ചെന്നൈ: എന്താണ് സിവില്‍ സര്‍വീസ് നേട്ടത്തിന്റെ യോഗ്യതയെന്ന് ചോദിച്ചാല്‍ എം.ശിവഗുരു പ്രഭാകരന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് സ്വയം സമര്‍പ്പണവും അടങ്ങാത്ത ആഗ്രഹവുമാണ്. അല്ലെങ്കില്‍ തന്നെ പോലെയുള്ള ഒരാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും യോഗ്യതയില്ലാത്ത സിവില്‍ സര്‍വീസിലേക്ക് എങ്ങനെ എത്തിപ്പെടാനാവും, ശിവഗുരു ചോദിക്കുന്നു.

ഇല്ലായ്മകളുടെ വട്ടപൂജ്യത്തില്‍ നിന്നാണ് തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലക്കാരനായ ശിവുഗുരു സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം എത്തിപ്പിടിച്ചത്. മദ്യപാനിയായ അച്ഛന്‍, ജീവിക്കാന്‍ ഓലമെടഞ്ഞ് വരുമാനം കണ്ടെത്തുന്ന അമ്മ, സഹോദരി. ഇങ്ങനെയുള്ള ഒരു കുടുംബത്തില്‍ നിന്നുള്ള ശിവഗുരുവിന് പ്ലസ്ടു വിദ്യാഭ്യാസം തന്നെ അധികയോഗ്യത എന്നായിരുന്നു വീട്ടുകാരുടേയും നാട്ടുകാരുടേയും ഭാവം. 

സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് പ്ലസ്ടുപഠനത്തിന് ശേഷം വിദ്യാഭ്യാസം ഉപേക്ഷിച്ചവനാണ് ശിവഗുരു. ശേഷം അമ്മയെ സഹായിക്കാന്‍ തടിമില്ലില്‍ ജോലി ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിദ്യഭ്യാസത്തിലേക്ക് ഇതായിരുന്നു ശിവഗുരുവിന്റെ യാത്ര.

ജോലി  ചെയ്ത് പണം കണ്ടെത്തി സഹോദരിയുടെ വിവാഹവും നടത്തിയതിന് ശേഷമായിരുന്നു തന്റെ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്ക് ശിവഗുരു വീണ്ടും പ്രേവേശിച്ചത്. വെല്ലൂര്‍ തന്തായി പെരിയാര്‍ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിയില്‍ ആദ്യം സിവില്‍ എന്‍ജീനിയറങ്ങില്‍ ബിരുദം നേടി.  

റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ ഉറങ്ങിയും, ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു പഠനം പൂര്‍ത്തീയാക്കിയത്. ഇല്ലായ്മയ്‌ക്കൊടുവില്‍ 2014 ല്‍ എം.ടെക് ബിരുദവും സ്വന്തമാക്കി. പിന്നെ തന്റെ സ്വപ്‌നത്തിലേക്കുള്ള നിരന്തര ശ്രമം.  

തന്റെ നാലാമത്തെ ശ്രമത്തിനൊടുവിലാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം ഈ യുവാവ് എത്തിപ്പിടിച്ചത്. 2004-ല്‍  താന്‍ ആദ്യമായി കണ്ട തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ ജെ.രാധാകൃഷ്ണനാണ് തന്റെ ഐ.എ.എസ് സ്വപ്‌നത്തിന് നിറം നല്‍കിയതെന്നും ശിവഗുരു പ്രഭാകരന്‍ പറയുന്നു. ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്കില്‍ 101-ാം റാങ്കാണ് ശിവഗുരു സ്വന്തമാക്കിയത്.