യു.എസ്. യങ് സ്‌കോളര്‍ അവാര്‍ഡ് ഇന്ത്യന്‍ പെണ്‍കുട്ടിക്ക്. ജീവഹാനി വരുത്തിയേക്കാവുന്ന അസുഖങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നിര്‍ണയിക്കാമെന്നുള്ള കണ്ടുപിടിത്തം നടത്തിയതിനാണ് തമിഴ്നാട്ടുകാരിയായ രാജലക്ഷ്മി നന്ദകുമാറിനെത്തേടി ഈ പുരസ്‌കാരമെത്തിയത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് അഭിമാന നേട്ടം കൈവരിച്ച രാജലക്ഷ്മി. ചെന്നൈയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ രാജലക്ഷ്മി യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണില്‍ വിദ്യാര്‍ഥിയാവുന്നതിനു മുമ്പ് മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യ ഉദ്യോഗസ്ഥയായിരുന്നു.

സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ശരീരസ്പര്‍ശമില്ലാതെ ഒരു വ്യക്തിയുടെ ചലനം, ശ്വസനം, ഹൃദയമിടിപ്പ് തുടങ്ങിയവ മനസ്സിലാക്കി രോഗ നിര്‍ണയം നടത്താമെന്നാണ് രാജലക്ഷ്മിയുടെ കണ്ടെത്തല്‍.  മാര്‍ക്കോണി സൊസൈറ്റി പോള്‍ ബാരന്‍ യങ് സ്‌കോളര്‍ അവാര്‍ഡിനാണ് രാജലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ യൂണിവേഴ്സിറ്റികളിലെ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര പാനലാണ് അവാര്‍ഡിനായി യുവ പണ്ഡിതരെ തിരഞ്ഞെടുക്കുന്നത്. 3.6 ലക്ഷം രൂപയാണ് സമ്മാനത്തുക.
 
സോണാര്‍ സാങ്കേതികവിദ്യയോടു സമാനമായി ശബ്ദ സിഗ്നലുകള്‍ പുറപ്പെടുവിച്ച് ഇരുട്ടില്‍ വസ്തുക്കളെ തിരിച്ചറിയുന്നതിനായി പ്രതിഫലനങ്ങള്‍ നാവിഗേറ്റു ചെയ്യുന്ന വവ്വാലുകളാണ് ഈ കണ്ടെത്തലിലേക്ക് രാജലക്ഷ്മിയെ നയിച്ചത്. ഫോണ്‍ സ്പീക്കറില്‍നിന്ന് ഉദ്വേഗജനകമായ ശബ്ദ സിഗ്നലുകള്‍ കൈമാറ്റം ചെയ്ത് മനുഷ്യ ശരീരത്തില്‍നിന്ന് പ്രതിഫലനങ്ങള്‍ നിരീക്ഷിക്കുന്നു. അല്‍ഗൊരിതംസിഗ്നല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിശ്രിതങ്ങളെ വിശകലനം ചെയ്യുന്നു.
 
ഇതിനു മുമ്പും രാജലക്ഷ്മി ഇത്തരം കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ ഉറക്കം കെടുത്തുന്ന സ്ളീപ് അപ്നിയ എന്ന സ്ളീപിങ് ഡിസോര്‍ഡര്‍ കണ്ടെത്തുന്നതിനുള്ള ആപ്പും ഈ ഇന്ത്യന്‍ ഗവേഷകയുടേതാണ്.