‘ഒരിക്കൽ രക്തത്തിൽ അലിഞ്ഞുചേർന്നാൽ അതിവേഗം പടരുന്നൊരു മാറാരോഗമാണ് ഫോട്ടോഗ്രഫി...’ ചിത്രങ്ങളിലൂടെ മാത്രം ജീവിക്കുന്ന വിനീത് മാരാർ എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളാണിത്. ഇരുപത്തിനാലാം വയസ്സിൽ അപകടത്തിൽ മരിക്കും മുമ്പ് വിനീത് ഒട്ടേറെ മനോഹരചിത്രങ്ങൾ പകർത്തിക്കഴിഞ്ഞിരുന്നു. ആ ചിത്രങ്ങൾക്ക് മാത്രമായൊരു വീടൊരുങ്ങുകയാണ് ചിയ്യാരത്ത്

ചിത്രങ്ങളെപ്പോഴും ഓർമപ്പടികളാണ്. കയറുംതോറും പിൻകാഴ്ചകളിലേക്ക് ഇറങ്ങുന്ന പടികൾ. ചില ചിത്രങ്ങളിൽ കണ്ണുടക്കിയാൽ ആ പടിയിൽ നമ്മളിരിക്കും, നേരംപോലുമറിയാതെ.

മൂന്ന് വർഷമായി ചിത്രപ്പടികൾ കയറിയിറങ്ങുന്നൊരച്ഛനുണ്ട് ചിയ്യാരത്ത്. മരിച്ചുപോയ മകൻ പകർത്തിയ ചിത്രങ്ങൾ തിരഞ്ഞുപിടിച്ച് ഇടയ്ക്കിടെ ഫെയ്‌സ്ബുക്കിലിടും. നാളുകൾ കുറച്ചായി, ആ ചിത്രങ്ങൾ തീരുന്നതേയില്ല-പറന്നുയരുന്ന പക്ഷികൾ, നടന്നടുക്കുന്നൊരു കൊമ്പൻ, ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ....

image
തട്ടേക്കാടുനിന്നു വിനീത് പകര്‍ത്തിയ മാക്കാച്ചി കാടകള്‍ അഥവാ സിലോണ്‍ ഫ്രോഗ് മൗത്ത്

ഒരു സുഹൃത്താണ് ഈ അച്ഛനെ കാണിച്ചുതന്നത്. കിളികൾ കൂടൊരുക്കുംപോലെ ആ ചിത്രോർമകൾക്കൊരു മാളിക തീർക്കുകയാണദ്ദേഹം.

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനീത് മാരാർ എന്ന കുട്ടി ക്യാമറയിലേക്ക് കണ്ണെറിഞ്ഞത്. മറ്റു കുട്ടികൾ കളിപ്പാട്ടങ്ങൾക്ക് പിന്നാലെ ഓടിയപ്പോൾ വിനീത് ക്യാമറയ്ക്ക് പിന്നിലിരുന്ന് കണ്ണിറുക്കാനാണ് ഇഷ്ടപ്പെട്ടത്. അവന്റെ ഇഷ്ടമറിഞ്ഞ അമ്മാവൻ ശ്രീകുമാർ കൊഡാക്കിന്റെ ഒരു ഫിലിം ക്യാമറ വാങ്ങിക്കൊടുത്തു.

അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയുമെല്ലാം ചിത്രങ്ങളിൽ നിന്ന് ആ ക്യാമറക്കണ്ണുകൾ പതുക്കെ പ്രകൃതിയിലേക്ക് നോക്കാൻ തുടങ്ങി. തൃശ്ശൂർ അവിണിശ്ശേരി സ്വദേശിയായ അച്ഛൻ അഡ്വ. സി. മോഹനൻ അന്ന് കാസർകോട് കോടതിയിലായിരുന്നു.

അമ്മ എം. ജയശ്രീ കാസർകോട്ടെ എൽ.ബി.എസ്. എൻജിനീയറിങ് കോളേജിൽ പ്രൊഫസറും. അവിടത്തെ ചിന്മയ സ്‌കൂളിൽനിന്നും കേന്ദ്രീയവിദ്യാലയത്തിലേക്ക് കയറുമ്പോഴും വിനീതിലെ പടംപിടുത്തക്കാരൻ ഒപ്പം പോന്നു.

image
കൊച്ചി മെട്രോ റെയിലിന്റെ ഫെയ്‌സ്ബുക്ക് പേജിലേക്ക് തിരഞ്ഞെടുത്ത വിനീതിന്റെ ചിത്രം

അതിനിടെ അമ്മ ജയശ്രീക്ക് എൽ.ബി.എസിന്റെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിലേക്ക് സ്ഥലംമാറ്റമായി. അച്ഛൻ മോഹനനും തിരുവനന്തപുരത്തെ കോടതികളിലേക്ക് മാറി. അതോടെ കുടുംബം തിരുവനന്തപുരത്തുകാരായി.

ചിത്രയാത്രകൾ

പിന്നീടുള്ള പഠിത്തവഴികളിലും ഒരു തോളിൽ ക്യാമറയുണ്ടായിരുന്നു. കൊച്ചി തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിൽനിന്ന് ബി.ടെക് കഴിഞ്ഞതും വിനീതിന്റെ ക്യാമറയും ജോലിയും ‘ഡിജിറ്റലി’ലേക്ക് മാറി.

ഇലക്ട്രോണിക്‌സ് ആൻഡ്‌ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ കൊച്ചി സർവകലാശാലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആറുപേരിൽ ഒരാളായിരുന്നു വിനീത്. കാമ്പസ് പ്ലേസ്‌മെന്റിലൂടെ കൊച്ചി ഇൻഫോപാർക്കിൽ ടാറ്റാ കൺസൾട്ടൻസി സർവീസിൽ (ടി.സി.എസ്) എൻജിനീയറായി. എറണാകുളത്തെ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.

അവിടന്നങ്ങോട്ട് വിനീതിലെ ഫോട്ടോഗ്രാഫർ ചിത്രങ്ങൾക്ക് മാത്രമായി അലയാൻ തുടങ്ങി. അവധിദിവസങ്ങളിൽ ബൈക്കുമെടുത്ത് കൂട്ടുകാർക്കൊപ്പം യാത്രകളായി. തട്ടേക്കാട്, കടമക്കുടി, അതിരപ്പിള്ളി, ബോണക്കാട്, തെൻമല... ചിത്രസഞ്ചാരത്തിലൂടെ ബൈക്കിന്റെ ചക്രങ്ങൾ ഉരുണ്ടു.

ഇതിനിടെ ക്യാമറ ഒരുപടികൂടി കയറി. കാനണിന്റെ ഡി.എസ്.എൽ.ആർ. ക്യാമറയായ 600D സ്വന്തമാക്കി. അതുമായി ആദ്യം പോയത് സ്‌കൂൾകാലം മുതൽ സുഹൃത്തും നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയായ അനന്തപദ്മനാഭന്റെ അടുത്തേക്കായിരുന്നു. അനന്തപദ്മനാഭനും അമൽ ഭരതപ്പിഷാരടിയുമായിരുന്നു ഫോട്ടോഗ്രഫിയിലെ ആദ്യ അധ്യാപകർ.

ചിത്രയാത്രകളുടെ പാതകളും നീണ്ടുതുടങ്ങിയിരുന്നു. ബന്ദിപ്പൂർ, മുതുമല വന്യജീവി സങ്കേതങ്ങളിലെ പക്ഷികളും മൃഗങ്ങളും വിനീതിന്റെ ക്യാമറയ്ക്കുള്ളിലേക്ക് കയറി. ചിക്മഗളൂരും വാൽപ്പാറയുമെല്ലാം ക്യാമറ കണ്ടു.

‘എടുക്കുന്ന ചിത്രങ്ങളെല്ലാം എന്നെയും മോളേയും കാണിച്ച് അതിന്റെ കഥകൾ പറയുമായിരുന്നു’- അമ്മ ജയശ്രീ ചിയ്യാരത്തെ ‘വിനീതം’ വീട്ടിലിരുന്ന് മനസ്സിലെ ഓർമച്ചിത്രങ്ങൾ വാക്കുകളിലേക്ക് പകർത്തി.

വന്യജീവികളെ സ്‌നേഹിച്ചിരുന്ന വിനീത് ഡബ്ല്യു.ഡബ്ല്യു.എഫ്. ഇന്ത്യയിൽ അംഗമായി. ക്യാമ്പുകളിൽ പങ്കെടുത്തു. കൊച്ചി ടി.സി.എസിലെ ഫോട്ടോഗ്രഫി ക്ലബ്ബിലും അംഗമായിരുന്നു. ടി.സി.എസ്. ജെം അവാർഡ്, 2014-ലെ ടി.സി.എസ്. മൈത്രി ഫോട്ടോഗ്രഫി പുരസ്‌കാരം എന്നിവ വിനീതിന്റെ ചിത്രങ്ങൾക്ക് ലഭിച്ചു. കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് പേജുകളിലും വിനീതിന്റെ ചിത്രങ്ങൾ ഇടംപിടിച്ചു.

ഫോട്ടോഗ്രഫിയുടെ വിരൽത്തുമ്പിലേക്ക് വിനീതിന്റെ കുഞ്ഞുകൈകൾ ചേർത്തുവെച്ച അമ്മാവൻ ശ്രീകുമാർ ഇതിനിടെ അപകടത്തിൽ മരിച്ചു. കൊടകരയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ‘ശ്രീകുമാറിന്റെ പിറന്നാൾ ദിവസമായിരുന്നു അന്ന്’-വിനീതിന്റെ അമ്മ ജയശ്രീ പറഞ്ഞു. അമ്മാവന്റെ ചിതാഭസ്മം ഒഴുക്കാൻ അച്ഛൻ മോഹനനും വിനീതും ഹരിദ്വാറിലേക്ക് പോയിരുന്നു. അങ്ങനെ ഹരിദ്വാറിലെ ഭൂമിയും ആകാശവുമെല്ലാം വിനീതിന്റെ ക്യാമറയിൽ പതിഞ്ഞു.

ഇതിനിടെ കേരള ഫാഷൻ ലീഗ് 2015-ൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ വിനീതിന് പ്രവേശനം ലഭിച്ചു. വിനീതിലെ ഫോട്ടോഗ്രാഫർ മറ്റൊരു തലത്തിലേക്ക് ഉയരുന്നതിന്റെ ആദ്യപടിയായിരുന്നു അത്. അതുപക്ഷേ തന്റെ അവസാനത്തെ ചിത്രപരീക്ഷണങ്ങളായിരുന്നുവെന്ന് വിനീത് ഒരിക്കൽ പോലും കരുതിയിട്ടുണ്ടാവില്ല.

iamge
വിനീത് മാരാരുടെ ചിത്രങ്ങള്‍ക്കായി ഒരുക്കുന്ന ഗാലറിയില്‍ അച്ഛന്‍ മോഹനന്‍, അമ്മ ജയശ്രീ, അനിയത്തി അഞ്ജലി എന്നിവര്‍

2015 മേയ് 30, അന്നൊരു ശനിയാഴ്ചയായിരുന്നു; വിനീതിന്റെ 24-ാം പിറന്നാൾ ദിവസവും. ഒരു സിനിമ കണ്ടുകഴിഞ്ഞ് അനിയത്തി അഞ്ജലിയെ വിളിച്ചു. ‘നാലുമണിയായിട്ടുണ്ടാകും അപ്പോ. നല്ല സിനിമയാണ്, പോയി കാണണം എന്നു പറഞ്ഞ് ഫോൺ വെച്ചു’. ചിത്രങ്ങളില്ലാത്ത അന്നത്തെ ദിവസം അഞ്ജലി ഓർത്തെടുത്തു. ‘സുഹൃത്തിന്റെ വീട്ടിലായിരുന്നു ഞാൻ. മടക്കയാത്രയിൽ അമ്മയുടെ ഒരുപാട് മിസ് കോൾ. തിരികെ വിളിച്ചപ്പോൾ പറഞ്ഞു ചേട്ടൻ ആക്‌സിഡന്റ് ആയി ഇടപ്പള്ളിയിലെ ആശുപത്രിയിലാണെന്ന്.’

അച്ഛനെ ഡോക്ടറെ കാണിച്ചത് വിനീതിനോട് പറയാൻ വിളിച്ചതായിരുന്നു ജയശ്രീ. ഫോൺ എടുത്തത് ഇടപ്പള്ളി എം.എ.ജെ. ആശുപത്രിയിലുള്ളവർ. അപകടം പറ്റി എന്നുമാത്രമേ അവർ പറഞ്ഞുള്ളു.

അഞ്ജലിയോട് ഫോണിൽ സംസാരിച്ചശേഷം തിയേറ്ററിൽനിന്ന് ബൈക്ക് ഓടിച്ചുപോയ വിനീതിനെ ഇടപ്പള്ളിയിൽ വെച്ച് ബസിടിച്ച് വീഴ്ത്തുകയായിരുന്നു. അമ്മാവൻ മരിച്ചതിന്റെ കൃത്യം ആറാം മാസം.

മരിക്കുന്നില്ല ചിത്രങ്ങൾ

വിനീതിന്റെ മരണശേഷം അനുശോചനമറിയിക്കാനെത്തിയ ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോഴാണ് വിനീത് എത്രമാത്രം തന്റെ ആഗ്രഹവുമായി മുന്നോട്ടുപോയെന്നത് വീട്ടുകാർ തിരിച്ചറിഞ്ഞത്. ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനും ഫോട്ടോഗ്രാഫറുമായ എസ്. കുമാർ കരമന, രഹന ഹബീബ്, ശിവപ്രസാദ്, ഒ.എം. മാത്യു, ബിജു ജോസ്‌ഫിൻ, ക്ലിന്റ് ഏലിയാസ്, സീമ സുരേഷ്, ഇ.കെ. നീലേഷ്...അങ്ങനെ പോകുന്ന ആ നിര. ക്യാമറയിലൂടെയും അല്ലാതെയും വിനീത് സൃഷ്ടിച്ചെടുത്ത കൂട്ടുകാർ ഒരുപാടായിരുന്നു.

വിനീതിനൊപ്പം ഇൻഫോ പാർക്കിൽ ഉണ്ടായിരുന്ന ക്ലിന്റ് ഏലിയാസ് വിനീതിന്റെ ഛായാചിത്രവുമായാണ് വീട്ടിലെത്തിയത്. ക്ലിന്റ് തന്നെ വരച്ചതായിരുന്നു അത്. അന്നയാൾ പറഞ്ഞതിങ്ങനെയായിരുന്നു, ‘ഞാൻ വാക്കു കൊടുത്തിരുന്നു അവന്റെയൊരു ചിത്രം വരച്ച് കൊടുക്കുമെന്ന്’.

വിനീത് പഠിച്ചിരുന്ന തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിൽ കൂട്ടുകാർ ചേർന്ന് വിനീതിന്റെ പേരിൽ ഫോട്ടോഗ്രഫി മത്സരം തുടങ്ങി.

അവിണിശ്ശേരി മേച്ചിറ മാരാത്ത് വീട് മരണവീട്ടിൽനിന്നും സാധാരണ വീടാകാൻ സമയമെടുത്തു. അകാലത്തിൽ മരിച്ചുപോയ ക്ലിന്റ് എന്ന കൊച്ചുകുട്ടി വരച്ച ചിത്രങ്ങൾ അച്ഛനമ്മമാർ സൂക്ഷിക്കുന്നതിനെക്കുറിച്ച് വായിച്ച അഞ്ജലിക്കാണ് ഏട്ടൻ പകർത്തിയ ചിത്രങ്ങൾ സംരക്ഷിക്കണമെന്ന് തോന്നിയത്.

അതിനായി ചിയ്യാരത്ത് കാരമുക്ക് ദേവീക്ഷേത്രത്തിനടുത്ത് ഒരു വീട് വാങ്ങി. മുകൾനില മുഴുവൻ വിനീതിന്റെ ചിത്രങ്ങൾ പ്രിന്റെടുത്ത് ഫ്രെയിം ചെയ്ത് വെയ്ക്കുവാനായി മാറ്റി. കോയമ്പത്തൂരിൽനിന്ന് ചിത്രങ്ങൾ പ്രിന്റെടുത്ത് കൊണ്ടുവന്നാണ് സ്ഥാപിക്കുന്നത്. ഇതിനായി തിരുവനന്തപുരത്തുനിന്ന് മാസത്തിലൊരിക്കൽ ഈ അച്ഛനും അമ്മയും അനിയത്തിയും ചിയ്യാരത്തെത്തി രണ്ടുമൂന്ന് ദിവസം താമസിക്കും. അഞ്ജലി ബി.ടെക് കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് ചേട്ടന്റെ ചിത്രങ്ങൾ ഒരു പ്രദർശനത്തിലെന്നപോലെ ഒരുക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത്.

image‘ചിത്രങ്ങൾ കാണിച്ചുതരുമെന്നല്ലാതെ ക്യാമറയിൽ തൊടാൻ ഏട്ടൻ സമ്മതിക്കില്ലായിരുന്നു. ഉപയോഗിച്ചില്ലെങ്കിൽ കേടായിപ്പോകുമെന്നതിനാൽ ഇപ്പോൾ ആ ക്യാമറയിൽ ഞാൻ ഇടയ്ക്കിടെ ചിത്രങ്ങളെടുക്കും’- ഫോട്ടോഗ്രഫിയിലേക്ക് പിച്ചവെയ്ക്കുന്ന അഞ്ജലി പറയുന്നു.

അച്ഛൻ മോഹനന്റെ വാക്കുകൾ ഇങ്ങനെ : ‘നമുക്കൊരു ദുഃഖമുണ്ടെങ്കിൽ അതിലേക്ക് ആഴത്തിൽ ഇറങ്ങിയാൽ അതൊരു ദുഃഖമായി തോന്നുകയേ ഇല്ല...’

ഇതുവരെ വിനീതിന്റെ 244 ചിത്രങ്ങൾ െഫ്രയിമിനുള്ളിൽ ഭദ്രമായിക്കഴിഞ്ഞു. ഇനി അമ്പതോളം ചിത്രങ്ങൾ ബാക്കിയുണ്ട്. ഡിസംബറോടെ അതും പൂർത്തിയാകും. ആർക്കും വന്ന് കാണാവുന്ന ഒരു ഗാലറിയാക്കി ‘വിനീതം’ എന്ന വീടിനെ മാറ്റുവാനാണ് ഇവർ ആലോചിക്കുന്നത്. തിരുവനന്തപുരത്തുനിന്നും ഈ വീട്ടിലേക്ക് സ്ഥിരമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം. ‘വിനീത് മാരാർ ഫോട്ടോഗ്രഫി ഗാലറി’ എന്നെഴുതിയ മനോഹരമായൊരു ബോർഡും വീടിനു മുന്നിൽ സ്ഥാപിച്ചുകഴിഞ്ഞു.