകലും കരച്ചിൽ മാത്രം. കൂടാതെ ഇടയ്ക്കുവരുന്ന ഫിറ്റ്‌സും. മനസ്സിൽ വിങ്ങുന്നതെന്തൊക്കെയോ കുഞ്ഞുകിരൺ കരച്ചിലിലൂടെ പറയാതെ പറഞ്ഞു. പക്ഷേ, ഇരുട്ടുനിറഞ്ഞ ലോകത്തിൽ അവൻ ഒന്നുമാത്രം കേട്ടു, തിരിച്ചറിഞ്ഞു; അമ്മയുടെ പാട്ട്. 

ആദ്യമായി 
അവൻ വിളിച്ചു 'അമ്മേ'

സംസാരിക്കാത്ത മകനുവേണ്ടി അക്കാലത്ത് അമ്മ സംസാരിച്ചു. പ്രാഥമികാവശ്യങ്ങളെക്കുറിച്ചുപോലും അമ്മയെ അറിയിക്കാൻ കഴിയാതിരുന്ന കുട്ടിയോട് അമ്മ തുടർച്ചയായി സംസാരിച്ചു. ‘നമുക്ക് മരുന്നു കഴിക്കേണ്ടേ?’, ‘കളിക്കേണ്ടേ?’  ഓരോ ചെറിയകാര്യങ്ങളും പ്രതികരിക്കാത്ത മകനോട് പറഞ്ഞുകൊണ്ടിരുന്നു. നാലുമണിക്കെഴുന്നേറ്റ് വീട്ടുജോലികളൊതുക്കി മകന് ഫിസിയോതെറാപ്പിയും ചികിത്സയും നൽകി അവർ കാത്തിരുന്നു. പലപ്പോഴും മകന്റെ കരച്ചിലും വാശിയും കാരണം ഭക്ഷണംപോലും മുടങ്ങി. 
ശ്രീചിത്രയിലെ ചികിത്സയും അമ്മയുടെ പോരാട്ടവും ഫലം കണ്ടു. നാലാംവയസ്സിൽ കിരൺ ആദ്യമായി ‘അമ്മേ’യെന്നുവിളിച്ചു. സന്തോഷംകൊണ്ട് നെഞ്ചുവിങ്ങിപ്പോയി സജിതയ്ക്കന്ന്. സംസാരിച്ചും നടന്നും തുടങ്ങിയപ്പോൾ കുറ്റൂരിലെ ‘റീച്ച് സ്വാശ്രയ’ എന്ന സ്പെഷ്യൽ സ്കൂളിൽ കിരണിനെ ചേർത്തു. അപ്പോഴേക്കും മുടിമുഴുവൻ കൊഴിഞ്ഞ് പകരം നരച്ചമുടി കിളിർത്തു. നരച്ച മുടിയുമായി നാലുവയസ്സുകാരൻ സ്പെഷ്യൽ സ്കൂളിൽ പോയിത്തുടങ്ങി. കണ്ണിന്റെ കാഴ്ചയും അൽപ്പം മെച്ചപ്പെട്ടു.

പാട്ടുകളുടെ കൂട്ടുകാരൻ
സ്കൂളിൽ ചെന്നതോടെ ഉള്ളിൽ ഒളിച്ചിരുന്ന സംഗീതം പുറത്തുവന്നു. സ്വാശ്രയയിലെ സംഗീതാധ്യാപകൻ സുനിൽകുമാർ ലളിതസംഗീതം പഠിപ്പിച്ചുതുടങ്ങി. വാചകത്തേക്കാൾ പെട്ടെന്ന് ഈണം വഴങ്ങിയപ്പോൾ കിരൺ പാട്ടുകാരനായി തെളിഞ്ഞു. ലളിതഗാനങ്ങൾ തുടർച്ചയായി പാടി. തൃശ്ശൂർ ജനാർദനൻ, മധു, ജയമാലിനി എന്നീ അധ്യാപകർ ഗുരുക്കന്മാരായി. സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിൽ പലതവണ സംസ്ഥാന വിജയിയുമായി
 ഇതിനിടെ മകന്റെ പഠനത്തിന് സൗകര്യത്തിനായി അമ്മ നഗരത്തിലെ വാടകവീടുകളിലേക്ക് ജീവിതം മാറ്റിയിരുന്നു. മകൾക്കു തുണയായി അമ്മ ശാരദയും കൂടെനിന്നു. സാമ്പത്തികബുദ്ധിമുട്ടും അലട്ടി. സ്വന്തമായൊരു സ്ഥാപനമുണ്ടെങ്കിൽ വരുമാനവും വീട്ടുകാര്യവും നടക്കും. അങ്ങനെ പഴയ കായികതാരം വനിതകൾക്കായി ജിംനേഷ്യം തുടങ്ങി. പിന്നീട് താളവും വ്യായാമവും ചേരുന്ന എയ്‌റോബിക്സ് സെന്ററിലേക്ക് അതുമാറി. 

 മകന്റെ ചികിത്സയോടനുബന്ധിച്ചു നടത്തിയ പഠനവും ഗവേഷണവുമാണ് എയ്‌റോബിക്സിനെപ്പറ്റി മനസ്സിലാക്കാൻ സഹായിച്ചതെന്ന് സജിതയുടെ വാക്കുകൾ. സെന്റർ നടത്തുമ്പോഴാണ് സമീപത്തുള്ള ചേതന അക്കാദമിയെപ്പറ്റി അറിയുന്നത്. അങ്ങനെ 12 വർഷം മുമ്പ് കിരൺ ചേതനയിൽ വിദ്യാർഥിയായി. ഭിന്നശേഷിയുള്ള ഏകവിദ്യാർഥിയായിരുന്നു കിരൺ. ചേതന സംഗീത് നാട്യ അക്കാദമി ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ വഴികാട്ടിയായി.

 നിർമല വാമനൻനമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയസംഗീതത്തിൽ ഹരിശ്രീ കുറിച്ചു. സ്പെഷ്യൽ സ്കൂൾക്കാലത്ത് അമ്മയും മകനും ഒന്നിച്ചു പഠിച്ച് സാക്ഷരതാ മിഷന്റെ നാല്, ഏഴ് തുല്യതാ പരീക്ഷകൾ പാസ്സായി. സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള ശ്രമവും തുടർന്നു. പതിനഞ്ചുവയസ്സിൽ സ്വന്തമായി വസ്ത്രംധരിക്കാൻ പഠിച്ചു. ഷർട്ടിന്റെ ബട്ടണുകളിടാൻ മാത്രം അമ്മയുടെ സഹായംവേണം.

 ഇതിനിടെ വന്ന ചില വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കാരണം തുടർപഠനം മുടങ്ങി. പഠനം വഴിമുട്ടിയിരിക്കുമ്പോഴാണ് ഗവ. മോഡൽ ബോയ്‌സ് സ്കൂളധികൃതർ അവിടെ പഠനത്തിന് സൗകര്യമുണ്ടെന്ന് അറിയിച്ചത്. പതിനാറാംവയസ്സിൽ എട്ടാംക്ലാസ് വിദ്യാർഥിയായി സ്കൂളിലെത്തിയത് കിരണിന് പുതുജീവിതമാണ് നൽകിയത്. കുട്ടിക്കുറുമ്പന്മാരുടെ ഇടയിലെ പഠനം കിരണിൽ ഉണർവുണ്ടാക്കി. എന്നാൽ നരച്ചമുടി ‘വയസ്സൻ’ എന്നൊരു വിളിപ്പേരും സമ്മാനിച്ചു. പലപ്പോഴും മകന്റെ നരച്ചമുടിയിൽ ഡൈ പുരട്ടി അവന്റെ നൊമ്പരത്തിനു പരിഹാരം കണ്ടിരുന്ന അമ്മ സ്കൂളിലെത്തി കൂട്ടുകാരോട് കാര്യം പറഞ്ഞു.

 പിന്നീടൊരിക്കലും വയസ്സനെന്ന വിളിയുണ്ടായില്ലെന്നു മാത്രമല്ല, കിരൺ അവരുടെ പ്രിയതോഴനുമായി മാറി. പാഠങ്ങൾ അമ്മ വായിച്ചുകൊടുക്കുന്നത് കേട്ടുപഠിച്ചു. അവിടെനിന്ന് സ്ക്രൈബിന്റെ സഹായത്തോടെ എഴുതിയ പത്താം ക്ലാസ് പരീക്ഷയിൽ 79 ശതമാനം മാർക്കോടെ വിജയിച്ചു. അവിടെനിന്നു തന്നെ ഹ്യുമാനിറ്റീസിൽ 75 ശതമാനത്തോടെ പ്ലസ്ടുവും പാസ്സായി. 

ഇക്കാലത്ത് കാൽമുട്ടു നിവർത്താൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയും ഫിസിയോതെറാപ്പിയും ഒത്തു ചേർന്നപ്പോൾ നര മാറി മുടി കറുത്തു. ആത്മവിശ്വാസം വർദ്ധിച്ചതോടെ ചേതന മ്യൂസിക് കോളേജിൽ 2014-ൽ സംഗീതബിരുദത്തിന് ചേർന്നു. മ്യൂസിക് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. പോൾ പൂവത്തിങ്കൽ, പ്രധാനാധ്യാപകൻ ദേശമംഗലം നാരായണൻനമ്പൂതിരിപ്പാട് എന്നിവരുടെ ശിക്ഷണത്തിൽ മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദമെടുത്തു. നിരവധി സംഗീതമത്സരങ്ങളിൽ സാന്നിധ്യമറിയിച്ചു. 

അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം പൂങ്കുന്നം മൂകാംബിക എൻക്ലേവിലാണ് കിരണിന്റെ താമസം. ഒമ്പതാംവയസ്സിൽ കൂട്ടായി വന്ന ഇളയ സഹോദരൻ അശ്വിൻ പ്ലസ് വൺ വിദ്യാർഥിയാണ്. പുറനാട്ടുകര ശ്രീരാമകൃഷ്ണ വിദ്യാമന്ദിർ വിദ്യാർഥിയായ അശ്വിൻ പഠനസൗകര്യാർത്ഥം അച്ഛന്റെ വീട്ടിലായതിനാൽ അമ്മയും മകനുമൊത്തുള്ള ദിവസങ്ങൾ വീണ്ടും തിരികെയെത്തിയിരിക്കുന്നു. ഫാ. പോളിന്റെ പ്രത്യേക കരുതലും പ്രോത്സാഹനവും കിരണിന്റെ നേട്ടങ്ങൾക്ക് പ്രധാന കാരണമായതായി സജിത പറയുന്നു. സംഗീതത്തിൽ ഗവേഷണം നടത്തണമെന്നാണ് ഇനിയുള്ള ആഗ്രഹം.

 പാട്ടു തുടങ്ങുമ്പോൾ കിരൺ എപ്പോഴും അമ്മയെക്കുറിച്ചുള്ള പാട്ടുകളാണ് തിരഞ്ഞെടുക്കാറ്  മെലഡികളെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ കിരൺ സംസാരത്തിനിടെ പാടിയതും അതുതന്നെ ‘അമ്മാ എൻട്രഴയ്ക്കാതെ ഉയിരില്ലയേ..അമ്മാവേ വണങ്കാതെ ഉയർവില്ലയേ’.