വാക്കുകള്‍ കൊണ്ട് അധികം കസര്‍ത്തുകളില്ല, കൂടുതല്‍ വിവരണമില്ല. സമകാലിക വിഷയങ്ങളെക്കുറിച്ചും നമുക്ക് പ്രചോദനമാകുന്ന വ്യക്തികളെക്കുറിച്ചും അറിയുന്നതിന് വേണ്ടി ഒരു മിനിറ്റ് ചെലവഴിക്കാന്‍ സമയമുണ്ടോ? ഉണ്ടെങ്കില്‍ വിപിന്‍ വേണുവിന്റെ വീഡിയോ കാണാം. വിപിന്‍ അവതരിപ്പിക്കുന്ന വീഡിയോ സ്‌റ്റോറികള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കേരളത്തില്‍ അധികം പ്രചാരമില്ലാത്ത അധികമാരും പരീക്ഷിച്ചു നോക്കാത്ത വണ്‍ മിനിറ്റ് സ്‌റ്റോറി എന്ന ആശയമാണ് വിപിനെ ശ്രദ്ധേയമാക്കുന്നത്.

എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്ട് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വിപിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നുന്നത്. ഇലക്ടോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍സിലായിരുന്നു എഞ്ചിനീയറിങ് ബിരുദം. എന്നാല്‍ കോര്‍ ഫീല്‍ഡില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം വിപിനുണ്ടായിരുന്നില്ല. സംഗീതത്തോട് അഭിരുചിയുണ്ടായിരുന്ന വിപിന്‍ സംഗീത സംവിധാന രംഗത്തേക്ക് കടന്നു. 'സ്ട്രിങ്‌സ്', 'മൗനമായി' തുടങ്ങി ഏതാനും മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്തു. അതിന് ശേഷമായിരുന്നു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലേക്ക് കടന്നത്. ബിസിനസുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സേവന അധിഷ്ഠിത സംരംഭമായ ആഡ്സെക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സുഹൃത്തായ കൃഷ്ണപ്രിയയ്‌ക്കൊപ്പം 2017 ല്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് വണ്‍ മിനിറ്റ് സ്റ്റോറി എന്ന പേരില്‍ വീഡിയോ കണ്ടന്റ് ചെയ്യാന്‍ തുടങ്ങിയത്.

''നാസ് ഡെയ്‌ലിയാണ് എനിക്ക് പ്രചോദനമായത്. അവരുടെ വണ്‍ മിനിറ്റ് സ്‌റ്റോറികള്‍ ഞാന്‍ പതിവായി കേള്‍ക്കാറുണ്ടായിരുന്നു. മലയാളത്തില്‍ ആരും ഇത് ചെയ്തു ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെ  ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. പത്ത് എപ്പിസോഡുകള്‍ ചെയ്ത് നിര്‍ത്താമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍ ആളുകളുടെ പ്രതികരണം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഈ ലോക്ക് ഡൗണ്‍ സമയത്ത് ജോലിയില്ലാതെ നിരാശ ബാധിച്ചിരിക്കുന്ന ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും വീഡിയോ കണ്ട് എനിക്ക് മെസേജ് അയച്ചു. വീഡിയോ നിര്‍ത്തരുത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് അത് വലിയ പ്രചോദനമാണെന്ന് പറഞ്ഞു. ഇപ്പോള്‍ 102 എപ്പിസോഡുകളോളം ചെയ്തു കഴിഞ്ഞു. അതില്‍ മിക്കവയും മഹത്‌വ്യക്തികളുടെ ജീവിത കഥയാണ്. കൂടാതെ ഇന്‍ഫര്‍മേറ്റീവ് കണ്ടന്റുകളും ഉണ്ട്.

വീഡിയോയ്ക്ക് ഒരു മിനിറ്റ് മാത്രമേ ദെെർഘ്യമുള്ളൂവെങ്കിലും അതിനായി മണിക്കൂറുകളോളം റിസര്‍ച്ച് ചെയ്യേണ്ടി വരാറുണ്ട്. സ്‌ക്രിപ്റ്റ് എഴുതിയുണ്ടാക്കി അതിലെ ആശയം ചോര്‍ന്നു പോകാതെ ഒരു മിനിറ്റ് വേണ്ട ഫൈനല്‍ ഡ്രാഫ്റ്റ് എഴുതി ഉണ്ടാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ദിവസവും ഓരോ എപ്പിസോഡ് വീതം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതോടൊപ്പം കേരള സര്‍ക്കാറിന്റെ ഏതാനും പ്രൊജക്ടുകള്‍ ലഭിച്ചു. ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ ബോധവല്‍ക്കണത്തിന്റെ ഭാഗമായി വീഡിയോകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.'' - വിപിന്‍ പറയുന്നു.

ചാലക്കുടിയിലെ വെട്ടുകടവാണ് വിപിന്റെ സ്വദേശം. അമ്മ ബിന്ദു വേണുഗോപാൽ വീട്ടമ്മയാണ്. അച്ഛന്‍ എ.വി. വേണുഗോപാലിന് സ്വന്തമായി ഒരു കടയുണ്ട്. സഹോദരി ബിബിഷ്ണ വേണുഗോപാല്‍. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 

Content Highlights: Vipin Venu Interview One Minute Video story content viral video social media, adszeke