തിരുവനന്തപുരം: പെട്രോൾവില കുതിക്കുമ്പോൾ സാധാരണക്കാരന് ആശ്വാസമായി സൗരോർജ ഓട്ടോകൾ വരുന്നു. സൂര്യപ്രകാശത്തിൽമാത്രം ഓടുന്ന ഓട്ടോയോ എന്നാലോചിച്ചു നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്.

പൂർണമായും സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഓട്ടോയ്ക്ക് രൂപം നൽകിയിരിക്കുകയാണ് എയ്‌സ് കോളേജിലെ എൻജിനീയറിങ് വിഭാഗവും ഇന്നൊവേഷൻ എക്‌സ്പീരിയൻസും. സമൂഹത്തിന് ഗുണകരമാകുന്ന തരത്തിലുള്ള ഒരു പ്രോജക്ട് വിദ്യാർഥികളെക്കൊണ്ട് ചെയ്യിക്കുക എന്നതായിരുന്നു ഉദ്ദേശ്യം.

സാധാരണക്കാരന്റെ യാത്രാമാധ്യമമായ ഓട്ടോയിൽ സൗരോർജ സാധ്യതകൾ അന്വേഷിക്കാൻ പദ്ധതിയിടുന്നത് അങ്ങനെയാണ്. ഓട്ടോയുടെ മുകൾഭാഗത്ത് ഘടിപ്പിക്കുന്ന സൗരോർജ പാനലാണ് ഓട്ടോയ്ക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജം നൽകുന്നത്. ഇത് പിന്നീട് ഡി.സി. വൈദ്യുതിയായി രൂപാന്തരംചെയ്താണ് ഓട്ടോ ചലിക്കുന്നത്. ഒരുമണിക്കൂർ ചാർജ് ചെയ്താൽ 80 കിലോമീറ്റർവരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് സംരഭകർ അഭിപ്രായപ്പെടുന്നു.

ഓട്ടോയുടെ പരമാവധിവേഗത മണിക്കൂറിൽ 35/45 കിലോമീറ്ററാണ്. പരമാവധി ആറുപേരെ ഉൾക്കൊള്ളാൻ ഓട്ടോയ്ക്ക് സാധിക്കും. തിരുവനന്തപുരത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മണക്കാടിലായിരിക്കും ആദ്യ സൗരോർജ ഓട്ടോ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുക.

ഓട്ടോയെക്കൂടാതെ എട്ടോളം സൗരോർജ ഓട്ടോകൾ സമാനമായി പ്രവർത്തിപ്പിക്കാൻ ഓട്ടോ ഹബ്ബും കോളേജ് രൂപവത്‌കരിച്ചിട്ടുണ്ട്

ഹബ്ബിനുമുകളിൽ ഘടിപ്പിച്ച സൗരോർജ പാനലുകളിൽനിന്നും ഓട്ടോയ്ക്കും പിന്നീട് ഉപയോഗശേഷമുള്ള ഊർജം കെ.എസ്.ഇ.ബി.ക്കും പ്രയോജനപ്പെടുത്താമെന്നതാണ്  പദ്ധതിയുടെ നേട്ടമെന്ന്‌ കോളേജ് അധികൃതർ അറിയിച്ചു. പരിസ്ഥിതി സൗഹാർദമായ പദ്ധതിക്ക് ഉദ്ഘാടനവേളയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്തുണയറിയിച്ചിട്ടുണ്ട്. മാത്രമല്ല പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യമായ ഗവേഷണങ്ങൾ നടത്താനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

കോളേജ് ഓഡിറ്റോറിയത്തിൽനടന്ന പരിപാടിയിൽ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്‌സൻ ടി.എൻ.സീമ അധ്യക്ഷയായി.

ചടങ്ങിൽ മുൻ അനെർട്ട് ഡയറക്ടറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ആർ.വി.ജി. മേനോൻ, കെ.ടി.യു. രജിസ്ട്രാർ ജി.പി.പദ്മകുമാർ, കെ.ടി.യു. അക്കാദമിക് ഡീൻ ജി.ശ്രീകുമാർ, ഇന്നൊവേഷൻ എക്‌സ്പീരിയൻസ് എം.ഡി. ശ്യാംകുമാർ, എയ്‌സ് കോളേജ് ഓഫ് എൻജിനീയറിങ്‌ പ്രിൻസിപ്പൽ ഡോ. ഫർറൂഖ് സെയ്ദ്, കെ.എ.എൽ. പ്രതിനിധി എ.സൈഫുദ്ദീൻ ഹാജി, കോളേജ് മാനേജർ ബി.എസ്. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.