ടിക് ടോക് വീഡിയോകളില്‍ പ്രശസ്തരുടെ സൂക്ഷ്മ ചിത്രങ്ങള്‍ ഇലയില്‍ മിന്നിമറയുന്നത് കണ്ടിട്ടില്ല...? സ്‌ക്രോള്‍ ചെയ്തുപോകുന്നതിനിടയില്‍ കാര്യം സംഭവമാണല്ലോയെന്ന് ചിന്തിച്ചും കാണും. ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച ഇല, അതില്‍ സൂക്ഷ്മതയോടെ മുറിച്ചെടുത്ത ഭാഗങ്ങളില്‍ തെളിയുന്ന മുഖം.

എയ്സ്‌തെറ്റിക് സോള്‍ എന്ന പേജിലെ ടിക് ടോക് വീഡിയോകളിലൂടെയാണ് ഈ ഇലച്ചിത്രങ്ങള്‍ ഹിറ്റായത്. തന്റെ പ്രിയപ്പെട്ടവരുടെയും ഇഷ്ടതാരങ്ങളുടെയും ചിത്രങ്ങള്‍ ഇലയില്‍ വെട്ടിയെടുത്തൊരു കിടിലന്‍ വരകഥയാണ് ആലുവ സ്വദേശി കെ.എം. മനുവിന്റേത്.

'50:50 ചാന്‍സാ... മുറിക്കുമ്പോള്‍ ശ്രദ്ധവേണം..'.

'ശ്രദ്ധ മാറിയാല്‍ കണ്ണും മൂക്കും, ചിലപ്പോള്‍ മുഖംതന്നെ മാറിപ്പോവും. വെറുതെ ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്തപ്പോള്‍ ഇലയില്‍ മുഖങ്ങള്‍ സ്‌ക്രാച്ച് ചെയ്‌തെടുക്കുന്ന ഒരു വീഡിയോ... പിന്നെ ഒട്ടും വൈകിയില്ല ശ്രമിച്ചുനോക്കി... നടന്നില്ല. പക്ഷേ, തോല്‍ക്കാന്‍ മനസ്സുണ്ടായില്ല... തന്റേതായ രീതിയില്‍ പരീക്ഷിച്ചു... സംഭവം സക്‌സസ്'മനു പറഞ്ഞു.

ആഞ്ഞിലി, ആല്‍, പ്ലാവ് എന്നിവയുടെ പച്ചിലകളില്‍ മൃഗങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായിരുന്നു മനുവിന്റെ ആദ്യപരീക്ഷണം. വായുസമ്പര്‍ക്കം വരുമ്പോള്‍ പച്ചില നശിച്ചുപോകാന്‍ തുടങ്ങി. പിന്നീടാണ് ഉണക്ക ഇലകളിലേക്ക് തിരിഞ്ഞത്. ഇല പറിച്ച് ഉണക്കാന്‍ കിടക്കയുടെ അടിയില്‍ വെക്കും. ചുളിവൊക്കെ മാറിയ ഇലയില്‍ ജെല്‍ പേന ഉപയോഗിച്ച് മുഖങ്ങള്‍ വരച്ച് വെട്ടിയെടുക്കും. റീസൈനും ഹാര്‍ഡറും കൃത്യമായ അളവില്‍ മിക്‌സ് ചെയ്ത് ഇലച്ചിത്രം ഫ്രെയിം ചെയ്യും.

leaf portrait

ഫ്രെയിമിങ് യൂട്യൂബില്‍ നിന്ന് സ്വന്തമായി പഠിച്ചെടുത്തതാണ്. 25-ല്‍ അധികം ഇലവരകള്‍ ഇപ്പോള്‍ ഫ്രെയിം ചെയ്തിട്ടുമുണ്ട്. ഇലച്ചിത്രം പൂര്‍ത്തിയായാല്‍ ഫോട്ടോ എടുക്കും. ടിക് ടോക് ഉപയോഗിച്ച് ഒരു മേക്കിങ് വീഡിയോയും സ്വന്തം തയാറാക്കും. കേരള ആര്‍ട്ടിസ്റ്റ്സ് ഗ്രൂപ്പില്‍ അഭിപ്രായം തിരക്കി, അവര്‍ ഓക്കെ പറഞ്ഞാല്‍ പിന്നെ നേരെ എയ്സ്‌തെറ്റിക് സോളിലേക്ക്.

കാണുന്നവര്‍ക്ക് സംശയം കാണും ഇതൊക്കെ മനു തന്നെ ചെയ്യുന്നതാണോ, എഡിറ്റിങ് അല്ലേ എന്ന്... സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഓരോ വീഡിയോകളുമെന്ന് മനു പറയുന്നു.

'ചെറുപ്പം മുതല്‍ വരയ്ക്കുമായിരുന്നു, പഠിച്ചിട്ടൊന്നുമില്ല. ആ വരയൊക്കെ പങ്കുവയ്ക്കാനായി തുടങ്ങിയതാണ് ഇന്‍സ്റ്റഗ്രാമിലെ എയ്സ്‌തെറ്റിക് സോള്‍ എന്ന പേജ്. കടുകും ചായപ്പൊടിയുമൊക്കെ ഉപയോഗിച്ച് ക്രിയാത്മകമായി കുറേ ശ്രമിച്ചു. ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. പക്ഷേ, ഇലച്ചിത്രങ്ങള്‍ പോസ്റ്റുചെയ്ത് തുടങ്ങിയപ്പോള്‍ ആരാധകര്‍ കൂടി. ഇന്ന് 6000-ത്തിലധികം ഫോളോവേഴ്സുണ്ട് എയ്സ്‌തെറ്റിക് സോളിന്' എന്ന് മനു.

ചെയ്തതില്‍ അധികവും താരങ്ങളുടേത് ആയതിനാല്‍ അവര്‍ ഷെയര്‍ ചെയ്തും സ്റ്റോറി ആക്കിയും ഇലച്ചിത്രം ഹിറ്റാവും. കുഞ്ചാക്കോ ബോബനാണ് മനുവിന്റെ ആരാധകരുടെ എണ്ണം ഇത്രയും വര്‍ധിപ്പിച്ചത്. ചാക്കോച്ചന്റെ ഇലച്ചിത്രം, ചാക്കോച്ചന്‍ തന്റെ പേജില്‍ ഷെയര്‍ചെയ്തതോടെ ആ വഴിയില്‍ കുറേ ആരാധകര്‍ മനുവിനെത്തേടി വന്നു.

leaf portrait

ജയസൂര്യ, അഹാന, അന്ന ബെന്‍ തുടങ്ങിയവരുടെ ഇലച്ചിത്രങ്ങള്‍ മനുവിന്റെ പക്കലുണ്ട്. പ്രിയ താരം ദുല്‍ഖര്‍ ആയിരുന്നു മനുവിന്റെ ആദ്യ ഇലച്ചിത്രത്തില്‍.

ഇത്രയുമധികം താരങ്ങളെ ഇലയില്‍ വെട്ടിയെടുത്തെങ്കിലും ആര്‍ക്കും നേരിട്ട് കൊടുക്കാന്‍ സാധിച്ചില്ലെന്നത് മാത്രമാണ് മനുവിന്റെ സങ്കടം. മനുവിന്റെ ഇലച്ചിത്രങ്ങളുടെ ഫോട്ടോകളെല്ലാം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചാണ്.

'ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വരുമ്പോള്‍ എടുത്താലാണ് ഇലച്ചിത്രങ്ങള്‍ ഭംഗിയാവുക. മതിലുകളില്‍ വെച്ചാലും മുഖം മനസ്സിലാകും. പക്ഷേ, ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കാനാണ് എനിക്കിഷ്ടം' -മനു പറഞ്ഞു.

എച്ച്.ഡി.എഫ്.സി. ജീവനക്കാരനായ മനു ഇലച്ചിത്രങ്ങള്‍ അധികമാര്‍ക്കും വില്‍ക്കാറില്ല. കാരണം മറ്റൊന്നുമല്ല, ഓര്‍ഡര്‍ എടുത്താല്‍ അത് സമയത്തിന് തീര്‍ക്കാന്‍ പറ്റുമോ എന്ന് ഉറപ്പില്ല.

'സാധാരണ വെള്ളിയാഴ്ചകളില്‍ വരച്ച്, ശനിയാഴ്ചകളില്‍ വെട്ടിയെടുക്കും. അടുത്ത സുഹൃത്തുക്കള്‍ക്കുവേണ്ടി ചിലപ്പോ ചെയ്തുകൊടുക്കും. മൂക്കും കണ്ണുമൊക്കെ നാരില്‍നിന്ന് മുറിയാതെ വെട്ടിയെടുക്കാന്‍ നല്ല ശ്രദ്ധ വേണം' എന്ന് മനു. ഫ്രെയിംചെയ്ത് സമയത്തിന് കൊടുക്കുന്നതിന് 1,000 രൂപയാണ് ഇലച്ചിത്രത്തിന്റെ വില.

ഇലച്ചിത്രങ്ങള്‍ അധികം ആര്‍ക്കും പരിചിതമല്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം മാത്രമേയുള്ളു.

അതിനാല്‍, ഏതെങ്കിലും പ്രദര്‍ശനത്തിലൂടെ ഇലച്ചിത്രങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കണമെന്നതാണ് മനുവിന്റെ ആഗ്രഹം

Content Highlights: Tiktok Star Leaf portrait artist KM Manu